ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യം ഞെട്ടിയ ഭീകരാക്രമണം നടന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷം സന്ദര്‍ശിച്ച സ്ഥലം ഏതാണ്?. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ഓടി ചെന്നത് കശ്മീരില്‍ കാലുകുത്തുന്നതിന് മുമ്പേയാണ്. തന്റെ അച്ഛനടക്കം കശ്മീരില്‍ ഭീകരരാല്‍ കൊല്ലപ്പെട്ട ഇടത്ത് പ്രധാനമന്ത്രി എത്തുമെന്ന് കരുതിയിരുന്ന ഒരു കുട്ടി തന്റെ നിരാശ പങ്കുവെയ്ക്കുന്ന വീഡിയോയും രാജ്യം കണ്ടു. എന്നിട്ടും രാജ്യത്തെ ഗോദി മീഡിയ പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുകയാണ്. അതിദേശീയതയുടെ മറവിലിരുന്നു അത് മുതലെടുത്ത് രാജ്യത്തെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉത്തരം പറയാതെ രക്ഷപ്പെടുന്ന ചോദ്യങ്ങള്‍ ഒരു കുട്ടിയുടെ നാവില്‍ നിന്ന് പോലും പുറത്തേക്ക് വരുന്നുണ്ട്. മതവികാരവും ഭരണവും കൂട്ടിച്ചേര്‍ത്ത് സ്വയം ഉണ്ടാക്കിയെടുത്ത ഇമ്മ്യൂണിറ്റിയിലും ചോദ്യം ചോദിക്കപ്പെടാതെയിരിക്കാന്‍ തിരിച്ചടിക്കുമെന്ന വീരോചിത വാക്കുകളിലും എത്ര അനായാസമായാണ് ഒരു ഭരണകൂടം അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നത്. മറ്റെവിടെ കാണാനാകും ആഭ്യന്തരമന്ത്രിക്ക് മേല്‍ സുരക്ഷ വീഴ്ചയുടെ പഴിയില്ലാത്ത ഇത്തരമൊരു സാഹചര്യം.
മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും ആഭ്യന്തരമന്ത്രിയ്ക്ക് ഇന്റലിജന്‍സ് വീഴ്ചയുടെ കാര്യത്തില്‍ മഉത്തരം പറയാന്‍ മാധ്യമങ്ങളുടെ മുന്നില്‍ കടുത്ത ചോദ്യങ്ങള്‍ അഭിമുഖീകരിച്ചു ഇരിക്കേണ്ടി വരുമായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി മഹുവ മോയ്ത്ര കുറിച്ചിരുന്നു. ഇവിടെ ഗോദി മീഡിയ അദ്ദേഹത്തെ ദൈവമാക്കി ചിത്രീകരിക്കുന്ന തിരക്കിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആ കുട്ടിയുടെ ചോദ്യങ്ങളും പ്രതിപക്ഷത്തിരിക്കുന്ന മഹുവ മോയ്ത്രയുടെ ചോദ്യങ്ങളും മോദി ഭക്തര്‍ വിട്ടുകളയും, പക്ഷേ 2012ല്‍ നരേന്ദ്ര മോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രി അന്നത്തെ പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇന്നത്തെ പ്രധാനമന്ത്രിയ്ക്കും ഉത്തരം പറയാം. കണ്ണടച്ച് ഇരുട്ടാക്കുമുമ്പ് മോദി ഭക്തര്‍ ആ മുഖ്യമന്ത്രി മോദിയുടെ ചോദ്യമെങ്കിലും പ്രധാനമന്ത്രി മോദിയോട് ചോദിക്കണം.
എങ്ങനെ തീവ്രവാദികള്‍ ഇന്ത്യയ്ക്കുള്ളില്‍ വന്നുവെന്ന്? അതിര്‍ത്തി മുഴുവന്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലേ എന്ന്?. പണ വിനിമയമെല്ലാം നിങ്ങള്‍ നിയന്ത്രിക്കുന്ന ആര്‍ബിഐയുടെ കൈയിലല്ലേ? എന്നിട്ടും അവര്‍ക്കെങ്ങനെ പണം കിട്ടുന്നു?.
ഇതെല്ലാം 2012ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനോട് നരേന്ദ്ര മോദി ചോദിച്ചതാണ്. ഇതേ ചോദ്യങ്ങള്‍ എന്തുകൊണ്ടാണ് മോദിയ്ക്ക് നേര്‍ക്ക് വരാന്‍ പാടില്ലെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുള്ളത്?. വെട്ടുകിളി കൂട്ടങ്ങളെ പോലെ കമന്റ് ബോക്‌സില്‍ തെറിവിളിക്കാനും അശ്ലീലം വിളമ്പാനും ഒരു കൂട്ടര്‍ പ്രത്യേക പിആര്‍ ഏറ്റെടുത്ത് നടക്കുന്നത് പ്രധാനമന്ത്രിയ്ക്ക് നേരെ ചോദ്യം പാടില്ലെന്ന് ആജ്ഞാപിച്ചാണ്.
അതിര്‍ത്തിയില്‍ നിന്ന് കിലോ മീറ്ററുകള്‍ ഇപ്പുറത്തേക്ക് എങ്ങനെ ആയുധധാരികളായ തീവ്രവാദികള്‍ എത്തിയെന്ന ചോദ്യത്തിനും അവരെങ്ങനെ ആരുടേയും കണ്ണില്‍പ്പെടാതെ രക്ഷപ്പെട്ടു ഒളിഞ്ഞിരിക്കുന്നുവെന്ന ചോദ്യത്തിനും ഉത്തരം വേണ്ടേ?. പഹല്‍ഗാമിലെ സുരക്ഷ വീഴ്ച എങ്ങനെയെന്ന കാര്യത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരം പറയേണ്ടതില്ലേ?. സുരക്ഷ വീഴ്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ആര്‍ക്കാണ്?
1956ല്‍ – ലാല്‍ ബഹാദൂര്‍ ശാസ്ത്രിജി ഇന്ത്യയുടെ റെയില്‍വേ മന്ത്രിയായിരുന്ന കാലം തമിഴ്നാട്ടിലെ അരിയല്ലൂരില്‍ ഉണ്ടായ ഒരു ട്രെയിന്‍ അപകടത്തില്‍ 140-ലധികം പേര്‍ മരിച്ച സംഭവമുണ്ടായി. ആരും കുറ്റപ്പെടുത്തിയില്ലെങ്കില്‍ പോലും മനഃസാക്ഷിയും ധാര്‍മ്മിക ബോധവും മൂലം ശാസ്ത്രി രാജിവെച്ചു. അത്രയും വലിയ നേതാക്കളിലേക്ക് പോയില്ലെങ്കില്‍ പോലും ഇക്കാലത്ത് സംഭവിച്ച ഒരു കാര്യം പറയാതെ പോവാനാവില്ല. 2008ല്‍ മുംബൈ ഭീകരാക്രമണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തൊരു ആഭ്യന്തര മന്ത്രി ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ശിവ്‌രാജ് വി പാട്ടീല്‍. സുരക്ഷ വീഴ്ചയായിരുന്നു പാട്ടീലിന്റെ രാജിക്ക് പിന്നില്‍
ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളോട് കേന്ദ്രസര്‍ക്കാര്‍ തുറന്നുസമ്മതിച്ച വാചകങ്ങളിലുമുണ്ട് പഹല്‍ഗാമിലെ സുരക്ഷ വീഴ്ച. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം സുരക്ഷ വീഴ്ചയില്‍ ചോദ്യം ഉയര്‍ത്തുമ്പോഴും കശ്മീര്‍ വിഷയത്തില്‍ ഭരണകൂടത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ അപ്പോഴും ഉടനെ നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം പിടിക്കാനുള്ള വ്യഗ്രതയില്‍ നമോ ട്രെയിന്‍ ഉദ്ഘാടനം ചെയ്ത് ബിഹാറില്‍ 13840 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നല്‍കി ബിജെപി ഭരിച്ച സംസ്ഥാനങ്ങളേയും പ്രത്യേകം കടാക്ഷിക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവിടേയും കാണാന്‍ കഴിഞ്ഞു.
ഈ കോടികളുടെ കണക്കൊക്കെ കേള്‍ക്കുമ്പോള്‍ അര്‍ണാബ് ഗോസ്വാമിയുടെ ചാനലില്‍ വന്നിരുന്നു മുന്‍ മേജര്‍ ജനറലും പ്രതിരോധ വിദഗ്ധനുമായ ജി ഡി ബക്ഷി പറഞ്ഞ കാര്യങ്ങള്‍ കൂടി ഓര്‍ക്കണം. 1,80,000ത്തോളം സൈനികരുടെ കുറവ് ഇപ്പോഴും സേനയിലുണ്ടെന്ന്. പണം ലാഭിച്ച് പൗരന്‍മാരെ കൊലക്ക് കൊടുക്കുകയാണോ നിങ്ങളെന്നും മുന്‍ മേജര്‍ ജനറല്‍ ചോദിക്കുന്നുണ്ട്. മൂന്നുവര്‍ഷം കശ്മീരില്‍ പോരാടിയ ആളാണ് താനെന്നും ആ ഏരിയ മുഴുവന്‍ നമ്മുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഇപ്പോഴോ, അവിടെ ആവശ്യം വേണ്ട സൈനികരെ രണ്ടു സെക്ടറുകളിലായി വിഭജിച്ചിരിക്കുന്നുവെന്നും ബക്ഷി ചൂണ്ടിക്കാണിക്കുന്നു. അവിടങ്ങളില്‍ സൈനികശക്തി അത്രയൊന്നും വേണ്ടെന്ന് ആര്‍ക്കൊക്കെയോ തോന്നിയതിന്റെ ഫലമാണിതെന്നും ആരുടെ ബുദ്ധിയാണിതെന്നും മുന്‍ മേജര്‍ ജനറല്‍ ചോദിക്കുന്നുമുണ്ട്.
ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഇല്ലെങ്കിലും വ്യാഴാഴ്ചത്തെ സര്‍വ്വകക്ഷി യോഗത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് കാരണമായത് വീഴ്ചകളാണെന്ന് കേന്ദ്രം സമ്മതിച്ചു. ഭരണകൂടത്തെ അറിയിക്കാതെയാണ് പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വിനോദസഞ്ചാരികള്‍ക്ക് വഴി തുറന്നുകൊടുത്തതെന്നും അതിനാല്‍ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടില്ലെന്നും സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാക്കളോട് കേന്ദ്രം പറഞ്ഞതായി വാര്‍ത്തയുണ്ട്. ഇന്റലിജന്‍സ്, സുരക്ഷാ വീഴ്ചകള്‍ ഉണ്ടായെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് ‘ആക്രമണം തടയാന്‍ കഴിയാതിരുന്നതിനാലാണ് ഈ യോഗം വിളിക്കേണ്ടി വന്നത്’ എന്നാണ്. ഇതെല്ലാം അവിടെ നില്‍ക്കുമ്പോഴും ബിഹാറിലെ തിരഞ്ഞെടുപ്പ് റാലി മുഴച്ചുതന്നെ നില്‍ക്കും.
രണ്ട് വര്‍ഷത്തോളമായി കലാപം തുടരുന്ന മണിപ്പൂരില്‍ കാലുകുത്താത്ത പ്രധാനമന്ത്രി കശ്മീരിലേക്ക് എന്ന് എത്തുമെന്ന് അറിയില്ലെങ്കിലും ബിഹാറിന്റെ മണ്ണില്‍ നിന്ന് ഇംഗ്ലീഷില്‍ എല്ലാവര്‍ക്കും കേള്‍ക്കാനായി പറഞ്ഞ വാചകങ്ങള്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതാണ്.
ഇന്ന്, ബീഹാറിന്റെ മണ്ണില്‍ നിന്ന്, ഞാന്‍ ലോകത്തോട് മുഴുവന്‍ പറയുന്നു, ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെയും നമ്മള്‍ അവരെ പിന്തുടരും.
ഈ വാചകങ്ങള്‍ക്കപ്പുറം സര്‍ക്കാരെടുക്കുന്ന ഏത് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷവും കശ്മീരിലെ സംസ്ഥാന സര്‍ക്കാരും പിന്തുണ നല്‍കിയിട്ടുണ്ട്. അപ്പോഴും ചോദ്യങ്ങള്‍ ചോദിക്കപ്പെടാതിരിക്കാനായി അതി ദേശീയതയില്‍ ഇരുപ്പുറപ്പിക്കുന്നവരുടെ സംഘപരിവാരം കശ്മീരികളേയും മുസ്ലീങ്ങളേയും വേട്ടയാടാനും വിദ്വേഷ പ്രചാരണത്തിന്റെ വിഷം ചീറ്റാനും സോഷ്യല്‍ മീഡിയകളിലടക്കം പാഞ്ഞുനടക്കുന്നുണ്ട്.