വിക്രമാദിത്യ ഡല്‍ഹിയില്‍, വിമത എംഎല്‍എമാര്‍ അഭിമാനം പണയം വെച്ച കറുത്ത പാമ്പുകളെന്ന് മുഖ്യമന്ത്രി സുഖു!

ഹിമാചലില്‍ പ്രതിസന്ധി ഒഴിവാക്കാനുള്ള കോണ്‍ഗ്രസിന്റെ ജീവന്മരണ പോരാട്ടത്തിന് മങ്ങലേല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങിന്റെ മകന്‍ വിക്രമാദിത്യയുടെ ഡല്‍ഹിയാത്ര. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമതരെ ഇറക്കി കളിച്ച വിക്രമാദിത്യ ആറ് എംഎല്‍എമാരെ പാര്‍ട്ടി അയോഗ്യരാക്കിയതോടെ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിലെത്തിയ കോണ്‍ഗ്രസ് സംഘത്തോട് രാജി പിന്‍വലിക്കുന്നതായി അറിയിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. പോകുന്നതിന് മുമ്പ് വിമത എംഎല്‍എമാരെ കാണുകയും ചെയ്തു വിക്രമാദിത്യ.

തന്റെ ഫേസ്ബുക്ക് ബയോയില്‍ നിന്ന് ഔദ്യോഗിക പദവി അടക്കം നീക്കം ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയാണ് സമവായ ചര്‍ച്ചകള്‍ വിചാരിച്ച പോലൊന്നുമല്ലെന്ന് വിക്രമാദിത്യ പറഞ്ഞുവെയ്ക്കുന്നത്. മുമ്പ് പിഡബ്ല്യുഡി മന്ത്രിയെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമെന്നും ബയോയില്‍ എഴുതിയിരുന്നത് നീക്കം ചെയ്ത് ഇപ്പോള്‍ ‘ഹിമാചലിന്റെ സേവകന്‍’ എന്ന് എഫ്ബിയിലെ ബയോ മാറ്റിയിരിക്കുകയാണ്.

ഡല്‍ഹിയിലേക്ക് പോയ വിക്രമാദിത്യ ബിജെപി നേതാക്കളെ കാണുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധികള്‍ ഡികെ ശിവകുമാറും ഭൂപേഷ് ബാഗലും ഭൂപീന്ദര്‍ ഹൂഡയും ചേര്‍ന്ന് പ്രത്യേക സംഘം ഒതുക്കിയതോടെ ഹിമാചലില്‍ കോണ്‍ഗ്രസ് ഭരണം തുടരുമെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തിയിരുന്നു. വിമത എംഎല്‍എമാരെ പുറത്താക്കിയിട്ടും വിക്രമാദിത്യയെ അനുനയിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് സംഘം ചെയ്തത്. എന്നാല്‍ സമവായത്തിന് ഒരുങ്ങിയ ശേഷം വിക്രമാദിത്യ സിങും പിസിസി അധ്യക്ഷയായ അമ്മ പ്രതിഭാ സിങും കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരേയും എംഎല്‍എമാരെ അയോഗ്യരാക്കിയതിന് എതിരേയും പരസ്യ പ്രസ്താവന നടത്തി രംഗത്തെത്തിയിരുന്നു.

വിക്രമാദിത്യ ബിജെപി പാളയത്തിലേക്ക് കയറാനുള്ള ശ്രമം നടത്തുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം കോണ്‍ഗ്രസിലുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മുന്‍മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ കുടുംബം നടത്തുന്ന വിമത നീക്കത്തില്‍ ഒപ്പം നിന്ന 6 എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന് കരുതിയിരുന്നില്ല. പാര്‍ട്ടിയെ ഭീഷണിപ്പെടുത്തി സുഖ് വിന്ദര്‍ സിങ് സുഖുവിനെ താഴെയിറക്കി മുഖ്യമന്ത്രി സ്ഥാനമെന്നതായിരുന്നു അമ്മയും മകനും കരുതിയിരുന്നത്. എന്നാല്‍ വിമതരെ അയോഗ്യരാക്കി കേവല ഭൂരിപക്ഷം കുറച്ച് സഭയിലെ സ്ഥാനം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെയാണ് ഡല്‍ഹിയിലേക്കുള്ള പോക്ക് വിക്രമാദിത്യ നേരത്തെയാക്കിയത്.

ഇതോടെ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഹിമാചല്‍ പ്രദേശ് ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായി വിക്രമാദിത്യ സിംഗിനെ മാറ്റി രാമപൂര്‍ എംഎല്‍എ നന്ദലാലിനെ നിയമിച്ചു. പാര്‍ട്ടിക്കുള്ളില്‍ വിക്രമാദിത്യ സിംഗിനുള്ള എല്ലാ പരിഗണനയും ഇല്ലാതിയിരിക്കുന്നതിന്റെ സൂചനയാണ് ഇത്.

ക്രോസ് വോട്ടിംഗിലൂടെ ബിജെപിയ്ക്ക് വോട്ട് ചെയ്ത ആറ് എംഎല്‍എമാര്‍ കാരണം ഉറപ്പായ രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടത് മുതല്‍ കോണ്‍ഗ്രസ് ഹിമാചലില്‍ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ആ സമയത്താണ് രാജിവെച്ച് വിക്രമാദിത്യ നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. പിന്നീട് കാര്യങ്ങള്‍ ഡികെയുടെ അടക്കം നേതൃത്വത്തില്‍ ശരിയാക്കുമ്പോഴും വിമതരെ ഒതുക്കാനും വിഷയം പൂര്‍ണമായി തീര്‍ക്കാനും കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്നതാണ് വിക്രമാദിത്യയുടെ ഡല്‍ഹി യാത്ര.

തങ്ങളുടെ സര്‍ക്കാരിനെ വഞ്ചിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്ത വിമത എംഎല്‍എമാരെ ബ്ലാക്ക് സ്‌നേക്ക്‌സ് എന്നാണ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു വിളിച്ചത്.

തങ്ങളുടെ രാഷ്ട്രീയ ജീവിതത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം തന്ന സ്വന്തം പാര്‍ട്ടിയെ ചതിക്കുന്നവരെ വിളിക്കേണ്ട പേര് കറുത്ത പാമ്പുകള്‍ എന്നാണ്. എങ്ങനെയാണ് മനുഷ്യര്‍ക്ക് സ്വന്തം അഭിമാനം പണത്തിനായി വില്‍ക്കാന്‍ കഴിയുന്നത്. അങ്ങനെ അഭിമാനം വില്‍ക്കുന്നവരെ ജനസേവകരെന്ന് വിളിക്കാന്‍ കഴിയുമോ?

തങ്ങള്‍ അഞ്ച് വര്‍ഷം തികച്ചു ഭരിക്കുമെന്ന് പറയുമ്പോഴും സുഖുവിന് വിക്രമാദിത്യ സിങും നിലവിലെ പിസിസി അധ്യക്ഷ പ്രതിഭാ സിങും എങ്ങനെയാകും പ്രതികരിക്കുക എന്ന കാര്യത്തില്‍ ഉറപ്പില്ല. ബിജെപിയിലേക്ക് ഇരുവരും നീങ്ങിയാല്‍ കൂട്ടത്തില്‍ എത്രപേര്‍ മറുകണ്ടം ചാടുമെന്നും പാര്‍ട്ടിയ്ക്ക് നിശ്ചയിമില്ല. അധികാരത്തിലെത്തി 15 മാസമായി ഹിമാചലില്‍ ഉണ്ടായിരുന്ന വിഭാഗീയത തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായി ഇടപെടാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് നേതൃത്വം അവസാനഘട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. നേരത്തേ തീര്‍ക്കാവുന്ന പ്രശ്‌നം ബിജെപിയ്ക്ക് മുതലെടുപ്പിന് വെച്ചു നല്‍കിയ കോണ്‍ഗ്രസ് നേതൃത്വം ഹിന്ദി ബെല്‍റ്റിലെ ആകെയുള്ള സംസ്ഥാനവും കൈവിട്ടു കളയുമോയെന്ന കാര്യത്തിലേ ഇനി സംശയമുള്ളു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ