സ്പീക്കര്‍ സ്ഥാനം വിട്ടുകൊടുക്കാതിരിക്കാന്‍ ചര്‍ച്ചകള്‍ക്ക് മേല്‍ ചര്‍ച്ചയുമായി ബിജെപി; പണ്ടത്തെ പോലെ കടുംപിടുത്തം പറ്റില്ല, അനുരഞ്ജനം തന്നെ ശരണം

ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിന് ഉത്തരം തേടി മാരത്തോണ്‍ ചര്‍ച്ചകളിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. കൂട്ടുകക്ഷി സര്‍ക്കാരില്‍ നിര്‍ണായകമായ ടിഡിപിയ്ക്കും ജെഡിയുവിനും ലോക്‌സഭാ സ്പീക്കര്‍ കസേരയില്‍ നോട്ടമുള്ളതിനാല്‍ അനുരഞ്ജനത്തിലൂടെ കാര്യസാധ്യത്തിനായുള്ള ശ്രമത്തിലാണ് ബിജെപി. 2014ലും 19ലും കിട്ടിയ മൃഗീയ ഭൂരിപക്ഷത്തില്‍ ചോദ്യവും പറച്ചിലും ഒന്നും വേണ്ടായിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ അതല്ല. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികളെ പരിഗണിക്കാതെ തരമില്ല. വെട്ടൊന്ന് മുറി രണ്ട് രീതിയില്‍ മേലേ നിന്ന് ഉത്തരവിറക്കുന്ന മോദി- ഷാ രീതി സ്പീക്കര്‍ വിഷയത്തില്‍ ഇക്കുറി നടക്കില്ലെന്ന് കണ്ടു സന്ധി സംഭാഷണത്തിന് മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗിനെ ഇറക്കിയിരിക്കുകയാണ് ബിജെപി നേതൃത്വം.

പാര്‍ലമെന്റിലെ പ്രോട്ടോക്കോളും നടപടിച്ചട്ടങ്ങളുമെല്ലാം പാലിച്ച് പ്രതിപക്ഷത്തെ നിയന്ത്രിച്ച് പാര്‍ട്ടിയ്ക്ക് തട്ടുകേടില്ലാതെ ലോക്‌സഭ നിയന്ത്രിക്കാനുള്ള ഹോട്ട് സീറ്റില്‍ പാര്‍ട്ടിയുടെ ആള്‍ തന്നെ വേണമെന്നതാണ് ബിജെപിയുടെ തിട്ടൂരം. എന്നിരുന്നാലും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയേയും നിതീഷ് കുമാറിന്റെ ജെഡിയുവിനേയും പിണക്കാന്‍ വയ്യ എന്നതാണ് അവസ്ഥ. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ഡല്‍ഹിയിലെ വസതിയിലാണ് നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയുടേയും സഖ്യകക്ഷികളുടെയും യോഗത്തില്‍ കേന്ദ്രമന്ത്രിമാരടക്കം നിര്‍ണായക നേതൃനിര പങ്കെടുക്കുന്നുണ്ട്. 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പിന് പിന്നാലെ സുമിത്ര മഹാജനെയും ഓം ബിര്‍ളയെയും ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ ബിജെപിക്ക് വലിയ വെല്ലുവിളികളൊന്നുമുണ്ടായിരുന്നില്ല. കാരണം ആരുടേയും പിന്തുണ ഇല്ലെങ്കിലും അവിശ്വാസത്തില്‍ വീഴാതെ സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താന്‍ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയ്ക്ക് അംഗബലമുണ്ടായിരുന്നു. ഇത്തവണ പക്ഷേ അത് നടപ്പില്ല.

240 സീറ്റുകളുള്ള മോദിയുടെ പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്, പക്ഷേ കേവല ഭൂരിപക്ഷത്തിന് 32 അംഗങ്ങള്‍ കുറവാണ്. മോദിയ്ക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും ആശ്രയിക്കാതെ തരമില്ല. ഒരുപാട് സമ്മര്‍ദ്ദം ഇരുകൂട്ടരേയും ചെലുത്തുക വയ്യ. പണ്ട് ജയലളിത വാജ്‌പേയ് സര്‍ക്കാരിനെ വീഴ്ത്തിയത് ബിജെപിയ്ക്ക് ഓര്‍ക്കാതെ തരമില്ല. കാരണം ഇക്കുറി ബിഹാറിലെ നിതീഷ് കുമാര്‍ എന്തിനും എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി മോദിയ്‌ക്കൊപ്പമുണ്ടെന്ന് ഇടയ്ക്കിടെ പറയുന്നത് തന്നെ ബിജെപിയെ വിറപ്പിക്കുന്നുണ്ട്. എങ്ങോട്ട് ചാടാനും മടിയില്ലാത്തെ പഴയ സോഷ്യലിസ്റ്റ് നേതാവ് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തിന് കടുംപിടുത്തം പിടിക്കുന്നില്ലെന്നതാണ് ബിജെപിയുടെ ആശ്വാസം. എന്നാല്‍ പണ്ട് അണ്ണാഡിഎംകെ ബിജെപി സര്‍ക്കാരിനെ വീഴ്ത്തിയത് പോലൊരു പണി തെക്കിനിന്നുള്ള ടിഡിപിയുടെ ഭാഗത്ത് നിന്നുണ്ടാകുമോയെന്നും ബിജെപി ഭയക്കുന്നുണ്ട്. കാരണം നായിഡുവിന്റെ പാര്‍ട്ടിയ്ക്ക് താല്‍പര്യമുള്ള സ്പീക്കര്‍ സ്ഥാനം പിടിച്ചെടുത്താല്‍ അത് സഖ്യത്തിനെ ഇടങ്ങേറാക്കുമോയെന്ന അസ്വസ്ഥത തന്നെ.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി മുന്നോട്ടുവച്ച വ്യവസ്ഥയില്‍ സ്പീക്കര്‍ പദവിയും ഉള്‍പ്പെട്ടിരുന്നു. പക്ഷേ 2019 മുതല്‍ 24 വരെ കയ്യിലുണ്ടായിരുന്ന സ്പീക്കര്‍ പദവി മൂന്നാമതും അധികാരത്തില്‍ വന്നതിന് പിന്നാലെ കൈവിട്ടുകളയാന്‍ ബിജെപിയ്ക്ക് മനസില്ല. പ്രതിപക്ഷം ശക്തരായിരിക്കുന്ന ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി മോദിയ്ക്കും അമിത് ഷായ്ക്കും സഭയ്ക്കുള്ളില്‍ പണ്ടത്തെപോലെ മൈക്ക് ഓഫാക്കലും ഭരണപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളിയും കൊണ്ടുമാത്രം പ്രതിപക്ഷത്തെ തളയ്ക്കാനാവില്ല. കാരണം അവിടേയും അംഗബലം കൂടുതലാണ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ സഭയില്‍ ബലാബലമാണ് ഭരണപക്ഷവും പ്രതിപക്ഷവും. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സ്ഥാനം ബിജെപിയെ സംബന്ധിച്ചും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

കാരണം തൂക്കുമന്ത്രിസഭയാണെന്ന് ഇരിക്കെ അയോഗ്യതയുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ സ്പീക്കറുടേതാവും അന്തിമ തീരുമാനം എന്നുകൂടി കണ്ടാണ് ബിജെപി സ്പീക്കര്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ നില്‍ക്കുന്നത്. ഇത് തന്നെയാണ് അപ്പുറത്ത് നായിഡുവിന്റെ ചിന്തയും. തെക്ക് പിടിക്കാന്‍ നടക്കുന്ന ബിജെപിയ്ക്ക് ആന്ധ്ര നല്‍കിയ സംസ്ഥാന ഭരണത്തിലെ പങ്കാളിത്തവും എംപിമാരും കാരണം ആന്ധ്രയില്‍ നിന്നൊരു സ്പീക്കറുടെ പേരും ബിജെപി കണ്ടുവെച്ചിട്ടുണ്ട്. ഒപ്പം ചരിത്രത്തിലാദ്യമായി സംസ്ഥാന ഭരണം തന്ന ഒഡീഷയില്‍ നിന്നും ഒരു സ്പീക്കര്‍ എന്ന ചിന്ത താമര പാര്‍ട്ടിയ്ക്കുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാന നേതാക്കളായ ഡി പുരന്ദേശ്വരി, ഭത്രുഹരി മഹ്താബ് എന്നിവരെയാണ് പാര്‍ട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കണ്ടിട്ടുള്ളത്. ഈ സംസ്ഥാന ഘടകങ്ങളോടുള്ള നന്ദിസൂചകമായാണ് ഈ നീക്കമത്രേ.

എന്തായാലും പ്രോടേം സ്പീക്കറായി തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷാണ് സഭയെ നിയന്ത്രിക്കുക. പാര്‍ലമെന്റിലെ ഏറ്റവും കാലം എംപി സ്ഥാനം വഹിച്ച നിലവിലെ അംഗം മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷാണ്. സാമാജികര്‍ക്ക് അടുത്ത ആഴ്ച കൊടുക്കുന്നില്‍ സുരേഷ് സത്യവാചകം ചൊല്ലിക്കൊടുക്കും. ജൂണ്‍ 26ന് അകം സ്പീക്കറുടെ കാര്യത്തില്‍ എന്‍ഡിഎയ്ക്കുള്ളില്‍ സമവായം ഉണ്ടാകുമെന്നാണ് സൂചന. ഏകപക്ഷീയ തീരുമാനത്തിനപ്പുറം അനുരഞ്ജനത്തിന്റെ വഴിയിലേക്ക് ബിജെപി എത്തിയെന്നതിന്റെ തുടക്കം കൂടിയാണ് ഈ സമവായ ചര്‍ച്ചകള്‍.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍