കെ.സഹദേവന്‍
ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ -വികസന (Research & Development-R&D) മേഖല വെല്ലുവിളികള്‍ നേരിടുന്നുവെന്നും ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി, ഏപ്രില്‍ 30നകം, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യയിലെ 350ഓളം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളോട് ഇന്ത്യാ ഗവണ്‍മെന്റ് ആവശ്യപ്പെട്ടതായും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘Govt flags science R&D challenges, plans ‘Ease of Doing Research’ overhaul’ (ET, April 10, 2025).
നീതി ആയോഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ശ്രമം, ധനസഹായത്തിലെ തടസ്സങ്ങള്‍, നിയന്ത്രണ-ഏകോപന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതായും ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഇന്ത്യയുടെ ആഗോള മത്സരശേഷി മെച്ചപ്പെടുത്തുന്നതിനും ഗവേഷണ വികസനത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ ഇടപെടല്‍ എന്നും ഇക്കണോമിക് ടൈംസ് വാര്‍ത്ത വിശദമാക്കുന്നു.
ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ മേഖല നേരിടുന്ന വെല്ലുവിളികളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ ധനസഹായങ്ങളിലെ തടസ്സങ്ങളായും ഏകോപനങ്ങളിലെ വെല്ലുവിളികളായും മാത്രം കരുതുന്നത് യഥാര്‍ത്ഥ കാരണങ്ങളെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ഉതകില്ല എന്നതാണ് വസ്തുത. ലോകത്തിലെ തന്നെ നാലാമത്തെ സയന്റിഫിക് വര്‍ക്‌ഫോര്‍സ് ആയി അറിയപ്പെട്ടിരുന്ന ഒരു രാജ്യം ശാസ്ത്ര ഗവേഷണ മേഖലയില്‍ പിന്നോക്കാവസ്ഥ അനുഭവിക്കുന്നുവെങ്കില്‍ അതിന്റെ കാരണം തേടേണ്ടത് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളില്‍ത്തന്നെയാണ്; ആധുനിക ശാസ്ത്രത്തോടുള്ള ഹിന്ദുത്വ ദേശീയവാദികളുടെ മനോഭാവത്തില്‍ത്തന്നെയാണ്.
നിലവില്‍ ശാസ്ത്ര ഗവേഷണ-വികസന മേഖലയില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തണമെങ്കില്‍ കഴിഞ്ഞ രണ്ടര-മൂന്ന് പതിറ്റാണ്ട് കാലത്തിനിടയില്‍ ശാസ്ത്ര ഗവേഷണ മേഖലയില്‍ ഹിന്ദുത്വ രാഷ്ട്രീയം നേടിയെടുത്ത സ്വാധീനത്തെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് പ്രധാനമാണ്.
ഇന്ത്യയില്‍ വാജ്‌പേയ് അധികാരത്തില്‍ വന്ന ആദ്യനാള്‍ തൊട്ടുതന്നെ വിദ്യാഭ്യാസ മേഖലയുടെ കാവിവല്‍ക്കരണം-സവിശേഷമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ – ആരംഭിക്കുകയുണ്ടായി എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ ഹിന്ദുത്വ ശക്തികളുടെ ഈയൊരു ഇടപെടല്‍ കേവലം അവരുടെ ഭരണ കാലത്തു മാത്രമായി ഒതുങ്ങി നിന്നില്ലെന്നതും ഈയൊരു പ്രവണതയെ ചെറുത്തുതോല്‍പ്പിക്കാനാവശ്യമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും മതനിരപേക്ഷ ബോധവും ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കടക്കം കൈമോശം വന്നുവെന്നതിന്റെ കൂടി പ്രതിഫലനമാണ് ഇന്ന് നാം കാണുന്ന ശാസ്ത്ര ഗവേഷണ മേഖലയിലെ പുതിയ വെല്ലുവിളികള്‍.
കേന്ദ്രത്തില്‍ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായി മുരളീ മനോഹര്‍ ജോഷി അധികാരത്തില്‍ വന്ന ആദ്യനാള്‍ തൊട്ടുതന്നെ ശാസ്ത്ര സാങ്കേതിക പഠന-ഗവേഷണ മേഖലയെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് കീഴിലാക്കാനുള്ള ശ്രമങ്ങള്‍ സജീവമായ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ ഐഐടികളിലൊന്നില്‍ ഫിസിക്‌സിനെ വേദാന്തത്തിലെ ഒരധ്യായമായി പഠിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അക്കാലത്ത് ഒരു ഐഐടി പ്രൊഫസര്‍ കുമ്പസാരം നടത്തിയത് ഓര്‍മ്മിക്കുക (ഇന്നാണെങ്കില്‍ അത്തരമൊരു തുറന്നുപറച്ചിലിന് പോലും ആരും മെനക്കെടുന്നില്ല എന്നതാണ് സത്യം.) അതേ കാലയളവവിത്തന്നെ ഗുജറാത്തിലെ യൂണിവേര്‍സിറ്റികളില്‍ വേദാന്തം പാഠ്യവിഷയമായി അവതരിപ്പിച്ചതും, പിഎസ്എല്‍വിയുടെ വിക്ഷേപണത്തീയതി കുറിക്കാനും അവയുടെ മാതൃക പൂജിക്കാനുമായി ഗവേഷക സംഘം തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്ക് ഓടിയതും ഒക്കെ ഹിന്ദുത്വ വക്താക്കളുടെ ശാസ്ത്ര നിഷേധങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പുത്തന്‍ വിദ്യാഭ്യാസ നയങ്ങളുടെ അന്തഃസ്സത്തപോലും ആധുനിക മതനിരപേക്ഷ-ശാസ്ത്ര ബോധ്യങ്ങളോടുള്ള നിഷേധമായി മാറുന്നതും നമുക്ക് കാണാന്‍ കഴിയും.
ഈയൊരു പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ മേഖലയെ ഇന്നുകാണുന്ന തരത്തിലുള്ള അധഃപതനത്തിലേക്ക് എത്തിച്ചതിന്റെ കാരണങ്ങളെ വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ.