ഇനി ജുഡീഷ്യറിയെ ചട്ടം പഠിപ്പിക്കാം എന്ന നിലയ്ക്കാണ് ബിജെപി ഭരണകൂടം സുപ്രീം കോടതി വിധിക്കെതിരായി പട ഒരുക്കം നടത്തുന്നത്. ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരുപ്പുറച്ചവരാണ് സുപ്രീം കോടതി വിധിക്കെതിരെ പാര്‍ലമെന്റിന്റെ പേര് പറഞ്ഞു അമിതാധികാര പ്രയോഗമെന്നെല്ലാം വ്യാഖ്യാനങ്ങളുണ്ടാക്കുന്നത്. തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ വന്ന സുപ്രീം കോടതി വിധിക്കെതിരെ ആദ്യം രംഗത്ത് വന്നത് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ്. ബിജെപിയുടെ കേന്ദ്രഭരണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദം ആസ്വദിച്ച ഗോവയിലെ ബിജെപി നേതാവും ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് ആര്‍ലേക്കര്‍. ബിഹാര്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണറായും അതിന് മുമ്പ് ഗോവയില്‍ ബിജെപിയുടെ കാര്യക്കാരനായും മന്ത്രിയായുമെല്ലാം പ്രവര്‍ത്തിച്ച രാജേന്ദ്ര ആര്‍ലേക്കറാണ് സുപ്രീം കോടതി വിധിയെ കേരള ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് ചോദ്യം ചെയ്തത്. പിന്നാലെ പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള പലരും ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായം പറഞ്ഞെങ്കിലും സുപ്രീം കോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്യാന്‍ ബിജെപിയുടെ പലനേതാക്കളും ഒന്നു മടിച്ചു. പക്ഷേ അണിയറയില്‍ കോടതിയെ വെല്ലുവിളിക്കാന്‍ കാര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ഭരണഘടന സ്ഥാനങ്ങളിലിരിക്കുന്ന ഓരോരുത്തരായി സുപ്രീം കോടതിയെ ചോദ്യം ചെയ്യാന്‍ ഇറങ്ങി. രാഷ്ട്രപതിയ്ക്ക് സമയപരിധി നിശ്ചയിച്ചതിന് സുപ്രീം കോടതിയെ ചോദ്യം ചെയ്ത് ഗവര്‍ണര്‍മാര്‍ക്ക് പിന്നാലെ ഉപരാഷ്ട്രപതിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകള്‍ പാസാക്കുന്നതിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി വന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ജുഡീഷ്യറിയെ വിമര്‍ശിച്ചു രംഗത്തുവരുന്നത്. രാഷ്ട്രപതി എന്ത് ചെയ്യണമെന്ന് കോടതികള്‍ നിര്‍ദ്ദേശിക്കുന്ന ഒരു സാഹചര്യം നമുക്ക് ഉണ്ടാകാന്‍ പാടില്ലെന്നാണ് രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി പറഞ്ഞത്. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 ഒരു ആണവ മിസൈലായി ജനാധിപത്യ ശക്തികള്‍ക്കെതിരെ 24 മണിക്കൂറും ജുഡീഷ്യറിയുടെ പക്കല്‍ ഉണ്ടെന്നതാണ് ധന്‍ഖറിന്റെ ആകുലത. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ജുഡീഷ്യറിയ്ക്ക് നേരെയുള്ള ആക്രമണത്തിന്റെ കെട്ട് ധന്‍ഖാര്‍ പൊട്ടിച്ചത്.
‘മാര്‍ച്ച് 14, 15 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഒരു ജഡ്ജിയുടെ വസതിയില്‍ ഒരു സംഭവം നടന്നു. ഏഴ് ദിവസത്തേക്ക് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. നമ്മള്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കണം. ഈ കാലതാമസം വിശദീകരിക്കാനാകുമോ? ഇത് ക്ഷമിക്കാമോ? ചില അടിസ്ഥാന ചോദ്യങ്ങള്‍ ഇത് ഉയര്‍ത്തുന്നില്ലേ? മാര്‍ച്ച് 21 ന് മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം ഒരു പത്രത്തിന്റെ വെളിപ്പെടുത്തല്‍ കണ്ടു ഞെട്ടിയത്.
ഡല്‍ഹിയിലെ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവമാണ് കോടതിയെ കുറ്റപ്പെടുത്താനായി ഉപരാഷ്ട്രപതി ചൂണ്ടിക്കാണിച്ചത്. ഈ സംഭവത്തില്‍ സുപ്രീം കോടതിയുടെ ആഭ്യന്തരസമിതി അന്വേഷണം നടത്തുന്നുണ്ടെന്നതും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട് പോലും കടുത്ത നടപടിയ്ക്ക് നില്‍ക്കാതെ കേന്ദ്രം അദ്ദേഹത്തിന്റെ നാടായ അലഹബാദ് കോടതിയിലേക്ക് ഒരു ട്രാന്‍സ്ഫര്‍ മാത്രമാണ് നല്‍കിയതെന്നുള്ളതും സൗകര്യപൂര്‍വം ഉപരാഷ്ട്രപതി പറഞ്ഞില്ല. ബിജെപി ഭരിക്കുന്ന ഡല്‍ഹി സംസ്ഥാന സര്‍ക്കാരും കേന്ദ്രം നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസും ഈ ജഡ്ജിയ്‌ക്കെതിരെ എഫ്‌ഐആര്‍ പോലും ഇട്ടില്ലെന്നതും ആരുടെ താല്‍പര്യമാണ് നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഒപ്പം ജഡ്ജി ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ തീപിടുത്തം ഉണ്ടായതും പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുംഇതൊരു കെട്ടിച്ചമച്ച സംഭവമാണോയെന്ന സംശയം ഒരു പറ്റം അഭിഭാഷകര്‍ക്കിടയിലും ഉണ്ടാക്കിയിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് സുപ്രീം കോടതിയെ ചോദ്യം ചെയ്യാന്‍ ഉപരാഷ്ട്രപതി ഈ സംഭവം ഉയര്‍ത്തിക്കാട്ടിയതെന്നതും ചിന്തനീയമാണ്.
ഇനി കേരള ഗവര്‍ണര്‍ ആദ്യമേ സുപ്രീം കോടതിയുടെ ജസ്റ്റിസുമാരുടെ വിധിയെ കുറിച്ചു പറഞ്ഞതും ഇതിന്റെയെല്ലാം കൂടെ ചേര്‍ത്ത് വായിക്കണം. നിയമ നിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ എങ്ങനെ തീരുമാനിക്കുമെന്നുമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചോദിച്ചത്. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഭേദഗതിക്കുള്ള അവകാശം പാര്‍ലമെന്റിനാണെന്നും വിഷയം ഭരണഘടന ബെഞ്ചിന് വിടണമായിരുന്നുവെന്നും സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്നും ആര്‍ലേക്കര്‍ പറഞ്ഞിരുന്നു.
ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി ഹൈക്കോടതിയിലെ സംഭവം സുപ്രീം കോടതിയുടെ അടക്കം വിശ്വസ്യതയെ ചോദ്യം ചെയ്‌തെന്ന് പറഞ്ഞു ഉപരാഷ്ട്രപതി രംഗത്ത് വരുന്നത്. ജനങ്ങള്‍ എപ്പോഴും ഏറ്റവും ഉയര്‍ന്ന ബഹുമാനത്തോടെയും ആദരവോടെയും നോക്കിയിരുന്ന നമ്മുടെ ഒരു സംവിധാനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിനാല്‍ രാജ്യം അസ്വസ്ഥമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇനി ധന്‍ഖര്‍ ചോദിക്കുന്നത് രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും ഉള്ള പ്രത്യേക അവകാശങ്ങള്‍ ജുഡീഷ്യറിയില്‍ ഉള്ളവര്‍ക്ക് എങ്ങനെ ലഭിച്ചുവെന്നാണ്. ഡല്‍ഹിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാഞ്ഞത് ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പരിഗണന മൂലമാണെന്ന് ഉപരാഷ്ട്രപതി പറയുന്നു.
പണം പിടിച്ചെടുത്തതിന് ശേഷം ജഡ്ജിക്കെതിരെ ഒരു എഫ്ഐആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ല. ഈ രാജ്യത്ത് ആര്‍ക്കും, നിങ്ങളുടെ മുമ്പിലുള്ളയാള്‍ ഉള്‍പ്പെടെ ഏതൊരു ഭരണഘടനാ ഉദ്യോഗസ്ഥനുമെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. നിയമവാഴ്ച നടപ്പാക്കുക മാത്രമാണ് അതിന് ചെയ്യേണ്ടത്. അതിന് പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ജഡ്ജിമാരുടെ വിഭാഗമാണെങ്കില്‍, എഫ്ഐആര്‍ ഉടനടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ജുഡീഷ്യറിയില്‍ ബന്ധപ്പെട്ടവര്‍ അത് അംഗീകരിക്കേണ്ടതുണ്ട്, പക്ഷേ ഈ അവകാശം ഭരണഘടന നല്‍കിയിട്ടില്ല. ഇന്ത്യന്‍ ഭരണഘടന ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും ബഹുമാനപ്പെട്ട ഗവര്‍ണര്‍മാര്‍ക്കും മാത്രമേ പ്രോസിക്യൂഷനില്‍ നിന്ന് പ്രതിരോധശേഷി നല്‍കിയിട്ടുള്ളൂ. അപ്പോള്‍ നിയമത്തിന് അതീതമായ ഒരു വിഭാഗം എങ്ങനെയാണ് ഈ പ്രതിരോധശേഷി നേടിയത്? ഇതിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഇപ്പോള്‍ തോന്നുന്നുണ്ടാവും. ചെറുപ്പക്കാരും പ്രായമായവരുമായ എല്ലാ ഇന്ത്യക്കാരും വളരെയധികം അസ്വസ്ഥരാണ്. ഈ സംഭവം തങ്ങളുടെ വീട്ടിലാണ് നടന്നിരുന്നെങ്കില്‍, ഒരു ഇലക്ട്രോണിക് റോക്കറ്റ് വേഗതയിലാവും നടപടിയെന്ന് അവര്‍ക്കറിയാം. ഇപ്പോള്‍ ഒരു കന്നുകാലി വണ്ടിയുടെ വേഗത പോലുമല്ല.
എന്തായാലും ഉപരാഷ്ട്രപതി ഈ അവകാശങ്ങളൊക്കെ അനുഭവിച്ചവരുടെ ഒപ്പം ജോലി ചെയ്ത ഓര്‍മ്മയില്‍ പറഞ്ഞതാവാം. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുള്ള മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ് ജഗ്ദീപ് ധന്‍ഖര്‍. അടുത്തിടെ ഒരു വിധിയിലൂടെ രാഷ്ട്രപതിക്ക് ഒരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് സുപ്രീം കോടതിയെന്ന് പറഞ്ഞു അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട് ഉപരാഷ്ടപതി. നമ്മള്‍ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തോടൊപ്പം നമ്മള്‍ വളരെ സെന്‍സിറ്റീവ് ആയിരിക്കണം എന്ന് കൂടി ധന്‍ഖര്‍ പറയുന്നു.
ഈ ദിവസത്തിന് വേണ്ടിയല്ല ജനാധിപത്യത്തിനായി നമ്മള്‍ ഉടമ്പടിയുണ്ടാക്കിയത്. സമയബന്ധിതമായി തീരുമാനമെടുക്കാന്‍ അവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു, ഇല്ലെങ്കില്‍ അത് നിയമമായി മാറുന്നു. നിയമനിര്‍മ്മാണം നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരാണ് ഇപ്പോഴുള്ളത്. അവര്‍ക്ക് രാജ്യത്തെ നിയമം ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് ചെയ്യുന്ന കാര്യങ്ങളില്‍ ഒരു ഉത്തരവാദിത്തമില്ല.
പാര്‍ലമെന്റാണ് എല്ലാം തീരുമാനിക്കുകയെന്നും ജുഡീഷ്യറിയ്ക്കും മുകളിലാണ് പാര്‍ലമെന്റെന്നും ഉപരാഷ്ട്രപതി അടിവരയിടുന്നുണ്ട്. നിങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അത് വ്യാഖ്യാനിച്ചാല്‍ മതിയെന്നും തീര്‍പ്പുകല്‍പ്പിക്കുന്നുണ്ട് ബിജെപി കൊണ്ടുവന്ന രാജ്യസഭാ അധ്യക്ഷന്‍. പക്ഷേ പാര്‍ലമെന്റ് പോലെ നിയമനിര്‍മ്മാണ സഭയാണ് സംസ്ഥാന നിയമസഭകളെന്നും അവരുടെ അധികാരം സംരക്ഷിക്കാനാണ് സുപ്രീം കോടതി ഇടപെട്ടതെന്നും ഉപരാഷ്ട്രപതി മറന്നുപോയി. ഒപ്പം പാര്‍ലമെന്റ് എന്നാല്‍ ഭരണകക്ഷി മാത്രമല്ല, പ്രതിപക്ഷവും ഉള്‍പ്പെട്ട സംവിധാനമാണെന്നും ബിജെപിയ്‌ക്കൊപ്പം നിന്ന് ഭരണഘടനാ പദവി കയ്യാളുന്ന ഉപരാഷ്ട്രപതി മറന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ പ്രവര്‍ത്തനങ്ങള്‍ ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണെന്നും സുപ്രീം കോടതി പറഞ്ഞതും ബിജെപി നേതാക്കള്‍ കേട്ടിട്ടില്ല. ബില്ലിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കാന്‍ കോടതികള്‍ക്ക് മാത്രമേ പ്രത്യേകാവകാശമുള്ളൂവെന്നും അത്തരം കാര്യങ്ങളില്‍ എക്‌സിക്യൂട്ടീവ് നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞതും ഭരണമുന്നണിയിലുള്ളവര്‍ക്ക് പിടിച്ചിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തില്‍ കൈകടത്തുകയും നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് മേല്‍ അടയിരിക്കുകയും ചെയ്ത് ഫെഡറിലിസം തകര്‍ക്കുന്നുവെന്ന ആക്ഷേപം കനത്ത സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടലുണ്ടായതെന്നത് ഓര്‍ക്കേണ്ടതുണ്ട്. ഗവര്‍ണര്‍മാരെ ഭരണഘടന പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഓര്‍മ്മിപ്പിക്കുക മാത്രമല്ല ഗവര്‍ണര്‍മാരുടെ തലതൊട്ടപ്പനായ രാഷ്ട്രപതിയുടെ ചുമതല കൂടി ഓര്‍മ്മിപ്പിച്ച് നിയന്ത്രണ രേഖ വരയ്ക്കാനും സുപ്രീം കോടതി മടിച്ചിരുന്നില്ല എന്നതാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ ചൊടിപ്പിച്ചത്. അധികാരത്തിനും അധികാര ദുര്‍വിനിയോഗത്തിനും മധ്യേ പരമോന്നത കോടതി വരച്ച നിയന്ത്രണരേഖ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കും പിടിച്ചില്ലെന്നത് വെളിവാക്കുന്നതാണ് കൂട്ടായുള്ള ജുഡീഷ്യറിയ്ക്ക് മേലുള്ള ആക്രമണം. ജനാധിപത്യത്തിന് മേലെ ഫാസിസം മര്‍ക്കടമുഷ്ടി പ്രയോഗിക്കുമ്പോള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ജനതയ്ക്ക് പ്രതീക്ഷ നല്‍കുന്ന പരമോന്നത കോടതിയുടെ ഇടപെടലുകളില്‍ സംശയത്തിന്റെ ആവരണം ചാര്‍ത്താനുള്ള സംഘടിത ശ്രമമായി തന്നെ ഇത്തരം പരാമര്‍ശങ്ങളെ ജാഗ്രതയോടെ കാണണം.