എന്തുകൊണ്ട് സ്റ്റാലിന്‍ നമ്പര്‍ വണ്‍ ? 

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ മുഖ്യമന്ത്രിയാര് എന്നു ചോദിച്ചാല്‍ പലര്‍ക്കും പല വാദങ്ങളും ഉന്നയിക്കാം. കഴിഞ്ഞ അഞ്ചുകൊല്ലത്തെ ബിജെപി പ്രതീക്ഷകളെ തകര്‍ത്ത്  വീണ്ടും അധികാരത്തില്‍ വന്ന മമതാ ബാനര്‍ജി. ഓഖി മുതല്‍ ശബരിമലകലാപം വരെയുള്ള നിരവധി പ്രശ്‌നങ്ങളെ തരണം ചെയ്ത് തുടര്‍ഭരണം നേടിയ പിണറായി വിജയന്‍, ഡെല്‍ഹിയുടെ മുഖച്ഛാ മാറ്റിയ അരവിന്ദ് ഖെജ്രിവാള്‍ അങ്ങനെ പലരും. ആരെയും താരതമ്യം ചെയ്യാനുദ്ദേശിക്കുന്നില്ല. മൂന്നു പെഴ്‌സ്‌പെക്റ്റീവില്‍ നിന്നു നോക്കുമ്പോള്‍ ഒന്ന് ആശയവ്യക്തത. രണ്ട്, പുരോഗമനവീക്ഷണം. മൂന്ന്, സമഭാവന ഈ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍  സ്റ്റാലിനാണ് നമ്പര്‍ വണ്‍ എന്നു പറയാനുള്ള കാരണങ്ങള്‍ നോക്കാം.

‘യൂണിയന്‍ ഗവണ്‍മെന്റ്’
ഇത്രയും കാലവും നമ്മള്‍ മലയാളത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് എന്നും ഇംഗ്ലീഷില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്നുമാണ് പറഞ്ഞുവന്നത്. അതുപോലെ തന്നെ തമിഴില്‍ മത്തിയ അരശ് എന്നാണ് പറഞ്ഞിരുന്നത്. ഇനിമേലില്‍ ഒന്‍ട്രിയ അരശ് എന്നേ ഉപയോഗിക്കുകയുള്ളൂ എന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷില്‍ യൂണിയന്‍ ഗവണ്‍മെന്റ് എന്നും. സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് സ്റ്റാലിന്‍ പറഞ്ഞപ്പോള്‍ ഇത് വിഘടനവാദത്തിനുള്ള ശ്രമമാണെന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തി. എന്നാല്‍ ഭരണഘടനാ വിദഗ്ദ്ധര്‍ സ്റ്റാലിനെയാണ് പിന്തുണച്ചത്. നമ്മള്‍ തെറ്റായിട്ടാണ് ഇപ്പോഴും കേന്ദ്രം എന്നു പറയുകയും എഴുതുകയും ചെയ്യുന്നത്. ഇത്ര കാലത്തിനുശേഷം സ്റ്റാലിന്‍ വേണ്ടിവന്നു ഇതു പറയാന്‍. ഓരോ അക്ഷരത്തിനും വ്യക്തതവേണമെന്ന നിര്‍ബന്ധം. കാരണം അയാള്‍ കലൈഞ്ജറുടെ മകനാണ്.

പേരിന്റെ വാലുകള്‍ നീക്കല്‍
സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പേരുകളിലെ ജാതിവാല്‍ നീക്കാന്‍ നേരത്തേതന്നെ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നിട്ടുള്ള ചില മന്ത്രിസഭകള്‍ തീരുമാനങ്ങളെടുത്തിരുന്നു. എന്നാല്‍ ജാതിവാലില്ലാതെ ആളെ തിരിച്ചറിയാന്‍ കഴിയുമോ എന്നുള്ള ചില ചോദ്യങ്ങള്‍ മൂലം അവയെല്ലാം അതേപടി നിലനില്‍ക്കുയായിരുന്നു. ഇക്കുറി സ്റ്റാലിന്‍ തീരുമാനിച്ചു. സര്‍നെയിം ഇല്ലാതെയും ആളുകളെ തിരിച്ചറിയാം.

അങ്ങനെ തമിഴ് താത്ത എന്നറിയപ്പെടുന്ന ഉത്തമതാനപുരം വെങ്കടസുബ്ബയര്‍ സ്വാമിനാഥയ്യര്‍ ഇനിമുതല്‍ പാഠപുസ്തകങ്ങളില്‍ ഉത്തമതാനപുരം സ്വാമിനാഥരും ആര്‍ പി സേതുപിള്ളൈ മീനാക്ഷിസുന്ദരം പിള്ളൈ ഇവര്‍ ആര്‍ പി സേതുവും മീനാക്ഷി സുന്ദരരും മുത്തുരാമലിംഗം തേവര്‍ മുത്തുരാമലിംഗരും ആയിരിക്കും.

പ്രതിപക്ഷ ബഹുമാനം
65 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്കു കൊടുക്കാനായി വെച്ചിരുന്ന സ്‌കൂള്‍ ബാഗുകളില്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഫോട്ടോ മുമ്പെന്നോ പ്രിന്റ് ചെയ്തുപോയതായിരുന്നു. ഇക്കൂറി അതു മാറ്റി സ്റ്റാലിന്റെ ഫോട്ടോ പതിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങിയപ്പോള്‍ ആ ഉദ്യമം തടയുകയാണ് സ്റ്റാലിന്‍ ചെയ്തത്. അമ്മാവുടെ ചിത്രം മായ്ക്കരുതെന്നും തന്റേത് പതിപ്പിക്കേണ്ടതില്ലെന്നും സ്റ്റാലിന്‍ ഖണ്ഡിതമായി പറഞ്ഞു. അന്തരിച്ച നേതാവിനോടുള്ള ആദരവുകൊണ്ട് ഇതു ചെയ്തത് എന്ന് മനസ്സിലായല്ലോ. എന്നാല്‍ എടപ്പാടി രാമമൂര്‍ത്തിയുടെ ഫോട്ടോ പ്രിന്റ് ചെയ്ത ബാഗുകളുമുണ്ടായിരുന്നു ഒരു വലിയ അളവോളം. അതും മായ്‌ക്കേണ്ടതില്ലെന്നും അങ്ങനെതന്നെ കുട്ടികള്‍ക്കു കൊടുക്കൂ എന്നുമായിരുന്നു സ്റ്റാലിന്റെ തീരുമാനം. ഈ വകയില്‍ സര്‍ക്കാര്‍ ഖജനാവിന് 13 കോടി രൂപയാണ് ലാഭിക്കാന്‍ കഴിഞ്ഞത്. ഒരു വകുപ്പു സെക്രട്ടറിക്ക് ഇടതുകൈകൊണ്ട് ഒപ്പിടാനേയുള്ളൂ തമിഴ്‌നാടിന് 13 കോടി രൂപ. എങ്കിലും ആ പണംപോലും നഷ്ടപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു.

അഭയാര്‍ത്ഥികളോടുള്ള സമീപനം
ശ്രീലങ്കന്‍ തമിഴര്‍ക്കുവേണ്ടിയുള്ള ഒരു പദ്ധതിക്കായി 317 കോടി രൂപ അനുവദിക്കുന്ന വേളയിലാണ് അഭയാര്‍ത്ഥികള്‍ എന്ന പേര് ഉപേക്ഷിക്കാന്‍ സ്റ്റാലിന്‍ തീരുമാനിച്ചത്. ഇംഗ്ലീഷില്‍ റെഫ്യൂജി എന്നോ തമിഴില്‍ അഗതികള്‍ എന്ന പേരു മാറ്റി മറുവാഴ്‌വ് എന്നാണ് പദ്ധതിയെ വിളിക്കുക.  ഗതിയില്ലാത്തവര്‍ എന്നതിനെ പുതുജീവിതം നേടിയവര്‍ എന്നാണ് ആ വാക്കിനര്‍ത്ഥം. അവര്‍ അനാഥരല്ലെന്നും തമിഴ്‌നാട് അവരുടേതുകൂടിയാണെന്നും സ്റ്റാലിന്‍ ഓര്‍മ്മിപ്പിച്ചു.

പുകഴ്ത്തിയാല്‍ നടപടി
പുകഴ്ത്തല്‍ ഇഷ്ടപ്പെടാത്ത ഏതു നേതാവാണുള്ളത്. നൂറുപേര്‍ തന്റെ പേരു ചേര്‍ത്ത് മുദ്രാവാക്യം വിളിക്കുന്നതു കേള്‍ക്കുന്നതാണ് ലഹരികളില്‍ ഏറ്റവും വലിയ ലഹരി. അത് അധികാരം നേടിയാലും നേടിയില്ലെങ്കിലും അങ്ങനെതന്നെ. എംഎല്‍എ മാരും സഹമന്ത്രിമാരും പ്രസംഗിക്കുമ്പോഴെല്ലാം അടിക്കടി തന്റെ പേരു പറഞ്ഞുപുകഴ്ത്തരുതെന്നും ഇനി അങ്ങനെയുണ്ടായാല്‍ നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസമാണ് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. ഭരണമികവ് തന്റെ മാത്രം നേട്ടമല്ലെന്നും എല്ലാവരും അവകാശികളുമാണെന്നും സ്റ്റാലിന്‍.
ഇതിനോടു ചേര്‍ത്തു പറയേണ്ടതാണ് സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ തെറ്റുചെയ്താലും കര്‍ശനനടപടി. അമ്മാ ഉണവകം എന്ന പേരില്‍ ജയലളിത ആരംഭിച്ച സൗജന്യവില ഹോട്ടലില്‍ കയറി ജയലളിതയുടെ ഫോട്ടോ വലിച്ചു താഴെയിട്ട ഡിഎംകെ പ്രവര്‍ത്തകനെക്കൊണ്ടുതന്നെ അത് പുനസ്ഥാപിപ്പിച്ചു . മാത്രമല്ല അമ്മാ ഉണവകത്തിന്റെ പേരുമാറ്റി അണ്ണാ ഉണവകം ആക്കാനുള്ള നിര്‍ദ്ദേശം തള്ളി.

കോവിഡ് സഹായങ്ങള്‍
കോവിഡ് പടര്‍ന്നു തുടങ്ങിയപ്പോള്‍ ഏറ്റവുമധികം ഭീഷണി നേരിട്ട സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ചെന്നൈ നഗരത്തിലെ അവസ്ഥയെക്കുറിച്ച് ഭീതിദമായ വാര്‍ത്തകളാണ് ആദ്യ ആഴ്ചകളില്‍ പുറത്തുവന്നത്. എന്നാല്‍ ചിട്ടയായ നടപടികളിലൂടെ നില മെച്ചപ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാരിനു കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ സൗജന്യമാക്കി. ന്യൂനപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാത്രം ശമ്പളവര്‍ദ്ധനയും ബോണസ്സും കൊടുക്കുന്നതിനു പകരം ഭൂരിപക്ഷം വരുന്ന ജനങ്ങളെ ഗുണഭോക്താക്കളാക്കി. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഭക്ഷ്യക്കിറ്റിനുപുറമേ 4000 രൂപ വീതം നല്‍കി.
7. സ്ത്രീകള്‍ക്ക് യാത്രാസൗജന്യം   സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നഗരപരിധികള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കൊല്ലത്തില്‍ 1200 കോടി രൂപ ബാദ്ധ്യത വരുത്തുന്ന സൗജന്യം ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്റേഴ്‌സിനും കൂടി അനുവദിക്കാനൊരുങ്ങുന്നു.

ക്ഷിപ്ര പരിഹാരം
ഇപ്പോള്‍ വൈറലായ ഒരു വീഡിയോ ആണ്. സ്റ്റാലിന്റെ വാഹനവ്യുഹം കടന്നു പോകുമ്പോള്‍ കൈയിരുന്ന കടലാസ് സ്ത്രീ ഉയര്‍ത്തിക്കാട്ടുന്നതു കണ്ടപ്പോള്‍ എന്തോ കാര്യമുണ്ടന്ന് മുഖ്യമന്ത്രിക്കുതോന്നി. വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. അവര്‍ കൊണ്ടുവന്ന കടലാസ് പരിശോധിച്ച് ഉടന്‍തന്നെ പരിഹാരവും കണ്ടിട്ടാണ് യാത്ര തുടര്‍ന്നത്.  ചുവപ്പുനാടയില്‍ കുരുങ്ങിയും ലോക്കല്‍ നേതാക്കന്‍മാരുടെ കാരുണ്യകടാക്ഷത്തിനു കാത്തുനിന്നും ഒരു പൗരന്റെ അവകാശം വൈകരുതെന്നത് ആദ്യപ്രഖ്യാപനങ്ങളിലൊന്നായിരുന്നു.

സംശയം വേണ്ട. മാതൃകയാക്കാം ഏതൊരു രാഷ്ട്രീയനേതാവിനും ഈ മുഖ്യമന്ത്രിയെ.

Latest Stories

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം