സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

ബിജെപിയ്ക്കുള്ളിലെ എഴുതപ്പെടാത്ത നിയമമായി അറിയപ്പെടുന്ന 75 വയസിലെ വിരമിക്കല്‍ നയം നരേന്ദ്ര മോദിയുടെ കാര്യത്തിലും ഉണ്ടാവുമോയെന്ന ചര്‍ച്ച രാജ്യത്തുടനീളം നടക്കുന്നുണ്ട്. നരേന്ദ്ര മോദി ഇപ്പോള്‍ ബിജെപിയെ സംബന്ധിച്ച് മറ്റ് ബിജെപിക്കാരേക്കാള്‍ അനിതരസാധാരണ വ്യക്തിത്വം ആയതിനാല്‍ മറ്റ് നേതാക്കള്‍ക്കുള്ള അലിഖിത നിയമം മോദിയ്ക്കുണ്ടാവില്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ മോദിയ്ക്കായി തിരഞ്ഞെടുപ്പില്‍ മൂന്നാം അവസരം നല്‍കിയാല്‍ 75ന്റെ പാര്‍ട്ടി റിട്ടയര്‍മെന്റിലേക്ക് മോദി പോയാല്‍ പകരം പ്രധാനമന്ത്രി കസേരയില്‍ അമിത് ഷാ കയറി ഇരിക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശം ചില്ലറയല്ലാത്ത അനിശ്ചിതത്വം പലര്‍ക്കും ഉള്ളില്‍ കോരിയിട്ടിട്ടുണ്ട്.

നരേന്ദ്ര മോദി വിരമിക്കല്‍ നയത്തേ കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും പാര്‍ട്ടിയില്‍ അങ്ങനെ ഒരു കീഴ്‌വഴക്കം ഒന്നുമില്ലെന്ന് പറഞ്ഞു അമിത് ഷാ അടക്കം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മോദി തന്നെ 2029 വരെ ബിജെപിയുടെ കേന്ദ്രസര്‍ക്കാരിനെ നയിക്കുമെന്നൊക്കം അമിത് ഷാ ആവര്‍ത്തിച്ചു പറഞ്ഞു. നേരത്തെ 75 വയസിന്റെ കാര്യം പറഞ്ഞു പല മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും മോദി- അമിത് ഷാ ബ്രിഗേഡ് സീറ്റ് നിരസിച്ചതും 75 ആകുന്നുവെന്ന് പറഞ്ഞു ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ സ്ഥാനത്ത് നിന്ന് നീക്കിയതുമെല്ലാം മുന്നില്‍ നില്‍ക്കവെയാണ് അത്തരത്തില്‍ 75 വിരമിക്കല്‍ പ്രായമാണെന്ന നയം പാര്‍ട്ടിയ്ക്കില്ലെന്ന് അമിത് ഷാ പറയുന്നത്.

ഇന്ത്യ സഖ്യം കൃത്യമായ പ്രചാരണവുമായി മുന്നേറുകയും ഉത്തര്‍പ്രദേശില്‍ അരവിന്ദ് കെജ്രിവാള്‍ ഇറങ്ങി പ്രചാരണം നടത്തുകയും ചെയ്യുന്നത് ബിജെപിയെ ഇത്തരം ചില കാര്യങ്ങള്‍ പറഞ്ഞു കടന്നാക്രമിച്ചാണ്. 2019ല്‍ അമിത് ഷാ തന്നെ പറഞ്ഞതാണ് 75ന് മുകളിലുള്ള ആര്‍ക്കും പാര്‍ട്ടി ടിക്കറ്റില്ലെന്നത്. ഇപ്പോള്‍ 74 വയസിലേക്ക് കടക്കുന്ന മോദിയുടെ കാര്യത്തിലേക്ക് വന്നപ്പോള്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ് അമിത് ഷാ.

നാല് ഘട്ടം കഴിഞ്ഞപ്പോള്‍ പറയുന്നതൊന്നും കൃത്യമായി കുറിക്ക് കൊള്ളുന്നില്ലെന്നും മുസ്ലീംങ്ങളെ ഒറ്റപ്പെടുത്തിയുള്ള സാമുദായിക ധ്രൂവീകരണം ഏല്‍ക്കുന്നില്ലെന്നും വ്യക്തമായതോടെ അടുത്ത അടവിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. അരവിന്ദ് കെജ്രിവാളിനെ സുപ്രീം കോടതി ഇടപെട്ട് പുറത്തിറക്കിയതോടെ ബിജെപിയ്ക്ക് പ്രചാരണത്തില്‍ തന്നെ തിരിച്ചടിയേറ്റിട്ടുണ്ട്. ഇഡി നടപടികളെല്ലാം പ്രതിപക്ഷത്തെ വേട്ടയാടാനാണെന്ന് പ്രതിപക്ഷം സമര്‍ത്ഥിക്കുമ്പോള്‍ പ്രചാരണ വേദിയില്‍ വലിയ രീതിയിലുള്ള തിരിച്ചടി ബിജെപി നേരിടുന്നുണ്ട്. അപ്പോള്‍ വീണ്ടും അമ്പല രാഷ്ട്രീയവുമായി കളം പിടിക്കാന്‍ നോക്കുകയാണ് അമിത് ഷാ.

അയോധ്യ രാമക്ഷേത്രത്തിന്റെ പേരില്‍ പതിറ്റാണ്ടുകളായി നടത്തിയ മുതലെടുപ്പിന് ശേഷം ഇനി സീതയുടെ പേരില്‍ അമ്പലത്തെ സജീവ ചര്‍ച്ചയാക്കുകയാണ് അമിത് ഷാ. ബിഹാറിലെ സീതാമഡിയില്‍ ഒരു സീതാ ക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് ബിജെപിയുടെ ചാണക്യന്‍ ബീഹാറി ജനതയ്ക്ക് നല്‍കിയിരിക്കുന്ന വന്‍ വാഗ്ദാനം. ഞങ്ങള്‍ ബിജെപിക്കാര്‍ വോട്ട് ബാങ്കിന്റെ പേരില്‍ ഭയക്കുന്നവരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാമന് അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിച്ചുവെന്നും ഇനി സീതാ ദേവിയ്ക്ക് അവരുടെ ജന്മസ്ഥലത്ത് അമ്പലം നിര്‍മ്മിയ്ക്കുകയാണ് ബാക്കിയുള്ളതെന്നും ബിഹാറിലെ പട്‌നയില്‍ അമിത് ഷാ പറഞ്ഞു.

രാമക്ഷേത്രത്തില്‍ നിന്ന് അകന്ന് മാറി നിന്നവര്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ല, പക്ഷേ മാ സീതയുടെ ജീവിതം പോലെ ആര്‍ക്കെങ്കിലും ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍ അത് നരേന്ദ്ര മോദിയ്ക്കാണ്. അത് ബിജെപിയ്ക്കാണ്.

സീതാദേവിയുടെ ജീവിതം പോലെ മഹത്തായ അമ്പലം നിര്‍മ്മിക്കാന്‍ കഴിയുന്ന ഏക വ്യക്തി നരേന്ദ്ര മോദിയാണെന്നും അതിന് സാധിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്നും പറഞ്ഞാണ് അമിത് ഷാ പട്‌നയില്‍ വോട്ട് തേടിയത്. ഹിന്ദു ഗ്രന്ഥങ്ങള്‍ അനുസരിച്ച് രാമന്റെ ഭാര്യയായ സീതയെ രാജാവായ ജനകന് സീതാമഡിക്ക് സമീപം വയലില്‍ ഉഴുതു കൊണ്ടിരുന്ന ഭൂമിയില്‍ നിന്ന് ഒരു മണ്‍പാത്രത്തില്‍ കിട്ടിയെന്നാണ് പറയപ്പെടുന്നത്. ഈ സ്ഥലത്ത് ക്ഷേത്രമെന്ന നിലപാടിലാണ് ബിജെപി. മെയ് 20 ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ബീഹാറിലെ 40 മണ്ഡലങ്ങളാണ് വോട്ടെടുപ്പിലേക്ക് കടക്കുന്നത്. ഈ 40 മണ്ഡസലങ്ങളില്‍ ഒന്ന് സീതാമഡിയാണെന്ന് ഇരിക്കെയാണ് സീതാ ക്ഷേത്രത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി അമിത് ഷായും ബിജെപിയും ഉപയോഗിക്കുന്നത്. ബിഹാറില്‍ ജംഗിള്‍രാജല്ലെ വികസന്‍രാജാണ് വേണ്ടതെന്ന് അമിത് ഷാ പറയുമ്പോള്‍ നിലവിലെ ബിഹാര്‍ സര്‍ക്കാര്‍ ബിജെപി- ജെഡിയു സഖ്യസര്‍ക്കാരാണെന്ന് കൂടി മറക്കരുത്. എന്തായാലും ഒന്നും ഏല്‍ക്കാതെ വന്നപ്പോള്‍ വീണ്ടും അമ്പലമുണ്ടാക്കുമെന്ന് പറഞ്ഞാണ് 10 വര്‍ഷമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടി തലവന്‍ വീണ്ടും വോട്ട് തേടുന്നതെന്ന കാര്യം ചിന്തനീയമാണ്.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്