വി എസിന് നൂറു വയസ്

വി എസ് അച്യുതാനന്ദന് നൂറു വയസ് തികയുന്നു. വി എസ് എന്ന രണ്ടക്ഷരം കഴിഞ്ഞ മൂന്നരദശാബ്ദമായി കേരളത്തിലെ എല്ലാ പോരാട്ടങ്ങളുടെയും പര്യായ പദമായിരുന്നു. പോരാട്ടം, അത് പിണറായിയോടായാലും, പി കെ കുഞ്ഞാലിക്കുട്ടിയോടായാലും, മണല്‍ മാഫിയയോടായാലും മരം വെട്ടുകാരോടായാലും വി എസിന് ഒരേ വീര്യവും, കരുത്തുമായിരുന്നു. പോരാടാന്‍ കഴിഞ്ഞില്ലങ്കില്‍ ജീവിച്ചിരിക്കുന്നില്ല എന്നാണ് കഴിഞ്ഞ ഏട്ട് ദശാബ്ദത്തിലധികം കാലം വി എസ് വിശ്വസിച്ചിരുന്നത്. പൊലീസിന്റെ നിഷ്ഠൂര മര്‍ദ്ധനത്തിന് ശേഷം മരിച്ചു പോയി എന്ന് വിചാരിച്ചു വഴിവക്കില്‍ ഉപേക്ഷിക്കപ്പെടുകയും, അവിടെ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നതും കൊണ്ടുകൂടിയാകണം ഭയം എന്നത് ആ മനുഷ്യന്റെ ഇരുവശങ്ങളില്‍ കൂടി പോലും പോയിട്ടില്ലായിരുന്നു.

വി എസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവ് നല്ല ഗുണങ്ങളുടെ വിളനിലം മാത്രമൊന്നുമായിരുന്നില്ല. 1940 ളില്‍ കമ്യുണിസ്റ്റ് പ്രസ്ഥാനം ജന്‍മ്മം നല്‍കിയ മറ്റു പല നേതാക്കള്‍ക്കുമുണ്ടായിരുന്ന ന്യുനതകളും , വീഴ്ചകളും വി എസ് അച്യുതാനന്ദനുമുണ്ടായിരുന്നു. പാര്‍ട്ടിക്ക് അകത്തും പുറത്തമുള്ള എതിരാളികളോട് ദയയും വിട്ടുവീഴ്ചയുമില്ലാത്ത ഇടപടെലുകള്‍, ചെറിയ വിമര്‍ശനങ്ങളെപ്പോലും നിര്‍ദ്ദയം അടിച്ചമര്‍ത്തുന്ന ജനാധിപത്യരാഹിത്യം , കടുത്ത വിഭാഗീയത, ആശ്രിത വാല്‍സല്യം ഇവയെല്ലാം ഏറിയും കുറഞ്ഞും വി എസിനെയും ബാധിച്ചിരുന്നു. അതോടൊപ്പം ആ തലമുറയിലെ നേതാക്കള്‍ക്കുണ്ടായിരുന്ന ചില സവിശേഷ സ്വഭാവങ്ങളും വി എസിനുണ്ടായിരുന്നു. ഏത് സമയത്തും റിസ്‌ക് എടുക്കാനുള്ള കഴിവ്, ആജ്ഞാശക്തി, കൃത്യവും വ്യക്തവും ധീരവുമായ രാഷ്ട്രീയ നിലപാടുകള്‍ എടുത്ത് പാര്‍ട്ടി അണികളെയും ജനങ്ങളെയും തനിക്കൊപ്പം അണിനിരത്താനുള്ള കരുത്ത്്, ഇതെല്ലാം ആ തലമുറയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളിലും കണ്ടിരുന്ന ഗുണങ്ങളാണ്. ആ ഗുണങ്ങള്‍ വി എസ് അച്യുതാനന്ദനും ആവോളമുണ്ടായിരുന്നു.

വി എസ് എന്ന കമ്യുണിസ്റ്റ് നേതാവിന് രണ്ട് ജീവിതങ്ങളുണ്ട്. 1940 മുതല്‍ 2001 വരെ അറുപത് വര്‍ഷം നീണ്ട കര്‍ക്കശക്കരനായ കമ്യൂണിസ്റ്റുകാരന്റെ ജീവിതം. അവിടെ വി എസ് അക്ഷരാര്‍ത്ഥത്തില്‍ ഒരു കടുത്ത സ്റ്റാലിനിസ്റ്റ് തന്നെയായിരുന്നു. 1952 ല്‍ അവിഭക്ത കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി മുതല്‍ 1980 ല്‍ സി പി എം സംസ്ഥാന സെക്രട്ടറി വരെ. പിന്നെ 85 മുതല്‍ പൊളിറ്റ്ബ്യുറോയില്‍ . 1964 ല്‍ അവിഭക്ത കമ്യുണിസ്റ്റ്പാര്‍ട്ടിയിലെ എസ് എ ഡാംഗെയുടെ നേതൃത്വത്തിനെതിരെ കലാപം നടത്തി നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപോന്നു സി പി എം രൂപീകരിച്ച 27 പേരില്‍ ഒരാളായതോടെ സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗമായി. അതിന് ശേഷം ഇന്നുവരെ വി എസ് ഇന്ത്യയിലെ സി പി എമ്മിന്റെ എണ്ണം പറഞ്ഞ നേതാക്കളില്‍ ഒരാള്‍ തന്നെയായിരുന്നു.

പണ്ട് പി കെ വാസുദേവന്‍ നായര്‍ പറയാറുള്ള ഒരു കാര്യമുണ്ടായിരുന്നു. അവിഭക്ത കമ്യുണിസ്റ്റുപാര്‍ട്ടിയുടെ കാലം മുതല്‍ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പുണ്ടെങ്കില്‍ അതില്‍ ഒരു ഭാഗത്ത് അച്യുതാനന്ദനുമുണ്ടാകുമായിരുന്നു. വി എസ് എന്നാല്‍ വിഭാഗീയത എന്നാണ് പി കെ വി പറഞ്ഞതിന്റെ അര്‍ത്ഥം. 1957 ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയാകമ്പോള്‍ വി എസിന് വയസ് 33, ആലപ്പുഴ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്‌റ്റേറ്റ് എക്‌സിക്കുട്ടീവില്‍ കയറിയ ആളാണ് വി എസ്. അന്ന് ഗൗരിയമ്മയൊക്കെ പാര്‍ട്ടിയില്‍ വി എസിനെക്കാള്‍ എത്രയോ താഴെയായിരുന്നു.

1980 ല്‍ സി പി എം സംസ്ഥാന സെക്രട്ടറിയാകുമ്പോഴേക്കും വി എസ് പാര്‍ട്ടിയില്‍ മുടിചൂടാമന്നനായി മാറിയിരുന്നു. എം വി രാഘവന്‍ ഉയര്‍ത്തിവിട്ട ബദല്‍രേഖാ കൊടുങ്കാറ്റിനെ മര്‍ക്കടമുഷ്ടിയോടെ വി എസ് നേരിട്ടു. എംവി രാഘവനെ നേരിടാന്‍ കണ്ണൂരിലെ വി എസിന്റെ ബ്രഹാമാസ്ത്രമായിരുന്നു സാക്ഷാല്‍ പിണറായി വിജയന്‍. വി എസ് സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ പാര്‍ട്ടിക്കെതിരെ ഉയരുന്ന ഏത് വെല്ലുവിളിയെയും, പാര്‍ട്ടി അണികള്‍ക്കെതിരെ തിരിയുന്ന ഏത് രാഷ്ട്രീയ ശത്രുക്കളെയും വി എസ് നിര്‍ദ്ദയം നേരിടുമായിരുന്നു. ചെറിയ മനചാഞ്ചല്യം പോലും വി എസ് അച്യുതാനന്ദന് അക്കാര്യത്തില്‍ ഉണ്ടാകുമായിരുന്നില്ല. അത് ആര്‍ എസ് എസുകാരോടും, കോണ്‍ഗ്രസുകാരോടും മാത്രമല്ല, സി പി ഐക്കാരോട് പോലും അങ്ങിനെയായിരുന്നു.

എന്നാല്‍ 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് സി പി എമ്മിലെ പ്രബലമായ സി ഐ ടി യു പക്ഷം തന്നെ കാലുവാരി തോല്‍പ്പിച്ചതോടെ വി എസിന്റെ മറ്റൊരു മുഖം കേരളം കണ്ടു. 1998 ലെ പാലക്കാട് സമ്മേളനത്തില്‍ ഇ എം എസിന്റെ കണ്‍മുമ്പില്‍ അദ്ദേഹത്തോട് കൂറുപുലര്‍ത്തുന്ന സി ഐ ടി യു പക്ഷത്തെ പ്രമുഖരെയെല്ലാം വി എസ് വെട്ടിനിരത്തി. അന്ന് വി എസിന്റെ കയ്യാളുകളായി അദ്ദേഹത്തിനൊപ്പം നിന്നവരാണ് പിണറായി വിജയനും, കോടിയേരി ബാലകൃ്ഷ്ണനും എം എ ബേബിയും, ജി സുധാകരനുമൊക്കെ.

എന്നാല്‍ 2001 ല്‍ പ്രതിപക്ഷ നേതാവായപ്പോഴേക്കും സംസ്ഥാന സെക്രട്ടറിയായി താന്‍ തന്നെ അവരോധിച്ച പിണറായി വിജയന്‍ വി എസിനെതിരെ തിരിഞ്ഞുകഴിഞ്ഞിരുന്നു. അതോടെ പാര്‍ട്ടിക്കുള്ള പുറത്തുള്ള പോരാട്ടത്തിലൂടെയേതനിക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളുവെന്ന് വി എസ് തീര്‍ച്ചപ്പെടുത്തി. പിന്നെ ഒരു പോരാട്ടമായിരന്നു. പാര്‍ട്ടി കൂടെയില്ലാത്ത, പലപ്പോഴും പാര്‍ട്ടി തന്നെ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച പോരാട്ടങ്ങള്‍ , പ്രകൃതിക്കും നിരാലംബരമായ മനുഷ്യര്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു അതെല്ലാം. സ്ത്രീത്വത്തെ ചവിട്ടിയരക്കുന്നവര്‍ക്കെതിരെ , വായുവിലും വെള്ളത്തിലും ഭക്ഷണത്തിലും വിഷം കലര്‍ത്തുന്ന മാഫിയകള്‍ക്കെതിരെ, വനങ്ങള്‍ കയ്യേറുന്ന വന്‍കിട മുതലാളിമാര്‍ക്കെതിരെ വെള്ളമൂറ്റി ഭൂമിയെ തരിശാക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ നിരന്തരമായി പോരാട്ടമായിരുന്നു വി എസ് കാഴ്ചവച്ചത്. അവസാനം 2006 ലെ നിയസമഭാ തിരഞ്ഞെടുപ്പില്‍ വി എസ് മല്‍സരിക്കേണ്ടന്നെ പാര്‍ട്ടി തിരുമാനത്തെ തിരുത്താന്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ച കാണേണ്ടി വന്നു. അങ്ങിനെ വി എസ് മുഖ്യമന്ത്രിയായി.
2011 ല്‍ വി എസ് വീണ്ടും മുഖ്യമന്ത്രിയാകരുതെന്ന് പാര്‍ട്ടി ആഗ്രഹിച്ചതുകൊണ്ട് തുടര്‍ന്ന് മാത്രമാണ് ഒരു സീറ്റിന് യു ഡി എഫ് അധികാരത്തില്‍ വന്നത്. എന്നിട്ടും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വി എസ് തന്നെയായിരുന്നു പാര്‍ട്ടിയുടെ മുഖ്യപ്രചാരകന്‍.

വി എസ് അച്യുതാനന്ദനെ പോലൊരു നേതാവ് ഇനി കേരള രാഷ്ട്രീയത്തിലുണ്ടാവുകയില്ല, 1940 കളിലെ മഹാസമരങ്ങളുടെ തീച്ചൂളയിലാണ് വി എസിനെ പോലൊരു നേതാവ് ബിജാവാപം ചെയ്തത്. കാലം എന്നത് ഒരൊഴുക്കാണ്. ഒരു പുഴയില്‍ രണ്ട് പ്രാവിശ്യം ഇറങ്ങാന്‍ കഴിയില്ലാ എന്ന് പറയുന്നത് പോലെ വി എസ് നെ സൃഷ്ടിച്ച കാലത്തേക്ക് നമുക്ക് ഒരിക്കലും ഇനി തിരിച്ചുപോകാന്‍ കഴിയില്ല. അത് കൊണ്ടാണ് കേരളത്തില്‍ ഇനി ഒരു വി എസ് അച്യുതാനന്ദന്‍ ഉണ്ടാകില്ലന്ന് പറയുന്നത്. വി എസ് മാത്രമല്ല ഇനിയൊരു ഇ എം എസോ കരുണാകരനോ കേരളത്തില്‍ ഉണ്ടാവുകയില്ല. കാരണം എല്ലാ മഹാന്‍മാരും അവരവര്‍ ജീവിച്ചിരിക്കുന്ന കാലത്തിന്റെ സൃഷ്ടികളാണ്. വി എസ് അച്യുതാനന്ദനെപോലെ ഒരാള്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ ജീവിക്കുന്നവരാണ് നമ്മളും എന്നത് തന്നെ വലയൊരു അനുഭവമാണ്. നമ്മുടെ വരും തലമുറക്ക് കിട്ടാത്ത ഒരു മഹത്തായ അനുഭവം, അതിന് നമുക്ക് കാലത്തിന് നന്ദി പറയാം. വി എസ് അച്യുതാനന്ദന്‍ എന്ന അതുല്യനായ പോരാളിക്ക് ഹൃദയം നിറഞ്ഞ ജന്‍മദിനാശംസകള്‍

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ