സുപ്രീം കോടതിയെ പോലും അമ്പരപ്പിച്ച ഗുരുതരമായ പോരായ്മകളുള്ള, ജനത്തെ ഇരുളിലാക്കുന്നതിന് പ്രാധാന്യം നല്‍കുന്നതെന്ന് പരമോന്നത കോടതി പറഞ്ഞുവെച്ച മോദി സര്‍ക്കാരിന്റെ ഇലക്ടോറല്‍ ബോണ്ട് ഒറ്റവാക്കില്‍ കണ്‍കെട്ട് വിദ്യകളിലൂന്നിയ പകല്‍ക്കൊള്ളയാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്കുന്ന അനിയന്ത്രിതമായി സമ്പാദിക്കാനുള്ള വഴി. ആരേയും ബോധിപ്പിക്കാനില്ലാതെ എല്ലാവരേയും ഇരുട്ടില്‍ നിര്‍ത്തി സംഭാവനകള്‍ സ്വീകരിക്കാനുള്ള നിയമാനുസൃത അഴിമതിയെന്ന് ഒട്ടൊന്ന് ആലോചിക്കാതെ പറയാം ഇബിയെ. തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളില്‍ ഇഡിയെ ഇറക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത്ര ഈസിയായി ബിജെപി ഇബിയെ വെച്ച് സമ്പത്ത് മറച്ചുപിടിക്കാനുള്ള വഴിയൊരുക്കുകയാണ്.
മോദികാലത്ത് ഇഡിയെന്ന പദം സര്‍വ്വസാധാരണമായത് എതിരാളികളെ നേരിടാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ജനാധിപത്യ സംവിധാനത്തിലെ ഒരു സര്‍ക്കാര്‍ സംവിധാനത്തെ ആയുധമാക്കി മാറ്റിയതോടെയാണ്. ഇനി ഇതില്‍ ഞെട്ടിക്കുന്ന ഒരു കാര്യം ഇഡി വേട്ടയാടലുകള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ച് ആ നിമിഷങ്ങളില്‍ മാത്രം പുകമറ സൃഷ്ടിക്കാനുള്ളതാണെന്ന് വ്യക്തമാകുന്നതിലൂടെയാണ്. 2005 മുതല്‍ 6000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇഡി 20 ശതമാനം കേസുകളില്‍ മാത്രമേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളുവെന്ന് അറിയുമ്പോഴാണ്. തീര്‍പ്പാക്കിയ കേസുകള്‍ 25 മാത്രവും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് തടവിലാക്കി ഉപദ്രവിക്കാമെന്നതാണ് ഇഡി കാണിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഇരുന്നവര്‍ ബിജെപിയ്‌ക്കൊപ്പം ചേരുകയോ എന്‍ഡിഎ സംവിധാനത്തിന്റെ ഭാഗമാകുകയോ ചെയ്താല്‍ അവരുടെ കേസുകള്‍ അപ്രത്യക്ഷമാകുന്നതും ഇഡി റെയ്ഡുമായി അവരുടെ വാതില്‍ക്കല്‍ എത്താത്തതും രാജ്യം കണ്ടതാണ്. കോണ്‍ഗ്രസുകാരനായിരുന്ന ഇപ്പോള്‍ അസമിലെ ബിജെപി മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മയും ഒരിക്കല്‍ മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയും മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ത്തിയെത്തിയ അജിത് പവാറും പ്രഫൂല്‍ പട്ടേലും ഛഗന്‍ ഭുബ്ബലുമെല്ലാം ബിജെപി കോട്ടയിലെത്തിയപ്പോള്‍ ഇഡി ചിരിച്ചു കൊണ്ട് പഞ്ചപുച്ഛമടക്കി നിന്നു.
ഇതിന്റെ മറ്റൊരു വശമാണ് ഇബി അഥവാ ഇലക്ടോറല്‍ ബോണ്ട്. കോര്‍പ്പറേറ്റുകളില്‍ നിന്ന് അനിയന്ത്രിതമായി ഫണ്ട് ശേഖരിക്കാനുള്ള വകുപ്പാണ് മോദി സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ആ ഫണ്ട് ശേഖരിക്കല്‍ ആരോടും വെളിപ്പെടുത്തേണ്ട ബാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ലെന്ന വസ്തുതയും ഇബിയെന്ന കെണിക്കുണ്ട്. അതായത് എത്ര കോടി രൂപ ഒരു കോര്‍പ്പറേറ്റ് മുതലാളിയുടെ കൈയ്യില്‍ നിന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി ഇലക്ടോറല്‍ ബോണ്ടിന്റെ പേരില്‍ വാങ്ങിയാലും ആര്‍ക്ക് മുന്നിലും അതിന്റെ സോഴ്‌സ് വെളിപ്പെടുത്തേണ്ടെന്ന്. ഇത്തരത്തിലുള്ള കൊടുക്കല്‍ മറ്റു പലതും വാങ്ങാനാകുമെന്ന ന്യായമായ ചോദ്യത്തെ തൊണ്ടയിലെ തടയുകയാണ് നരേന്ദ്ര മോദിയും ബിജെപിയെന്ന പാര്‍ട്ടിയും.
കോര്‍പ്പറേറ്റ് ദാതാക്കള്‍ക്ക് സമ്പൂര്‍ണ അജ്ഞാതത്വം ഉറപ്പുനല്‍കുന്നതിനായി കമ്പനി നിയമം മുതല്‍ ജനപ്രാതിനിധ്യ നിയമം വരെയുള്ള മുഴുവന്‍ നിയമങ്ങളും ഭേദഗതി ചെയ്തുകൊണ്ടാണ് ഇലക്ടോറല്‍ ബോണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ക്കൊക്കെ സംഭാവന നല്‍കാമെന്ന കാര്യത്തില്‍ പോലും നിയന്ത്രണമില്ലെന്നിരിക്കെ ഇന്ത്യയുടെ ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനത്തെ പണത്തിന്റെ തട്ടിലൂടെ അട്ടിമറിക്കാനുള്ള നഗ്നമായ ശ്രമമാണ് ഇബിയിലൂടെ ബിജെപി മുന്നോട്ട് വെയ്ക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷമായ മോദിക്കാലത്ത് ഏറ്റവും അധികം സമ്പത്തുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയതെങ്ങനെയെന്ന് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിന്റെ ഉറവിടവും സ്വഭാവവും അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ലെന്ന് പോലും മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിളിച്ചു പറയണമെങ്കില്‍ എന്തൊരു അഴിമതിക്കും ജനാധിപത്യ അട്ടിമറിക്കുമാണ് അവര്‍ കോപ്പുകൂട്ടുന്നതെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?.
ജനകീയ പരമാധികാരത്തെ അടിസ്ഥാനമാക്കിയ ഇന്ത്യയുടെ ജനാധിപത്യത്തില്‍ വോട്ടിംഗും വോട്ടവകാശവും പരമോന്നതമെന്നിരക്കെ ആ തിരഞ്ഞെടുപ്പുകളില്‍ പണക്കൊഴുപ്പിന്റെ അധികാരം ഉപയോഗിക്കുകയെന്നതാണ് ഇലക്ടോറല്‍ ബോണ്ടിന്റെ ഉദ്ദേശം. 2017ലാണ് ഇലക്ടറല്‍ ബോണ്ട് നിയമം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 2018 മുതല്‍ ഈ നിയമം അവര്‍ നടപ്പിലാക്കിയെടുക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന പ്രമുഖരെ മറച്ചു പിടിച്ച് രഹസ്യമാക്കുന്നതിനാല്‍ പണം തന്നവരുടെ അജണ്ട രഹസ്യമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയാലും ഒരു തുറന്ന ചോദ്യത്തിന് ജനത്തിന് സാധ്യമാവില്ല.
മോദി- അദാനി ബന്ധത്തെ കുറിച്ച് വര്‍ഷങ്ങളായി ഉയരുന്ന ചോദ്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അഴിമതിയുടെ വന്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയ കാലയളവിലാണ് ഇത്തരത്തില്‍ സംഭാവനകള്‍ രഹസ്യമാക്കി ആരാണ് തന്നതെന്ന് വെളിപ്പെടുത്തേണ്ട രീതിയില്‍ ലോകസഭയിലെ മൃഗീയ ഭൂരിപക്ഷം കൊണ്ട് മോദി സര്‍ക്കാര്‍ ഈ നിയമം പാസാക്കിയെടുത്തത്. ഭരിക്കുന്ന പാര്‍ട്ടിക്ക് കൂടുതല്‍ പണം കോര്‍പ്പറേറ്റുകള്‍ നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തതിനാല്‍ ആരെ ഇത് തുണയ്ക്കുമെന്ന് വ്യക്തമാണ്.
എസ്ബിഐയുടെ പ്രത്യേക ശാഖകളില്‍ നിന്ന് നിശ്ചിത തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ ആര്‍ക്കും വാങ്ങാം. 1000 മുതല്‍ 1 കോടി വരെയാണ് ഈ ബോണ്ടുകളുടെ മൂല്യം. ആര്‍ക്ക് വേണമെങ്കിലും ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാം. കൊടുക്കുന്നയാളും വാങ്ങുന്ന പാര്‍ട്ടിയും എസ്ബിഐയും മാത്രം അറിയുന്നൊരു ഡീല്‍. ഇങ്ങനെയെത്തുന്ന പണം ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴി ഒരു കുരുക്കുമില്ലാതെ പാര്‍ട്ടിക്ക് കൈമാറ്റം ചെയ്യാം. ആരാണ് നല്‍കിയതെന്ന് പറയുകയും വേണ്ട.
2018 മുതല്‍ 2022 വരെ ഇത്തരത്തില്‍ 5270 കോടി രൂപയാണ് ബിജെപി ഇലക്ടോറല്‍ ബോണ്ട് വഴി ഉണ്ടാക്കിയത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് കിട്ടിയത് ഇതിന്റെ നാലില്‍ ഒന്ന് പോലുമില്ല, 964 കോടി മാത്രം. ഇബിയുടെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇബിക്കെതിരെ വലിയ എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടും പ്രത്യാഘാതങ്ങളെ കുറിച്ച് ഗുരുതരമായ ആശങ്കകളും മുന്നറിയിപ്പും പ്രകടിപ്പിച്ചിട്ടും ഇതെല്ലാം അടിച്ചമര്‍ത്തി മോദി സര്‍ക്കാര്‍ ഇത് നടപ്പാക്കുകയായരുന്നു. തിരഞ്ഞെടുപ്പിനെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഈ സമ്പത്ത് കേന്ദ്രീകരണത്തിന്റെ ഉദ്ദേശം എതിരാളികളെ ഇല്ലാതാക്കി പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തി മണി- മസില്‍ പവറില്‍ അധികാരം കൈകളില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ളതാണെന്നതില്‍ സംശയമില്ല.
സുതാര്യത എന്ന ജനാധിപത്യത്തിലെ ഏറ്റവും മനോഹരമായ സങ്കല്‍പത്തെ ഉടച്ചുവാര്‍ക്കുകയാണ് മോദി സര്‍ക്കാര്‍ ഇലക്ടോറല്‍ ബോണ്ടിലൂടെ. എത്ര മനോഹരമായ ജനാധിപത്യമില്ലായ്മയിലെ ഫാസിസ്റ്റ് കിനാശ്ശേരിയാണ് നരേന്ദ്ര മോദിയും സംഘവും കിനാവ് കണ്ടതും നടപ്പാക്കുന്നതുമല്ലേ.