ഉള്ളിലും പുറത്തും പ്രതിരോധത്തിനും പോരാട്ടത്തിനും അതിഷി; കെജ്‌രിവാളിന്റെ ഡമ്മി മുഖ്യമന്ത്രിയാകുമോ? പുത്തൻ പാത തീർക്കുമോ?

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി അധികാരമേൽക്കുമ്പോൾ അവരെ കാത്തിരിക്കുന്നത് വലിയ കടമ്പകളാണ്. നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ തന്നെ കെജ്‌രിവാളിന്റെ കയ്യിലെ പാവയെന്നും ഡമ്മി മുഖ്യമന്ത്രിയെന്നുമൊക്കെയുള്ള വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ നിന്നുൾപ്പെടെ ഉയരുമ്പോൾ അത്ര എളുപ്പമാകില്ല അതിഷിയുടെ തലസ്ഥാന ഭരണം.

ലഫ്റ്റനന്‍റ് ഗവര്‍ണറുമായും കേന്ദ്രസര്‍ക്കാരുമായും പോരാടി വേണം പദ്ധതികളേറെയും നേടാന്‍. മാത്രമല്ല, മുതിര്‍ന്നവരെ മാറ്റി നിര്‍ത്തി അതിഷിയെ മുഖ്യമന്ത്രിയാക്കിയതില്‍ പാർട്ടിക്കുള്ളിൽ അതൃപ്തി ഉള്ളവരും ഉണ്ട്. മുന്നോട്ട് പോകണമെങ്കിൽ അവരെയും ഒപ്പം കൂട്ടേണ്ടതുണ്ട്. എന്നാൽ അതിഷിക്ക് ഇതൊക്കെ പക്വമായ ഇടപെടലിലൂടെ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മദ്യ അഴിമതിക്കേസിന്റെ പ്രതിസന്ധിയിൽ പോലും ഡല്‍ഹി ഭരണത്തിന്റെ നെടുംതൂണായി സധൈര്യം നിന്ന നേതാവാണ് അതിഷി. കെജ്‌രിവാളിന്റെ അഭാവത്തിൽ പാർട്ടിയുടെയും ഭരണത്തിന്റെ കടിഞ്ഞാൺ നിയന്ത്രിച്ചത് അതിഷിയാണ്. മാധ്യമങ്ങൾക്ക് മുൻപിൽ വാർത്താ സമ്മേളനങ്ങൾ നടത്തി ആം ആദ്മിയുടെ വക്താവായി നിന്നതും പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ പ്രതിരോധിച്ചതും അതിഷിയുടെ നേതൃ പാടവം എടുത്തുകാണിക്കുന്നതാണ്. അരവിന്ദ് കെജ്‌രിവാൾ ജയിലിൽ അടയ്ക്കപ്പെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തി ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ അതിഷി എന്ന 43 വയസുകാരിയെ കുറിച്ച് കൂടുതൽ അറിയാം.

കെജ്‌രിവാൾ മന്ത്രി സഭയിലെ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന മന്ത്രിയാണ് അതിഷി. എഎപിയുടെ ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് അതിഷി. ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു അതിഷിയുടെ അച്ഛനമ്മമാര്‍. ഡല്‍ഹിയില്‍ ജനിച്ച അതിഷി, സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശാലൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ആന്ധ്ര പ്രദേശിലെ റിഷിവാലി സ്കൂളിൽ അധ്യാപികയായി ജോലി ആരംഭിച്ച അതിഷി പിന്നീട് സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയായി. മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഗ്രാമത്തില്‍ ജൈവകൃഷിയുമായി മുന്നോട്ട് പോയിരുന്ന അവർ സന്നദ്ധ സംഘടന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയായി തലസ്ഥാനത്ത് എത്തിയ അതിഷി നിര്‍ഭയ സംഭവത്തെത്തുടർന്ന് നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തു.

പിന്നീട് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിലടക്കം അതിഷി അംഗമാവുകയും ആം ആദ്മി പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമാകുകയും ചെയ്തു. 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ഡൽഹി ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ഗൗതം ഗംഭീറിനെതിരെ ആയിരുന്നു അതിഷിയുടെ ആദ്യ രാഷ്ട്രീയ പോരാട്ടം. ആ തിരഞ്ഞെടുപ്പിൽ 4.77 ലക്ഷം വോട്ടുകൾക്ക് ഗംഭീറിനോട് പരാജയപ്പെട്ടെ അതിഷി 2020 ൽ സൗത്ത് ഡൽഹിയിലെ കൽകാജി മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി ആദ്യമായി ഡൽഹി നിയമസഭയിൽ എത്തി. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം, എഎപിയുടെ ഗോവ ഘടകത്തിന്റെ ചുമതലക്കാരിയായും അതിഷിയെ പാർട്ടി നിയോഗിച്ചു.

മദ്യനയ അഴിമതിയാരോപണ കൊടുങ്കാറ്റിൽ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും എഎപി മന്ത്രിസഭയിൽനിന്നു രാജിവച്ചതോടെ 2023 ലാണ് അതിഷി മന്ത്രി പദത്തിലേക്ക് എത്തുന്നത്. നിർണായകമായ വിദ്യാഭ്യാസം, ടൂറിസം, പൊതുമരാമത്ത്, സാംസ്കാരിക വകുപ്പുകളുടെ ചുമതലയാണ് അതിഷിക്ക് ലഭിച്ചത്. രാജ്യതലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിൽ അതിഷി വഹിച്ച നിർണായക പങ്ക് ചർച്ചയാവുകയും ചെയ്തിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ച ആപിന്റെ പ്രകടനപത്രിക തയ്യാറാക്കിയ മൂന്ന് പേരിലൊരാളും അതിഷിയാണ്.

ക്രിസ്തുമത വിശ്വാസിയായ വിദേശിയായാണ് ബിജെപി അതിഷിയെ മുദ്ര കുത്തുന്നത്. അതിന് കാരണം അതിഷിയുടെ പേരിനൊപ്പം ഉണ്ടായിരുന്ന മാർലേന എന്ന പേരാണ്. മാർലേന എന്ന പേരു ഭാരതീയമല്ലെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. എന്നാൽ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു അതിഷിയുടെ അച്ഛനമ്മമാര്‍ കാള്‍ മാര്‍ക്സിലെ ‘മാര്‍’ ഉം വ്ലാഡിമിര്‍ ലെനിനിലെ ‘ലെന’യും ചേർത്താണ് മാർലേന എന്ന പേര് അതിഷിക്ക് നൽകിയത്. എന്നാൽ പിന്നീട് 2018 ഓഗസ്റ്റിൽ ‘മാർലെന’ എന്ന ഭാഗം തന്റെ പേരിൽ നിന്ന് അതിഷി ഉപേക്ഷിച്ചു. പ്രവീൺ സിങ്ങാണ് അതിഷിയുടെ ഭർത്താവ്.

ഡൽഹി നിയമസഭയിലെ അതിഷിയുടെ പ്രസംഗങ്ങൾ എതിരാളികളെ പോലും നിശ്ശബ്ദരാക്കിയിട്ടുണ്ട്. സ്വാതി മാലിവാളിന്റെ പ്രശ്നം വന്നപ്പോഴും കെജ്‌രിവാൾ ജയിലിൽ ആയപ്പോഴും നെടുംതൂണായി നിന്ന് അതിഷി പാർട്ടിയെ താങ്ങി നിർത്തി. അതിനാൽ തന്നെ എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേ‍ജ്‌രിവാള്‍ തന്നേയായിരുന്നു തന്റെ പിൻഗാമിയായി അതിഷിയുടെ പേരു നിർദേശിച്ചത്. സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം തലസ്ഥാനത്തെ നയിക്കാന്‍ ഒരു വനിത എത്തുമ്പോൾ, രാജ്യമൊന്നാകെ അതിഷിയുടെ ഇനിയുള്ള നീക്കങ്ങളെ ആകാംക്ഷയോടെയാണ് നോക്കുന്നത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു