പ്രധാനമന്ത്രിയായിരിക്കെ നടത്തിയ അധികാര ദുര്‍വിനിയോഗത്തിന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുകയാണ് പാക് കോടതി. 5 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കും ഏര്‍പ്പെടുത്തി ഇസ്ലാമാബാദിലെ കോടതി. തോഷഖാന അഴിമതി കേസില്‍ കോടതി ഉത്തരവു വന്നതിനു പിന്നാലെ ലാഹോറിലെ വസതിയില്‍ നിന്ന് ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇസ്ലാമാബാദിലെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ബൂമയൂണ്‍ ദിലാവറാണ് മുന്‍ പ്രധാനമന്ത്രിക്കെതിരായി വിധി പ്രഖ്യാപിച്ചത്. ഇതോടെ പാകിസ്താനില്‍ വരുന്ന നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതോടെ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് അധ്യക്ഷന്‍ ഇമ്രാന്‍ ഖാന് മത്സരിക്കാനാകില്ല.
70 വയസുകാരനായ ഇമ്രാന്‍ ഖാന്‍ പാക് ക്രിക്കറ്റിലൂടെ ലോകമറിഞ്ഞ പ്രതിഭയാണ്. പക്ഷേ രാഷ്ട്രീയത്തിലിറങ്ങി പാകിസ്താന്റെ പ്രധാനമന്ത്രി വരെയായ ഇമ്രാന്‍ ഖാന് അഴിമതിയാരോപണത്തില്‍ ജയിലറയിലാകാനായിരുന്നു വിധി.
പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു തോഷഖാനയിലെ സമ്മാനങ്ങള്‍ മറിച്ചു വിറ്റു നികുതി വെട്ടിപ്പ് നടത്തി എന്നതാണ് ഇമ്രാന്‍ ഖാനെതിരായ കുറ്റം. തോഷഖാന എന്ന പേര്‍ഷ്യന്‍ വാക്കിന് ഖജനാവ് എന്നാണ് അര്‍ത്ഥം. ഖജനാവില്‍ കണ്ടുകെട്ടേണ്ട സമ്മാനങ്ങള്‍ നികുതി വെട്ടിപ്പ് നടത്തി മറിച്ചുവിറ്റതാണ് ഇമ്രാന്‍ ഖാനെതിരായി ചുമത്തപ്പെട്ട കുറ്റം.
ലോകനേതാക്കള്‍ മറ്റു രാജ്യങ്ങളിലെ നേതാക്കള്‍ക്ക് സന്ദര്‍ശന വേളകളിലടക്കം ഉപഹാരങ്ങള്‍ നല്‍കുന്നത് പതിവാണ്. ഇത്തരം സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനും പിന്നീട് സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പല രാജ്യങ്ങളിലും നിയമങ്ങളുണ്ട്്. ഈ നിയമങ്ങള്‍ പാലിക്കാതെ ഇത്തരം ഉപഹാരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ച് ആരോപണങ്ങള്‍ നേരിടുന്ന പല ലോക രാഷ്ട്ര നേതാക്കളുണ്ട്. ഡൊണാള്‍ഡ് ട്രംപും ഇമ്രാന്‍ ഖാനുമെല്ലാം അവരില്‍ ചിലരാണ്്.
പ്രസിഡന്റ്, പ്രധാനമന്ത്രി മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഔദ്യോഗിക പദവിയിലുള്ളവര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സര്‍ക്കാരിലേക്ക് അടയ്ക്കണം എന്നാണ് പല രാജ്യങ്ങളിലുമുള്ള ചട്ടം. നയതന്ത്ര പ്രമുഖര്‍ – രാഷ്ട്ര തലവന്‍മാര്‍ എന്നിങ്ങനെയെല്ലാമുള്ള നിലയില്‍ രാജ്യത്തിന്റെ പേരില്‍ ലഭിക്കുന്ന വസ്തുവകകള്‍ ഖജനാവിലേക്ക് എന്നതാണ് പൊതുവെയുള്ള രീതി. എന്നാല്‍ ചിലര്‍ അത്യാഗ്രഹം മൂലം ഇത് തങ്ങളുടെ സ്വകാര്യ സ്വത്തായി കൈവശപ്പെടുത്തും. അത്തരത്തിലൊരു കുറ്റമാണ് ഇമ്രാന്‍ ഖാന് മേലുള്ളത്.
2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്നു ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ സന്ദര്‍ശിച്ച അതിഥികളില്‍ നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദര്‍ശനങ്ങളില്‍ ആതിഥേയ രാഷ്ട്രതലവന്മാരില്‍ നിന്നും കിട്ടിയ ഉപഹാരങ്ങളില്‍ കൃത്രിമത്വം കാണിച്ച് തട്ടിയെടുത്തുവെന്നാണ് കേസ്. 6,35000 ഡോളര്‍ ഏകദേശം 140 മില്യണ്‍ പാകിസ്താന്‍ രൂപ അതായത് 14 കോടി പാക് രൂപ വിലമതിക്കുന്ന പാരിതോഷികങ്ങള്‍ വാങ്ങുകയും മറിച്ചു വില്‍ക്കുകയും ചെയ്തുവെന്നാണ് ഇമ്രാഖാനെതിരെയുള്ള കുറ്റം .
മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്‍ സുപ്രീം കോടതി നേരത്തെ ഇമ്രാന്‍ ഖാന്റെ ഹര്‍ജി തള്ളുകയും വിചാരണക്കോടതി നടപടികളില്‍ ഇടപെടില്ലെന്ന് പ്രഖ്യാപിച്ചതും വലിയ പ്രതീക്ഷ നല്‍കുന്നില്ല മുന്‍ പ്രധാനമന്ത്രിക്ക്. തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം പാക് സുപ്രീം കോടതി നേരത്തെ തന്നെ തള്ളിയിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിയില്‍നിന്ന് ഇളവ് ലഭിക്കാത്തതിനാലാണ് ഇമ്രാന്‍ അന്ന് സുപ്രീംകോടതിയെ സമീപിച്ചത്.
ഇനി എന്താണ് തോഷഖാന കേസെന്നും ചിത്രങ്ങളില്‍ കാണുന്ന ലക്ഷങ്ങള്‍ വാച്ചെന്നും പറയാം.
ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ മറിച്ചുവിറ്റ് പണം സമ്പാദിച്ചെന്നതാണ് തോഷഖാന കേസ്. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും നല്‍കിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ മറിച്ചുവില്‍ക്കുകയും തുക തെറ്റായി കാണിച്ച് പണം കൈവശപ്പെടുത്തുകയും ചെയ്തു. സമ്മാനങ്ങളുടെ ശരിയായ കണക്കുകള്‍ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്തതാണ് ‘തോഷഖാന’ കേസ്.
പാക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘തോഷഖാന’ അഥവാ ഖജനാവ് വഴിയാണ്. പാകിസ്താനില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം.
തോഷഖാന ചട്ടങ്ങള്‍ പ്രകാരം നിശ്ചിത തുകയില്‍ കുറവാണ് സമ്മാനത്തിന്റെ മൂല്യമെങ്കില്‍ അവ ഭരണാധികാരിക്ക് കൈവശം വയ്ക്കാം. അല്ലാത്തവയുടെ ഇടപാട് ‘തോഷഖാന’ രേഖപ്പെടുത്തും. സമ്മാനങ്ങളുടെ 50 ശതമാനം തുക നല്‍കി ഇത് വാങ്ങാനുള്ള അവസരവുമുണ്ട്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ വെട്ടിപ്പ് നടത്തി സമ്മാനങ്ങള്‍ 20 ശതമാനം വരെ വില കുറച്ച് വാങ്ങുകയും പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു.
2018 മുതല്‍ 4 വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 14 കോടി പാക്് രൂപ- ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ 5.25 കോടി രൂപ വിലമതിക്കുന്ന വാച്ച് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്‌തെന്നാണ് ആരോപണം. കോടികള്‍ വിലമതിക്കുന്ന ഈ വാച്ച് സൗദി കിരീടവകാശിയാണ് ഇമ്രാന്‍ ഖാന് സമ്മാനിച്ചത്. ഇത് കൂടിയ തുകയ്ക്ക് ഇമ്രാന്‍ മറിച്ചു വിറ്റു.
തോഷഖാനയിലെ തിരിമറി പുറംലോകം അറിഞ്ഞതോടെ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ തെരഞ്ഞെടുപ്പു കമ്മിഷന്‍ പദവികള്‍ വഹിക്കുന്നതില്‍നിന്ന് ഇമ്രാനെ വിലക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് 2 മാസത്തിനുള്ളിലായിരുന്നു ഈ നടപടി. ഇതിന് പിന്നാലെ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിടിഐ പ്രതിഷേധമെന്ന പേരില്‍ രാജ്യത്ത് വലിയ സംഘര്‍ഷമുണ്ടാക്കിയിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ സമീപിച്ച് ഇമ്രാന്‍ ഖാനെതിരെ ക്രിമിനല്‍ നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.