ആരാകും അടുത്ത മുഖ്യന്‍?, മഹാരാഷ്ട്രയില്‍ തല്ലുതുടങ്ങി!

മഹാരാഷ്ട്രയില്‍ ചാണക്യ തന്ത്രങ്ങള്‍ പയറ്റി അധികാരം പിടിച്ച ബിജെപി ഇപ്പോള്‍ എന്തൊരു തൊന്തരവെന്ന് പാടിനടക്കുകയാണ്. പിളര്‍ത്തി വെട്ടിമുറിച്ച് ഒപ്പം ചേര്‍ത്തവര്‍ക്കൊക്കെ ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറഞ്ഞു ബഹളം തുടങ്ങിയതോടെ മഹാരാഷ്ട്രയില്‍ സമാധാനം പോയ മട്ടിലാണ് ബിജെപി. രാജ്യത്ത് അടുത്ത മാസം നവംബറില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്, പക്ഷേ ആ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയില്ല, മറാത്ത ഭൂമിയില്‍ ഒരു കൊല്ലം കൂടി കഴിഞ്ഞ് അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്. പക്ഷേ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നടക്കുന്നതിനേക്കാള്‍ കാര്യക്ഷമമായാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. മഹാരാഷ്ട്രയിലെ ഭരണപക്ഷത്തില്‍ പിളര്‍ന്നെത്തിയ ശിവസേനയും എന്‍സിപിയും തമ്മിലുള്ള അടിയിപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ്. അടുത്ത കൊല്ലത്തെ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ തങ്ങളുടെ പാര്‍ട്ടി നേതാവ് മുഖ്യമന്ത്രി കസേരയിലെത്തണമെന്ന് കരുതിയാണ് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും അജിത് പവാര്‍ വിഭാഗവും കരുക്കള്‍ നീക്കുന്നത്.

2024 നവംബറിലാണ് മഹാരാഷ്ട്ര അടുത്ത തിരഞ്ഞെടുപ്പിലേക്ക് കടക്കുക. മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരാകും എങ്ങനെ വേണം പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം ആരൊക്കെ ഒപ്പം നില്‍ക്കുമെന്നതടക്കം സങ്കീര്‍ണമായ ചര്‍ച്ചകളും ഒച്ചപ്പാടുമെല്ലാം എന്‍ഡിഎ മുന്നണിയിലും ഓരോ പാര്‍ട്ടിക്കുള്ളിലും നടക്കുന്നുണ്ട്. നിലവില്‍ ശിവസേന പിളര്‍ത്തി ഉദ്ദവ് താക്കറെയെ വിട്ട് ബിജെപി പാളയത്തിലേക്കെത്തിയ ഏക്‌നാഥ് ഷിന്‍ഡെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി. അമ്മാവന്‍ ശരദ് പവാറിനെ തള്ളിപ്പറഞ്ഞു എന്‍സിപി പിളര്‍ത്തി ബിജെപി ചേരിയിലെത്തിയ അജിത് പവാര്‍ മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടാണ് ഇക്കണ്ട പൊല്ലാപ്പെല്ലാം ഉണ്ടാക്കി ചാടിപോന്നത്. ശിവസേനയിലെ അയോഗ്യത തര്‍ക്കം തങ്ങളെ പ്രതികൂലമായി ബാധിച്ചാല്‍ ഉപയോഗിക്കാമെന്ന മട്ടില്‍ പിളര്‍ന്നെത്തിയ എന്‍സിപിയെ കൈവെള്ളയില്‍ വെച്ച് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു.

ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് മുഖ്യമന്ത്രി സംഥാനം നല്‍കിയതില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനും കൂട്ടര്‍ക്കും കടുത്ത അമര്‍ഷമുണ്ടെങ്കിലും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം നടപ്പായി. ബിജെപി ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കി ഉപമുഖ്യമന്ത്രി സ്ഥാനത്തിലേക്ക് ചുരുങ്ങിയത് അടുത്ത തവണ ഈ പിളര്‍ന്ന് നില്‍ക്കുന്നവരുടെ വോട്ട് ബാങ്ക് ചോര്‍ച്ച മുതലെടുത്ത് ഒറ്റയ്ക്ക് ഭരിക്കണമെന്ന തന്ത്രവുമായാണ്. ബിജെപിയ്ക്ക് മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ പിളര്‍ന്നെത്തിയവരൊക്കെ കറിവേപ്പിലയാകും. പ്രാദേശിക പാര്‍ട്ടികളെ പിളര്‍ത്തിയെടുത്ത് വോട്ട് ബാങ്ക് ചിതറിപ്പിച്ച് സ്വന്തം കാര്യം കാണുന്ന ബിജെപി മഹാരാഷ്ട്രയില്‍ കൃത്യമായ അജണ്ടയിലാണ് പ്രവര്‍ത്തിക്കുന്നത്.

അതിനിടയിലാണ് അടുത്ത കുറിയെങ്കിലും തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്ന അജിത് പവാര്‍ ക്യാമ്പിന്റെ ആവശ്യം. ഏക്്‌നാഥ് ഷിന്‍ഡേ വിഭാഗമാണെങ്കില്‍ അനന്തിരവന്‍ പവാറും സംഘവുമെത്തിയതോടെ മുന്നണിയിലെ സ്ഥാനം പോയെന്ന പേടിയില്‍ പവാറിനേയും കൂട്ടരേയും അവഗണിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. അപ്പുറത്ത് മഹാവികാസ് അഘാഡിയെന്ന സഖ്യത്തില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാരിലുണ്ടാകുന്ന പൊട്ടലിലും ചീറ്റലിലും പരിഹാസമുയരുന്നുണ്ട്.

തങ്ങളുടെ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന അജിത് പവാര്‍ പക്ഷക്കാരുടെ ബിജെപി സമ്മര്‍ദ്ദ തന്ത്രത്തെ പരിഹസിച്ച് എന്‍സിപി തലവന്‍ ശരദ് പവാര്‍ പറഞ്ഞത് അജിത് പവാറിന്റെ മുഖ്യമന്ത്രിയാകണമെന്ന സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കുമെന്നാണ്.

‘അതൊരു സ്വപ്‌നം മാത്രമാണെന്ന് തിരിച്ചറിയാതെ പോകും’.

അജിത് പവാറിന് മുഖ്യമന്ത്രിയാവാന്‍ വിധിയുണ്ടെങ്കില്‍ അങ്ങനെ സിഎം ആകുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് അജിത് ക്യാമ്പ് തിരിച്ചടിക്കുന്നത്. എന്തായാലും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേ പണ്ട് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം പറഞ്ഞതു പോലെ രണ്ട് വള്ളത്തില്‍ ചവിട്ടിയുള്ള മറുപടിയാണ് നല്‍കിയത്.

അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെങ്കില്‍ സഹോദരി എന്ന നിലയില്‍ മാലയിട്ട് അനുമോദിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും.

എന്തായാലും സുപ്രിയ ഇത് പറഞ്ഞു നാക്ക് വായിലിടും മുമ്പ് ശരദ് പവാറിന്റെ നിലപാട് മാധ്യമങ്ങള്‍ ചോദിച്ചതോടെ എന്‍സിപി നേതാക്കള്‍ ഉരുണ്ടുകളിച്ചു തുടങ്ങി. മുതിര്‍ന്ന പവാര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ദീര്‍ഘനാളത്തെ എക്‌സിപീരിയന്‍സില്‍ നിന്നാണ് ആ അഭിപ്രായം വന്നതെന്ന് എന്‍സിപിയുടെ പൊളിറ്റിക്കല്‍ മാനേജേഴ്‌സ് തിരുത്തി.

എന്തായാലും പവാര്‍ ചരിതം ഉയരുമ്പോള്‍ ഷിന്‍ഡെ അനുകൂലികള്‍ അടങ്ങിയിരിക്കുമോ?. ഗംഭീര ഭരണം നടത്തുന്ന ഏക്‌നാഥ് ഷിന്‍ഡെ തന്നെ ഇനിയും മുഖ്യമന്ത്രിയായി വരണമെന്ന് ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഷിര്‍സത് പറഞ്ഞു. തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനത്തില്‍ ഭീഷണിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ഉണ്ടാവുമെന്ന് അറിയാവുന്ന ഷിന്‍ഡെ അനുകൂലികള്‍ ഫഡ്‌നാവിസിന് കേന്ദ്രത്തില്‍ ശോഭനമായ ഭാവിയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസിനെ അടക്കം സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളെ 2024 പൊതുതിരഞ്ഞെടുപ്പില്‍ ഇറക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും പദ്ധതിയിടുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഷിന്‍ഡെ വിഭാഗത്തിന്റെ ഈ ചരടുവലി. മഹാരാഷ്ട്ര ഷിന്‍ഡേയുടെ നേതൃത്വത്തിന്‍ കീഴില്‍ വിട്ടു കൊടുത്ത് സമാധാനമായി കേന്ദ്രത്തിലേക്ക് പോകാനാണ് ബിജെപിയുടെ ഉപമുഖ്യമന്ത്രിയോടുള്ള ഷിന്‍ഡേ ശിവസേന ക്യാമ്പിന്റെ ഉപദേശം.

ശിവസേനയിലെ അയോഗ്യതാ തര്‍ക്കത്തില്‍ ഇതുവരേയും ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്നത് കൂടി ഈ അവസരത്തില്‍ ഓര്‍ക്കണം. ഉദ്ദവ് താക്കറെ വിഭാഗവും ഷിന്‍ഡേ വിഭാഗവും തമ്മിലുള്ള തര്‍ക്കം സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ മുന്നിലും കോടതിക്ക് മുന്നിലുമുണ്ട്. പാര്‍ട്ടി പിളര്‍ത്തി ബിജെപിക്കൊപ്പം കൈകോര്‍ത്ത ഷിന്‍ഡെ പക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷമാണ് ആദ്യം സ്പീക്കറെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് ഇരുപക്ഷത്തുമായി ആകെയുള്ള 54 എംഎല്‍എമാരോടും പറയാനുള്ളത് വിശദീകരിച്ച് മറുപടി സമര്‍പ്പിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചിക്കുകയും കഴിഞ്ഞ ദിവസം വാദം നടക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടയിലാണ് അടുത്ത കുറി മുഖ്യമന്ത്രി ആവണമെന്ന് പറഞ്ഞ് ഇപ്പോഴെ ഷിന്‍ഡേ പക്ഷവും അടുത്ത മുഖ്യമന്ത്രി അജിത് പവാറാകുമെന്ന് പറഞ്ഞ് പവാര്‍ പക്ഷവും തല്ലുതുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനമൊക്കെ വിട്ടുകൊടുത്തെങ്കിലും ആത്യന്തികമായി ചരട് ഞങ്ങളുടെ കൈവശമാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍ങ്കുലയുടെ പ്രതികരണം. എല്ലാ പാര്‍ട്ടിക്കാര്‍ക്കും തങ്ങളുടെ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാമെന്നും, എന്തായാലും കാര്യങ്ങളെല്ലാം 2024ലെ ഇലക്ഷന്‍ കഴിഞ്ഞ് പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്നുമാണ് ചന്ദ്രശേഖര്‍ പറഞ്ഞത്. അപ്പോള്‍ ഈ പാര്‍ലമെന്ററി ബോര്‍ഡ് ആരാണെന്ന് സംശയമില്ലല്ലോ. ബിജെപിയുടെ പരമോന്നതാധികാര സമിതിയാണ് പാര്‍ലമെന്റി ബോര്‍ഡ്. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ നരേന്ദ്ര മോദിയും അമിത് ഷായും.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?