33 കൊല്ലം എംപിയായും എംഎല്‍എയായും വിരാജിച്ച തന്റെ സ്വന്തം തട്ടകമായ ഹഡോടി മേഖലയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യാത്രയെത്തുമ്പോള്‍ വിട്ടുനിന്ന വസുന്ധര രാജെ സിന്ധ്യ രാജസ്ഥാന്‍കാര്‍ക്ക് നല്‍കിയ സന്ദേശമെന്താണ്?. ഹഡോടി മേഖലയിലെ ഝാല്‍വാഡില്‍ നിന്നാണ് വസുന്ധര നിയമസഭയിലും ലോക്‌സഭയിലുമെല്ലാം പലകുറി ജയിച്ചുകയറിയത്. വസുന്ധരയുടെ ശക്തികേന്ദ്രമായ ഹഡോടി മേഖലയില്‍ ഉള്‍പ്പെടുന്ന കോട്ട, ബുണ്ടി, ഝാല്‍വാഡ് എന്നീ പ്രദേശങ്ങളിലൂടെയുള്ള പാര്‍ട്ടി യാത്രയില്‍ നിന്നാണ് വസുന്ധര രാജെ മാറിനിന്നത്. പരിവര്‍ത്തന്‍ യാത്ര കോട്ടയില്‍ അവസാനിക്കുമ്പോള്‍ വസുന്ധര പക്ഷക്കാരെല്ലാം ഒഴിവായി നിന്നത് രാജസ്ഥാനിലെ ബിജെപിയുടെ ദൗര്‍ബല്യം വിളിച്ചോതുകയായിരുന്നു.
രാജസ്ഥാനില്‍ ഭരണം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപിയ്ക്ക് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളടക്കം പരാജയം പ്രവചിക്കുന്നതിന് പിന്നില്‍ വസുന്ധരയുടെ പിന്മാറ്റവും ഒരു കാരണമാണ്. രാജസ്ഥാനില്‍ ബിജെപിയെ കരയ്ക്കടുപ്പിച്ച നേതാക്കളില്‍ ഒട്ടും പിന്നിലല്ല മുന്‍മുഖ്യമന്ത്രി വസുന്ധരയുടെ സ്ഥാനം. പക്ഷേ പാര്‍ട്ടിക്കുള്ളിലെ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ച് സ്വന്തം ശൈലിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വസുന്ധര രാജെ സിന്ധ്യ ഉറച്ചുനിന്നപ്പോള്‍ ബിജെപി കേന്ദ്രനേതൃത്വവും രാജസ്ഥാനിലെ ശക്തി കേന്ദ്രവും തമ്മിലുള്ള കലഹം പരസ്യമായി.
കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി പരിപാടികളില്‍ അസാന്നിധ്യം കൊണ്ട് കഥപറയുന്നുണ്ട് വസുന്ധര. തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്ന് വസുന്ധരയെ തൂക്കിയെടുത്ത് മാറ്റി നിര്‍ത്തി അമിത് ഷായും നരേന്ദ്ര മോദിയും അവരെ ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ നിര്‍ണായക ഘട്ടങ്ങളില്‍ മാറി നിന്ന് തന്റെ അസാന്നിധ്യം ചര്‍ച്ചയാക്കി വസുന്ധര.
തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാത്തതിന്റെ കൊതിക്കെറുവും മറ്റ് പലര്‍ക്കും തന്നേക്കാള്‍ അധികം പ്രാധാന്യം നല്‍കുന്നതിന്റെ ഈര്‍ഷ്യയുമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം വസുന്ധര പ്രകടിപ്പിക്കുന്നത്. ബിജെപിയുടെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം ഝാല്‍വാടിലെ പരിവര്‍ത്തന്‍ യാത്രയിലും കോട്ടയിലെ സമാപനത്തിലും പങ്കെടുത്തപ്പോഴാണ് വസുന്ധരയും അവരുടെ വിശ്വസ്തരും സമാപന സമ്മേളനത്തിലടക്കം വിട്ടുനിന്നത്.
രാജസ്ഥാനില്‍ ബിജെപി രണ്ട് പക്ഷമാണെന്ന് വെളിവാക്കുകയായിരുന്നു ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര. സ്വന്തം തട്ടകത്തില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി നിന്ന് തന്റെ നാട്ടുകാരോട് പാര്‍ട്ടിയുമായുള്ള തന്റെ അഭിപ്രായ ഭിന്നത പറയാതെ പറയുകയായിരുന്നു വസുന്ധര രാജെ സിന്ധ്യ.രാജസ്ഥാനിലെ കോട്ട, ബുന്‍ഡി, ഝലാവര്‍ എന്നിവ ഉള്‍പ്പെടുന്ന ഹഡോട്ടി മേഖലയില്‍ വസുന്ധര അതികായ തന്നെയാണ്. പെട്ടെന്നൊരു ദിവസം തുടങ്ങിയ ബിജെപി പ്രവര്‍ത്തനമോ യാത്രയോ അല്ല വസുന്ധരയുടേതെന്നത് കൊണ്ട് തന്നെ വിഭാഗീയത വെളിവാക്കുന്ന വസുന്ധരയുടെ നിലപാട് പാര്‍ട്ടിക്ക് രാജസ്ഥാനില്‍ ഗുണം ചെയ്യില്ല. മോദി- ഷാ പ്രഭാവത്തില്‍ ബിജെപി വസുന്ധരയെ വകവെയ്ക്കാതിരിക്കാന്‍ ശ്രമിക്കുന്നത് ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്.
തന്റെ പാളയത്തില്‍ വസുന്ധര ശക്തയാണെന്ന് വെളിവാക്കുന്നതായിരുന്നു വസുന്ധരയുടെ വിശ്വസ്തര്‍ പോലും പരിവര്‍ത്തന്‍ യാത്രയിലെ സമാപനത്തില്‍ പാര്‍ട്ടിയെ വകവെയ്ക്കാതെ മാറി നിന്നത്. വസുന്ധരയുടെ അനുയായികളായ കോട്ട നോര്‍ത്ത് മുന്‍ എംഎല്‍എ പ്രഹ്ളാദ് ഗുന്‍ചാല്‍, രജാവാത്തിലെ മുന്‍ എംഎല്‍എ ഭവാനി സിങ് രജാവാത്ത് എന്നിവര്‍ കോട്ടയില്‍ യാത്രയെത്തിയപ്പോള്‍ പേരിന് സ്വീകരിക്കാനെത്തി. പക്ഷേ യാത്ര കോട്ടയിലെ ഉമ്മൈദ് സിങ് സ്റ്റേഡിയത്തില്‍ അവസാനിച്ചപ്പോള്‍ ഇരുവരും പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല.
രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വിട്ടുനിന്നപ്പോള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തില്‍ പങ്കെടുത്തു. വസുന്ധരയുടെ മകന്‍ ദുഷ്യന്ത് സിങ്ങും റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും ഓടിയെത്തിയ പരിപാടിയില്‍ അതും സ്വന്തം തട്ടകത്തില്‍ നടത്തിയ പാര്‍ട്ടി പരിപാടിയില്‍ വസുന്ധര മാറി നിന്നത് വലിയ ചലനമാണ് രാജസ്ഥാനിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയത്.
നേതൃത്വത്തോട് തുടര്‍ച്ചയായി കലഹിക്കുന്ന വസുന്ധരയെ ബിജെപി ഇനി പുറത്താക്കുമോയെന്ന ഒരു ഭയം വസുന്ധരയുടെ അണികള്‍ക്കുണ്ട്. അതുപോലെ സ്വന്തം ശക്തി കേന്ദ്രത്തിലെ അണികളുടെ പിന്തുണയില്‍ പുതിയൊരു പാര്‍ട്ടി എന്നൊരു നിലപാടിലേക്കാണോ വസുന്ധര പോകുന്നതെന്ന ഭയം പാര്‍ട്ടീ കേന്ദ്രങ്ങള്‍ക്കുമുണ്ട്.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി വസുന്ധര ഡല്‍ഹിയില്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്ത് ഇത്തരത്തിലൊരു നിര്‍ണായക യാത്ര നടക്കുമ്പോള്‍ വസുന്ധര രാജെ ഡല്‍ഹിയില്‍ എന്തെടുക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ബിജെപി വക്താവ് വികാസ് ബര്‍ഹത് പറഞ്ഞത് അവര്‍ ഡല്‍ഹിയിലാണെങ്കില്‍, അതു പാര്‍ട്ടി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താനായിരിക്കുമെന്നാണ്.
വസുന്ധരയുടെ അസാന്നിധ്യം വലിയ സംഭവമല്ലെന്ന മട്ടിലാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചത്. ഭാരത് മാതാ കി ജയ് എന്നു പറയുമ്പോള്‍ തങ്ങളെല്ലാം ഒന്നാണെന്നും ആ സാഹചര്യത്തില്‍ തങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നും ഹിമന്ത പറഞ്ഞു.
എന്തായാലും പ്രധാനമന്ത്രി വനിത സംവരണ ബില്ലിന്റെ ആഘോഷത്തില്‍ ബിജെപി ഹെഡ് ക്വോര്‍ട്ടേഴ്‌സില്‍ ബിജെപി വനിത പ്രവര്‍ത്തകരെ താണുവണങ്ങി ആദരവ് ഒക്കെ പ്രകടിപ്പിക്കുമ്പോള്‍ യുവമോര്‍ച്ച കാലം തൊട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങിയ ഒരു വനിതാ നേതാവ് പാര്‍ട്ടി യോഗങ്ങളില്‍ അസാന്നിധ്യം കൊണ്ട് ചര്‍ച്ചയാവുകയാണ്. സ്ത്രീ ശക്തിയുടെ മുന്നേറ്റമാണ് പണ്ട് എതിര്‍ത്തവരുടെ വരെ ഇപ്പോഴത്തെ പിന്തുണയ്ക്ക് കാരണമെന്നും മോദി വനിത ബില്ലിനെ കുറിച്ച് പറയുന്നുണ്ട്. രാജസ്ഥാനില്‍ വസുന്ധരയുടെ മുന്നേറ്റവും പിന്മാറ്റവും സ്ത്രീ ശക്തി മുന്നേറ്റമായി ബിജെപി കാണുമോ എന്നത് മറ്റൊരു ചോദ്യം. പക്ഷേ വലിയ ആവേശമെന്നൊക്കെ പറഞ്ഞു രാജസ്ഥാനില്‍ ബിജെപി നടത്തിയ പരിവര്‍ത്തന്‍ യാത്ര കോട്ടയില്‍ അവസാനിച്ചത് ആകെ പ്രഭമങ്ങി നനഞ്ഞ പടക്കമായാണ്. അതിന് കാരണമായത് വസുന്ധര രാജെയുടെ മാറിനില്‍ക്കലും. രാജസ്ഥാന്‍ തിരഞ്ഞെടുപ്പിലും ബിജെപി കേന്ദ്രനേതൃത്വത്തോട് ഉടക്കി വിഭാഗീയത തുറന്നുകാട്ടി വസുന്ധര മാറി നിന്നാല്‍ കോട്ടയിലെ യോഗം പോലെ പ്രഭമങ്ങും ബിജെപി കോട്ടകള്‍.