ആ പണി വേണ്ടെന്ന് അനന്തരവന്‍ പവാറിനോട് കോടതി പറഞ്ഞത് എന്തിന്?

തങ്ങള്‍ക്കെതിരെ ശക്തമായ പ്രതിപക്ഷമുണ്ടായ ഇടത്തെല്ലാം ആ പാര്‍ട്ടിയെ പിളര്‍ത്തി അടര്‍ത്തിമാറ്റി എതിരാളിയുടെ ശക്തി ഇല്ലാതാക്കാന്‍ വല്ലാത്തൊരു മെയ്‌വഴക്കം മോദി- ഷാ ബിജെപി കാണിച്ചിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമായിരുന്നു മഹാരാഷ്ട്ര. മഹാ വികാസ് അഘാഡി എന്നൊരു സഖ്യമുണ്ടാക്കി ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ഒന്നിച്ചു ചേര്‍ന്നൊരു സര്‍ക്കാരുണ്ടാക്കിയപ്പോള്‍ അഞ്ച് വര്‍ഷം തികയ്ക്കാന്‍ അനുവദിക്കാതെ സര്‍ക്കാരിനെ അട്ടിമറിച്ചു ഓപ്പറേഷന്‍ ലോട്ടസിലൂടെ ബിജെപി. 2019ല്‍ അധികാരത്തിലേറിയ മഹാവികാസ് അഘാഡി സര്‍ക്കാരിനെ കുതന്ത്രങ്ങളാല്‍ ബിജെപി വീഴ്ത്തിയത് ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തിയാണ്. 2022ല്‍ ശിവസേന രണ്ടായി പിളര്‍ന്ന് ഉദ്ദവ് താക്കറെ പക്ഷവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷവുമായി.

2023ല്‍ എന്‍സിപിയേയും ബിജെപി പിളര്‍ത്തി അടര്‍ത്തിയെടുത്തു. രാഷ്ട്രീയ ചാണക്യനായി വാഴ്ത്തപ്പെടുന്ന ശരദ് പവാറിന്റെ പാര്‍ട്ടിയെ രണ്ടാക്കാന്‍ പവാറിന്റെ അനന്തരവന്‍ അജിത് പവാറിനെയാണ് ബിജെപി കരുവാക്കിയത്. അഴിമതി കേസുകളില്‍ വലഞ്ഞു ഇഡിയുടെ വേട്ടയാടലില്‍ ഓടിനടന്ന അജിത് പവാര്‍ എംഎല്‍എമാരുമായി എന്‍ഡിഎ പക്ഷത്തേക്ക് ചാടി എന്‍സിപി പിളര്‍ത്തി. ബിജെപി ചേരിയിലെത്തിയ അജിത് പവാറിന്റെ പേരില്‍ പിന്നീട് ഇഡി നടപടികളോ അഴിമതി കേസുകളോ ഉണ്ടായില്ല. അജിത് പവാര്‍ ബിജെപിയ്ക്കും ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെയും ഒപ്പം മഹാരാഷ്ട്ര ഭരിയ്ക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തുള്ള അജിത് പവാറിന് പക്ഷേ അടുത്ത തവണ എങ്ങനെ തിരഞ്ഞെടുപ്പ് ജയിക്കുമെന്ന ആശങ്കയുണ്ട്. കാരണം ചാടിപ്പോന്ന എംഎല്‍എമാരെല്ലാം അമ്മാവന്‍ ശരദ് പവാര്‍ നയിച്ച പടയിലെ പോരാളികളായിരുന്നു. ജയിച്ച ശേഷം ഇവരെ തെളിച്ച് എന്‍ഡിഎ ക്യാമ്പില്‍ കയറിയ അനന്തരവന്‍ പവാറിന് ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമല്ല 2024ല്‍ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലുണ്ട്. എതിര്‍ ചേരിയില്‍ ശരദ് പവാര്‍ ഉണ്ടെന്നിരിക്കെ എന്‍സിപി അണികളെ വട്ടം പിടിയ്ക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുന്ന അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തിയെടുത്തെങ്കിലും ഇപ്പോഴും അമ്മാവന്‍ ശരദ് പവാറിന്റെ പടം വെച്ചാണ് വോട്ട് ചോദിക്കുന്നത്.

എന്തായാലും അമ്മാവനെ ചതിച്ച് ബിജെപിക്കാര്‍ക്കൊപ്പം പോയി മന്ത്രിസ്ഥാനം മേടിച്ചു ജീവിക്കുന്ന അജിത് പവാറിനെ നിയമത്തിലൂടെ തന്നെ പണികൊടുക്കാന്‍ സീനിയര്‍ പവാര്‍ വിഭാഗക്കാര്‍ ഇറങ്ങി. ശരദ് പവാറിന്റെ ഫോട്ടോ ഉപയോഗിച്ച് വോട്ടര്‍മാരെ പിടിക്കാനുള്ള അജിത് പവാര്‍ ക്യാമ്പിന്റെ ശ്രമങ്ങള്‍ക്കെതിരെ ശരദ് പവാറിന്റെ ഗ്രൂപ്പ് കോടതിയില്‍ പരാതി നല്‍കി. അജിത് പവാറിനും കൂട്ടര്‍ക്കും നാണമില്ലേയെന്ന് സുപ്രീം കോടതി വാക്കാല്‍ ചോദിച്ചില്ലെന്ന് മാത്രം. അതിനപ്പുറത്തേക്ക് വിമര്‍ശന ശരവും താക്കീതും കോടതിയുടെ ഭാഗത്ത് നിന്ന് അജിത് പവാറിനും കൂട്ടര്‍ക്കും ഈ തിരഞ്ഞെടുപ്പ് കാലത്ത് നേരിടേണ്ടി വന്നു. സ്വന്തം പടം വെച്ച് വോട്ട് പിടിക്കാന്‍ വയ്യേടോ എന്നാണ് അനന്തരവന്‍ പവാറിനോട് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് കെ വി വിശ്വനാഥനും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചോദിച്ചത്.

നിങ്ങള്‍ ഇപ്പോള്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അദ്ദേഹത്തോടൊപ്പം ഉണ്ടാകരുതെന്ന് നിങ്ങള്‍ തന്നെയാണ് തീരുമാനിച്ചത്. പിന്നെ എന്തിനാണ് അയാളുടെ ചിത്രം നിങ്ങള്‍ ഉപയോഗിക്കുന്നത്. നിങ്ങളുടെ സ്വന്തം വ്യക്തിത്വം ഉപയോഗിച്ച് പോയി വോട്ട് തേടൂ.

ശരദ് പവാറിന്റെ പേരോ ചിത്രങ്ങളോ നിങ്ങളുടെ താല്‍പര്യത്തിന് ഉപയോഗിക്കില്ലെന്നുള്ള നിരുപാധിക ഉടമ്പടിയാണ് ആവശ്യമെന്ന് സുപ്രീം കോടതി പറഞ്ഞതോടെ തണ്ടൊടിഞ്ഞ താമര പോലെയായി അജിത് പവാറിന്റെ എന്‍സിപി. എന്‍സിപി സ്ഥാപക നേതാവായ ശരദ് പവാറിനെ വഞ്ചിച്ചാണ് മുതിര്‍ന്ന നേതാക്കളടക്കം മലക്കം മറിഞ്ഞത്. പക്ഷേ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പവാറിന്റെ ഫോട്ടോയില്ലെങ്കില്‍ വോട്ട് കിട്ടില്ലെന്ന പേടിയിലാണ് അധികാരത്തിനായി ചാടിപ്പോയ അജിത് പവാര്‍ ക്യാമ്പ്. തിരഞ്ഞെടുപ്പ് അടുത്തതോടെ ശരദ് പവാറിന്റെ ഫോട്ടോയും ബാന്നറുകളും വെച്ചാണ് അജിത് പവാര്‍ ക്യാമ്പ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്.

ശരദ് പവാര്‍ ക്യാമ്പ് തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോഴാണ് പാര്‍ട്ടിയെ പിളര്‍ത്തിയവരും പവാറിന്റെ ഫോട്ടോയുമായി വോട്ട് തേടാന്‍ ഇറങ്ങിയത്. ശരദ് പവാര്‍ ഇല്ലാതെ തിരഞ്ഞെടുപ്പ് നേരിട്ടാല്‍ എന്തായിരിക്കും ഫലമെന്ന് വ്യക്തമായി അറിയാവുന്നതിനാലാണ് അജിത് പവാര്‍ ക്യാമ്പ് ശരദ് പവാറിന്റെ ജനസ്വാധീനം ഫോട്ടോ വഴി ഉപയോഗിക്കാന്‍ ശ്രമിച്ചത്. പക്ഷേ കോടതി ഇടപെടലോടെ ആകെ നാണം കെട്ട അവസ്ഥയിലാണ് അജിത് പവാറും സംഘവും. പാര്‍ട്ടി പേരും ചിഹ്നവുമെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനിലൂടെ എംഎല്‍എമാരുടെ കണക്കില്‍ നേടിയ അജിത് പവാറിന് പക്ഷേ ജനപിന്തുണ സീനിയര്‍ പവാറിന്റെ മുഖത്തിനാണെന്ന് അറിയാം. ഇത് ഉപയോഗിക്കാനുള്ള ശ്രമമാണ് ആ പരിപാടി ഇവിടെ നടക്കില്ലെന്ന് പറഞ്ഞു സുപ്രീം കോടതി തടയിട്ടത്. പ്രാദേശിക പാര്‍ട്ടികളെ പിളര്‍ത്തി വിഴുങ്ങുന്ന ബിജെപി തന്ത്രം മഹാരാഷ്ട്രയിലും ഫലം കണ്ടെന്ന് അജിത് പവാറിന്റെ ഈ ഭയത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ഒപ്പം നിന്ന് നേടിയ സീറ്റുകള്‍ പിളര്‍പ്പിന് ശേഷം കിട്ടില്ലെന്ന് അജിത് പവാറിനറിയാം. തോല്‍വിയുണ്ടായാല്‍ ബിജെപിയില്‍ നിന്ന് കാര്യമായൊന്നും കിട്ടാതെ ഒതുങ്ങേണ്ടി വരുമെന്ന ഭീതിയും അനന്തരവന്‍ പവാറിനും ടീമിനും ഉണ്ട്. എന്നാല്‍ കരുത്താര്‍ജ്ജിക്കാന്‍ ഇന്ത്യ മുന്നണിയ്‌ക്കൊപ്പം ശരദ് പവാറും ഉദ്ദവ് താക്കറെയും മഹാരാഷ്ട്രയില്‍ ശക്തമായ പ്രചാരണത്തിലേക്ക് കടന്നു കഴിഞ്ഞു.

Latest Stories

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര