ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയ്ക്കുള്ളിലും ഇന്ത്യ മുന്നണിയ്ക്കുള്ളിലും അടിയും തടയുമാണ്. ഇന്ത്യ മുന്നണി ജൂണിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ കരുത്തുകാട്ടിയ യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് ഷെയറിംഗ് തര്‍ക്കങ്ങള്‍ മറ്റൊരു ഹരിയാന ഫലത്തിന് ഇടനല്‍കുമോയെന്ന പേടി മുന്നണിയിലെ മറ്റുകക്ഷികള്‍ക്കുണ്ട്. 10 സീറ്റുകളാണ് നിലവില്‍ യുപി നിയമസഭയില്‍ ഒഴിവായി കിടക്കുന്നത്. ഇതില്‍ 9 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അയോധ്യയിലെ മില്‍കിപുര്‍ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഒരു തിരഞ്ഞെടുപ്പ് പരാതിയെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് ഇലക്ഷന്‍ കമ്മീഷന്‍ മാറ്റിവെച്ചിരിക്കുകയാണ്.

ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ 80ല്‍ 37 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവകാശ വാദങ്ങളെ കണക്കിലെടുക്കാതെ 9ല്‍ 7 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് യുപിയില്‍ ഇന്ത്യ മുന്നണിയിലെ പ്രശ്‌നം ഗുരുതരമാക്കിയത്. 9ല്‍ അഞ്ച് സീറ്റില്‍ അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കിയാണ് അഖിലേഷിന്റെ പാര്‍ട്ടി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രണ്ട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന നിലപാടാണ് സമാജ് വാദി പാര്‍ട്ടിയ്ക്ക്. ഇതോടെ ഇടഞ്ഞ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കുന്നതടക്കം നിലപാട് കടുപ്പിക്കുകയാണ്.

ഇത്തരത്തില്‍ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത് മറ്റൊരു ഇടത്തെ തിരഞ്ഞെടുപ്പില്‍ അഖിലേഷിനേയും കൂട്ടരേയും സമ്മര്‍ദ്ദത്തിലാക്കാനാണ്. നവംബര്‍ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് അപ്പുറം നവംബര്‍ 20ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യംവെയ്ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ കരുത്തില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോളെയുടെ നേതൃത്വത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ഒരു സീറ്റില്‍ നിന്ന് 13ലേക്ക് ഉയര്‍ന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ വലിയ ഒറ്റകക്ഷിയായി. ഈ സാഹചര്യവും കൂടി കണ്ട് മഹാരാഷ്ട്രയില്‍ തങ്ങളുടെ ബലം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സമാജ് വാദി പാര്‍ട്ടി.

2019ല്‍ 7 ഇടത്ത് മല്‍സരിച്ച് രണ്ട് സീറ്റ് മഹാരാഷ്ട്ര നിയമസഭയില്‍ നേടിയ അഖിലേഷ് യാദവിന്റെ പാര്‍ട്ടി ഇക്കുറി 12 സീറ്റാണ് മറാത്താഭൂമിയില്‍ ലക്ഷ്യം വെയ്ക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയില്ലാതെ മറാത്തഭൂമിയില്‍ ഇത്രയും സീറ്റ് വിജയിച്ചെടുക്കുക നിലവില്‍ എസ്പിയ്ക്ക് സാധ്യമല്ല. ഇത് മുന്നില്‍ കണ്ടുകൊണ്ട് അഖിലേഷിനേയും കൂട്ടരേയും സമ്മര്‍ദ്ദത്തിലാക്കാനാണ് ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്. മഹാരാഷ്ട്രയിലും കോണ്‍ഗ്രസിനോട് ആലോചിക്കാതെ 5 സീറ്റുകളില്‍ എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഗാസിയാബാദ്, ഖൈര്‍ എന്നീ രണ്ട് സീറ്റുകള്‍ മാത്രമാണ് എസ്പി കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ടെങ്കിലും വയനാട്ടില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്കയുടെ ശ്രദ്ധ കേരളത്തിലാണ്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുമെന്നും മുന്നണിയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അഖിലേഷ് യാദവ് ആവര്‍ത്തിക്കുമ്പോഴും ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പില്ലായ്മയ യുപിയിലും മഹാരാഷ്ട്രയിലും മുഴച്ചു നില്‍ക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ബിജെപിയിലാകട്ടെ ലോക്‌സഭയില്‍ നേരിട്ട തിരിച്ചടിയോടെ യോഗി ആദിത്യനാഥിന്റെ അപ്രമാദിത്യത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. മോദിയ്ക്ക് ശേഷം യോഗി എന്ന തരത്തില്‍ പോയിരുന്ന അണികളുടെ വിളികള്‍ മോദി-യോഗി പോരെന്ന വാസ്തവം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ 9 സീറ്റിലും യോഗി തന്നെ ഇറങ്ങി ഉപതിരഞ്ഞെടുപ്പ് പിടിക്കട്ടെയെന്ന മട്ടിലാണ് നരേന്ദ്ര മോദിയുടെ നില്‍പ്പ്. ഇതില്‍ വീണാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിന് യുപി തിരിച്ചടിയായ പോലെ ഒരു മറുപണി യോഗിയ്ക്ക് കിട്ടാനും സാധ്യതയുണ്ട്. യോഗിയോട് വലിയ താല്‍പര്യമില്ലാത്ത നരേന്ദ്ര മോദി ഉപതിരഞ്ഞെടുപ്പില്‍ യോഗിക്ക് കാലിടറിയാല്‍ മറ്റൊരു മുഖ്യമന്ത്രിയ്ക്കായി യുപിയില്‍ ഇടപെടല്‍ നടത്തുമെന്ന കാര്യം ഉറപ്പാണ്. യോഗിയെ നീക്കി മറ്റൊരാളെ ഹിന്ദി ഹൃദയഭൂമിയില്‍ മുഖ്യമന്ത്രി കസേരയിലിരുത്താനുള്ള അണിയറ നീക്കവും ഗുജറാത്ത് ടീമില്‍ നടക്കുന്നുണ്ട്. യുപി ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിയ്ക്കും എന്നത് പോലെതന്നെ യോഗിയ്ക്കും നിര്‍ണായകമാണ്. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ആര്‍ക്കൊക്കെ കസേരയും പവറുമുണ്ടാകുമെന്ന് തീരുമാനിക്കുന്നതാകും നവംബര്‍ 23ന്റെ റിസള്‍ട്ട്.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്