നിതീഷ് കണ്‍വീനറാകുമോ?, ഇന്ത്യ മുന്നണിയുടെ മൂന്നാം മീറ്റിംഗ് നിര്‍ണായകം

ആരാകും ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍?. 2024 തെരഞ്ഞെടുപ്പില്‍ എന്‍ഡിയ്‌ക്കെതിരെ പ്രതിപക്ഷം ഒന്നിച്ച് അണിനിരക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്ന ചോദ്യം ഇതാണ്. പലകുറി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേര് ആ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടു. ഇപ്പോള്‍ ആ സാധ്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ ബിഹാറിലെ തന്നെ നേതാവ് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പറയുന്നു ഒന്നിലധികം കണ്‍വീനര്‍മാര്‍ക്കുള്ള സാധ്യതയാണ് ഇന്ത്യ മുന്നണി തേടുന്നതെന്ന്. മൂന്ന്- നാല് സംസ്ഥാനങ്ങളുടെ തലപ്പത്തേക്ക് ഒരാള്‍ എന്ന നിലയില്‍ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ മുന്നണി ആലോചിക്കുന്നതെന്ന്.

മോദി ഹഠാവോ, ദേശ് ബചാവോ, മോദിയെ നീക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ലാലു പ്രസാദ് യാദവ് ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ മുന്നണി ലക്ഷ്യമിടുന്നത് 2024 പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തോല്‍പ്പിക്കുക എന്നതാണ്, അതിന് വേണ്ടി തന്ത്രമെനയുന്ന മുന്നണി തങ്ങളുടെ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്ത് എത്ര നേതാക്കളെ വേണമെങ്കിലും തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നിങിന്റെ ചുമതലയേല്‍പ്പിക്കും. ജയം മാത്രമാണ് പ്രതീക്ഷിക്കുന്നത് അതിനുള്ള വിട്ടുവീഴ്ച മനോഭാവം ഏവര്‍ക്കുമുണ്ട്.

ഇന്ത്യ മുന്നണിയുടെ മൂന്നാം മീറ്റിംഗ് ഈ മാസാവസാനം മുംബൈയില്‍ ചേരുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ കണ്‍വീനറുടെ കാര്യത്തില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ലാലു വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യ മുന്നണി ആരെ ഉയര്‍ത്തിക്കാട്ടുമെന്ന ചോദ്യത്തിന് അതെല്ലാം തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനിക്കുവെന്ന് ലാലു വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കല്ലേ സാധ്യത കൂടുതലെന്ന ചോദ്യത്തിന് രാഹുല്‍ ജി ആയാലും മറ്റാരായാലും അതെല്ലാം തെരഞ്ഞെടുപ്പിന് ശേഷം മാത്രം തീരുമാനിക്കും.

‘ഇപ്പോള്‍ ഇന്ത്യ മുന്നണിയിലെ എല്ലാവരും ജനാധിപത്യത്തേയും നമ്മുടെ ഭരണഘടനയേയും സംരക്ഷിക്കാനാണ് ഒന്നിച്ചു നില്‍ക്കുന്നത്. ഞങ്ങള്‍ ഒന്നിച്ചു തന്നെ നില്‍ക്കും, ഇതൊരു ജീവന്മരണ പോരാട്ടമാണ്’.

ബിഹാറിലെ പഴയ പടക്കുതിര ഇപ്പോഴും വീര്യം ചോരാത്ത വാക്കുകളാല്‍ പറയുന്നു. 26 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ത്യ മുന്നണിയിലുള്ളത്. 80 നേതാക്കളാണ് ഇന്ത്യ മുന്നണിയുടെ മീറ്റിംഗില്‍ പങ്കെടുക്കുക, അവരില്‍ അഞ്ച് മുഖ്യമന്ത്രിമാരും അടങ്ങുന്നുണ്ട്. ഓഗസ്ത് 31നും സെപ്തംബര്‍ ഒന്നിനും നടക്കുന്ന യോഗത്തിനായി മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സഖ്യം തയ്യാറെടുപ്പുക്കള്‍ അവസാനഘട്ടത്തിലേക്കാക്കുകയാണ്. ശിവസേന യുബിടി തലവന്‍ ഉദ്ദവ് താക്കറേയും എന്‍സിപി തലവന്‍ ശരദ് പവാറും കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ നാന പടോളെയുമെല്ലാം പലതവണ ഇന്ത്യ മുന്നണി യോഗ കാര്യങ്ങള്‍ ഒരുക്കുന്നതിനായി പരസ്പരം മീറ്റിംഗുകള്‍ നടത്തി.

ഇന്ത്യ മുന്നണിയ്ക്കായി ഒരു ലോഗോയും മുംബൈ യോഗത്തില്‍ അനാവരണം ചെയ്യുമെന്നാണ് മഹാവികാസ് അഘാടി സഖ്യം പറയുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ് അഘാടി സഖ്യത്തിന്റെ സര്‍ക്കാരിനെ താഴെ വീഴ്ത്തി സഖ്യത്തിലെ രണ്ട് പാര്‍ട്ടികളെ പിളര്‍ത്തി ബിജെപി കളിച്ച രാഷ്ട്രീയ കളിക്ക് മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് മൂന്ന് കൂട്ടരും.

മുംബൈയിലെ യോഗത്തില്‍ മുന്നണിയുടെ ഒരു പൊതു അജന്‍ഡ രൂപീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. ബംഗലൂരുവില്‍ നടന്ന രണ്ടാം മുന്നണി യോഗത്തിലാണ് പ്രതിപക്ഷ ഐക്യനിര ‘ഇന്ത്യ’ എന്ന പേര് സ്വീകരിച്ചത്. പുത്തന്‍ തന്ത്രങ്ങളുമായി പ്രതിപക്ഷ ഐക്യത്തിന്റെ ആദ്യയോഗം ബിഹാറിലായിരുന്നു. മഹാവികാസ് അഘാടി സഖ്യത്തിന്റെ മുന്‍നിര നേതാക്കളും എംപിമാരുമെല്ലാം തന്നെ മുംബൈ പൊലീസ് സേനയിലെ ഉന്നതരെ കണ്ട് യോഗത്തിനുള്ള അനുമതി ഉറപ്പാക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ കളിയാക്കുന്ന കുടുംബ പാര്‍ട്ടി ലേബലുകളില്‍ കടുത്ത രീതിയില്‍ തന്നെ ബംഗലൂരൂ യോഗത്തില്‍ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ മറുപടി നല്‍കിയിരുന്നു. ഈ രാജ്യമാണ് ഞങ്ങളുടെ കുടുംബമെന്നും അതിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നതെന്നും അന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. എന്തായാലും ആ കുടുംബ പരാമര്‍ശവും പ്രതിപക്ഷത്തിന്റെ നീക്കങ്ങളും മോദി സര്‍ക്കാരിനെ സ്വാധീനിച്ചെന്നു വേണം കരുതാന്‍. കാരണം കുടുംബം എന്ന കാര്യത്തിലേക്ക് അഭിസംബോധന വഴി പ്രധാനമന്ത്രിയും ചേക്കേറിയിട്ടുണ്ട്. ഇക്കുറി സ്വാതന്ത്രദിനത്തില്‍ ആ കുടുംബ സ്‌നേഹം പ്രകടവുമാക്കിയരുന്നു മോദി.

മേരേ പ്യാരേ ദേശവാസിയോം എന്ന സ്ഥിരം അഭിസംബോധന മാറ്റിപ്പിടിച്ച് മേരേ പ്രിയ പരിവാര്‍ ജന്‍ എന്നാക്കിയാണ് പ്രധാനമന്ത്രി രാജ്യത്തെ സ്വാതന്ത്ര്യദിനത്തില്‍ അഭിസംബോധന ചെയ്തത്. 140 കോടി ഇന്ത്യക്കാരെ അദ്ദേഹം തന്റെ കുടുംബക്കാരായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഉദ്ദവ് താക്കറെയുടെ കുടുംബ പരാമര്‍ശത്തിലെ കടുപ്പത്തില്‍ ശൈലി മാറ്റിപ്പിടിച്ചതാണോയെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.

എന്തായാലും ഇന്ത്യ മുന്നണി ചുവടുറപ്പിക്കുമ്പോള്‍ ബിജെപിയും അജന്‍ഡ എങ്ങനെ മാറ്റുമെന്ന കാര്യത്തില്‍ നെട്ടോട്ടമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി എറിഞ്ഞു നോക്കിയ ഏകസിവില്‍ കോഡ് ഏറ്റില്ലെന്ന് കണ്ടതോടെ പുതിയ പ്രചരണ തന്ത്രങ്ങളിലേക്ക് കടക്കുകയാണ് ബിജെപി. രാമക്ഷേത്രം ഉപയോഗിച്ച് തീര്‍ന്ന ആയുധമാണെങ്കിലും മേമ്പൊടിക്ക് ചേര്‍ക്കാന്‍ തന്നെയാണ് ബിജെപി നീക്കം. ക്രിമിനല്‍ കോഡ് മാറ്റി ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ മാറ്റിയെന്ന കാര്യം ഉയര്‍ത്തി സ്വദേശി വികാരം ഉയര്‍ത്തി വോട്ട് പിടിക്കാനുള്ള ശ്രമവും ശക്തമാണ്.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും