അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിന്റെ ബ്രിക്‌സ് രാജ്യങ്ങളോടുള്ള ഭീഷണി അന്താരാഷ്ട്ര വിപണിയെ ഞെട്ടിച്ചിരുന്നു. ഡോളറിന് ഒരു ബദല്‍ എന്ന ചിന്ത പോലും അരുതെന്ന മുന്നറിയിപ്പാണ് ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ബ്രിക്സ് രാജ്യങ്ങള്‍ മറ്റൊരു കറന്‍സിയെ വിനിമയ മാര്‍ഗമായി ഉപയോഗിക്കുന്നത് തടയുക എന്നത് ലക്ഷ്യമിട്ടാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് ഭീഷണി മുഴക്കിയത്. അന്താരാഷ്ട്ര പണമിപാടുകളില്‍ ഡോളറിനു പകരം ബ്രിക്സ് രാജ്യങ്ങള്‍ മറ്റേതെങ്കിലും കറന്‍സി ഉപയോഗിക്കാന്‍ നീക്കം നടത്തിയാല്‍ 100 ശതമാനം ഇറക്കുമതി നികുതി നേരിടേണ്ടി വരുമെന്നായിരുന്നു നിയുക്ത യുഎസ് പ്രസിഡന്റിന്റെ ഭീഷണി. അതായത് ഡോളറിനെ ഒഴിവാക്കി ഒരു സമീപനം അമേരിക്കയോട് നല്ല ബന്ധം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ചിന്തിക്കരുതെന്ന താക്കീതാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയത്.
ബ്രിക്‌സ് രാജ്യങ്ങളോട് ഉള്ള താക്കീത് ഇന്ത്യയടക്കം ഗൗരവകരമായാണ് കണ്ടത്. പേര് സൂചിപ്പിക്കുന്നത് പോലെ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എതോപ്യ, യു.എ.ഇ എന്നീ ഒമ്പത് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. ലോക പൊലീസ് എന്ന തരത്തില്‍ ഇടപെടുന്ന അമേരിക്കയെ സംബന്ധിച്ച് ബ്രിക്‌സ് ഉച്ചകോടികളും ബ്രിക്‌സ് രാജ്യങ്ങളുടെ നിലപാടുകളും നിര്‍ണായകമായത് യൂറോപ്യന്‍ യൂണിയന്‍ യൂറോ നടപ്പിലാക്കിയതോടെയാണ്. യു.എസ് അംഗമല്ലാത്ത ഏക അന്താരാഷ്ട്ര സഖ്യമാണ് ബ്രിക്‌സ് എന്നതും അമേരിക്കയുമായി ശീതസമരത്തിലുള്ള റഷ്യയും പുത്തന്‍ കോള്‍ഡ് വാര്‍ നടത്തുന്ന ചൈനയും ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമാണെന്നതാണ് അമേരിക്കയുടെ ഉത്കണ്ഠയ്ക്ക് പിന്നില്‍. റഷ്യയും ചൈനയും യുഎസ് ഡോളറിന്റെ വിനിമയത്തില്‍ ശ്രദ്ധാലുക്കളും അമേരിക്കന്‍ അപ്രമാദിത്യത്തിന് തടയിടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാല്‍ ബ്രിക്‌സ് കറന്‍സ് പലപ്പോഴും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. ബ്രിക്സ് പേ എന്ന പേരില്‍ സ്വന്തം പേയ്മെന്റ് സംവിധാനം വികസിപ്പിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ബ്രിക്‌സ് സമ്മേളനത്തില്‍ റഷ്യ ചര്‍ച്ച നടത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ബ്രിക്‌സ് രാജ്യങ്ങളോട് ഡോളറിനെ മൂലയ്ക്ക് ഇരുത്താമെന്ന് കരുതിയാല്‍ അമേരിക്കയിലേക്കുള്ള ഇറക്കുമതി 100 ശതമാനം താരിഫ് നല്‍കിയായിരിക്കുമെന്ന് ഭീഷണി. ആഗോള വാണിജ്യ വിനിമയ രംഗത്ത് ഡോളര്‍ എതിരില്ലാതെ നില്‍ക്കുകയെന്നത് അമേരിക്കയ്ക്ക് നിര്‍ണായകമാണ്. ലോകശക്തി എന്ന നിലയില്‍ ശക്തമായ ഡോളര്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അത്രമേല്‍ ഗുണകരവുമാണ്. ശക്തമായ ഡോളര്‍ അര്‍ത്ഥമാക്കുന്നത് അമേരിക്കന്‍ നിര്‍മ്മിത ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ആരോഗ്യകരമായ ഡിമാന്‍ഡ് ഉണ്ടെന്നത് മാത്രമല്ല അത് യുഎസ് ഗവണ്‍മെന്റിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള ലോകരാജ്യങ്ങളുടെ ആത്മവിശ്വാസത്തിന്റെ പ്രകടനമായി കൂടിയാണ്. ഏതൊരു അസറ്റിനെയും പോലെ, ഡോളറിന്റെ മൂല്യം അതിന്റെ ഡിമാന്‍ഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യാപാര ആവശ്യങ്ങള്‍ക്കോ സാമ്പത്തിക ഇടപാടുകള്‍ക്കോ ആയി ഡോളറിന്റെ ഡിമാന്‍ഡ് കൂടുമ്പോള്‍ മൂല്യം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ആ സാഹചര്യം ഇല്ലാതായാല്‍ യുഎസ് മേല്‍ക്കോയ്മയ്ക്ക് ഇളക്കം തട്ടുമെന്ന് ട്രംപ് അടക്കം ഭയക്കുന്നു. അതിനാല്‍ ഒരു താരിഫ് യുദ്ധം പ്രഖ്യാപിച്ച് ഡീ ഡോളറൈസേഷന്‍ പ്രോസസിനെ തടുക്കാനുള്ള ശ്രമം തുടക്കത്തിലേ നടത്തുകയാണ് നിയുക്ത പ്രസിഡന്റ്.
ഡീ ഡോളറൈസേഷന്‍ ലോകപൊലീസായി നടിക്കുന്ന അമേരിക്കയ്ക്ക് താങ്ങാനാവുന്ന ഒന്നല്ല. ഡോളറിന് പകരം മറ്റു കറന്‍സികള്‍ വിനിമയ മാര്‍ഗമാകുന്ന അവസ്ഥ നിലവില്‍ ലോകത്ത് യുഎസ് സൃഷ്ടിച്ചെടുത്തിരിക്കുന്ന പല കാര്യങ്ങളിലും തിരിച്ചടിയാവും. ഡീ-ഡോളറൈസേഷന്‍ എന്നാല്‍ ലോക വ്യാപാരത്തിലും സാമ്പത്തിക ഇടപാടുകളിലും ഡോളറിന്റെ ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാകുക എന്നതാണ്. ഗ്രീന്‍ബാക്കിന് അതായത് ഡോളര്‍ ബില്ലിന് ദേശീയ, ഇന്‍സ്റ്റിറ്റിയൂഷണല്‍ കോര്‍പ്പറേറ്റ് ഡിമാന്‍ഡ് കുറയുന്നുവെന്നതാണ് ചുരുക്കം. ഈ സാഹചര്യം പേടിച്ചാണ് ട്രംപിന്റെ ഭീഷണി.
ബ്രിക്‌സ് രാജ്യങ്ങളോടുള്ള വെല്ലുവിളി അപക്വമെന്ന് പൊതുവെ സാമ്പത്തിക വിദഗ്ധര്‍ എല്ലാരും വിലയിരുത്തുന്നു. ഇറക്കുമതിയില്‍ വില വര്‍ധിപ്പിച്ചാല്‍ യുഎസ് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒപ്പം ട്രംപിന്റെ കടുത്ത നടപടി വൈകാരിക തലത്തിലടക്കം ഡീ-ഡോളറൈസേഷന്‍ പ്രക്രിയയെ ത്വരിതപ്പെടുത്തും. അല്ലാതെ സാമാന്യ രീതിയില്‍ ചിന്തിച്ചാല്‍ പൊടുന്നനെ ഡി ഡോളറൈസേഷന്‍ അപ്രായോഗികമാണെന്നും അത് ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ക്കെല്ലാം അറിയാം. കാരണം അമേരിക്കന്‍ ഡോളറാണ് ഇപ്പോഴും ആഗോള വ്യാപാരത്തില്‍ കിങ് മേക്കര്‍. 90% വ്യാപാരവും എല്ലാ എണ്ണ ഇടപാടുകളും ഡോളറിലാണ് നടക്കുന്നത്. ലോകത്തിലെ സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരത്തിന്റെ 59% ഇപ്പോഴും ഡോളറിലാണ്. അതിനാല്‍, ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളറില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവരുമെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്. എന്നിരുന്നാലും അത്തരത്തില്‍ കാലതാമസമെടുത്ത് മാറ്റമുണ്ടായാലും അത് ഭാഗികമായ ഒരു മാറ്റം മാത്രമായിരിക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. പല ബ്രിക്സ് രാജ്യങ്ങളും ഇതിനകം തന്നെ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങി തങ്ങളുടെ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ നീക്കം പ്രതികൂലവും അപ്രായോഗികവുമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതായത് ലോകത്ത് ഡോളറിന്റെ പിടി അത്ര പെട്ടെന്ന് അയയില്ല. പക്ഷേ യുഎസ് ഡോളറില്‍ നിന്നുള്ള ആഗോള മാറ്റം സാമ്പത്തിക വൈവിധ്യവല്‍ക്കരണവും ഭൗമരാഷ്ട്രീയ ഘടകങ്ങളും വഴി നയിക്കപ്പെടുന്ന സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. അത് ട്രംപിന്റെ താരിഫ് ഭീഷണികളാല്‍ എളുപ്പത്തില്‍ തടയാന്‍ കഴിയുന്ന ഒന്നല്ല. കാലതാമസമെടുത്താലും ആ സാധ്യത തുറന്നു തന്നെ കിടക്കും. ആഗോള സമ്പദ്വ്യവസ്ഥകളുടെ പരസ്പരാശ്രിതത്വം മൂലം ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും കാര്യമായ പ്രത്യാഘാതങ്ങളില്ലാതെ അത്തരം കടുത്ത നടപടികള്‍ നടപ്പിലാക്കുന്നത് ഇരു ഭാഗത്തും വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.