സമാധാന ശ്രമങ്ങള്‍ക്കേറ്റ കനത്ത പ്രഹരമോ?; മോദി- പുടിന്‍ യോഗം യുക്രെയ്‌ന്റെ ഭാഷയില്‍; 'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ഏറ്റവും ക്രൂരനായ ക്രിമിനലിനെ ആലിംഗനം ചെയ്യുന്നു'

‘It is a huge disappointment and a devastating blow to peace efforts to see the leader of the world’s largest democracy hug the world’s most bloody criminal in Moscow on such a day.’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനോടൊത്തു സൗഹൃദാലിംഗന ഫോട്ടോയും പലരും ആഘോഷമാക്കുമ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റെ വ്‌ളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞ വാക്കുകളാണിങ്ങനെ.

അത്യന്തം നിരാശാജനകവും സമാധാന ശ്രമങ്ങള്‍ക്കേറ്റ കനത്ത പ്രഹരവുമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരി ലോകത്തെ ഏറ്റവും ക്രൂരനായ ക്രിമിനലിനെ മോസ്‌കോയില്‍ ആലിംഗനം ചെയ്തുനില്‍ക്കുന്ന കാഴ്ച. അതും ഇതുപോലൊരു ദിവസത്തില്‍.

റഷ്യയുടെ മിസൈലാക്രമണത്തില്‍ 37 പേര്‍ മരിച്ച ദിവസം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി തന്റെ നിരാശ ലോകത്തോട് വിളിച്ചു പറഞ്ഞത്. മൂന്ന് കുട്ടികള്‍ ഈ റഷ്യന്‍ വ്യമോക്രമണത്തില്‍ മരിച്ചുവെന്ന് മാത്രമല്ല പരുക്കേറ്റ 170 പേരില്‍ 13 പേര്‍ കുട്ടികളാണെന്നും സെലെന്‍സ്‌കി തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ പറയുന്നുണ്ട്. യുക്രൈനിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിക്ക് മുകളിലേക്കാണ് റഷ്യയുടെ മിസൈല്‍ വന്നു പതിച്ചത്. ക്യാന്‍സര്‍ രോഗികളായ കുട്ടികളെ ലക്ഷ്യം വെച്ചാണ് റഷ്യന്‍ സൈന്യം ഇത്രയും ക്രൂരമായ ആക്രമണം നടത്തിയതെന്നാണ് സെലെന്‍സ്‌കി പറയുന്നത്. ആ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങി കിടപ്പുണ്ടെന്ന് കൂടി യുദ്ധഭൂമിയാക്കി റഷ്യ മാറ്റിയ യുക്രെയ്‌ന്റെ പ്രസിഡന്റ് പറഞ്ഞുവെയ്ക്കുന്നുണ്ട്.

യുക്രെയ്‌ന്റെ തലസ്ഥാനമായ ക്വീവിലെ കരളലിയിപ്പിക്കുന്ന കുട്ടികളുടെ ആശുപത്രി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും വലിയ ബ്ലഡി ക്രിമിനലിനെ ഹഗ് ചെയ്യുന്ന കാഴ്ച അത്യന്തം നിരാശാജനകമാണെന്ന് സെലെന്‍സ്‌കി പറഞ്ഞുവെയ്ക്കുന്നത്. പി എം മോദി ഇന്നലെ റഷ്യന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്ത് വലിയ ആവേശത്തോടെ ആശ്ലേഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചായ സല്‍ക്കാരവും ഒപ്പം പരസ്പരം അഭിനന്ദന പ്രവാഹങ്ങളും സുഹൃത്തുക്കളുടെ ബന്ധം പുതുക്കി. പുടിനോടൊപ്പം വിശാലമായ എസ്റ്റേറ്റ് ഗ്രൗണ്ടില്‍ പുടിനോടിച്ച വാഹനത്തില്‍ ഇരുന്ന് പര്യടനം നടത്തുമ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പുറം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക കൂടിയായിരുന്നു.

ഇതിന് മുമ്പ് കഴിഞ്ഞ ജൂണില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ കോ ഡ്രൈവര്‍ സീറ്റിലിരുത്തി ഒരു ലിമോസിന്‍ പുടിന്‍ ഓടിക്കുന്നതാണ് ലോകം കണ്ടത്. അതിന് ശേഷം ഒരു അത്യാഡംബര വാഹനം പുടിന്‍ കിമ്മിന് സമ്മാനിക്കുകയും ചെയ്തു. കനത്ത സുരക്ഷയ്ക്കിടയില്‍ നടന്ന ശ്രദ്ധാപൂര്‍വമായ സൃഷ്ടിച്ച പബ്ലിക് റിലേഷന്‍സ് പ്രചാരണമെന്നെല്ലാം പുടിന്‍ പ്യോങ്യാങ്ങില്‍ നടത്തിയ ആഡംബരപൂര്‍ണമായ സന്ദര്‍ശനത്തിനിടെയിലെ നിമിഷങ്ങള്‍ വിളിക്കപ്പെട്ടിരുന്നു. തങ്ങളുടെ പ്രവര്‍ത്തന ബന്ധം എത്രത്തോളം വളര്‍ന്നുവെന്ന് കാണിച്ചുതരാനാണ് പുടിനും കിമ്മും ഈ സന്ദര്‍ശ നിമിഷങ്ങള്‍ ഉപയോഗിച്ചത്.

ഇപ്പോള്‍ പിഎം മോദിയും പുടിനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുമ്പോള്‍ പലരും ഉത്തര കൊറിയന്‍ നേതാവിനേയും ഓര്‍മ്മിക്കുന്നുണ്ട്. മോദി റഷ്യയില്‍ കാലുകുത്തി നയതന്ത്ര ബന്ധം ക്രെംലിനുമായി ശക്തിപ്പെടുത്തുമ്പോള്‍ അതേ തിങ്കളാഴ്ച ഉക്രെയ്‌നിലുടനീളം റഷ്യന്‍ മിസൈലുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിക്കും മറ്റ് ആശുപത്രി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെന്നും ഇത് ഹൃദയ ശസ്ത്രക്രിയകളെ തടസ്സപ്പെടുത്തുകയും കുട്ടികളും യുവാക്കളുമടങ്ങിയ കാന്‍സര്‍ രോഗികളുടെ ചികിത്സകളില്‍ താളപ്പിഴയേല്‍പ്പിച്ചെന്നും യുക്രെയ്ന്‍ പറയുന്നു.

മോദി പുടിനുമായി നടത്തിയ നയതന്ത്ര ചര്‍ച്ചയില്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ പെട്ടുപോയ ഇന്ത്യക്കാരുടെ കാര്യവും ചര്‍ച്ചയായി. ട്രാവല്‍ ഏജന്റുമാരുടെ വഞ്ചനയില്‍പ്പെട്ട് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് യുക്രെയ്‌നില്‍ യുദ്ധം ചെയ്യേണ്ടി വരുന്ന ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് പ്രധാനമന്ത്രി മോദി ആശങ്ക ഉന്നയിച്ചുവെന്നും അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് ഉറപ്പുനല്‍കിയെന്നും പറയപ്പെടുന്നു. ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് പറഞ്ഞ് ഏജന്റുമാര്‍ കബളിപ്പിച്ചതിനെത്തുടര്‍ന്ന് ഏകദേശം രണ്ട് ഡസനോളം ഇന്ത്യക്കാര്‍ യുക്രെയ്നിനെതിരായ യുദ്ധത്തിന് നിര്‍ബന്ധിതരായന്നെയാണ് വിവരം.

യുക്രെയ്‌നില്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി റഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഐക്യരാഷ്ട്ര സഭയില്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയരുമ്പോള്‍ റഷ്യയെ കുറ്റപ്പെടുത്തുന്നതില്‍ നിന്ന് മോദി കാലത്ത് ഇന്ത്യ ഒഴിഞ്ഞുമാറുകയുാണ് ചെയ്യുന്നത്. പുടിന്റെ മോസ്‌കോയെ വിമര്‍ശിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. സമാധാന ശ്രമങ്ങളും നയതന്ത്ര ചര്‍ച്ചകളുമെന്നെല്ലാം പറയുമ്പോഴും ഇത്തരത്തില്‍ ഇന്ത്യയുടെ ഒഴിഞ്ഞുമാറ്റം ഐക്യരാഷ്ട്രസഭയിലെ മറ്റ് അംഗരാജ്യങ്ങള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി മോദിയും പുടിനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്ക ഇന്ത്യയോട് യുക്രയെനുമായി ബന്ധപ്പെട്ട വിഷയത്തില്‍ റഷ്യയോട് എന്ത് തീരുമാനമെടുത്താലും ഐക്യരാഷ്ട്ര സഭയുടെ പ്രമാണങ്ങള്‍ക്കനുസരിച്ചു മാത്രമായിരിക്കണമെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്ന്‍ സംഘര്‍ഷം സംബന്ധിച്ച ഏത് പരിഹാരവും ഐക്യരാഷ്ട്രസഭയുടെ പ്രമാണമനുസരിച്ചും യുക്രെയ്‌നിന്റെ പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും മാനിച്ചുമായിരിക്കണമെന്ന് റഷ്യയോട് വ്യക്തമാക്കണമെന്നാണ് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ മോദിയുടെ റഷ്യന്‍ സന്ദര്‍ശനം ലോകം ഉറ്റുനോക്കുകയും യുക്രെയ്ന്‍ വിമര്‍ശനവിധേയമാക്കുകയും ചെയ്യുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ലോകം നല്‍കുന്ന പരിഗണന കൂടി നിലപാടുകളാല്‍ അളക്കപ്പെടുന്നുണ്ട്.