'കുഴിമന്തിയും പൊരിച്ച ഐസ്ക്രീമും'; അൻവറിന്റെ 'തന്ത വൈബി'ൽ ഒതുങ്ങിപ്പോകേണ്ടതാണോ അയാൾ തൊടുത്തുവിട്ട ആരോപണങ്ങൾ?

അൻവറിന്റെ കുഴിമന്തിയും പൊരിച്ച ഐസ്ക്രീമും റീൽസ്- മൊബൈൽഫോൺ വിരുദ്ധതയും ഒക്കെയാണല്ലോ സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചകൾ. ഇന്നത്തെ യുവാക്കളുടെ ശീലങ്ങൾ എന്ന രീതിയിൽ അൻവർ പറഞ്ഞ ഇത്തരം പരാമർശങ്ങൾ ചെറിയ വീഡിയോകളായി സൈബറിടത്തിൽ പറക്കുകയാണ്. ഇന്നലെ മലപ്പുറത്ത് അൻവർ നടത്തിയ 2 മണിക്കൂർ 16 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഏതാനം ചില മിനിറ്റുകൾ മാത്രമായിരുന്നു ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ പരാമർശങ്ങൾ, സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ തന്ത വൈബ് ചിന്തകൾ. പക്ഷേ അത്തരം പരാമർശങ്ങൾ നടത്തിയതിലൂടെ അൻവറിന് നഷ്ടമായത് തന്റെ പ്രസംഗത്തിലെ ബാക്കി ഭാഗങ്ങൾ ചർച്ച ചെയ്യപ്പെട്ടില്ല എന്നതാണ്. അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടാൻ അനുവദിക്കാത്ത തരത്തിൽ സൈബറിടത്തിലെ പോരാളികൾ ഉണർന്നു പ്രവർത്തിച്ചു എന്നതാണ്.

അൻവറിന്റെ പ്രസംഗ ശേഷം ഉയർന്നു വന്ന മറ്റൊരു വിമർശനം ഇത്രയും നാൾ വാർത്താ സമ്മേളനങ്ങളിലൂടെ പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ ഇന്നലെയും മലപ്പുറത്ത് പറഞ്ഞതെന്നാണ്. പക്ഷേ ഈ പ്രാവിശ്യം അയാൾ സംസാരിച്ചത് അയാളുടെ നാട്ടിലെ ജനങ്ങളോടാണ് എന്നതാണ് വ്യത്യാസം. താൻ എങ്ങനെ എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെയായി എന്നുള്ളതിന്റെ കാര്യങ്ങൾ വിശദമായി തന്നെ പറയുകയാണ് അൻവർ ഇന്നലത്തെ വിശദീകരണ യോഗത്തിൽ ചെയ്തത്. സാധാരണക്കാരായ തന്റെ നാട്ടിലെ ജനങ്ങളോടാണ് അൻവർ കാര്യങ്ങൾ വിശദീകരിച്ചത്. ടീവി ചാനലുകളിലും പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും വഴി കാര്യങ്ങൾ അറിഞ്ഞവരും ഒന്നും അറിയാത്തവരുമായ ആയിരത്തോളം പേരാണ് ഇന്നലെ അയാൾ പറയുന്നത് നേരിട്ട് കേൾക്കാനും കയ്യടിക്കാനും അവിടെ തടിച്ചുകൂടിയത്. അവരോട് തന്റെ സ്വന്തം ഭാഷയിൽ, എഴുതിക്കൊണ്ട് വന്ന പ്രസ്താവനകളോ കുറിപ്പുകളോ ഇല്ലാതെയാണ് അൻവർ സംസാരിച്ചത്. അതുകൊണ്ട് തന്നെയാണ് നേരത്തെ പറഞ്ഞത് പോലുള്ള പരാമർശങ്ങൾ അയാളുടെ വായിൽ നിന്ന് വന്നതും.

അൻവറിന്റെ പ്രസംഗം മുഴുവൻ ചികഞ്ഞു നോക്കിയാൽ പരിഹസിക്കാൻ തക്ക ഒരുപാട് കാര്യങ്ങൾ അതിൽ കാണാം. പാർട്ടിയുടെ സൈദ്ധാന്തിക സാഹിത്യങ്ങൾ വായിച്ചും പഠിച്ചും കടുകട്ടിയുള്ള പദാവലികൾ പ്രയോഗിച്ചും വാചക കസർത്ത് നടത്തുന്ന പാർട്ടി നേതാക്കളുടെ പ്രസംഗങ്ങൾ പോലും കോമഡിയാകുന്ന ഈ കാലത്ത് ഇതൊന്നും പഠിച്ചിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യന്റെ പ്രസംഗമായി മാത്രം അതിനെ കണ്ടാൽ മാത്രമേ അൻവർ പറഞ്ഞ മറ്റ് കാര്യങ്ങളിലേക്ക് നമ്മുക്ക് ശ്രദ്ധ തിരിക്കാൻ സാധിക്കൂ. മാത്രമല്ല, അൻവർ ഉയർത്തിയ മൗലികമായ വിഷയങ്ങൾ കേരള പൊതുസമൂഹത്തിന് മുന്നിൽ കൃത്യമായി അഡ്രസ് ചെയ്യപ്പെടേണ്ടത് തന്നെയാണ്. താൻ ഉയർത്തിയ ആ വിഷയങ്ങൾ പരിഹരിക്കപ്പെടാത്തതുകൊണ്ട് തന്നെയാണ് വീണ്ടും വീണ്ടും അയാൾ അത് ആവർത്തിക്കുന്നത്. അത് പരിഹരിക്കപ്പെടാത്തിടത്തോളം കാലം അയാളത് ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

അൻവർ എന്ന വ്യക്തിയേയല്ല, അൻവർ ഉന്നയിച്ച പ്രശ്നങ്ങളെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അൻവർ ഉയർത്തിയ മർമ്മപ്രധാന വിഷയം ആഭ്യന്തര വകുപ്പും പോലീസും സിപിഎമ്മിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു പ്രവർത്തിക്കുന്നു എന്നതാണ്. പൊലീസ് സേനയിലെ 25 ശതമാനം ഉദ്യോഗസ്ഥരും സംഘ പരിവാരത്തിന്റെ അജണ്ടകൾ മുന്നോട്ട് കൊണ്ട്പോകുന്നവരാണെന്നാണ് അൻവർ ആരോപിച്ചത്.
സംഘിയായ പൊലീസ് മേധാവി ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച പുറംലോകം മുഴുവൻ അറിഞ്ഞിട്ടും ആ കൂടിക്കാഴ്ചകൾ എന്തിനെന്ന് ചോദിയ്ക്കാൻ നട്ടെല്ലില്ലാത്ത ഒരാൾ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കാൻ യോഗ്യനല്ല എന്നാണ് അൻവർ പറഞ്ഞത്. പൊതുജനങ്ങളുടെ മനസിൽ സ്വഭാവികമായി ഉണ്ടാകുന്ന ഇത്തരം കാര്യങ്ങൾ ഉറക്കെ ചോദിക്കുന്നത് കൊണ്ട് തന്നെ അയാളെ പിന്തുണക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ മുന്നോട്ട് വരുകയും ചെയ്യുന്നു.

അൻവർ ഉയർത്തിയ ആരോപണങ്ങളിൽ മറ്റൊന്ന് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അൻവർ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും ഏറ്റവും കൂടുതൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന പൊലീസ് ഓഫീസർ എഡിജിപിയാണ്. എന്നാൽ ആ എഡിജിപിയെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കാനും അയാളെ സംസ്ഥാനത്തിന്റെ ക്രമാസമാധാനത്തിന്റെയും പോലീസിന്റേയും തലപ്പത്തിരുത്തിക്കൊണ്ട് അന്വേഷണം നടത്താനുമാണ് സർക്കാരിന്റെ തീരുമാനം. ആരോപണങ്ങളുടെ പെരുമഴയിൽ കുളിച്ചു നിൽക്കുന്ന ഒരു പോലീസ് മേധാവിയെ കേരളത്തിന്റെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചു സംരക്ഷിക്കുന്നത് കണ്ട് പൊതു ജനങ്ങൾ മാത്രമല്ല പാർട്ടി അനുഭാവികളും പ്രവർത്തകന്മാരും അന്ധാളിച്ചു നില്ക്കുകയാണ്. അൻവറിന്റെ ശബ്ദം അവരുടെ എല്ലാവരുടെയും ശബ്ദമാണ്. അത് തിരിച്ചറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ മുന്നോട്ട് പോയാൽ നഷ്ട്ടം പാർട്ടിക്കു മാത്രം ആണെന്നതാണ് സത്യം.

അതേസമയം പാർട്ടി വിട്ട് പുറത്തുവന്ന അൻവർ ഇറക്കിയ അഞ്ചു നേരത്തെ നിസ്‌കാരത്തിന്റെ ചീട്ട് എതിർക്കപ്പെടെണ്ടത് തന്നെയാണ്. താൻ പറഞ്ഞത് വർഗീയത അല്ലെന്നും മറ്റു മതങ്ങളെ എതിര്‍ക്കുന്നതാണ് വര്‍ഗീയതെന്നും മതത്തില്‍‌ വിശ്വസിക്കുന്നതല്ലെന്നും അൻവർ പറയുമ്പോഴും ഏത് സാഹചര്യത്തിൽ എപ്പോഴാണ് അൻവർ നിസ്‌കാര കണക്കുകൾ പറഞ്ഞതെന്നാണ് അതിനെ രാഷ്ട്രീയ വിമർശനാത്മകമാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മുസ്ലിം ലീഗുമായി ഉണ്ടാക്കൻ സിപിഎം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു നീക്കത്തിന് തടയിടുക കൂടിയാണ് അൻവർ ചെയ്തത്.

യുഡിഎഫിൽ നിന്നു മുസ്‌ലിം ലീഗിനെ പുകച്ചു പുറത്തുചാടിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം അവരെ പ്രശംസിക്കുന്ന ശൈലി തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം സ്വീകരിച്ചിരുന്നു. ലീഗ് വർഗീയ പാർട്ടി അല്ലെന്നും ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരാണെന്നും അടക്കമുള്ള നിരീക്ഷണങ്ങളുമായി വെൽഫെയർ പാർട്ടി, എസ്‌ഡിപിഐ, ലീഗ് എന്നിവരെ ഇനി മുതൽ ഒരുപോലെ പരിഗണിക്കാൻ പാർട്ടി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അൻവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഒറ്റയാൾ പോരാട്ടം പാർട്ടിയുടെ അത്തരം നീക്കങ്ങൾക്കെല്ലാം വെല്ലുവിളി ആവുകയാണ് ചെയ്യുന്നത്.

Read more