നേര്‍ക്ക് നേര്‍ ബിജെപിയും കോണ്‍ഗ്രസും പോരടിക്കുന്നിടത്ത് വോട്ട് വീഴുമ്പോള്‍

ഹിന്ദി ഹൃദയഭൂമിയിലെ രണ്ട് സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുന്നു. ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പും മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും പൂര്‍ത്തിയാക്കി പെട്ടി സ്‌ട്രോങ് റൂമില്‍ കയറുന്നത് ഡിസംബര്‍ 3ന്റെ വന്‍ പ്രഖ്യാപനത്തിന്റെ അപ്രവചനീയതയ്ക്കായുള്ള കാത്തിരിപ്പാണ്. ഹിന്ദി ഹൃദയഭൂമിയില്‍ ഉത്തര്‍പ്രദേശ് സീറ്റുകളുടെ എണ്ണത്തില്‍ തലപ്പൊക്കമാണെങ്കിലും മധ്യപ്രദേശ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് നിര്‍ണായകമാകുന്നത് 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ പരിച്ഛേദമാകും അതെന്ന പേടിയിലാണ്.

കോണ്‍ഗ്രസും ബിജെപിയും തന്നെയാണ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നേര്‍ക്ക് നേര്‍ പോരാടുന്നതെന്നതും ഇരു പാര്‍ട്ടികള്‍ക്കും സംസ്ഥാനങ്ങള്‍ നിര്‍ണായകമാക്കുന്നു. മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഢ് പിരിഞ്ഞു പോയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയ്ക്കായിരുന്ന അപ്രമാദിത്യം എന്നതും 2018ല്‍ മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം നഷ്ടപ്പെട്ടതിന്റെ വേദനയും കോണ്‍ഗ്രസിനുണ്ട്.

230 സീറ്റുള്ള മധ്യപ്രദേശില്‍ 116 ആണ് മാജിക് നമ്പര്‍. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോഴൊക്കെ ഭൂരിപക്ഷം നേരിയതായിരുന്നെന്ന ചരിത്രം ബിജെപിയ്ക്ക് ആശ്വാസമാണ്. നരേന്ദ്ര മോദിയാണ് ബിജെപിയ്ക്കായി മധ്യപ്രദേശില്‍ മുഖമായി നിന്നത്. ദീര്‍ഘകാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവ് രാജ് സിംഗ് ചൗഹാനെ ഒതുക്കി നിര്‍ത്തിയാണ് മോദി പ്രചാരണത്തിന് മുന്നില്‍ നിന്നതെന്നതും മധ്യപ്രദേശ് കൈമോശം വരുന്നതിനെ ബിജെപി ഭയക്കുന്നതിന്റെ തെളിവായിരുന്നു.

2024 പൊതു തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിക്കുന്ന കാര്യമായത് കൊണ്ടുതന്നെ എന്‍ഡിഎയ്ക്കും ഇന്ത്യ മുന്നണിക്കും മധ്യപ്രദേശ് ഒപ്പം നിര്‍ത്തുകയെന്നത് നിര്‍ണായകമാണ്. മുന്നണിക്കപ്പുറം പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് മധ്യപ്രദേശ് നിലനിര്‍ത്തേണ്ടത് തങ്ങളുടെ ‘ഹിന്ദുത്വ വോട്ട് ബാങ്കില്‍’ ചോര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കി കാണിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് കഴിഞ്ഞ കുറി ഞങ്ങള്‍ പിടിച്ചെടുത്ത സംസ്ഥാനത്ത് വോട്ടര്‍മാരെ പരിഹസിച്ചാണ് അട്ടിമറി നടത്തി ബിജെപി അധികാരത്തിലെത്തിയതെന്ന് സ്ഥാപിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണ് മധ്യപ്രദേശ് വിജയിച്ചെടുക്കുക എന്നത്.

230 നിയമസഭാ സീറ്റുകളാണ് മധ്യപ്രദേശില്‍ 114 സീറ്റുകളില്‍ കോണ്‍ഗ്രസ് 2018ല്‍ വിജയിച്ചു. 109 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. മായാവതിയുടെ ബിഎസ്പിക്ക് 2 സീറ്റും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടി. നാല് സ്വതന്ത്രരും വിജയിച്ചു. എസ്പിയുടേയും ബിഎസ്പിയുടേയും പിന്തുണ കിട്ടിയതോടെ 116 എന്ന മാജിക് നമ്പര്‍ കോണ്‍ഗ്രസ് മറികടന്ന് അധികാരത്തിലെത്തി. പക്ഷേ ജ്യോതിരാതിദ്യ സിന്ധ്യയും കൂട്ടരും കാലുവാരിയതോടെ ഒന്നേകാല്‍ വര്‍ഷത്തില്‍ സര്‍ക്കാര്‍ വീഴുകയും ബിജെപി കോണ്‍ഗ്രസില്‍ നിന്നെത്തിയവരേയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.

മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപി ലക്ഷ്യമിടുമ്പോള്‍ ഛത്തീസ്ഗഢില്‍ ഭരണത്തുടര്‍ച്ചയ്ക്കാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മധ്യപ്രദേശില്‍ ബിജെപിയുടെ ശിവ് രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം അലയടിക്കുന്നുണ്ടെങ്കിലും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് അനുകൂലമാണ് കാര്യങ്ങള്‍. ആ ധൈര്യത്തിലാണ് 90 സീറ്റുകളിലേക്കുള്ള മല്‍സരത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ഇവിടെയൊരു മല്‍സരം പോലുമില്ലെന്നും ഇതൊരു ഏകപക്ഷീയ പോരാട്ടമാണെന്നും പറയുന്നത്.

മധ്യപ്രദേശില്‍ സ്വിംഗ് സീറ്റ് എന്ന് വിളിക്കപ്പെടുന്ന 100 സീറ്റുകളുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സീറ്റുകള്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ ഭരണം പോയത് മുതല്‍ അടിത്തട്ടില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന്റെ നിശ്ചയദാര്‍ഡ്യത്തില്‍ അങ്ങോട്ട് തന്നെ ചായുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കൂടുതല്‍ സീറ്റ് കയ്യാളാന്‍ ശ്രമിച്ച എസ്പിയും ആംആദ്മി പാര്‍ട്ടിയുമടക്കം ഇന്ത്യ മുന്നണിയിലെ പലരുമായും ഉടക്കിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസി മല്‍സരത്തിനിറങ്ങിയത്. എസ്പിയും ആപ്പുമെല്ലാം പലയിടങ്ങളിലും കോണ്‍ഗ്രസ്- ബിജെപി പോരാട്ടത്തിനിടയില്‍ വോട്ട് പിടിച്ചു ശക്തി കാണിക്കാന്‍ ഇറങ്ങിയത് ഇന്ത്യ മുന്നണിയില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചാരണത്തിന് പറഞ്ഞ ബിജെപി പക്ഷേ മുഖ്യമന്ത്രിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ മടിച്ചതിന്റെ ക്ഷീണം പ്രചരണത്തിലടക്കം മുഴച്ചു നിന്നിട്ടുണ്ട്. അതിനാല്‍ ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനാണ് മധ്യപ്രദേശ് സാധ്യത കൂടുതലെന്ന വിലയിരുത്തലുകളുമുണ്ട്. 3 കേന്ദ്രമന്ത്രിമാരടക്കം 7 ദേശീയ നേതാക്കളെ ഇറക്കിയാണ് ഭരണവിരുദ്ധ വികാരം കുറയ്ക്കാന്‍ മധ്യപ്രദേശില്‍ ബിജെപി മല്‍സരത്തിനിറങ്ങിയത്. ഭരണം നേട്ടം പറയല്‍ നിര്‍ത്തി ഒടുവിലായപ്പോഴേക്കും രാമക്ഷേത്രമായിരുന്നും ബിജെപിയുടെ പ്രചരണ തന്ത്രം. ഇതൊന്നും ഫലിച്ചില്ലെങ്കില്‍ 2024 പൊതുതിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ വിചാരിച്ച ഇടത്തല്ലെന്നും മോദി പ്രഭാവം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന മുന്നറിയിപ്പ് ശരിയായി എന്നും ബിജെപിയ്ക്ക് സമ്മതിക്കേണ്ടി വരുമെന്നതും ഹിന്ദി ഹൃദയഭൂമിയിലെ മല്‍സരത്തിന്റെ പ്രസക്തിയാണ്.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി