1-1ല്‍ ജോയ്‌സും ഡീനും, ടൈ ബ്രേക്കറില്‍ ആര്?, ഇടുക്കിയിലെ കാറ്റ് ഇതെങ്ങോട്ട്

കേരളത്തിലെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലത്തില്‍ പധാനസ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഹാട്രിക് പോരാട്ടമാണ് നടക്കുന്നത്. ഈ ടൈ ബ്രേക്കറില്‍ ആര് ജയിക്കുമെന്ന ചോദ്യമാണ് ഇടുക്കിയില്‍ ഉയരുന്നത്. 2014ല്‍ ഇടത് സ്വതന്ത്രനായ ജോയ്‌സ് ജോര്‍ജും 2019ല്‍ കോഗ്രസിന്റെ ഡീന്‍ കുര്യാക്കോസും ജയിച്ച് 1-1ല്‍ നില്‍ക്കുകയാണ്. മൂന്നാം വട്ടം ഇരുവരും ഏറ്റുമുട്ടുമ്പോള്‍ മിഷന്‍ 400മായി കേരളത്തില്‍ രണ്ടക്കത്തിലേക്ക് കടക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുണിയില്‍ നിന്ന് ബിഡിജെഎസിന്റെ സംഗീത വിശ്വനാഥനും ഇടുക്കിയില്‍ പോര്‍മുഖത്തുണ്ട്. ഇടുക്കിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭയിലും രണ്ട് മുഖമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കോണ്‍ഗ്രസിനെ നിര്‍ലോഭം പിന്തുണച്ച മണ്ണാണ് ഇടുക്കിയുടേത്. ചരിത്രത്തില്‍ ഇടുക്കി പാര്‍ലമെന്റില്‍ ചാഞ്ഞത് വലതുഭാഗത്തേക്കാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ പികെവിയും പിന്നീട് 80ല്‍ എംഎം ലോറന്‍സ് സിപിഎമ്മിനായും മണ്ഡലം പിടിച്ചതൊഴിച്ചു നിര്‍ത്തിയാല്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ജോയ്‌സ് ജോര്‍ജിന് മുന്നിലാണ് ഇടുക്കി ഇടതിലേക്ക് ചാഞ്ഞത്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്ത കേരള കോണ്‍ഗ്രസിലൂടെയും ഇടുക്കി രണ്ട് വട്ടം ഇടത്തോട്ട് ചരിഞ്ഞിട്ടുണ്ട്. 99ലും 2004ലും, ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഈ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മല്‍സരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിന് മുന്നിലായിരുന്നു അന്ന് ഇടുക്കി കവാടം തുറന്നത്. അന്ന് കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് പക്ഷം ഇടതിനൊപ്പമായിരുന്നുവെന്ന് കൂടി ഓര്‍ക്കണം.

എറണാകുളം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലവും ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗം.

ഇടുക്കിയില്‍ വോട്ടിനെ സ്ഥാനീക്കുന്ന ഘടകങ്ങളില്‍ പ്രധാനം ഭൂമി- റവന്യു വിഷയങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും പിന്നെ സഭാ വോട്ടുകളുടെ കേന്ദ്രീകരണവുമാണ്. നിലവില്‍ വനം വന്യജീവി സംഘര്‍ഷം ഇടക്കിയിലെ പോളിംഗിനെ കാര്യമായി സ്വാധീനിക്കും. കാട്ടാന ആക്രമണത്തില്‍ അഞ്ചിലധികം ജീവനാണ് കഴിഞ്ഞ കുറച്ചു നാളുകളില്‍ സംസ്ഥാനത്ത് നഷ്ടമായത്. പ്രത്യേകിച്ച് ഇടുക്കിയുലണ്ടായ വന്യജീവി- മനുഷ്യ സംഘര്‍ഷങ്ങള്‍ ഇടുക്കിയിലെ കാറ്റിനെ ഉഷ്ണകൊടുങ്കാറ്റാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരെ ഇതൊരു വികാരമായി തന്നെ ഉയരുമെന്നാണ് പ്രതിപക്ഷം കണക്കു കൂട്ടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ കോണ്‍ഗ്രസ് അപ്രസക്തമെന്ന നിലയിലായിട്ട് കാലം കുറച്ചായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലും ഇടുക്കി ജില്ലയില്‍ നിന്നില്ലെന്നതാണ് വസ്തുത. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ തൊടുപുഴ സീറ്റാണ് ജില്ലയിലെ യുഡിഎഫിന്റെ ഏക സീറ്റ് നിലവില്‍. ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 7 മണ്ഡലങ്ങളില്‍ 4 എണ്ണം എല്‍ഡിഎഫ് 3 എണ്ണം യുഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനിലയെങ്കിലും ഇതില്‍ യുഡിഎഫിന്റെ കയ്യിലുള്ള 2 സീറ്റുകള്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളതാണ്, ഇടുക്കി ജില്ലയില്‍ നിന്നല്ല.

ചരിത്രത്തിലേക്ക് പോകുകയാണെങ്കില്‍ പീരിമേടായിരുന്ന ലോക്‌സഭാ മണ്ഡലത്തില്‍ 1967ല്‍ സിപിഐയുടെ പി കെ വാസുദേവന്‍ നായര്‍ വിജയിച്ചു. 71ല്‍ കേരള കോണ്‍ഗ്രസിന്റെ എംഎം ജോസഫ്. ഇടുക്കി മണ്ഡലമായതിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിഎം സ്റ്റീഫന്‍ വിജയിച്ചു. 80ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എംഎം ലോറന്‍സ്. 84ല്‍ സിപിഎമ്മിന്റെ കയ്യില്‍ നിന്ന് മണ്ഡലം പിടിച്ച കോണ്‍ഗ്രസ് പിന്നെ 98 വരെ വിട്ടുകൊടുത്തില്ല. പിജെ കുര്യന്‍ 84ലും 89 ലും 91ലും പാലെ കെ എം മാത്യുവും 96ല്‍ എ സി ജോസും 98 പിസി ചാക്കോയും ഇടുക്കി കോണ്‍ഗ്രസിനൊപ്പമാക്കി. 99ലും 2004ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിരുന്ന് ഇടതിന് മണ്ഡലം പിടിച്ചു നല്‍കി. പക്ഷേ 2009ല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ വീഴ്ത്തി കോണ്‍ഗ്രസിന്റെ പിടി തോമസ് മണ്ഡലം തിരിച്ചുപിടിച്ചു. 2014ല്‍ ഇടത് സ്വതന്ത്രനായെത്തി ജോയ്‌സ് ജോര്‍ജ് ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിച്ച് മണ്ഡലം പിടിച്ചു.

ഇടത് പക്ഷത്തിന് 46.6% വോട്ട് ഷെയറും കോണ്‍ഗ്രസിന് 40.4 ശതമാനം വോട്ട് ഷെയറും കിട്ടിയ മണഡലത്തില്‍ ബിജെപി വോട്ട് ഷെയര്‍ 6.2% ആയിരുന്നു. 2019ല്‍ ചിത്രം നേരെ തിരഞ്ഞുവെന്ന് മാത്രമല്ല കോണ്‍ഗ്രസ് വോട്ട് കേരളത്തിലെത്തിയ രാഹുല്‍ തരംഗത്തില്‍ കുതിച്ചു കയറി. 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡീന്‍ കുര്യാക്കോസ് ജോയ്‌സിനെ വീഴ്ത്തിയത്. കോണ്‍ഗ്രസ് വോട്ട് ഷെയര്‍ 54ആയി ഉയര്‍ന്നപ്പോള്‍ 46ല്‍ നിന്ന് 35 ശതമാനത്തിലേക്ക് ഇടത് വോട്ട് ഷെയര്‍ വീണു. ബിജെപി 6ല്‍ നിന്ന് 8.6 ശതമാനത്തിലേക്ക് വോട്ട് ഷെയര്‍ കൂട്ടി.

ഡീന്‍ കുര്യാക്കോസിന് കത്തോലിക്ക സഭയുടെ പിന്തുണ നിര്‍ലോഭം കിട്ടുമോയെന്നത് വിജയത്തെ സ്വാധീനിക്കുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു. ഇടുക്കികാരന്‍ ഇമേജില്‍ ജോയ്‌സ് ജോര്‍ജിനും സഭാ വോട്ടുകളില്‍ ചലനം സൃഷ്ടിക്കാനാകും. ഇടുക്കിയില്‍ വീണ്ടും ഡികെ എന്ന മുദ്രാവാക്യവുമായി ഡീന്‍ കുര്യാക്കോസിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ മണ്ഡലം നിറയുമ്പോള്‍ കേന്ദ്രത്തെ ചെറുക്കാന്‍ തങ്ങള്‍ക്കൊപ്പം വോട്ടര്‍മാര്‍ നില്‍ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആയതിനാല്‍ ഇടുക്കിയിലെ കേരള കോണ്‍ഗ്രസ് വോട്ടും ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ഈഴവ വോട്ടുകളും ക്രിസ്ത്യന്‍ വോട്ടുകള്‍ക്കൊപ്പം നിര്‍ണായകമാണെന്ന് കണ്ടാണ് ബിഡിജെഎസിന്റെ സംഗീത വിശ്വനാഥന്റെ പ്രചരണം ഇടുക്കിയില്‍ പുരോഗമിക്കുന്നത്. തങ്ങളുടെ എല്ലാ കരുത്തോടെയുമാണ് ബിഡിജെഎസ് ഇടുക്കിയില്‍ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഹൈറേഞ്ചിലെ ജനങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയിലായിരുന്ന ജോയ്സ് ജോര്‍ജ് ഹൈറേഞ്ച് സംരക്ഷണ സമിതിയിലൂടെ ( രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ചു. ആദ്യ രണ്ട് തവണയും ഇടത് സ്വതന്ത്രനായിരുന്നെങ്കില്‍ ഇക്കുറി സിപിഎം ചിഹ്നത്തിലാണ് ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ ഇറങ്ങിയിരിക്കുന്നത്. ഡീനിന്റെ യൂത്ത് കോണ്‍ഗ്രസ് വളര്‍ച്ച പാര്‍ലമെന്റില്‍ അഞ്ച് വര്‍ഷം തികച്ചു കഴിയുമ്പോഴുള്ള വിലയിരുത്തല്‍ കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. ഇടുക്കിയിലെ കാറ്റ് എങ്ങോട്ടെന്ന് ഉടനറിയാം.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം