അയോധ്യ കോണ്‍ഗ്രസിനെ വെട്ടിലാക്കുമ്പോള്‍ ബിജെപിയ്ക്കിത് നിര്‍മ്മിച്ചെടുത്ത സുവര്‍ണാവസരം

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയോധ്യയുടെ പേര് പറഞ്ഞു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടായി വേരുറപ്പിച്ച ബിജെപി ഇക്കുറിയും അത് തന്നെ തങ്ങളുടെ തിരഞ്ഞെടുപ്പ് അജണ്ടയാക്കിയിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും ഉദ്ഘാടനവും ബിജെപി രാഷ്ട്രീയപരിപാടിയായി മാറ്റി കഴിഞ്ഞു. കാലങ്ങളായുള്ള സംഘപരിവാര്‍ അജണ്ട വിജയിച്ചതിന്റെ ആഘോഷവും അടുത്ത തിരഞ്ഞെടുപ്പില്‍ കൃത്യമായി ഉപയോഗിക്കാന്‍ പ്ലാന്റ് ചെയ്തതിന്റെ ആവേശവും നരേന്ദ്ര മോദി സര്‍ക്കാരിന്റെ അയോധ്യ പ്രകടനങ്ങളില്‍ കാണാം. അയോധ്യയില്‍ വമ്പന്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഓടി നടക്കുന്നത് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാമുദായിക ധ്രൂവീകരണം ലക്ഷ്യമിട്ടാണ്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി അയോധ്യയിലെ പുതുക്കിയ റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ നടത്തിയ റോഡ് ഷോയില്‍ കാവിക്കൊടികള്‍ ഉയര്‍ന്നു നിന്നു. പുഷ്പാര്‍ച്ചനകളോടെ മോദിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ബിജെപി അണികള്‍ വഴിയരികില്‍ കാത്തുനിന്നു. അയോധ്യാ നഗരത്തിലേക്ക് 11,100 കോടിയുടെയും യുപിയുടെ മറ്റു ഭാഗങ്ങളിലേക്ക് 4,600 കോടിയുടെയും പദ്ധതികളും പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദി തീരുമാനിച്ചതിന് പിന്നിലും തിരഞ്ഞെടുപ്പെന്ന വലിയ ലക്ഷ്യമുണ്ട്. ഹാട്രിക് അടിച്ച് രാജ്യത്തിന്റെ തലപ്പത്ത് ഇരിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കി അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി മാറ്റി കഴിഞ്ഞു.

ലക്ഷക്കണക്കിന് പേരെ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തുറുപ്പ് ചീട്ടിലെ ആഘോഷത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചുറപ്പിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ അയോധ്യ കയ്യടക്കിയിരിക്കുന്നത്. ഇതിനിടയില്‍ തള്ളാനും കൊള്ളാനുമാകാതെ കോണ്‍ഗ്രസിനെ ചക്രശ്വാസം വലിപ്പിക്കാന്‍ രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിക്കാനും മോദിക്കും അമിത് ഷായ്ക്കും കഴിഞ്ഞു. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് സോണിയ ഗാന്ധിയടക്കം ചുരുക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമുണ്ട്. എന്നാല്‍ പോകാനോ വേണ്ടെന്ന് വെയ്ക്കാനോ കഴിയാത്ത വിധം കുരുക്കിലകപ്പെട്ട് കഴിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം താല്‍പര്യപ്പെടുമ്പോഴും ഹിന്ദി ഹൃദയഭൂമിയില്‍ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്ക പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലുണ്ട്. അയോധ്യയിലേക്ക് പോകില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എടുത്തടിച്ചു പറഞ്ഞതുപോലെ പറയാനുള്ള ആവത് നിലവിലെ കോണ്‍ഗ്രസിനില്ല. സിപിഎമ്മിന് കേരളത്തെ മാത്രം ഇപ്പോള്‍ ബോധിപ്പിച്ചാല്‍ മതിയെങ്കില്‍ കോണ്‍ഗ്രസിന്റെ മുന്നില്‍ മൃദു സമീപനം മൂലം കേരളത്തിലുണ്ടാകുന്ന തിരിച്ചടിയ്ക്ക് അപ്പുറം ഹിന്ദി ഹൃദയഭൂമിയിലെ സ്പന്ദനങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരും. ന്യൂനപക്ഷ പ്രീണനമാണ് ബിജെപി കോണ്‍ഗ്രസിന് മേല്‍ ഉത്തരേന്ത്യയില്‍ ആരോപിക്കുന്ന പ്രധാന അപരാധം. ആ സാഹചര്യത്തില്‍ അയോധ്യയിലേക്ക് ഇല്ലെന്ന് പറയാന്‍ ചെറുതല്ലാത്ത രാഷ്ട്രീയ ആര്‍ജ്ജവം തന്നെ പാര്‍ട്ടി തലപ്പത്തുള്ളവര്‍ക്ക് വേണ്ടി വരും. അതിന് കോണ്‍ഗ്രസിന് ധൈര്യമില്ലാത്തത് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വരവ് പിന്നിലെ പച്ചക്കൊടികാട്ടി ഹിന്ദി ഹൃദയഭൂമിയില്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയ ബിജെപി ധ്രൂവീകരണത്തെ കണ്ടില്ലെന്ന് നടിക്കാനാവാത്തത് കൊണ്ടാണ്.

കോണ്‍ഗ്രസ് നേതാക്കളുടെ വരവും ബഹിഷ്‌കരണവും രണ്ടിലേതായാലും ബിജെപിയ്ക്കത് ബംമ്പറാണെന്നതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവനകളിറക്കുന്ന സിപിഎം നേതാക്കളടക്കം മറന്നു പോകുന്നുണ്ട്. അയോധ്യയിലെത്തിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് ഹിന്ദു വിരുദ്ധരും ന്യൂനപക്ഷ പ്രീണനത്തിന് മാത്രം നില്‍ക്കുന്നവരുമാക്കി ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ ചിത്രീകരിക്കാന്‍ ബിജെപിയ്ക്കാകുമെന്നതില്‍ സംശയമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്തഭാരതത്തിന് ബിജെപിയുടെ ആയുധം ഇത് തന്നെയാകുമെന്നതില്‍ സംശയമില്ല. പ്രതിഷ്ഠാ ചടങ്ങിലെ രാഷ്ട്രീയ മാമാങ്കമാക്കുന്ന മോദി പ്രസംഗത്തിലൂടെ തന്നെ കോണ്‍ഗ്രസിന് ചാപ്പകുത്താനുള്ള ലേബലുകള്‍ തയ്യാറാക്കി കാണും. തീരുമാനം പറയാതെ കോണ്‍ഗ്രസ് നേതൃത്വം ഉഴറുന്നതിന് പിന്നില്‍ ഇതല്ലാതെ മറ്റൊന്നില്ല. ഇന്ത്യ മുന്നണിയിലും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഭിന്നതയുണ്ട്. ക്ഷണിക്കാത്തതിതില്‍ പരിഭവപ്പെടുന്ന സമാജ് വാദി പാര്‍ട്ടിയും ഹേമന്ത് സൊറന്റെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമുണ്ട്. ഉദ്ഘാടന ചടങ്ങിന് ശേഷം പോകുമെന്ന് ബിജെപിയുടെ പഴയ സഖ്യകക്ഷിയും തെറ്റിപിരിഞ്ഞ് ഇന്ത്യ മുന്നണിയിലെ പ്രധാനിയുമായ ഉദ്ദവ് താക്കറേയുടെ ശിവസേന പറയുന്നു.

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന പഴയ നെഹ്‌റൂവിയന്‍ കാഴ്ചപ്പാട് ഉയര്‍ത്തി അയോധ്യക്കില്ലെന്ന് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നുണ്ട്. 1951ല്‍ ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കിപണിഞ്ഞ ശേഷം നടന്ന സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് കത്തെഴുതി മുന്നറിയിപ്പ് നല്‍കിയ കാര്യം ഇക്കൂടെ പറയാതെ തരമില്ല. ഭരണവും മതവും കൂട്ടികുഴക്കരുത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനോട് ഈ എതിര്‍പ്പ് നെഹ്‌റു ഉന്നയിച്ചത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാജ്യവും അതിന്റെ സര്‍ക്കാരും ഒരു പ്രത്യേക മതത്തിന്റെ വലിയൊരു ചടങ്ങില്‍ പങ്കെടുത്ത് രാഷ്ട്രീയ മാനം നല്‍കരുതെന്നായിരുന്നു നെഹ്‌റു വിലക്കിയത്. ആരോഗ്യ- വിദ്യാഭ്യാസ മേഖലയില്‍ ചെലവാക്കാന്‍ പണമില്ലാത്ത സൗരാഷ്ട്ര സര്‍ക്കാര്‍ ജനം പട്ടിണി മൂലം വലയുമ്പോള്‍ 5 ലക്ഷം രൂപ സോമനാഥ ക്ഷേത്രത്തിന്റെ പുതുക്കി പണിയല്‍ ചടങ്ങിന് മുടക്കിയത് നെഹ്‌റുവിനെ രോഷം കൊള്ളിച്ചിരുന്നു. വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാരിന് വിഷയത്തില്‍ കത്തെഴുതാന്‍ പോലും നെഹ്‌റു മടിച്ചിരുന്നില്ല. അങ്ങനെയൊരു പ്രധാനമന്ത്രി ഇരുന്ന കസേരയിലിരിക്കുന്ന ഇന്നത്തെ പ്രധാനമന്ത്രി അയോധ്യയുടെ തെരുവുകളില്‍ വിജയാഘോഷം നടത്തുന്നത് ഒരു ജനതയുടെ മതനിരപേക്ഷ ചിന്തയുടെ മുകളില്‍ കസേരയിട്ടിരുന്നു കൊണ്ടാണ്. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിച്ചു കൊണ്ടൊരു സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പിലത് ഊര്‍ജ്ജമാക്കുമ്പോള്‍ കൃത്യമായി എതിരിടാന്‍ കഴിയാതെ പ്രതിപക്ഷം വിറങ്ങലിക്കുകയാണ്. നെഹ്‌റൂവിയന്‍ ഇന്ത്യയില്‍ നിന്നും മോദിയുടെ ഇന്ത്യയിലേക്കുള്ള കൂപ്പുകുത്തല്‍ എതിരിടാന്‍ കഴിയാത്ത വിധം തളരുന്ന പ്രതിപക്ഷ നിരയും ജനാധിപത്യ മോഹികളും രാജ്യത്തിന്റെ സെക്കുലര്‍ മനോഭാവം കൈപ്പിടിയിലെ മണല്‍ പോലെ ഊര്‍ന്നൊലിക്കുന്നത് കണ്ടുനില്‍ക്കുന്ന കാലമാണ് കടന്നുപോകുന്നത്.

Latest Stories

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

അന എഴുന്നള്ളിപ്പിലെ മാർഗ്ഗരേഖക്ക് സ്റ്റേ; ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി

"ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു" രശ്മിക മന്ദാനയുമായുള്ള ഡേറ്റിംഗ് വാർത്തകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം

'ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി'; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശം; പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്