നിഷ്‌ക്രിയത്വവും നിഗൂഢ നിശ്ശബ്ദതയും ആരെ സഹായിക്കാന്‍?; വീരവാദങ്ങള്‍ക്കിടയിലെ പൊള്ളത്തരം, പിണറായി സര്‍ക്കാര്‍ 'പൂഴ്ത്തിയ റിപ്പോര്‍ട്ടും' ഉരുണ്ടുകളിയും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അഞ്ച് കൊല്ലം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയതിന്റെ ഞെട്ടലില്‍ നിന്ന ജനങ്ങളോട് ഈ സര്‍ക്കാരും സര്‍ക്കാരിന് വേണ്ടി വീരവാദം മുഴക്കുന്നവരും പറഞ്ഞ ക്യാപ്‌സൂള്‍ ഇങ്ങനെ ഒരു നടപടി ആദ്യമായി സ്വീകരിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നായിരുന്നു. അതില്‍ ആത്മനിര്‍വൃതി അടഞ്ഞവര്‍ മനപ്പൂര്‍വ്വം മറന്നുകളഞ്ഞത് റിപ്പോര്‍ട്ടില്‍ എന്തിന് ഇത്രയും കൊല്ലം ഒരു സര്‍ക്കാര്‍ അടയിരുന്നുവെന്നാണ്. അഞ്ച് കൊല്ലത്തെ സമയത്തിനിടയില്‍ താന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന് പൊങ്ങച്ചം പറഞ്ഞ സാംസ്‌കാരിക മന്ത്രിയും കാര്യങ്ങള്‍ ലളിതമാക്കിയപ്പോള്‍ ഇത് ആര്‍ക്ക് വേണ്ടിയെന്ന ചോദ്യം തികട്ടി വന്നു മലയാളിക്ക്. പിന്നീട് ഹൈക്കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് കേസെടുക്കലെന്ന ‘ബാധ്യത’ ബുദ്ധിമുട്ടോടെ ഈ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇത്രയും ദുരൂഹമായ നടപടികള്‍ ഒരു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും പഴയ വീരകഥകളുടേയും ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിന്റെയും മറവില്‍ ചോദ്യങ്ങളുണ്ടാവില്ലെന്ന് ഊറ്റം കൊള്ളുന്നൊരു ഭരണവും അധികാരികളും ഈ നാട്ടിലുണ്ടെന്നത് ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ അഴകൊഴമ്പന്‍ സര്‍ക്കാര്‍ നയങ്ങളും നിലപാടുകളും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ വന്ന പീഡന പരാതിയും അതില്‍ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പിനുണ്ടായ കാലതാമസവും ഒടുവില്‍ ഹൈക്കോടതി ഇടപെടലില്‍ വെറളി പിടിച്ചുള്ള നടപടികളും കേരളം കണ്ടതാണ്. എന്നിട്ടും അറസ്റ്റ് ഒഴിവാക്കാന്‍ പ്രതിയ്‌ക്കൊപ്പം സംസ്ഥാനത്തെ സന്നാഹങ്ങള്‍ക്കും ഉണ്ടാവുന്ന പ്രത്യേക താല്‍പര്യം ഇന്നിതുവരെ മാറ്റമില്ലാതെ തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും കാരണമായ നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന് കിട്ടിയ പ്രത്യേക പരിഗണനയും വേഗം തീര്‍പ്പാക്കേണ്ട കേസ് വിചാരണ കോടതിയില്‍ ഇഴയുന്ന രീതിയിലേക്ക് എത്തപ്പെട്ട സാഹചര്യങ്ങളുമെല്ലാം കൂട്ടിവായിക്കപ്പെടേണ്ടതാണ്. ഇരയ്ക്ക് കിട്ടാത്തത്ര പരിഗണന എങ്ങനെ പ്രതിയ്ക്ക് കിട്ടുന്നുവെന്നതും കോടതി മുറിയില്‍ തൊലിയുരിയുമ്പോഴും മിണ്ടാന്‍ മടിച്ച് പ്രോസിക്യൂഷന്‍ നില്‍ക്കുന്നതെന്നതും ചോദ്യം ചിഹ്നമാണ്.

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ എത്ര തവണയാണ് ഹൈക്കോടതി നിര്‍ത്തിപ്പൊരിച്ചത്. എന്ത് കൊണ്ട് ഗുരുതരമായ നിയമലംഘനങ്ങളുടെ പരാതികള്‍ നിറഞ്ഞ റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം സര്‍ക്കാര്‍ പൂഴ്ത്തിയെന്ന് അതിശയത്തോടെ കോടതി വരെ ആവര്‍ത്തിച്ച് ചോദിച്ചു പോവുകയാണ്. ആരെ രക്ഷിക്കാനാണ് ഈ നിഗൂഢമായ നിശബ്ദതയെന്ന തരത്തില്‍ ഹൈക്കോടതിയാണ് ഒരു സംസ്ഥാന സര്‍ക്കാരിനോട് സംശയലേശമന്യേ ചോദിക്കുന്നതെന്നത് ചെറിയ കാര്യമല്ല.

യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികളെ കേരള ഹൈക്കോടതി വീണ്ടും ശക്തിയുക്തം വിമര്‍ശിച്ചത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി സര്‍ക്കാരിന്റെ നടപടികളെ വാക്കാല്‍ മാത്രം വിമര്‍ശിക്കുകയല്ല ചെയ്തത്. ഇക്കുറി ഉത്തരവില്‍ എഴുതിവെച്ചാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചതെന്നത് കാര്യം ജുഡീഷ്യറി എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. കോടതി ഇടപെട്ടതുകൊണ്ടാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട് ഹൈക്കോടതി. അതായത് ഈ സര്‍ക്കാരാണ് ഇത്തരത്തിലൊരു അന്വേഷണവും റിപ്പോര്‍ട്ടും കൊണ്ടുവന്നതെന്ന് മേനി പറയുന്നവര്‍ക്ക് മുന്നില്‍ അഞ്ച് കൊല്ലം നിശബ്ദമായി നിങ്ങള്‍ അടയിരുന്ന റിപ്പോര്‍ട്ട് പുറത്തിവിടാതെ തരമില്ലെന്ന അവസ്ഥയിലേക്ക് എത്തിച്ചത് ജുഡീഷ്യറിയാണെന്ന ഓര്‍മ്മപ്പെടുത്തലാണത്. റിപ്പോര്‍ട്ട് പൂഴ്ത്തിയ സര്‍ക്കാര്‍ നടപടിയെ ദുരൂഹമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്.

2019ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ നിഗൂഢമായ നിശബ്ദത പാലിച്ചത് ദുരൂഹമാണെന്ന് വാക്കാല്‍ പറയുക മാത്രമല്ല, ഹൈക്കോടതി വിധിയില്‍ ജസ്റ്റിസ് സി എസ് ഡയസ് എഴുതി ചേര്‍ക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിന്റെ നിയമപരമായ വിഷയങ്ങളും തുടര്‍നടപടികളും ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലായതിനാല്‍ വിഷയത്തിലേക്ക് കൂടുതലായി കടക്കുന്നില്ലെന്നാണ് ജസ്റ്റിസ് ഡയസ് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് പകരുമെന്ന് പറഞ്ഞ കോടതി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതും അതിന്മേല്‍ നടപടിയെടുത്തതും കോടതിയുടെ സമ്മര്‍ദ്ദത്താലാണെന്നും തുറന്നടിച്ചു.

നേരത്തെയും ഹൈക്കോടതി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ ഒരു ദയവുമില്ലാതെ വിമര്‍ശിച്ചിരുന്നതാണ്. സ്വകാര്യതയുടെ പേര് പറഞ്ഞു അന്വേഷണ സംഘത്തിന് പോലും പൂര്‍ണ റിപ്പോര്‍ട്ട് നല്‍കാന്‍ മടിച്ച പിണറായി സര്‍ക്കാരിനെ ഹൈക്കോടതി ഒരു മയവുമില്ലാതെയാണ് നേരിട്ടത്. കമ്മിറ്റി റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടും വര്‍ഷങ്ങള്‍ നിശബ്ദമായിരുന്ന സര്‍ക്കാരിന്റെ വൈമുഖ്യം ഭയപ്പെടുത്തുന്നതാണെന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് ഹേമ കമ്മിറ്റി വിഷയം പരിഗണിച്ച ഹൈക്കോടതി പ്രത്യേക ബെഞ്ച് പറഞ്ഞത്. സ്ത്രീകള്‍ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ അനീതിയില്‍ നിശ്ശബ്ദമായിരിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് അന്നേ പറഞ്ഞിരുന്നു. അന്ന് സര്‍ക്കാരിന്റെ ഒളിച്ചു കളിയും ഉരുണ്ടുകളിക്കലും കണ്ടാണ് കോടതി ശക്തമായ ഇടപെടല്‍ നടത്തിയത്. സര്‍ക്കാര്‍ പൂഴ്ത്തിയ റിപ്പോര്‍ട്ടിലെ രഹസ്യ മൊഴികള്‍ അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിയില്‍ വരുമോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ കള്ളകളി നടത്തിയ സര്‍ക്കാരിനെ വിറപ്പിച്ചാണ് കോടതിയന്ന് റിപ്പോര്‍ട്ട് പൂര്‍ണമായും അന്വേഷണ സംഘത്തിന് നല്‍കണമെന്ന് കടുംപിടുത്തം പിടിച്ചത്. സ്വകാര്യതയുടെ പേരില്‍ സര്‍ക്കാര്‍ രഹസ്യമാക്കിയ വിവരങ്ങളും കോടതിയുടെ കടുംപിടുത്തത്തിലാണ് അന്വേഷണ പരിധിയിലായതെന്ന് ചുരുക്കം.

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും സിപിഎം എംഎല്‍എ നടന്‍ മുകേഷുമെല്ലാം പിന്നാലെ ആരോപണ വിധേയരായി നിരന്നതോടെ സര്‍ക്കാരിന്റെ വൈമുഖ്യത്തിന്റെ കാരണം വ്യക്തമായിരുന്നു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലില്‍ മാത്രമാണ് ആഭ്യന്തരവകുപ്പിന് കീഴിലുള്ള അന്വേഷണം ഇടങ്ങേറില്ലാതെ മുന്നോട്ട് പോയതെന്ന് വ്യക്തമാക്കുകയായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. ഇന്നലെ സിദ്ദിഖിനെതിരായ വിധിയില്‍ അയാളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത് കുറ്റകൃത്യത്തില്‍ സിദ്ദിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്നാണ്. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം, തെളിവുകള്‍ എന്നിവ കണക്കിലെടുത്താല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും കേസിന്റെ ശരിയായ അന്വേഷണത്തിനും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും സംസ്ഥാന പൊലീസിന് സിദ്ദിഖിന്റെ അറസ്റ്റ് നടപടികളിലേക്ക് ഇതുവരെ കടക്കാനായിട്ടില്ല. പ്രതി ഒളിവിലാണത്രേ. പൊലീസ് ജാമ്യാപേക്ഷ മുന്‍കൂട്ടി കണ്ട് ജാഗ്രത പുലര്‍ത്തിയില്ലെന്ന വിമര്‍ശനം ഈ ഒളിവില്‍ പോക്കോടെ ശക്തമായിട്ടുണ്ട്. മുങ്ങിയ സിദ്ദിഖ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ മുതിര്‍ന്ന അഭിഭാഷകനെ സമീപിച്ചെന്നും വിവരം പുറത്തുവരുന്നുണ്ട്. ദിലീപ് കേസില്‍ കോടതിയിലെത്തിയ ബി രാമന്‍പിള്ള തന്നെയാണ് സിദ്ദിഖ് വിഷയത്തിലും പറഞ്ഞുകേള്‍ക്കുന്ന പേര്. നിയമസാധ്യതകള്‍തേടി സിദ്ദിഖിന്റെ മകനടക്കമുള്ളവര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

ഇതിനിടയില്‍ ദേശീയ വനിത കമ്മീഷനും ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ആരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്ന ചോദ്യവും ഇനിയും വലിയ പേരുകള്‍ ഒരുഘട്ടത്തില്‍ സര്‍ക്കാര്‍ ‘പൂഴ്ത്തിയ റിപ്പോര്‍ട്ടി’ലുണ്ടോയെന്ന ചോദ്യവും ബാക്കിയാണ്. ഹൈക്കോടതി ഇന്നലെ പറഞ്ഞ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പത്തിക്കേറ്റ നാണക്കേടിന്റെ പ്രഹരമാണ്. നിഗൂഢവും നിഷ്‌ക്രിയത്വവും മാത്രമല്ല ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞ വാചകങ്ങളില്‍ ഒന്നിങ്ങനെയാണ്.

‘റിപ്പോര്‍ട്ട് അലമാരയില്‍വെച്ചതിന്റെ ശരിതെറ്റുകളും ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ പറയുന്നില്ല.’

സ്ത്രീ ശാക്തീകരണവും ഇടത് നിലപാടുകളും ഘോരഘോരം പറയുന്ന സമത്വവുമെല്ലാം ഇടത് സര്‍ക്കാരിന്റെ നയസമീപനങ്ങളിലങ്ങനെ തൂങ്ങിയാടി കിടക്കുന്നുണ്ട്. മറയില്ലാതെ ചിലത് പുറത്ത് വരുമ്പോള്‍ ക്യാപ്‌സൂളുകള്‍ കൊണ്ട് എത്ര കാലം പ്രതിരോധിച്ച് ഭരണാധികാരിക്ക് വീരഗാഥകളില്‍ അഭിരമിക്കാനാകും?

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്