കാസര്‍ഗോഡ് തിരിച്ചു പിടിക്കാനുള്ള ഇടത് തരംഗമുണ്ടോ?; ഉണ്ണിത്താന്‍ വിള്ളല്‍ വീഴ്ത്തിയ ഇടത് കോട്ട, ചെമ്മണ്ണിലേക്ക് മടങ്ങുമോ ?

ചെങ്കോട്ടയെന്ന് കണക്കിന്റേയും തിരഞ്ഞെടുപ്പ് ചരിത്രത്തിന്റേയും അടിസ്ഥാനത്തില്‍ കണ്ണുംപൂട്ടി പറയാവുന്ന മണ്ഡലമാണ് കേരളത്തിന്റെ വടക്കേയറ്റത്തെ അതിര്‍ത്തിയായ കാസര്‍ഗോഡ്. 16 വട്ടത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സിപിഎം 10 തവണയാണ് മണ്ഡലം പിടിച്ചത്. അതില്‍ എട്ട് തവണ അടിപ്പിച്ചാണ് മണ്ഡലം ഇടവേളകളില്ലാതെ ഇടത്തേക്ക് തിരിഞ്ഞത്. അടുപ്പിച്ച് എട്ട് തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മാത്രം വിജയിച്ച മണ്ഡലമെന്ന പേരും കാസര്‍ഗോഡിന് തന്നെയാണ്. അങ്ങനെ ഇടത് കോട്ടയായിരുന്ന കാസര്‍ഗോഡിനെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 2019ല്‍ പിടിച്ചെടുക്കുകയായിരുന്നു. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായെത്തിയ ഉണ്ണിത്താന്‍ സിപിഎമ്മിന്റെ പി കരുണാകരന്‍ കൈവെള്ളയില്‍ കൊണ്ടുനടന്ന മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ഹാട്രിക് തുടര്‍ച്ചയുടെ പേര് പറഞ്ഞു പി കരണുകാരനെ മാറ്റി കെപി സതീഷ് ചന്ദ്രനെ ഇറക്കിയപ്പോഴും മണ്ഡല ചരിത്രത്തിന്റെ പിന്‍ബലത്തില്‍ കാസര്‍ഗോഡ് കയ്യില്‍ നിന്ന് പോകില്ലെന്ന് സിപിഎം കരുതി. പക്ഷേ രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ എന്‍ട്രിയുടെ ആവേശം കേരളക്കരയില്‍ അടിച്ചു കയറിയപ്പോള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം കണക്കുകൂട്ടിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെങ്കോട്ട ഇളക്കി മറിച്ചു.

കാസര്‍ഗോഡ് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് എന്‍ട്രിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അതിഥിയായെത്തി മണ്ഡലം പിടിച്ചെടുത്തത് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇക്കുറി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മണ്ഡലത്തിലിറങ്ങുമ്പോള്‍ 2019ലെ അപരിചിതത്വം ഇല്ലെന്ന് മാത്രമല്ല മണ്ഡലത്തിലെ പ്രിയങ്കരനാകാന്‍ കോണ്‍ഗ്രസ് എംപിയ്ക്ക് കഴിഞ്ഞുവെന്നതും കാണാനാകും. ഇടത് കോട്ട തിരിച്ചു പിടിക്കാന്‍ സിപിഎം തങ്ങളുടെ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനെ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇറക്കിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയുടെ എംഎല്‍ അശ്വിനി കരുത്തുകാട്ടി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ തവണ ഇടതുകോട്ട പിടിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ വലിയ ആത്മവിശ്വാസത്തോടെയാണ് പ്രചാരണ രംഗത്തുള്ളതെങ്കിലും 2019 ലെ തെരഞ്ഞെടുപ്പ് പോലെ അത്ര എളുപ്പമാകില്ല കാര്യങ്ങളെന്ന് നിസംശയം പറയാം. കാരണം അടിസ്ഥാനപരമായി ഇടത്തേയ്ക്ക് ചായ്‌വുള്ള കാസര്‍ഗോഡ് കഴിഞ്ഞ കുറി രാഹുല്‍ ഗാന്ധിയുടെ വരവിലുണ്ടായ ഓളത്തില്‍ വീണത് പോലെ ഇക്കുറി ഉലയുമെന്ന് പ്രതീക്ഷിക്കുക വയ്യ.

കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്. ഇവിടെ ഏഴില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളും കയ്യിലുള്ളതിലാണ് ഇടതുമുന്നണിയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. തുടര്‍ച്ചയായി എട്ട് തവണ നഷ്ടപ്പെട്ട മണ്ഡലം ഒടുവില്‍ തിരിച്ചു പിടിച്ചിട്ട് ഇനി വിട്ടുകൊടുക്കില്ലെന്നുറാണ് ശക്തമായ പ്രചാരണവുമായി ഉണ്ണിത്താനും കൂട്ടരും മുന്നോട്ടുപോകുന്നത്.

1957 മുതല്‍ 16 തിരഞ്ഞെടുപ്പുകളാണ് ലോക്‌സഭയിലേക്ക് കാസര്‍ഗോഡ് നടന്നത്. 1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ എകെജിയെ ജയിപ്പിച്ചു ഇടത് ചായ്‌വ് മണ്ഡലം വ്യക്തമാക്കി. 16 തിരഞ്ഞെടുപ്പുകളില്‍ 12ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് കാസര്‍ഗോഡ് ജയിച്ചത്. 10 തവണ സിപിഎമ്മും രണ്ട് തവണ സിപിഐയും നാല് തവണ കോണ്‍ഗ്രസും കാസര്‍ഗോഡ് ജയിച്ചു. ഇതില്‍ 1989 മുതല്‍ 2014 വരെ സിപിഎം തുടര്‍ച്ചയായി തന്നെ എട്ടു തവണ ജയിച്ചുകയറി.

1957ല്‍ എകെ ഗോപാലന്‍ എന്ന കമ്മ്യൂണിസ്റ്റ് അതികായന്‍ കാസര്‍ഗോഡ് ജയിച്ചു തുടങ്ങിയത് ഹാട്രിക് അടിച്ചാണ് നിര്‍ത്തിയത്. 57ലും 62ലും സിപിഐ സ്ഥാനാര്‍ത്ഥിയായി ജയിച്ച എകെജി 64ലെ കമ്മ്യൂണിസ്റ്റ് പിളര്‍പ്പിന് ശേഷം 67ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായും വിജയ ചരിത്രം തുടരുകയായിരുന്നു. സ്വതന്ത്രനായി മത്സരിച്ച ബി അച്ചുത ഷേണോയിയെ 51 ശതമാനം വോട്ട് നേടിയാണ് ആദ്യ തിരഞ്ഞെടുപ്പില്‍ എകെജി തോല്‍പ്പിച്ചത്. 62ലെ രണ്ടാം തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ശതമാനം 61 ആക്കി ഉയര്‍ത്തി എകെജി. 1967ല്‍ ഹാട്രിക് വിജയത്തോടെ എകെജി കാസര്‍ഗോഡ് ജയിച്ചു കയറി. ഒന്നേകാല്‍ ലക്ഷത്തിനടുത്ത് റെക്കോഡ് ഭൂരിപക്ഷത്തോടെയായിരുന്നു ആ ഹാട്രിക് വിജയം. തോല്‍പ്പിച്ചത് കോണ്‍ഗ്രസിന്റെ ടിവിസി നായരെ. കാസര്‍ഗോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എകെജിയുടേതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന് ശേഷവും എകെജി കാസര്‍ഗോഡ് കരുത്തുകാട്ടി.

പക്ഷേ 1971ല്‍ സിപിഎമ്മിന്റെ അമിതാവേശം കാസര്‍ഗോഡ് തിരിച്ചടിച്ചു. കേരള സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായ യുവരക്തത്തെ ഇറക്കി കോണ്‍ഗ്രസ് മണ്ഡലം പിടിക്കാന്‍ ഇറങ്ങി. ഈ കാലഘട്ടത്തില്‍ ഇടതുപക്ഷത്തിനൊപ്പമുള്ള കോണ്‍ഗ്രസ് എസിന്റെ അതായത് സോഷ്യലിസ്റ്റ് കോണ്‍ഗ്രസിന്റെ കടന്നപ്പള്ളി രാമചന്ദ്രനാണ് അന്നത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എകെജിയെ അത്തവണ പാലക്കാടേയ്ക്ക് വിട്ടു ഇകെ നായനാരിനെ കാസര്‍ഗോഡ് ഇറക്കി. പക്ഷേ നായനാര്‍ കടന്നപ്പള്ളിയ്ക്ക് മുന്നില്‍ വീണതോടെ ഇടതുകോട്ട തകര്‍ന്നു. കടന്നപ്പള്ളി 28,404 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച കടന്നപ്പള്ളി 77ലും കാസര്‍ഗോഡ് ജയിച്ചു. അന്ന് തോറ്റത് സിപിഎമ്മിന്റെ രാമണ്ണ റായ്. പക്ഷേ 80ല്‍ രാമണ്ണ റായ് മണ്ഡലം സിപിഎമ്മിനായി തിരികെ പിടിച്ചു. ജനതാ പാര്‍ട്ടിയുടെ ഒ രാജഗോപാലായിരുന്നു അന്ന് തോറ്റമ്പിയത്.

1984ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഐ റാമ റായ് 11,369 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ ബാലനന്ദനെ തോല്‍പ്പിച്ചു. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യമാകെ ഇന്ദിരയുടെ വേര്‍പാടില്‍ ഉയര്‍ന്ന സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് പടയോട്ടമായിരുന്നു. പിന്നീട് 1989 മുതല്‍ 2014 വരെ കാസര്‍ഗോഡ് ഇടതിനൊരു എതിരാളി ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി എട്ട് തവണ വിജയത്തിലേക്ക്. 1989ല്‍ സിറ്റിംഗ് എംപി കോണ്‍ഗ്രസിന്റെ രാമ റായിയെ വീഴ്ത്തി സിപിഎമ്മിന്റെ രാമണ്ണ റായ് മണ്ഡലം പിടിച്ചു. 91ലും രാമണ്ണ തന്നെ, തോല്‍പ്പിച്ചത് കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാലിനെ. 10,000ല്‍ താഴെയായിരുന്നു ഭൂരിപക്ഷം. 96ല്‍ മണ്ഡലത്തിലേക്ക് സിപിഎമ്മിന്റെ ടി ഗോവന്ദനെത്തി. ഹാട്രിക് അടിച്ചാണ് ആ പടയോട്ടം നിന്നത്. ആദ്യം കോണ്‍ഗ്രസിന്റെ രാമറായിയെ വീഴ്ത്തി 98ലും 99ലും കോണ്‍ഗ്രസിന്റെ ഖാദര്‍ മങ്ങാടിനെ വീഴ്ത്തി ജയിച്ചു.

2004ല്‍ മണ്ഡലത്തിലേക്ക് സിപിഎമ്മിന്റെ പി കരുണാകരനെത്തി. കോണ്‍ഗ്രസിന്റെ എന്‍എ മുഹമ്മദിനെ വീഴ്ത്തി മണ്ഡലം ഇടത്തേക്ക് തന്നെ നിലനിര്‍ത്തി. 2009ല്‍ കോണ്‍ഗ്രസിന്റെ ഷാഹിദ കമാല്‍ പി കരുണാകരന് മുന്നില്‍ വീണു, 2014ല്‍ ടി സിദ്ദിഖും അടിയറവ് പറഞ്ഞു. 2019ല്‍ പക്ഷേ കാസര്‍ഗോഡിനെ സ്വാധീനിച്ച ഘടകങ്ങള്‍ നിരവധിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന പെരിയ കൊലപാതകം സിപിഎമ്മിനെ അടിമുടി ഉലച്ചു. സിപിഎം പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് എത്തിയ യൂത്ത് കോണ്‍ഗ്രസുകാരായ ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകം പാര്‍ട്ടിയ്ക്ക് വലിയ കുരുക്കായി. സിപിഎം വിരുദധതയ്ക്ക് മണ്ഡലത്തില്‍ വലിയ തോതില്‍ കാരണമായത് ഈ രാഷ്ട്രീയ കൊലപാതകമായിരുന്നു.

ഇക്കുറി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജനപ്രിയനെന്ന പേരില്‍ മണ്ഡലത്തില്‍ അങ്കത്തിന് ഇറങ്ങുമ്പോള്‍ കോട്ട തിരിച്ചു പിടിക്കാന്‍ ജില്ലാ സെക്രട്ടറിയെ തന്നെ ഇറക്കി സിപിഎം. കോട്ട തിരിച്ചു പിടിക്കാന്‍ എം വി ബാലകൃഷ്ണന് കഴിയുമോയെന്ന ചോദ്യം ശക്തമാണ്. ഹിന്ദു- മുസ്ലീം സാമുദായിക വോട്ട് നിര്‍ണായകമാണെങ്കിലും മണ്ഡലത്തിന്റെ ഇടത് അടിത്തറ സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നുണ്ട്. വോട്ട് വര്‍ധിപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഉണ്ണിത്താനോ ബാലകൃഷ്ണനോ എന്ന ചോദ്യത്തിന് ജൂണില്‍ ഉത്തരമറിയാം. പക്ഷേ ഇടതിന് ഒരു ഈസി വാക്കോവര്‍ പഴയത് പോലെ സാധ്യമല്ലെന്ന് നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ വ്യക്തമാണ്, അതുപോലെ രാഹുല്‍ തരംഗത്തിനും പെരിയയില്‍ ഉയര്‍ന്ന സിപിഎം വിരുദ്ധതയ്ക്കും അപ്പുറം ഉണ്ണിത്താനെ മണ്ഡലം കാക്കുമോയെന്നും കാത്തിരുന്നു കാണണം.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?