ജോർജ് ജോസഫ്
സിനിമ ഒരു കലയാണ്. ആയിരുന്നു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി . കാരണം, ഒരു ഇൻഡസ്ട്രി എന്ന നിലയിലേക്കുള്ള സിനിമയുടെ പരകായപ്രവേശം ഇപ്പോൾ പൂർണ്ണമാണ്. കോർപറേറ്റ് മേഖലയിലെ ‘മീഡിയ ആൻഡ് എന്റർടെയിൻമെന്റ്’ ബിസിനസ് വെർട്ടിക്കലിന്റെ ഭാഗമാണ് സിനിമ . കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുന്ന ഒരു വെർട്ടിക്കൽ . കഷായത്തിൽ ഇന്തുപ്പ് ചേർക്കുന്നത് പോലെയേയുള്ളൂ ഇന്നത്തെ സിനിമയും കലയും തമ്മിലുള്ള ബന്ധം . എന്നാൽ അങ്ങനെയല്ല എന്ന് പാവപ്പെട്ട ജനങ്ങളെ വിശ്വസിപ്പിക്കുന്ന കാര്യത്തിൽ സിനിമ ഇന്നും വിജയം കൈവരിച്ച് നിൽക്കുകയാണ് .
ഒരു വ്യവസായമാകുമ്പോൾ അതിന്റെ എല്ലാ തനത് സവിശേഷതകളും സിനിമക്കും ഉണ്ടാകും . ഒരു വ്യവസായത്തിൽ മുഖ്യമായ ഒരു ഉത്പന്നം ഉണ്ടാകും . ഉദാഹരണത്തിന് സിമന്റ് വ്യവസായത്തിൽ സിമന്റാണ് പ്രധാന ഉത്പന്നം . സ്റ്റീൽ ഇൻഡസ്ട്രി എടുക്കുമ്പോൾ ഉരുക്കാണ് മുഖ്യ ഉത്പന്നം. പല ഇൻഡസ്ട്രിയിലും പ്രധാന ഉൽപ്പന്നത്തോടൊപ്പം പല ഉപോല്പന്നങ്ങളും ( ബൈപ്രോഡക്ട്സ് ) ഉല്പാദിതമാകാറുണ്ട് . രാസവളം ഉല്പാദിപ്പിക്കുമ്പോൾ അവക്ഷിപ്തമായി ജിപ്സം ഉണ്ടാകാറുണ്ട് . ക്രൂഡ് ഓയിൽ സംസ്കരിക്കുമ്പോൾ , പെട്രോൾ , ഡീസൽ തുടങ്ങി ബിറ്റുമിൻ വരെയുള്ള ഇരുപതോളം ഉത്പന്നങ്ങൾ ഉണ്ടാകാറുണ്ട് . അതുപോലെ സിനിമ എന്നത് ഈ ഇൻഡസ്ട്രിയുടെ ഒരു ബൈപ്രോഡക്റ്റ് മാത്രമായി മാറിയിട്ട് പതിറ്റാണ്ടുകളായി . ഈ മേഖലയിൽ നടക്കുന്ന പല തലങ്ങളുള്ള ക്രിമിനൽ ബിസിനസുകളുടെ ഒരു മറക്കുട മാത്രമാണ് ഇന്ന് സിനിമപിടുത്തം . ഇതിലൂടെ നടക്കുന്ന മുഖ്യബിസിനസ് കള്ളപ്പണം വെളുപ്പിക്കലാണ് . വ്യാപകമായ തോതിലുള്ള മയക്കു മരുന്ന് വിതരണം , ‘ഫ്ലെഷ് ട്രേഡ്’ , മനുഷ്യക്കടത്ത് എന്ന് തുടങ്ങി പല തരത്തിലുള്ള ക്രിമിനൽ ബിസിനസുകളാണ് സിനിമ എന്ന നക്ഷത്രതിളക്കമുള്ള ആകാശത്തിന് കീഴിൽ അരങ്ങേറുന്നത് . അതിൽ നിന്നുള്ള ഒരു അവക്ഷിപ്തമായി മാത്രമേ ഇന്നത്തെ സിനിമയെ പരാമർശിക്കാൻ കഴിയൂ . നിരവധി മീഡിയ റിപ്പോർട്ടുകൾക്ക് പുറമെ, ഏറ്റവും ഒടുവിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ വരെ മയക്കു മരുന്ന് ഉപയോഗത്തിന്റെ ആധിക്യത്തെ കുറിച്ചുള്ള പരാമർശവും അതിനെ നിയന്ത്രിക്കണമെന്ന നിർദേശവുമുണ്ട് . സിനിമ ഇന്ന് എത്തിപ്പെട്ടു നിൽക്കുന്ന വല്ലാത്ത ഈ അവസ്ഥയാണ് ആത്യന്തികമായി അതിന്റെ തന്നെ ഉദകക്രിയ നിർവഹിക്കാൻ പോകുന്നത് .
ഒരു സിനിമയെടുക്കുന്നതിന് നാലഞ്ച് കോടി രൂപ മുതൽമുടക്ക് വരുമെന്നാണ് പൊതുവെ പറയുന്നത് . മലയാള സിനിമയുടെ സമീപകാല ചരിത്രത്തിൽ സത്യസന്ധമായി അന്വേഷിച്ചാൽ മുതൽമുടക്ക് തിരിച്ചു പിടിച്ച എത്ര സിനിമ കാണും . നാലുംമൂന്നേഴാള് പോലും തികച്ചു കയറാത്ത സിനിമ പോലും ബോക്സ്ഓഫീസിൽ വൻവിജയമാണ് . മൂന്നാംനാൾ അത് നൂറു കോടി ക്ലബിൽ ഇടം പിടിക്കുകയാണ് . ഇന്റർവെൽ വരെ പോലും സഹിച്ചിരിക്കാൻ കഴിയാതെ ഇറങ്ങി ഓടുന്ന അനുഭവങ്ങൾ പലർക്കുമുണ്ടായിട്ടുണ്ട് . അപ്പോൾ ഉയരുന്ന ചോദ്യം മലയാളം എന്ന ഇട്ടാവട്ടത്തിൽ കോടികൾ വാരിയെറിഞ്ഞു ഇത്തരത്തിൽ പൊട്ടിപ്പാളീസാകുന്ന പടം പിടിക്കുന്നതാരാണ് ? ഒരു ലോഭവുമില്ലാതെ അവർ കോടികൾ ഇപ്രകാരം ആറ്റിലേക്ക് ഒഴുക്കുന്നതെന്തിനാണ് ? ആരാണ് യഥാർത്ഥത്തിൽ ഇവർക്ക് പിന്നിൽ ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സിനിമ എന്ന വ്യവസായത്തിൽ നിന്നും പൊതുസമൂഹം തേടേണ്ടത് . ഒരു സമൂഹത്തെയാകെ ദിശാബോധമില്ലാതെ , മയക്കുമരുന്നിലേക്കും ക്രിമിനൽവത്കരണത്തിലേക്കും നയിക്കുന്ന ലോബികളും മാഫിയ സംഘങ്ങളുമാണ് ഇന്ന് സിനിമാ ലോകത്തെ നിയന്ത്രിക്കുന്നത് .
പല സിനിമകളുടെയും ഇതിവൃത്തം പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും . ഗുണ്ടാസംഘങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന , മദ്യവും മയക്കുമരുന്ന് ഉപയോഗവും യുവാക്കൾക്കിടയിൽ ഫാഷനും പാഷനുമൊക്കെയാക്കി മാറ്റുന്ന , പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തുതരം ഉടായിപ്പുകളും ( അമ്മയെയും അച്ഛനെയും നിഷേധിക്കുന്നതടക്കമുള്ള കാര്യങ്ങൾ ) ചെയ്യാൻ പ്രേരണ നൽകുന്ന , അസഭ്യവർഷം യഥേഷ്ടം നടത്തുന്ന , സ്ത്രീവിരുദ്ധവും മനുഷ്യ വിരുദ്ധവുമായ സിനിമകളുടെ തള്ളിക്കയറ്റം ഈയിടെയുണ്ടായിട്ടുണ്ട് . സിനിമ എന്നത് അതിലെ പ്രധാന പ്രവർത്തകരുടെ ജീവിതാനുഭവങ്ങളുടെ നേർചിത്രം കൂടിയാണ് . ഇന്ന് സിനിമയിൽ സക്രിയമായിരിക്കുന്ന പലരുടെയും ജീവിതാനുഭവങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട് . ഇത്തരം മാഫിയ സംഘങ്ങൾ അവരുടെ ബിസിനസ് പ്രൊമോട്ട് ചെയ്യുന്നതിനുള്ള സിനിമകൾ പ്രൊഡ്യൂസ് ചെയ്യുന്നു എന്നതാണ് ഇൻഡസ്ട്രി നേരിടുന്ന പ്രതിസന്ധി . അത്തരം സിനിമകൾക്കെ പ്രേക്ഷേകരുള്ളൂ എന്ന് സ്ഥാപിച്ചുറപ്പിക്കുകയാണ് ക്രിമിനൽ – മാഫിയ സംഘങ്ങൾ . അതിശയിപ്പിക്കുന്നതും സങ്കടകരവുമായ കാര്യം പഴയ സ്‌കൂളിൽ നിന്നും വന്ന മഹാനടന്മാരും സംവിധായകരുമൊക്കെ അത് പുതിയ തലമുറയുടെ വലിയ സംഭവനകളായി വാഴ്ത്തുന്നത് കാണുന്നതാണ് . സ്പ്രിന്റ് ഇനങ്ങളിൽ പോയിട്ട് മാരത്തണിൽ ഒരു നൂറുവാര ഓടാൻ ശേഷിയും ശേമുഷിയും ഇല്ലാത്ത മഹാനടന്മാരുടെ ഈയവസരത്തിലെ മൗനത്തെ കുറിച്ച് എന്ത് പറയാനാണ് .
ഒരു പെട്ടിക്കടയോ തട്ടുകടയോ തുടങ്ങുന്നതിന് ഇന്ന് പഞ്ചായത്ത് , മുനിസിപ്പൽ , കോർപറേഷൻ ലൈസൻസ് വേണം . ജി എസ് ടി വകുപ്പ് മുതൽ
ഫുഡ് ഇൻസ്പെക്ടർമാരുടെ വരെ ലെൻസിലാണ് അവർ . എന്നാൽ അതിശയകരമെന്ന് പറയട്ടെ, കോടികൾ മുടക്കിയെടുക്കുന്ന സിനിമക്ക് ഒരു ലൈസൻസ് വേണ്ട , ഏതെങ്കിലും വകുപ്പിൽ ഒരു രെജിസ്ട്രേഷനോ ഒന്നും തന്നെ വേണ്ട . സിനിമ മേഖല ഖജനാവിലേക്ക് നേരിട്ട് നൽകുന്ന ഒരേയൊരു വിഹിതം വിനോദനികുതി മാത്രമാണ് . ഒരു തരത്തിലുള്ള ധനകാര്യ ആഡിറ്റിംഗിനും സിനിമാ മേഖല വിധേയമാകുന്നില്ല . നൂറിലേറെ പേർ ഇൻവോൾവ് ചെയ്യുന്ന , മൂന്ന് നേരം ഭക്ഷണം വിതരണം ചെയുന്ന ഒരു ഷൂട്ടിംഗ് സെറ്റിൽ ഇന്നേ വരെ ഏതെങ്കിലും സർക്കാർ വകുപ്പിന്റെ പരിശോധന നടന്നിട്ടുണ്ടോ ? മലയാളത്തിൽ എത്രപേർ സിനിമയെടുക്കുന്നുണ്ട് ? എത്ര പേർ അതിൽ പണിയെടുക്കുന്നുണ്ട് ? അവരുടെ സേവനവേതന വ്യവസ്ഥകൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് ഒരു വിവരശേഖരം സർക്കാരിന്റെ പക്കലുണ്ടോ ? സത്യത്തിൽ ഏത് ക്രിമിനലിനും യഥേഷ്ടം എന്ത് അഴിഞ്ഞാട്ടവും നടത്താവുന്ന, ആരും ചോദ്യം ചെയ്യാൻ പാടില്ലാത്ത ഒരിടമായി സിനിമ മാറിയിരിക്കുകയാണ് . ഇത്തരം സൗകര്യങ്ങൾ ലഭ്യമാകുന്ന ഒരു തൊഴിലിടത്തിൽ മൂത്രമൊഴിച്ചിട്ടു തിരിച്ചു വരുന്ന നടിയെ കെട്ടിപിടിച്ച് ചുംബിക്കുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ . അതുകൊണ്ട് സിനിമ മേഖലയിൽ രെജിസ്ട്രേഷൻ , ലൈസൻസിങ് , കണക്കുകളുടെ ആഡിറ്റിംഗ് തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാക്കുന്ന നടപടികൾ കൂടിയേ തീരൂ . കള്ളപ്പണം വെളുപ്പിക്കുന്നവരുടെയും മയക്കുമരുന്ന് ലോബിയുടെയും സ്വൈര്യവിഹാര കേന്ദ്രങ്ങളായി സിനിമ വ്യവസായം മാറുന്നതിന് ഇനിയെങ്കിലും തടയിടണം.
പത്തു , പന്ത്രണ്ട് വർഷം മുൻപ് വരെ നല്ല സിനിമയെടുക്കാനായിരുന്നു അതിന്റെ പ്രവർത്തകർ ശ്രമിച്ചിരുന്നതെങ്കിൽ ഇന്ന് നല്ല സിനിമയുടെ സ്ഥാനം പരണത്താണ്. സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അതിന്റെ പ്രൊമോഷൻ , മാർക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങളിലേക്കാണ് ശ്രദ്ധയൂന്നുന്നത് . കഥ മോഷ്ടിക്കൽ വിവാദം മുതൽ കാര്യങ്ങൾ തുടങ്ങുകയായി . ഓരോ ഘട്ടത്തിലും വിവാദങ്ങൾ ഉല്പാദിപ്പിച്ചെടുക്കുകയാണ് . ചാനലുകളിലും നവമാധ്യമങ്ങളിലുമൊക്കെ നടീനടന്മാരെയും അണിയറപ്രവർത്തകരെയും കൊണ്ട് വന്നിരുത്തി ദേഷ്യപ്പെടൽ, കരച്ചിൽ, തെറിവിളിക്കൽ, സഭ്യേതര പ്രയോഗങ്ങൾ തുടങ്ങിയ സാമദാനഭേദദണ്ഡ പരിപാടികൾ ഒന്നിന് പുറകെ ഒന്നായി അരങ്ങേറുകയാണ് . ഒടുവിൽ ആരെക്കൊണ്ടെങ്കിലും ഒരു കേസ് കൊടുപ്പിക്കൽ . അതോടെ തിയേറ്ററിൽ എത്തുന്നതിന് മുൻപ് സിനിമയുടെ ആഘോഷം . ഒരു നല്ല സിനിമ എങ്ങനെ ഉണ്ടാക്കാം എന്നതല്ല, എങ്ങനെ പരമാവധി ആളുകളെ വിഡ്ഢികളാക്കി തിയേറ്ററുകളിലെത്തിക്കാം എന്ന വഴിക്കാണ് ചിന്ത പോകുന്നത് . സിനിമ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന ക്രിയേറ്റിവിറ്റിയുടെ നൂറു മടങ്ങാണ് ഇത്തരം പൊറാട്ടുനാടകങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത് .
മലയാളം ഉൾപ്പടെ ഇന്ത്യൻ സിനിമയെ നിയന്ത്രിക്കുന്നത് ദുബായ് കേന്ദ്രമായുള്ള ഒരു പവർ ഗ്രൂപ്പാണ് . ഒരു ഇറാൻ പൗരനാണ് ദശകങ്ങളായി ഈ പവർ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് . ഇന്ത്യക്കാരും വിദേശികളുമടങ്ങുന്ന ഈ ഗ്രൂപ്പിന്റെ വിനീതവിധേയരാണ് മലയാളത്തിലെ സൂപ്പർ താരങ്ങളടക്കമുള്ളവർ . ഇറാനി അറിയാതെ ഒരില പോലും മലയാള സിനിമയിൽ അനങ്ങാറില്ല എന്നതാണ് വസ്തുത . വലിയ തോതിൽ പണക്കൊഴുപ്പുള്ള ഈ പവർ ഗ്രൂപ്പാണ് മലയാളത്തിലെ ചില യുവനടന്മാരുടെ സിനിമകൾക്ക് പണം മുടക്കുന്നത് . മലയാളത്തിലെയും ഹിന്ദിയിലെയും പല പ്രമുഖർക്കും ദുബായിൽ ചെല്ലും ചെലവും നൽകുന്നതും അവരുടെ പണം ഇൻവെസ്റ്റ് ചെയ്യുന്നതിനും പിന്നിൽ ഈ ഗ്രൂപ്പുണ്ടെന്നത് ഒരു വസ്തുതയാണ് . വാസ്തവത്തിൽ ഇടതുപക്ഷത്തുള്ളവർ മനസിലാക്കാതെ പോകുന്ന ഒരു പ്രധാനപ്പെട്ട കാര്യം സിനിമ ഉപയോഗിച്ച് നമ്മുടെ പൊതുബോധത്തെ മാറ്റിയെടുക്കുന്നു എന്നതാണ് . വര്ഗപരമായി ഇടതുപക്ഷ ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന സിനിമകൾ ഇന്ന് ഉണ്ടാകുന്നില്ല . പകരം വല്ലാത്ത തരത്തിലുള്ള വലതുപക്ഷവൽക്കരണം സിനിമയിൽ സംഭവിക്കുന്നു എന്നത് ഗുരുതരമായ ഒരു പ്രതിസന്ധിയാണ് പുരോഗമന ആശയങ്ങൾക്ക് മുന്നിൽ ഉയർത്തുന്നത് . ജീർണ്ണിച്ച വർഗീയ ആശയങ്ങളെ പിൻപറ്റുന്ന നിരവധി സിനിമകൾ മലയാളത്തിൽ പിറവിയെടുക്കുന്നത് നാം കാണുന്നുണ്ട് . വല്ലാത്ത ഹൈപ്പ് സൃഷ്ടിച്ചണ് അവ വിജയിപ്പിച്ചെടുക്കുന്നതിനുള്ള വർഗീയ ശക്തികളുടെ യത്നത്തെ ഇടതുപക്ഷം കൺതുറന്നു തന്നെ കാണണം . അതുകൊണ്ട് ശരാശരി സിനിമയെടുക്കുന്ന സംവിധായകരെ പോലും മഹാപ്രതിഭയെന്നൊക്കെ വാഴ്ത്തുമൊഴി പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഇടത് സഹയാത്രികർ എന്ന് മേനി നടിക്കുന്ന സിനിമ പ്രവർത്തകർ പോലും ഈ ചെളിക്കുണ്ടിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഇടതുപക്ഷത്തിന് വേണ്ടി രക്തം ചിന്തിയവർക്കാണ് ചവിട്ടേൽക്കുന്നത് . നേരത്തെ പറഞ്ഞ സിനിമ വ്യവസായത്തിലെ പ്രധാന ബിസിനസ് വെർട്ടിക്കലുകൾ തളിർത്തു വളരുന്നതിനുള്ള ഉപാധി മാത്രമായി സിനിമയെ മാഫിയകൾ ഉപയോഗിക്കുകയാണ് . മയക്കു മരുന്നും ക്വട്ടേഷൻ പ്രവർത്തനവുമൊക്കെ യഥേഷ്ടം പുഷ്ടിപ്പെടുത്തേണ്ടവർ അതിന് ഏറ്റവും പറ്റിയ സിനിമ മേഖലയെ തന്നെ പ്രയോജനപ്പെടുത്തുന്നതാണ് ഇന്ന് കാണുന്നത് . അതിനുള്ള പരിപ്രേക്ഷ്യം അവർ തന്നെ സിനിമ മേഖലയിൽ സൃഷ്ടിക്കുന്നു . അതാണ് ഇന്നത്തെ സിനിമാ ലോകം . ഇപ്പോഴത്തെ പ്രശ്നത്തിന് ചില ഞരമ്പുകൾ മാധ്യമ പ്രവർത്തകരുടെ മെക്കിട്ട് കേറുന്നുണ്ട്. കേരളത്തിലെ സിനിമയുമായി ബന്ധപ്പെടുന്ന നല്ലൊരു വിഭാഗം മാധ്യമപ്രവർത്തകരെയും സിനിമയിലെ ‘സോകാൾഡ്’ നക്ഷത്രങ്ങൾ ഉൾപ്പടെ പലരും ആക്ഷേപിച്ച സംഭവങ്ങളുണ്ട് . അപമാനിച്ച സംഭവങ്ങളുമുണ്ട് . അവർക്ക് ഒരവസരം കിട്ടിയപ്പോൾ അത് നന്നായി ഉപയോഗിക്കുന്നു എന്ന് മാത്രം . അതൊരുതരം കാവ്യനീതിയാണ് എന്ന് മാത്രം കരുതുക .
പിന്നെ ചിലരുടെ രോദനം കാണുമ്പോൾ പരിഹാസമാണ് തോന്നുന്നത് . അവർ പറയുന്നത് കുറ്റാരോപിതർക്കും കുടുംബമുണ്ട് എന്നൊക്കെയാണ് . ദുരനുഭവങ്ങൾ അനുഭവിച്ചവർക്കേ അവർ അനുഭവിച്ച മെന്റൽ ട്രൗമ മനസിലാകൂ. പിന്നെ അത്ര കുടുംബ സ്നേഹമുള്ളവർ ഒരു സ്ത്രീയുടെയും കയ്യിൽ കയറി പിടിക്കില്ല , ബലമായി ചേർത്ത് പിടിച്ച് ചുംബിക്കുകയുമില്ല . കുടുംബമുള്ളവർ ഇപ്പണിക്ക് നിൽക്കരുത് സുഹൃത്തുക്കളെ … പ്രായപൂർത്തിയായവർ ഉഭയസമ്മതത്തോടെ വേഴ്ചയിലേർപ്പെടുന്നതിനെ നിയമംപോലും തടയുന്നില്ല . പക്ഷെ എനിക്ക് നീ വഴങ്ങുന്നില്ലെങ്കിൽ നിന്നെ ഒഴിവാക്കും , തകർക്കും എന്നൊക്കെ പറയുന്നിടത്ത് ആണധികാരം വരുന്നു . കഴിവുള്ള , അത് പ്രകടിപ്പിക്കണമെന്ന് ആത്മാർത്ഥമായി അഭിലഷിക്കുന്ന എന്നാൽ മാന്യമായി തങ്ങളുടെ സർഗ്ഗശേഷിയുടെ ആവിഷ്കാരം നടത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങൾക്ക് തീയിടാൻ, മത്സരിച്ച് ശ്രമിക്കുന്ന മലയാള സിനിമയിലെ ഒരു പറ്റം തമ്പുരാക്കന്മാർ ഒന്നാലോചിക്കുക , തമ്പുരാൻ വാഴ്ചയുടെ കാലം കഴിഞ്ഞിരിക്കുന്നു . വേദനകളും അപമാനവും കടിച്ചിറക്കി പോരാട്ടം നടത്തിയ ഒരുകൂട്ടം വനിതാ സിനിമാപ്രവർത്തകരെ വരുംകാല കലാകാരികൾ നമിക്കും എന്നതുറപ്പാണ്.
പിൻകുറിപ്പ് : മികച്ച ഹോട്ടൽ വ്യവസായിക്കൊ , മികച്ച പലവ്യഞ്ജന കടക്കാരനോ ഒന്നും സർക്കാർ ചെലവിൽ വർഷം തോറും അവാർഡുകൾ കൊടുക്കാറില്ല . സിനിമയും ഒരു വ്യവസായമാണ് . അതുകൊണ്ട് അവിടെയും അവാർഡ് നൽകാൻ ജനങ്ങളുടെ ഒരു രൂപ പോലും ഉപയോഗിക്കുന്നത് ശരിയല്ല .