രാഷ്ട്രീയ ബോധ്യങ്ങള്‍ക്ക് പകരമാകില്ല സാങ്കേതികവിദ്യാ കാമനകള്‍; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സും ആണവായുധവും തമ്മിലെന്ത്?

കെ.സഹദേവന്‍

‘സാങ്കേതിക വിദ്യാ ശുഭാപ്തിവിശ്വാസം’ (technological optimism) ആഗോള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെത്തൊട്ട് പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുകളെ വരെ വലിയതോതില്‍ പിടിമുറുക്കിയിട്ടുണ്ടെന്നതാണ് വര്‍ത്തമാനകാല സംവാദങ്ങളുടെ ഗതിവിഗതികള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം.

സാങ്കേതികവിദ്യകള്‍ മനുഷ്യ ജീവിതത്തെ കൂടുതല്‍ ആയാസരഹിതമാക്കുവാൻ സഹായിക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാലത്, രാഷ്ട്രീയ ബോധ്യങ്ങള്‍ക്ക് പകരമാകില്ലെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നത് സമൂഹത്തിന്റെ പൊതുവായ മുന്നോട്ടുപോക്കിന് ഗുണകരമായിരിക്കില്ലെന്ന് തിരിച്ചറിയേണ്ടത് സുപ്രധാനമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ് രംഗത്ത് അമേരിക്കയുടെ ചാറ്റ്ജിപിടി-ക്ക് പകരമായി ചൈനയുടെ ഡീപ്‌സീക്ക് രംഗത്തുവന്നത് ആഗോള ലോകക്രമത്തെ കൂടുതല്‍ സന്തുലിതമാക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പുതിയ എഐ സാങ്കേതികവിദ്യ മുതലാളിത്ത പ്രതിസന്ധിക്ക് കാരണമാകുമെന്നുവരെ വിശദീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതെന്തുതന്നെയായാലും ആഗോള രാഷ്ട്രീയ ക്രമത്തെ സന്തുലിതമാക്കുന്നതില്‍ സാങ്കേതികവിദ്യകളുടെ നവീകരണവും കണ്ടെത്തലുകളും എത്രമാത്രം സഹായകമാകും എന്നത് സംബന്ധിച്ച ചില ആലോചനകള്‍ ചരിത്രത്തിലെ ചില സമാന അനുഭവ പശ്ചാത്തലത്തില്‍ നടത്തുന്നത് നന്നാകും എന്ന് തോന്നുന്നു.

ആഗോള ശാക്തിക ചേരികള്‍ക്കിടയില്‍ സോവിയറ്റ് യൂണിയന്‍ കൂടി നിലനിന്നിരുന്ന, ശീതയുദ്ധത്തിന്റെ ആരംഭകാലത്തായിരുന്നു ആദ്യമായി അമേരിക്ക ആണവ ബോംബ് വികസിപ്പിക്കുന്നത്. 1945 ജൂലൈ 16ന് നടന്ന ആദ്യ അണുബോംബ് പരീക്ഷണം അമേരിക്കയെ ശാക്തികചേരികളില്‍ ഒന്നാമനാക്കി മാറ്റി. ഇതേവര്‍ഷം ആഗസ്ത് 6ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലും അണുബോംബുകള്‍ വര്‍ഷിച്ച് അത് അതിന്റെ സംഹാരശേഷി പ്രകടമാക്കി. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1949-ല്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയന്‍ ആദ്യ ആണവ ബോംബ് പരീക്ഷണം സാധ്യമാക്കിയതോടെ ശാക്തിക ബലാബലം തുല്യമായതായി വിലയിരുത്തപ്പെട്ടു.

കാര്യങ്ങള്‍ ചുരുക്കിപ്പറയാം.

ലോകത്തിലിന്ന് 40000ത്തില്‍ അധികം ആണവായുധങ്ങള്‍ ഉണ്ട് എന്നത് പരമമായ സത്യമാണ്. പതിനായിരം തവണ ലോകത്തെ മൊത്തത്തില്‍ ചുട്ടുകരിക്കാന്‍ തക്കശേഷിയുള്ളവ. ഇതില്‍ ഏതാണ്ട് 2000ത്തോളം എണ്ണം ‘ലോഞ്ച് ഓണ്‍ വാര്‍ണിംഗ്’ (Launch on Warning-LoW) സ്റ്റാറ്റസില്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആണവായുധങ്ങളുടെ ഭാരം കുറക്കാന്‍ ലോകതലത്തില്‍ കൂടിയാലോചനകള്‍ തകൃതിയായി നടന്നു. ‘അബോളിഷന്‍ 2000’ തുടങ്ങിയ നിരവധി ഇടപെടലുകള്‍. ‘ആണവായുധ നിര്‍വ്യാപന കരാറുകള്‍'(Nuclear non Proliferation Treaty-NPT), ‘സമഗ്ര ആണവപരീക്ഷണ നിരോധന കരാറുകള്‍'(Comprehensive Test Ban Treaty-CTBT), എന്നിവയ്ക്കായുള്ള നിരവധി അന്താരാഷ്ട്ര തലത്തിലുള്ള ചര്‍ച്ചകള്‍, ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കെതിരായ വന്‍കിട രാഷ്ട്രങ്ങളുടെ ഉപരോധം,. സാങ്കേതിക വിദ്യാ കൈമാറ്റനിരോധനം എന്നിവ ഇക്കാലയളവില്‍ നടന്നു. ലോകത്തിലെ ആദ്യത്തെയും അവസാനത്തെയും അണ്വായുധ ഉപയോഗം ഹിരോഷിമയിലും നാഗസാക്കിയിലും ആയിരിക്കുമെന്ന് ജനങ്ങള്‍ ആശ്വസിച്ചു. ഹിരോഷിമ – നാഗസാക്കി കൂട്ടക്കുരുതി നടന്നിട്ട് ഏഴ് പതിറ്റാണ്ട് പിന്നിടാന്‍ പോകുന്നു. നാളിതുവരെ ലോകത്തെവിടെയും ഒരു രാജ്യവും മറ്റൊരു രാജ്യത്തിന് മേല്‍ ആണവായുധം പ്രയോഗിച്ചിട്ടില്ല.

സാമാന്യ നിലയില്‍ നാം കേട്ടുപഠിച്ചുകൊണ്ടിരിക്കുന്ന ആണവായുധങ്ങളെ സംബന്ധിച്ച ലഘുചരിത്രമാണിത്.

ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍, മാധ്യമങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പക്ഷേ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാര്യം എത്രമാത്രം വാസ്തവമാണ്? 1945-ലെ അണ്വായുധ പ്രയോഗത്തിന് ശേഷം ലോകത്തെവിടെയും ആണവ സാങ്കേതികവിദ്യ യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വഞ്ചനമാത്രമാണ്. ജനങ്ങളുടെ അജ്ഞതയെ മുതലെടുത്തുകൊണ്ട് ഭരണകൂടങ്ങളും മാധ്യമങ്ങളും നടത്തുന്ന കള്ളക്കളികള്‍ മാത്രം.

ഗള്‍ഫ് യുദ്ധവും ആണവായുധങ്ങളും

1991-ലെ കുവൈറ്റ് അധിനിവേശം ഇറാഖ് എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം നിത്യനരകത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു എന്ന് എത്ര മാധ്യമങ്ങള്‍ നമ്മെ അറിയിക്കുന്നുണ്ട്. അടുത്ത പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ ആണവ വികിരണത്തിന്റെ ദുരന്തം പേറാന്‍ ഇറാഖി ജനതയും തൊട്ടടുത്ത രാജ്യങ്ങളും വിധിക്കപ്പെട്ടിരിക്കുകയാണ് എന്ന സത്യം എത്ര പേര്‍ക്കറിയാം. ഇറാഖില്‍ ജനിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍, മറ്റൊരു ആണവ യുദ്ധത്തിന്റെ ഇരകളായി മാറ്റപ്പെട്ടവരാണെന്ന് അവരുടെ മാതാപിതാക്കള്‍ പോലുമറിയുന്നില്ല.

1990 ആഗസ്ത് മാസം മുതല്‍ 1991 മാര്‍ച്ച് മാസം വരെ നീണ്ടുനിന്ന ഗള്‍ഫ് യുദ്ധം രണ്ടാം ലോകയുദ്ധത്തിനുശേഷം നടന്ന ഏറ്റവും വലിയെ സൈനിക സന്നാഹമായിരുന്നു. കുവൈറ്റിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയ ഇറാഖിനെ എതിരിടാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വന്‍സന്നാഹം തന്നെ ഒരുക്കുകയുണ്ടായി. പ്രത്യക്ഷയുദ്ധത്തില്‍ മരണപ്പെട്ടവരുടെ സംഖ്യ ഒരുപക്ഷേ വളരെ ചുരുങ്ങിയതായിരിക്കാമെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള ഇറാഖ് എന്ന രാഷ്ട്രത്തിന്റെ ഗതി നിശ്ചയിക്കാന്‍ ഈ യുദ്ധം ധാരാളമായിരുന്നു. 2003ല്‍ നടന്ന ഇറാഖ് യുദ്ധവും തുടര്‍ന്നുള്ള സദ്ദാം ഹുസൈന്റെ കൊലപാതകവുമടക്കമുള്ള മധ്യപൂര്‍വ്വ മേഖലയിലെ ശിഥിലീകരണത്തിന് തുടക്കം കുറിച്ചത് ഈ യുദ്ധമായിരുന്നുവെന്ന് പറയാം. 1991ല്‍ ഇറാഖിനെതിരെ നടന്ന സൈനിക ഇടപെടലിലായിരുന്നു അവശിഷ്ട യുറേനിയം (ഡിപ്ലീറ്റഡ് യുറേനിയം) എന്ന മാരക വസ്തു ആദ്യമായി വന്‍തോതില്‍ പ്രയോഗിക്കപ്പെട്ടത്.

അവശിഷ്ട യുറേനിയം യുദ്ധാവശ്യങ്ങള്‍ക്ക്

ആണവ ഇന്ധനമായ യുറേനിയം ധാതുവിന്റെ സമ്പൂഷ്ടീകരണ പ്രക്രിയക്കിടയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉപോത്പന്നമാണ് ഡിപ്ലീറ്റഡ് യുറേനിയം എന്ന പേരില്‍ അറിയപ്പെടുന്ന അവശിഷ്ട യുറേനിയം. സമ്പൂഷ്ടീകരണത്തിന് ശേഷം ബാക്കിയാകുന്ന അവശിഷ്ട യുറേനിയത്തിലെ യുറേനിയം238 (U238)ന്റെ അളവ് .72%വും യുറേനിയം 235(U235)ന്റെ അളവ് .3% വും ആയിരിക്കും. അവശിഷ്ട യുറേനിയത്തിലെ വികിരണത്തോത് 60%ത്തോളം വരും. ഇരുമ്പ്, ഈയം തുടങ്ങിയ ലോഹങ്ങളേക്കാള്‍ സാന്ദ്രത കൂടിയ ഒന്നാണ് ഡിപ്ലീറ്റഡ് യുറേനിയം. അതുകൊണ്ടുതന്നെ യുദ്ധാവശ്യങ്ങള്‍ക്ക് ഇത് കൂടുതലായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. സ്വയംജ്വലന സ്വഭാവമുള്ളതുകൊണ്ടും മറ്റുള്ള ലോഹങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മൂര്‍ച്ചയുള്ളതും തുളച്ചുകയറാന്‍ സാധിക്കുന്നതുമായതുകാരണം യുദ്ധ ടാങ്കുകളിലെ ആയുധങ്ങളില്‍ അവശിഷ്ട യുറേനിയം മുനകള്‍ ഘടിപ്പിക്കുന്നു. മെഷീന്‍ ഗണ്ണുകള്‍, കവചിത യുദ്ധ വാഹനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, എയര്‍ക്രാഫ്റ്റ് മിസൈലുകള്‍ എന്നിവയിലും സമീപകാലത്ത് അവശിഷ്ട യുറേനിയം ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചിരിക്കുന്നു.

1991-ലെ ഗള്‍ഫ് യുദ്ധവേളയിലും 2003ലെ ഇറാഖ് അധിനിവേശത്തിലും ടണ്‍ കണക്കിന് അവശിഷ്ട യുറേനിയമാണ് അമേരിക്ക ഉപയോഗിച്ചിരുന്നത്. ഇവ കൂടാതെ അഫ്ഘാനിസ്ഥാനിലും അവശിഷ്ട യുറേനിയം വിനിയോഗിച്ചിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 1991-ല്‍ മാത്രം ഗള്‍ഫ് മേഖലകളില്‍ 900 ടണ്‍ അവശിഷ്ട യുറേനിയം ആയുധരൂപത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ആണവ മാലിന്യങ്ങള്‍ സൂക്ഷിക്കുക എന്നത് അങ്ങേയറ്റം ചെലവുകൂടിയ ഏര്‍പ്പാടായതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ കൊണ്ടുചെന്നു തള്ളുക എന്നതായിരിക്കും ലാഭകരം. അതിനുകണ്ടെത്തിയ വഴിയാണ് യുദ്ധാവശ്യങ്ങള്‍ക്ക് അവശിഷ്ട യുറേനിയം ഉപയോഗിക്കുക എന്നത്.

ഈ ആയുധങ്ങളുടെ ആദ്യ ഇരകള്‍ ഗള്‍ഫ് യുദ്ധങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട അമേരിക്കന്‍-ബ്രിട്ടീഷ് സൈനികരായിരുന്നു എന്ന് അവശിഷ്ട യുറേനിയം പ്രൊജക്ടിന്റെ മേധാവി ഡഫ് റോക്കെ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ഗള്‍ഫ് സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന രോഗങ്ങള്‍ക്ക് പ്രധാന കാരണം അവശിഷ്ട യുറേനിയം ആയിരുന്നു എന്നതിന് നിരവധി പഠനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.

ഇറാഖില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ വലിയ അളവില്‍ അംഗവൈകല്യം സംഭവിച്ചവരാണെന്ന വസ്തുത ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. കാന്‍സര്‍ നിരക്കുകള്‍ 1991-ല്‍ 3.7% ആയിരുന്നത് 2000-ല്‍ എത്തുമ്പോഴേക്കും 13% കണ്ട് വര്‍ദ്ധിച്ചിരുന്നു. യുനിസെഫിന്റെ 1993-ലെ റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിക്കുന്ന ഒരുകാര്യം, ഇറാഖിലെ കുഞ്ഞുങ്ങളുടെ മരണം യുദ്ധവേളകളിലേതിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ് യുദ്ധാനന്തരം എന്നായിരുന്നു. കുഞ്ഞുങ്ങള്‍ക്കിടയിലെ ജനിതകവൈകല്യം, വൃക്കരോഗങ്ങള്‍, ശ്വാസരോഗങ്ങള്‍ എന്നിവ വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ബസ്ര ഹോസ്പിറ്റലിലെ കണക്കുകളും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. നിരവധി അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് അവശിഷ്ട യുറേനിയം യുദ്ധാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഇത് യുദ്ധക്കുറ്റമായി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര കോടതിയോ അതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ മറ്റ് രാഷ്ട്രങ്ങളോ തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു ദുരന്തം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സും ആണവായുധങ്ങളും തമ്മിലെന്ത്? എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരാം. പറയാന്‍ ശ്രമിക്കുന്നത് ഇത്രമാത്രം; സാങ്കേതികവിദ്യകളിന്മേലുള്ള മേല്‍ക്കൈ നല്‍കുന്ന സുരക്ഷിതത്വമെന്നത് താല്‍ക്കാലികമായി സൃഷ്ടിക്കപ്പെടുന്ന ആശ്വാസങ്ങള്‍ മാത്രമാണ്. അവയുടെ വികാസവും ഉപയോഗവും ഇന്ന് നാം കാണുന്നതും അനുഭവിക്കുന്നതും ആയ അവസ്ഥയിലാകണമെന്നില്ല. മാനവരാശിക്ക് മേല്‍ അവ സൃഷ്ടിക്കാവുന്ന പരിക്കുകള്‍ എത്രയായിരിക്കുമെന്നതും പ്രവചനാതീതമായിരിക്കും. രാഷ്ട്രീയ ബോധ്യങ്ങള്‍ക്ക് ഉപരിയായി പ്രതിഷ്ഠിക്കപ്പെടേണ്ട ഒന്നല്ല സാങ്കേതികവിദ്യാ കാമനകള്‍ എന്ന് ചുരുക്കം.

Latest Stories

എന്‍ട്രി ഫീയായി ലഹരിയുടെ ഒരു ഷോട്ട്, ചര്‍ച്ചകളില്‍ നിറഞ്ഞ് ഗ്ലാമറസ് വേഷവും; സാനിയക്ക് കടുത്ത വിമര്‍ശനം

'പെഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്ര്യ സേനാനികൾ'; പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി

21 മണിക്കൂർ വരെ സെല്ലിൽ പൂട്ടിയിടുന്നു; പന്തീരാങ്കാവ് കേസിൽ വിജിത്ത് വിജയൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

എമ്പുരാന്‍ ഒടിടിയില്‍ കോമഡി..; പരിഹസിച്ച് പിസി ശ്രീറാം, വിവാദത്തിന് പിന്നാലെ മനംമാറ്റം

IPL 2025: തോൽവി സമ്മതിക്കുന്നു ഇനി ഒന്നും ചെയ്യാൻ ഇല്ല, പക്ഷെ ....; റിയാൻ പരാഗിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

'എന്ന് മുതലാണ് ആർമി ഔട്ട്പോസ്റ്റ് പെഹൽഗാമിൽ നിന്ന് ഒഴിവാക്കിയത്? ആരാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്?'; ചോദ്യങ്ങളുമായി പികെ ഫിറോസ്

സിന്ധു നദീജല കരാർ റദ്ധാക്കിയത് ഇന്ത്യ ഏകപക്ഷീയമായി; തീരുമാനം ലോകബാങ്കിനെ അറിയിച്ചില്ല, പ്രതികരിച്ച് ലോകബാങ്ക്

സാമൂ​ഹ്യ പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ; നടപടി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ 23 വർഷം മുൻപ് നൽകിയ കേസിൽ

ഒരൊറ്റ വെടിക്ക് തീരണം, മകള്‍ക്കൊപ്പം ഉന്നം പിടിച്ച് ശോഭന; വൈറലായി ചിത്രം

IPL 2025: ആ ടീമിനെ മാതൃകയാക്കിയാൽ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പാണ്, അമ്മാതിരി ലെവൽ അവർ കാണിച്ചു തന്നിട്ടുണ്ട്: സ്റ്റീഫൻ ഫ്ലെമിംഗ്