ഇടത് സര്‍ക്കാര്‍ മലയാള സിനിമയിലെ ഈ മാറാപ്പ് പേറുന്നത് ആര്‍ക്ക് വേണ്ടി?; ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരുടെ ചൂണ്ടുവിരലില്‍ വിറക്കുന്നവര്‍!

Leaving behind nights of terror and fear
I rise
Into a daybreak that’s wondrously clear
I rise
Bringing the gifts that my ancestors gave,
I am the dream and the hope of the slave.
I rise
I rise
I rise.

മായ എയ്ഞ്ചലോയുടെ still I Rise എന്ന പദ്യത്തിന്റെ അവസാന ഭാഗങ്ങളാണ് ഇത്. വര്‍ണവെറിയുടേയും വംശീയതയുടേയും ലിംഗവിവേചനത്തിന്റേയും തീച്ചൂളയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കനലാണ് ആ വരികള്‍. ചിലര്‍ അടിച്ചമര്‍ത്തലിന്റേയും സാമൂഹിക ചട്ടക്കൂടിന്റേയും വാര്‍പ്പ് മാതൃകളുടെ ശ്വാസംമുട്ടിക്കലുകളുടെയും ഇടയില്‍ നിന്ന് ഉയര്‍ന്നുവരുമ്പോള്‍ ചിലരുടെ സിംഹാസനങ്ങള്‍ ഇളകും. കാലാകാലങ്ങളായി എതിര്‍ ശബ്ദമുണ്ടാവില്ലെന്നും ഉണ്ടായാലും ആരും കണക്കിലെടുക്കില്ലെന്നുമുള്ള ധൈര്യവും കൊണ്ട് പുളച്ചുനടന്നവര്‍ക്ക് കാലം കണക്കുപറഞ്ഞു തുടങ്ങിയപ്പോള്‍ വിറച്ചു തുടങ്ങിയിട്ടുണ്ട്. ചൂണ്ടുവിരല്‍ ഉയര്‍ത്തി തലയുയര്‍ത്തി ഒരു കൂട്ടം പെണ്ണുങ്ങള്‍ ഉറച്ചു നിന്ന് പോരാടി തുടങ്ങിയപ്പോള്‍ ശബ്ദമില്ലാതായി പോയ ഒട്ടനവധി പേര്‍ ആ അടിത്തറ നല്‍കിയ ബലത്തില്‍ തങ്ങള്‍ നേരിട്ടത് വിളിച്ചു പറഞ്ഞു തുടങ്ങി കഴിഞ്ഞു. മായ എയ്ഞ്ചലോ പറഞ്ഞുവെച്ചത് പോലെ ഞാനാണ് അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വപ്‌നവും പ്രതീക്ഷയുമെന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ഇഷ്ടമേഖലയില്‍ നിന്ന് തഴഞ്ഞിട്ടും മാറ്റിനിര്‍ത്തപ്പെട്ടിട്ടും പൊരുതിനിന്ന ഒരു കൂട്ടരും, അവരെ ഒരുമിപ്പിക്കാന്‍ പ്രേരിപ്പിച്ച താന്‍ നേരിട്ടത് ഇനി വരുന്ന ഒരാള്‍ക്ക് ഉണ്ടാവരുതെന്ന് കരുതി എല്ലാം ഒറ്റയ്ക്ക് നേരിടാന്‍ ഇറങ്ങി തിരിച്ച പെണ്ണൊരുത്തിയുമാണ് അഭ്രപാളികള്‍ക്കപ്പുറത്തെ ‘യഥാര്‍ത്ഥ നായകര്‍’.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുവിവരങ്ങള്‍ പുറത്തുവരാതെ റിപ്പോര്‍ട്ട് പുറത്തുവരാന്‍ തന്നെ നാലര വര്‍ഷത്തെ സമയമാണെടുത്തത്. സാമൂഹികമായി തന്നെ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഒരു റിപ്പോര്‍ട്ടിന് മേല്‍ ഒരു ഇടത് പക്ഷ സര്‍ക്കാര്‍ അടയിരുന്ന കാലമാണിത്. പിന്നീട് അത് പുറത്ത് വന്നു വലിയ ചര്‍ച്ചയാകുമ്പോള്‍ സാംസ്‌കാരിക വകുപ്പിന്റെ തലപ്പത്തിരിക്കുന്ന മന്ത്രിയുടെ വിടുവായിത്തം തന്നെ എങ്ങനെ ഈ റിപ്പോര്‍ട്ട് തടഞ്ഞുനിര്‍ത്തപ്പെട്ടുവെന്നതിന്റെ ദൃഷ്ടാന്തമാണ്. പരാതി കിട്ടിയാല്‍ നടപടിയെടുക്കാമെന്നും അല്ലെങ്കില്‍ കോടതി ഇടപെട്ടാല്‍ എന്തെങ്കിലും ചെയ്യാമെന്നുമുള്ള മട്ടില്‍ അലസഗമനം നടത്തുന്നത് വിപ്ലവവീര്യം വാതോരാതെ പ്രസംഗിക്കുന്ന പുരോഗമനത്തിന്റെ ഇടത് പക്ഷ രാഷ്ട്രീയ മേലാളന്മാരാണെന്നതാണ് എന്താണ് ഈ നാട്ടില്‍ അധികാരവും പാട്രിയാര്‍ക്കല്‍ ബോധവുമെന്നതിന്റെ ചൂണ്ടുപലകയാവുന്നത്.

ആരോപണവിധേയരാകുന്നവരെ പൊതിഞ്ഞുപിടിച്ചു സംരക്ഷിക്കാനുള്ള വ്യഗ്രതയും അവര്‍ ലോകോത്തര താരങ്ങളാണെന്ന ഘോഷണവും ആരോപണം ഉന്നയിക്കുന്നവര്‍ ഇവര്‍ക്ക് മുന്നില്‍ വിശ്വാസയോഗ്യരാകാന്‍ പോന്നവരല്ലെന്ന ഒതുക്കത്തിലുള്ള പറച്ചിലാണ്. തമ്പുരാന്‍മാര്‍ക്കെതിരെ നാവുയര്‍ത്താന്‍ പാടില്ലാത്ത താഴേക്കിടയിലുള്ളവരാണെന്ന് ശബ്ദമുയര്‍ത്തുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് വേട്ടക്കാരന് കിട്ടുന്ന അധികാരകേന്ദ്രത്തില്‍ നിന്നുള്ള സംരക്ഷണ കവചം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാന്‍ അനുവദിച്ച ഭാഗങ്ങളില്‍ പോലും കടുവെട്ട് നടത്തിയൊരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നത് ഇനിയും ഇടത് സര്‍ക്കാരിന് മേല്‍ കളങ്കമായി തന്നെ ചരിത്രത്തില്‍ അടയാളപ്പെടുത്തു. അഞ്ച് പേജുകളാണ് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി മഹാമഹം നടന്ന ഇടവേളയില്‍ മുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ആരെ സംരക്ഷിക്കാനാണെന്ന ചോദ്യവും എന്തിന് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സിനിമ മേഖലയിലെ ആരോപിതര്‍ക്ക് വേണ്ടി ഒരു മാറാപ്പ് പേറുന്നുവെന്ന ചോദ്യവും ശക്തമായി ഉയര്‍ത്തുക തന്നെ വേണം. സ്വന്തം തൊഴില്‍ മേഖലയില്‍ നേരിട്ട ലൈംഗിക അക്രമത്തെ കുറിച്ച് ഓരോരുത്തര്‍ ആവലാതി പറയുമ്പോള്‍ പരാതി എഴുതി കിട്ടാതെ കേസെടുക്കില്ലെന്ന തൊടുന്യായത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനും പിന്നാലെ ഇടത് മന്ത്രിമാര്‍ ഓരോരുത്തരായി വരിവരിയായി നില്‍ക്കുമ്പോള്‍ ഒന്ന് വ്യക്തമാണ്. സര്‍ക്കാര്‍ മുന്നിട്ടൊരു ക്രിമിനല്‍ അന്യായത്തിന് കേസെടുക്കില്ല. ഈ പരാതി പുറംലോകത്തിനോട് വിളിച്ചു പറഞ്ഞ സ്ത്രീകളും അവര്‍ക്കായി നിലകൊണ്ട് കാലങ്ങളായി ഒരു തൊഴില്‍ മേഖലയില്‍ മാറ്റിനിര്‍ത്തപ്പെട്ടവരും ഇനി പൊലീസ് സ്റ്റേഷനിലേക്ക് നടക്കണം. സൗകര്യപ്പെട്ടാല്‍ മലയാള സിനിമയിലെ ആണ്‍കോയ്മയിലുടലെടുത്ത പവര്‍ഗ്രൂപ്പിലെ വമ്പന്‍മാരുടേയോ അവരുടെ ഏറാന്‍മൂളികളുടേയോ പേരില്‍ കേസെടുക്കാം, അല്ലെങ്കില്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടണമന്നെതാണ് ഇടത് സര്‍ക്കാരിന്റെ അപ്രഖ്യാപിത നയം. അവിടെയാണ് പാര്‍വ്വതി തിരുവോത്തിന്റെ ചോദ്യം പ്രസക്തമാകുന്നത് ആ പണി കൂടി ഇനി ഞങ്ങളെടുക്കണോ?.

പക്ഷേ പരാതി പറഞ്ഞവര്‍ ശക്തമായി നിവര്‍ന്ന് നിന്ന് പേര് പറഞ്ഞുതുടങ്ങിയതോടെ താരബിംബങ്ങള്‍ ഇളകി തുടങ്ങി. പൊതിഞ്ഞുപിടിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജ്യത്തെ പ്രഗല്‍ഭനായ സംവിധായവന്‍ എന്നൊക്കെ വിളംബരം നടത്തിയ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പഴയ എസ്എഫ്‌ഐക്കാരന്‍ ചരിത്രം പറഞ്ഞിട്ടും ഇടത് നേതാവിന്റെ മകനെ അസിസ്റ്റന്റാക്കിയതിന്റെ അധികാര ബന്ധമുണ്ടായിട്ടും രാജിവെച്ചിറങ്ങേണ്ടി വന്നു. എഎംഎംഎ എന്ന സിനിമ താരങ്ങളുടെ ഇരയ്‌ക്കൊപ്പം നിന്ന് വേട്ടക്കാരന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയും തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ പരാതി കേസെടുക്കാതെ തന്നെ ലോകം ചര്‍ച്ചയാക്കിയപ്പോള്‍ സംഘടനാ തലപ്പത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞു. എഎംഎംഎ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു സംഘടനാ അംഗത്വം എടുക്കാന്‍ വന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് സംഘടനയുടെ മെംബര്‍ഷിപ്പ് ഫീസ് അടക്കാന്‍ പണമില്ലെങ്കില്‍ സഹകരിച്ചാല്‍ മതിയെന്ന് പറഞ്ഞതിന്റെ പേരില്‍ പണ്ടേ ആരോപണ വിധേയനാണ്. റിയാസ് ഖാന്‍ സെക്‌സിന് താല്‍പര്യമുണ്ടോയെന്നും സഹകരിക്കാന്‍ തയ്യാറുള്ള കൂട്ടുകാരികളുണ്ടോയെന്ന് ആരാഞ്ഞതും ചര്‍ച്ചയായി കഴിഞ്ഞതാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് വേണ്ടി എഎംഎംഎ വാര്‍ത്താസമ്മേളനത്തില്‍ ഘോരഘോരം വാദിച്ച സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്. കാസ്റ്റിംഗ് ഡയറക്ടറായ യുവതി മീടു ചര്‍ച്ചയായ കാലത്ത് ഉയര്‍ത്തിയ പരാതി വീണ്ടും ഉയര്‍ത്തുമ്പോള്‍ അന്ന് വേട്ടക്കാരന് വേണ്ടി വാദിച്ച ക്ഷുഭിത എംഎല്‍എ നടനെ നമുക്ക് മനസിലാകും. ഒരു വശത്ത് നിന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവലാതി ഉന്നയിച്ചവര്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുമ്പോള്‍ അടക്കി ഭരിച്ചിരുന്ന മേഖലയിലുണ്ടാകുന്ന മാറ്റം വിറയലോടെ കാണുകയാണ് വേട്ടക്കാര്‍. അധികാരത്തിന്റേയും മണി- മസില്‍ പവറിന്റേയും കയ്യൂക്കില്‍ ഭയപ്പെടുത്തി നിര്‍ത്തിയവര്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍ തന്നെ സിംഹാസനങ്ങള്‍ വീണുടയുകയാണ്. ഇരകള്‍ അതിജീവിതമാരും പോരാളികളുമാകുന്ന കാലത്തോളം വേട്ടക്കാരനെ ഭയപ്പെടുത്തുന്ന മറ്റെന്തുണ്ട്?. ചിലര്‍ സ്വയം എരിഞ്ഞുകൊണ്ട് മാറ്റത്തിന് വഴിവെട്ടുകയാണ്. അവരെ പിന്തുണയ്ക്കുകയാണ് മുന്നോട്ടൊരു പാതയില്‍ ഇനിയൊരാള്‍ പതിയിരിക്കുന്ന വേട്ടക്കാരനായി രൂപം മാറാതിരിക്കാനുള്ള മുന്‍കരുതല്‍.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്