ദേശീയ രാഷ്ട്രീയത്തെ കുലുക്കാന്‍ പാകത്തിന് കരുത്തുണ്ടോ ജാതി സെന്‍സസിന്?. ബിഹാറിലെ ജാതി സെന്‍സസ് ഫലം പുറത്തുവന്നതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് ആവശ്യം ഉയരുന്നത് കേന്ദ്രസര്‍ക്കാരിനെ അലോസരപ്പെടുത്തുന്നത് എന്തുകൊണ്ട്?. രാഹുല്‍ ഗാന്ധി ജാതി സെന്‍സസ് ആവശ്യം ഉയര്‍ത്തുമ്പോഴെല്ലാം നരേന്ദ്ര മോദിയും ബിജെപിയും പറയുന്നത് ജാതി സെന്‍സസ് എന്ന ആവശ്യം കണ്ണില്‍പ്പൊടിയിടലാണെന്നാണ്. എന്തുകൊണ്ടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് ജാതി സെന്‍സസ് പേടിപ്പെടുത്തുന്ന കാര്യമാകുന്നത്?
കാര്യം ബിജെപി വോട്ട് ബാങ്കുകളില്‍ സൃഷ്ടിച്ചിരിക്കുന്ന പുകമറയാണ് ഈ ഭയത്തിന് പിന്നില്‍. ഒബിസി വിഭാഗങ്ങളുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദിയും അമിത് ഷായും 2014 മുതല്‍ തുടര്‍ നടപടികളെല്ലാം നടത്തിയിരുന്നത്. പ്രധാനമന്ത്രി പിന്നാക്കവിഭാഗത്തിന്റെ പ്രതിനിധിയാണെന്ന് പ്രചാരണം നടത്തി ഒബിസി വോട്ടുബാങ്കുകളെ മോദിയും കൂട്ടരും ആകര്‍ഷിച്ചു. അധികാരത്തിലെത്തിയപ്പോള്‍ 29 മന്ത്രിമാരെ ഒബിസി വിഭാഗത്തില്‍നിന്ന് കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പിന്നാക്കവിഭാഗത്തില്‍ നിന്നു 29 ശതമാനം എം.പി.മാര്‍ ബിജെപിക്കുണ്ട്. പിന്നാക്കവിഭാഗങ്ങളെ ഒപ്പം നിര്‍ത്താനായി വിവിധ ക്ഷേമപദ്ധതികളും നടപ്പാക്കി. ഇത്തരത്തില്‍ 2009-ലെ തിരഞ്ഞെടുപ്പില്‍ 23 ശതമാനമായിരുന്ന ബിജെപിയുടെ ഒബിസി വിഭാഗ വോട്ടുബാങ്ക് 10 വര്‍ഷംകൊണ്ട് അത് 44 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇത്തരത്തില്‍ ഒരു പുകമറയ്ക്കപ്പുറം നിന്ന് സനാതന ധര്‍മ്മം പറയുകയും ഒബിസി വോട്ട് ബാങ്ക് ഒപ്പം നിര്‍ത്തുകയും ചെയ്യാനുള്ള ബിജെപി ശ്രമങ്ങളെ പൊളിക്കാന്‍ ജാതി സെന്‍സസിലൂടെ കഴിയുമെന്ന് ബിഹാറിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് വന്നതോടെ പ്രതിപക്ഷത്തിന് വ്യക്തമായി. കണക്കുകളിലുള്ള സംവരണാനുപാതവും അത് തുറന്നുകാട്ടുന്ന അനീതിയും സവര്‍ണ വിഭാഗങ്ങള്‍ കയ്യടക്കുന്ന സര്‍ക്കാര്‍ ജോലിയും സമ്പത്തുമെല്ലാം ജാതി സെന്‍സസ് പുറത്തുവരുന്നതോടെ വ്യക്തമാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
സംവരണ അനുപാതത്തിലെ വിവേചനം ദേശീയതലത്തില്‍ ശക്തമായ രാഷ്ട്രീയവിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇതോടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. കണക്കുകള്‍ പുറത്തുവന്നാല്‍ സംവരണമില്ലാത്ത പൊതുവിഭാഗം ക്യാറ്റഗറിയിലുള്ളവര്‍ തുലോം ചെറുതാണെന്നും മുന്നോക്ക വിഭാഗത്തിലെ സംവരണം അടക്കം കാര്യങ്ങളും അതോടൊപ്പം 80 ശതമാനത്തിലധികം സമൂഹത്തില്‍ വരുന്ന പിന്നോക്ക വിഭാഗങ്ങളും എസ്ടി എസ് സി വിഭാഗങ്ങള്‍ക്കുമുള്ള സംവരണം അവരുടെ ജനസംഖ്യാ പ്രാതിനിധ്യത്തിന് അുസരിച്ചല്ലെന്നും വ്യക്തമാകും. ഇതോടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇത്രയും ചെയ്തുവെന്ന് പറഞ്ഞു മേനി നടിക്കുന്ന സര്‍ക്കാരിന് കണക്കുകളിലെ പൊരുത്തക്കേടുകള്‍ക്ക് ഉത്തരം നല്‍കാനാവില്ലെന്നതാണ് ബിജെപിയെ അലട്ടുന്ന പ്രശ്‌നം.
‘ഇന്ത്യ’ മുന്നണിയെ ഒബിസി വിരുദ്ധരെന്ന് ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കണക്കുകള്‍ വെച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും. ഒപ്പം ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന വനിതാ സംവരണബില്ലില്‍ ഒബിസി സംവരണം ഉള്‍പ്പെടുത്താത്തത് രൂക്ഷ വിമര്‍ശത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ എല്ലാം എളുപ്പത്തില്‍ പറഞ്ഞു തിരുത്താനാവില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ച മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് സമാനമായി ബിഹാറിലെ ജാതിസര്‍വേ 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാക്കാമെന്ന് കരുതുകയാണ് പ്രതിപക്ഷം.സവര്‍ണ പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്ന ബിജെപിക്ക്, ‘കീഴാള വാദത്തെ’ ദുര്‍ബലപ്പെടുത്തുമെന്ന വാഗ്ദാനം തങ്ങളുടെ പ്രധാന വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ബിജെപിക്ക് ജാതി സെന്‍സസ് ഒരിക്കലും ഗുണം ചെയ്യില്ലെന്ന് അറിയാം. അന്ന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ രഥയാത്രയിലൂടെ വിഷയം മാറ്റാന്‍ ശ്രമിച്ചവര്‍ക്ക് ജാതി സെന്‍സസ് ഇഷ്ടപ്പെടാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. സനാതന ധര്‍മ്മം പറയുന്നവര്‍ക്ക് ജാതി ഉച്ചനീചത്വങ്ങള്‍ എല്ലാ ഘടകങ്ങളിലും ഉണ്ടെങ്കിലും ‘ഹിന്ദു’വെന്ന ഒറ്റ വിഭാഗത്തിലേക്ക് നിന്നാല്‍ മാത്രമേ വോട്ട് ബാങ്ക് കൃത്യമായി കാക്കാനാകു. ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെന്നും ജാതി വേര്‍തിരിവില്ലെന്നും കാണിച്ചാല്‍ മാത്രമേ സവര്‍ണ രാഷ്ട്രീയത്തില്‍ നിന്ന് പോകാനും പിന്നാക്കകാരെ മുതലെടുക്കാനും കഴിയുകയുള്ളു.
ഒബിസി + എസ് സി + എസ്ടി എന്നത് ജനസംഖ്യയുടെ 84% ആണെന്ന രീതിയില്‍ ബിഹാറിലെ ജാതി സെന്‍സസ് പുറത്തുവിടുന്ന കണക്ക് ബിജെപിയെ ഞെട്ടിക്കുന്നുണ്ട്. ഹിന്ദു-മുസ്ലിം എന്ന രീതിയില്‍ കാര്യങ്ങള്‍ നിര്‍ത്തി ‘ഹുിന്ദുത്വ’ രാഷ്ട്രീയം വോട്ടാക്കി എപ്പോഴും രണ്ട് ചേരി ഉണ്ടാക്കി നിര്‍ത്തി കാര്യങ്ങള്‍ ധ്രൂവീകരിക്കുന്ന ബിജെപിക്ക് ഹിന്ദു വിഭാഗത്തിലെ ജാതി വിഭജനം തിരിച്ചടിക്കുമെന്ന പേടിയുണ്ട്.
പഴയ ജനതാപരിവാറില്‍ ഉള്‍പ്പെട്ട ആര്‍.ജെ.ഡി.യും ജെ.ഡി.യു.വും നേതൃത്വം നല്‍കുന്ന ബിഹാര്‍ സര്‍ക്കാരാണ് ജാതിസര്‍വേ നടത്തി പുതിയ രാഷ്ട്രീയത്തിന്റെ വാതില്‍ തുറന്നിരിക്കുന്നത്. 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിനുമുമ്പ് മണ്ഡല്‍സമാനരാഷ്ട്രീയം തുറന്നുകൊണ്ടുവരാന്‍് നിതീഷ് ശ്രമിക്കുന്നത് തനിക്ക് കൈമോശം വന്ന വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനാണ്.
2020ല്‍ ഇന്ത്യയിലെ സമ്പത്ത് വിതരണം സംബന്ധിച്ച് ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ ജനസംഖ്യയിലെ ഏറ്റവും ഉയര്‍ന്ന 10% പേര്‍ മൊത്തം സമ്പത്തിന്റെ 74.3% കൈവശം വയ്ക്കുന്നുവെന്നാണ്. സമ്പത്ത് കൈവശമുള്ള സവര്‍ണ വിഭാഗക്കാരില്‍ നിന്നും എത്രത്തോളം പിന്നാക്ക വിഭാഗങ്ങള്‍ ഒഴിവാക്കപ്പെട്ടുവെന്നതടക്കം കാര്യങ്ങള്‍ ജാതി സര്‍വ്വേയിലൂടെ പുറത്തുവരും.
എല്ലാ സെന്‍സസ് ഘട്ടത്തിലും ജാതി സര്‍വ്വേ ആവശ്യം ഉയര്‍ന്നുവരാറുണ്ട്. ഒബിസി അതായത് മറ്റ് പിന്നാക്ക വിഭാഗത്തില്‍നിന്നാണ് ശക്തമായ ആവശ്യം ഉയര്‍ന്നുവരാറ്. മുന്നാക്ക വിഭാഗത്തിലെ വലിയശതമാനം ഈ ആവശ്യം എതിര്‍ക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം, ജോലി, അധികാരം എന്നിങ്ങനെ സമൂഹത്തെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിയുന്ന മേഖലകളില്‍ തങ്ങളുടെ അവസരവും ശക്തിയും ക്ഷയിക്കും എന്ന ഭയമാണ് മുന്നോക്കക്കാര്‍് ജാതി സെന്‍സസ് എതിര്‍ക്കുന്നതിന് കാരണം.
Read more
ബിജെപി ഭയക്കുന്നത് ‘ഹിന്ദു- മുസ്ലീം’ വിരുദ്ധത അല്ലെങ്കില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വാദങ്ങള്‍ ഉയര്‍ത്തി കെട്ടിപ്പൊക്കിയ വോട്ട് ബാങ്ക് ജാതിക്കുള്ളിലെ വേര്‍തിരിവ് കണക്ക് പുറത്തുവരുമ്പോള്‍ ചിതറി തെറിക്കുമെന്നതാണ്.