എന്തുകൊണ്ട് രണ്ടാം കർഷക പ്രക്ഷോഭം?

കെ. സഹദേവൻ

ഇന്ന് ഫെബ്രുവരി 13ന് പതിനായിരക്കണക്കിന് കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യുകയാണ്. 2021 ഡിസമ്പറിൽ ഒരു വർഷം നീണ്ടു നിന്ന സമരം അവസാനിപ്പിച്ച് മടങ്ങുമ്പോൾ സർക്കാർ നൽകിയ ഒരു ഉറപ്പും പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് 200 ഓളം കർഷക സംഘടനകൾ വീണ്ടും ദില്ലി ചലോ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.

രണ്ടാം ഘട്ട കർഷക പ്രക്ഷോഭത്തിൽ കിസാൻ – മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര സർക്കാരിൻ്റെ മുന്നിൽ പത്ത് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

  1.  മിനിമം താങ്ങുവില നിയമപരമായ അവകാശമായി അംഗീകരിച്ച് നടപ്പിലാക്കുക.
  2. 2020-21 കാലയളവിലെ കർഷക പ്രതിഷേധത്തിനിടെ പ്രക്ഷോഭകർക്കെതിരെ രാജ്യവ്യാപകമായി ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കുക.
  3.  ലഖിംപൂർ ഖേരി കൂട്ടക്കൊലയ്ക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കുക.
  4. വൈദ്യുതി (ഭേദഗതി) നിയമം, 2023 റദ്ദാക്കുക.
  5. C2 + 50% ഫോർമുലയിൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് MSP നടപ്പിലാക്കുക.
  6. രാജ്യവ്യാപകമായി മുഴുവൻ കർഷകരുടെയും തൊഴിലാളി സമൂഹത്തിൻ്റെയും വായ്പകൾ എഴുതിത്തള്ളുക.
  7.  ഇന്ത്യ ലോക വ്യാപാര സംഘടനയിൽ നിന്ന് പുറത്തുപോകുക.
  8. കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതും ഇന്ത്യൻ കർഷകരെ ദ്രോഹിക്കുന്നതും അവസാനിപ്പിക്കുക.
  9. ഇറക്കുമതി തീരുവ വർധിപ്പിച്ച് ഇന്ത്യൻ കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന വാഗ്ദാനം പാലിക്കുക.
  10. 2013-ന് മുമ്പുള്ള ഭൂമി ഏറ്റെടുക്കൽ നിയമം പുനരുജ്ജീവിപ്പിക്കുക 1894-ലെതായിരുന്നു അത്.

ഇന്ത്യൻ കാർഷിക മേഖലയെ പൂർണ്ണമായും പരാശ്രിതത്വത്തിലേക്ക് തള്ളിവിടുന്ന നിയമ നിർമ്മാണങ്ങൾക്ക് താൽക്കാലികമായി തടയിടാൻ 2020-21 ലെ കർഷക പ്രക്ഷോഭത്തിന് സാധിച്ചുവെങ്കിലും കാർഷിക മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

കർഷകരുടെ വരുമാനം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സർക്കാർ കാർഷിക മേഖലയെ കുത്തകകൾക്ക് അടിയറവ് വെക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.

കാർഷിക മേഖലയിലെ പ്രശ്ന പരിഹാരത്തിന് അടിയന്തിരമായി ചെയ്യേണ്ടത് നിലവിലുള്ള മിച്ചഭൂമിയും തരിശുഭൂമിയും ഭൂരഹിത കർഷകർക്കിടയിൽ വിതരണം ചെയ്യുക എന്നതാണ്. (50% ഗ്രാമീണ കുടുംബങ്ങളുടെ കൈവശം 3% ഭൂമി മാത്രമാണ് ഇപ്പോഴുള്ളതെന്നറിയുക).

അതുപോലെത്തന്നെ, വ്യാവസായിക വികസനത്തിൻ്റെ പേരിൽ കാർഷിക- വനഭൂമി കോർപ്പറേറ്റ് മേഖലയിലേക്ക് തിരിച്ചുവിടുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.

ആദിവാസി – ഗോത്ര വിഭാഗങ്ങൾക്കും പശുവളർത്തൽ ഉപജീവനമായി സ്വീകരിച്ചവർക്കും വനങ്ങളിലേക്കുള്ള മേച്ചിൽ അവകാശങ്ങളും പൊതുഭൂമിയിലേക്കുള്ള അവരുടെ പ്രവേശനവും ഉറപ്പു വരുത്തേണ്ടതുണ്ട്.

ഭൂവിനിയോഗവുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ പാരിസ്ഥിതിക- കാലാവസ്ഥാ -വിപണന ഘടകങ്ങളുമായി
ബന്ധിപ്പിക്കുന്ന തരത്തിൽ ദേശീയ ഭൂവിനിയോഗ നയം രൂപീകരിക്കുകയും അവ നടപ്പിലാക്കുന്നതിനായി നാഷണൽ അഡ്വൈസറി കമ്മറ്റി സ്ഥാപിക്കുകയും ചെയ്യുക.

ഭൂമിയുടെ അളവ്, നിർദ്ദിഷ്ട ഉപയോഗത്തിൻ്റെ സ്വഭാവം, വാങ്ങുന്ന വ്യക്തിയുടെ സാമ്പത്തിക-സാമൂഹിക പദവി എന്നിവ അടിസ്ഥാനമാക്കി കാർഷിക ഭൂമിയുടെ വിൽപ്പന നിയന്ത്രിക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കുക.

കാർഷിക ചെലവുകൾക്കും വിലകൾക്കും വേണ്ടിയുള്ള കമ്മീഷൻ കണക്കാക്കിയ ഉൽപ്പാദനച്ചെലവിൻ്റെ 50 ശതമാനത്തിന് മുകളിൽ കർഷകർക്ക് മിനിമം സഹായ വില നൽകുക. ‘C2’ വില എന്ന് വിശേഷിപ്പിക്കുന്ന ഈ ഫോർമുല തയ്യാറാക്കിയിരിക്കുന്നത് കാർഷിക ജോലികൾക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്ന, പണം, വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ, കൂലിപ്പണികൾ, ഇന്ധനം, ജലസേചനം എന്നിവയോടൊപ്പം കൂലിയില്ലാത്ത കുടുംബ തൊഴിലാളികളുടെ ചെലവും വാടക, പലിശ, സ്ഥിര മൂലധന ആസ്തികളുടെ മൂല്യത്തകർച്ച എന്നിവയും ചേർത്താണ്.

കർഷകർക്ക് നൽകേണ്ട മിനിമം സഹായ വില കണക്കാക്കുന്നതിന് ഈ മൊത്തം ചെലവിൻ്റെ അമ്പത് ശതമാനം കൂടി ഉൾപ്പെടുത്തേണ്ടതാണ്. നിലവിൽ, അവരുടെ ഭൂമിയുടെ വാടകച്ചെലവും മൂലധനത്തിൻ്റെ പലിശയും എംഎസ്പിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഒരു വർഷത്തിൽ ശരാശരി ഇന്ത്യൻ കർഷകൻ്റെ വരുമാനം 77,124 രൂപ അല്ലെങ്കിൽ പ്രതിമാസം 6,427 രൂപയാണെന്ന് സർക്കാർ സർവേകൾ കാണിക്കുന്നു. അവരുടെ പ്രതിമാസ ചെലവ് 6,223.161 രൂപയും! ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന കർഷകരുടെയും അവസ്ഥ എത്ര നിരാശാജനകമാണ് എന്നതിൻ്റെ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.

മേൽപ്പറഞ്ഞ അടിസ്ഥാന പ്രശ്നങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുകയും 20 കോടിയിലധികം വരുന്ന കർഷകരെ ദുരിതക്കയങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നതിന്ന് പകരം കർഷക പ്രക്ഷോഭത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

ദേശീയ പാതകളിൽ സിമൻ്റ് കോൺക്രീറ്റുകളും ഇരുമ്പാണികൾ ഉപയോഗിച്ചും മാർഗ്ഗ തടസ്സങ്ങൾ സൃഷ്ടിച്ചും കർഷക നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചു പൂട്ടിച്ചും, സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട വരെ തടഞ്ഞുവെച്ചും പ്രക്ഷോഭത്തെ തകർക്കാമെന്ന വ്യാമോഹത്തിലാണ് മോദി സർക്കാർ.

Read more

കർഷകർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ പിന്തുണച്ചു കൊണ്ട് രണ്ടാം കർഷക പ്രക്ഷോഭത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരേണ്ടതുണ്ട് .