തൃണമൂല്‍ vs ബിജെപി: ഒരു ക്രൂരബലാല്‍സംഗ കേസിലെ 'അട്ടിമറി രാഷ്ട്രീയം'; മമതയെ വീഴ്ത്തുമോ ഈ പ്രതിഷേധം?, 'തൂക്കുകയറില്‍' രക്ഷനേടാന്‍ ശ്രമം

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ അതിക്രൂര ബലാല്‍സംഗത്തിന് ഇടയായി ഒരു ഡോക്ടര്‍ മരിച്ചതിന് പിന്നാലെ പ്രതിഷേധത്താല്‍ കലങ്ങി മറിയുകയാണ് പശ്ചിമ ബംഗാള്‍. രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൊമ്പുകോര്‍ത്ത് വിഷയം തങ്ങളുടെ ബാധ്യതയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുമ്പോള്‍ വല്ലാത്തൊരു അരാഷ്ട്രീയ ചുറ്റുപാടിലേക്ക് പശ്ചിമ ബംഗാള്‍ മാറി. പൊലീസ് കേസിന്റെ തുടക്കത്തില്‍ കാണിച്ച കുറ്റം മറച്ചുപിടിക്കാനുള്ള ആവേശവും പിന്നീടുണ്ടായ ഉദാസീനതയും സംസ്ഥാന സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ സഹാനുഭൂതി ലവലേശം ഇല്ലാത്ത പ്രതികരണത്തോടെ വിഷയത്തില്‍ എണ്ണ കോരി ഒഴിച്ചു. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രാജിവെയ്ക്കലും പിന്നീട് നാല് മണിക്കൂറിനകം അടുത്ത സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പളായി ചുമതല നല്‍കിയതും മമതയുടെ പാര്‍ട്ടിയേയും മന്ത്രിസഭയേയും പ്രതിസ്ഥാനത്താക്കി.

വിഷയം കത്തിക്കയറുമെന്ന് മനസിലാക്കി പ്രതിപക്ഷമായ ബിജെപി, മമതയുടെ പഴയ അനുയായി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ ഉറച്ചിറങ്ങി. തെളിവ് നശിപ്പിക്കാനുള്ള ബംഗാള്‍ പൊലീസിന്റെ ശ്രമങ്ങളടക്കം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതോടെ തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാരും പ്രതിരോധത്തിലായി. എന്നാല്‍ ഒറ്റപ്പെട്ട സംഭവമെന്ന മട്ടില്‍ വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ ജനരോഷം ഉയര്‍ന്നു. അത് തിരിച്ചറിഞ്ഞ ബിജെപി പ്രതിഷേധം കടുപ്പിയ്ക്കുകയും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്രമസമാധാന പാലനം മോശമെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വരുകയും ചെയ്തു. ബംഗാള്‍ പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് വലിയ ആക്ഷേപം ഉയരുകയും ക്രൂരമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം മമത സര്‍ക്കാരിലും പൊലീസിലും അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തതോടെ തൃണമൂല്‍ കോണ്‍ഗ്രസും മമതയും വീണ്ടും പ്രതിരോധത്തിലായി. ‘വീട്ടിലെ ലക്ഷ്മിക്ക് സുരക്ഷയില്ലെങ്കില്‍ പിന്നെ മമതയുടെ ലക്ഷ്മിഭണ്ഡാറിന് എന്ത് അര്‍ഥ’മെന്ന കൊല്ലപ്പെട്ട യുവതിയുടെ മാതാവിന്റെ ചോദ്യവും ചര്‍ച്ചയായി.

സ്വന്തം സംസ്ഥാനത്ത് നടന്ന സംഭവത്തില്‍ കൃത്യമായ നടപടി കൈക്കൊള്ളാനാകാതെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ബിജെപി പ്രതിഷേധവും കണ്ട് ഡോക്ടറുടെ കൊലയില്‍ പ്രതിഷേധ സമ്മേളനമൊക്കെ സംഘടിപ്പിച്ച മമത ആര്‍ക്കെതിരെയാണ് ഈ പ്രതിഷേധം ഉദ്ദേശിച്ചതെന്ന ചോദ്യം പോലും ജനങ്ങള്‍ക്കിടയിലുണ്ടാക്കി. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതും ഛത്രസമാജ് എന്ന സംഘടനയുണ്ടായതും മമതയ്‌ക്കെതിരായി രാഷ്ട്രീയ സാഹചര്യം തിരിച്ചു. കേസ് പൊലീസില്‍ നിന്ന് സിബിഐ ഏറ്റെടുത്തതോടെ ബിജെപി പ്രതിഷേധത്തിന്റേയും നിറം മാറി. മമത രാജിവെച്ച് പുറത്തുപോണമെന്ന ആവശ്യത്തിലൂന്ന് അക്രമകരമായ രീതിയില്‍ തന്നെ ബിജെപി പ്രതിഷേധം വ്യാപിപ്പിച്ചു.

ക്രമസമാധാന പ്രശ്‌നം ബംഗാളില്‍ വലിയ ചലനം സൃഷ്ടിച്ചു. ബിജെപി നേതാക്കള്‍ അക്രമം അഴിച്ചുവിടുന്നുവെന്ന മമതയുടെ ആക്ഷേപമൊന്നും നീതിയ്ക്ക് വേണ്ടി ബംഗാളില്‍ തെരുവിലിറങ്ങിയവര്‍ കണക്കിലെടുത്തില്ല. കേസില്‍ പ്രതിയായ സഞ്ജയ് റോയി അല്ലാതെ മറ്റൊരു പ്രതിയെ കണ്ടെത്താന്‍ സിബിഐയ്ക്കും കഴിഞ്ഞിട്ടില്ല. ഇത് ചോദ്യം ചെയ്താണ് പ്രതിയെ പിടികൂടിയത് കൊല്‍ക്കത്താ പൊലീസ് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി സമരത്തിന്റെ ചൂട് കുറയ്ക്കാനുള്ള മമതയുടെ ശ്രമം.

സിബിഐയ്ക്ക് കൂടുതലൊന്നും ഇതുവരെ കണ്ടെത്താനായില്ലെങ്കിലും മമത സര്‍ക്കാരിനെ താഴെയിറക്കാനുള്ള തുറുപ്പ് ചീട്ടായി ബിജെപി കൊല്‍ക്കത്തയില്‍ ഇറങ്ങി കളിക്കുകയാണ്. കൊല്‍ക്കത്തയില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് മമതയ്‌ക്കെതിരായ നീക്കങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കണ്ടത് തന്ത്രപ്രധാനമാണ്.

രാജി ആവശ്യം കനത്തതോടെ മമത തിരിച്ചടിക്കാന്‍ ഇറങ്ങി കഴിഞ്ഞു. കേസ് ഏറ്റെടുത്ത് 16 ദിവസം കഴിഞ്ഞട്ടും നീതി എവിടെയെന്ന് സിബിഐയോട് മമത ചോദിക്കുന്നു. അവര്‍ കേസ് കണ്ടെത്താനല്ല പക്ഷേ വിഷയത്തില്‍ കാല താമസമുണ്ടാക്കാനാണ് എത്തിയതെന്നും മമത കുറ്റപ്പെടുത്തി. ബലാല്‍സംഗം ചെയ്യുന്നവരെ തൂക്കി കൊല്ലാന്‍ പാകത്തിന് നിയമമുണ്ടാക്കുമെന്ന് പറഞ്ഞാണ് വിഷയത്തില്‍ തനിക്ക് നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രിയുടെ ശ്രമം.

ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്നും അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളില്‍ ബില്‍ പാസാക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. തന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വട്ടം ചുറ്റിക്കുന്ന ബിജെപിയ്ക്ക് ഒരു ചെക്ക്‌മേറ്റും ഈ തീരുമാനത്തിലൂടെ മമത ലക്ഷ്യം വെയ്ക്കുന്നുണ്ട്. നിയമസഭയില്‍ ബില്‍ പാസാക്കിയ ശേഷം ഗവര്‍ണര്‍ സി വി ആനന്ദ ബോസിന്റെ അംഗീകാരത്തിനായി അയക്കുമെന്നും എന്നാല്‍ ബില്‍ പാസാക്കുമോയെന്നതില്‍ സംശയമുണ്ടെന്നും പറഞ്ഞാണ് തനിക്കെതിരെ വരുന്നത് കേന്ദ്രത്തിനെതിരെയാക്കാനുള്ള മമതയുടെ ശ്രമം. ഇനി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹത്തിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മമത പറയുന്നുണ്ട്. തന്റെ രാജി ചോദിച്ചവരോട് അതേ രീതിയില്‍ തിരിച്ച് പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പാണത്.

ഒപ്പം പ്രതിച്ഛായ വീണ്ടെടുക്കാന്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന ഛാത്ര പരിഷദിന്റെ സ്ഥാപക ദിനം കൊല്ലപ്പെട്ട യുവതിക്ക് സമര്‍പ്പിക്കുന്നുവെന്നും മമത പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും സ്ത്രീവോട്ടുകള്‍ തൃണമൂലിന്റെ സ്വന്തമാക്കി നേടിയെടുത്തുമാണ് മമത തുടര്‍ച്ചയായി തിരഞ്ഞെടുപ്പു വിജയങ്ങള്‍ ബംഗാളില്‍ കൊയ്തിട്ടുള്ളത്. അതിനാണ് ഈ സംഭവത്തോടെ ഇടിവ് വന്നിട്ടുള്ളത്. സ്ത്രീകള്‍ക്ക് മമതയോടുണ്ടാകുന്ന അവിശ്വാസം ബംഗാളില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കണ്ടാണ് ബിജെപിയുടെ ഓരോ നീക്കവും ബംഗാളില്‍. ബലാല്‍സംഗത്തിന് തൂക്കുകയറെന്ന വൈകാരിക തീരുമാനത്തില്‍ പിടിച്ച് സ്ത്രീകള്‍ക്കിടയിലെ വിശ്വാസം വീണ്ടും ഊട്ടിഉറപ്പിക്കാനുള്ള ശ്രമമാണ് മമതയുടെ ഭാഗത്ത് നിന്ന് ഒടുവില്‍ ഉണ്ടാകുന്നത്.

Latest Stories

ഇന്ത്യ ഗേറ്റിന്റെയും പേര് മാറ്റാനൊരുങ്ങി ബിജെപി; ഭാരത് മാതാ ഗേറ്റ് എന്ന് പുനഃര്‍നാമകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്ത്

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; 'ആടുജീവിതം' ഓസ്‌കര്‍ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞടുക്കപ്പെട്ടു

ബുംറയെ ഒന്നും ഇന്ത്യൻ ടീമിൽ അടുപ്പിക്കരുത്, അവനൊന്നും ശരിക്കും പറഞ്ഞാൽ വയ്യ; സൂപ്പർ താരത്തിനെതിരെ ബൽവീന്ദർ സിംഗ് സന്ധു

ഇത് അദ്ദേഹത്തിന്റെ അവസാന പരമ്പരയാണെങ്കിൽ...; വിരാട് കോഹ്‌ലിക്ക് പാറ്റ് കമ്മിൻസിന്റെ വക ഞെട്ടിക്കുന്ന സന്ദേശം; സംഭവം വൈറൽ

നയന്‍താരയ്ക്ക് പച്ചക്കൊടി, 'ചന്ദ്രമുഖി'യിലെ ഫൂട്ടേജിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല; പ്രതികരിച്ച് ശിവാജി പ്രൊഡക്ഷന്‍സ്

രാജ്യത്ത് 8 എച്ച്എംപിവി കേസുകൾ; പരിശോധന ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം

'വിഡി സതീശനും കെ സുധാകരനും പറയുന്നത് തെറ്റ്'; ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കോൺഗ്രസിനെതിരെ കുടുംബം

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ പിടിയില്‍

ആ ഇന്ത്യൻ താരത്തിന്റെ പ്രവർത്തി മോശം, അനാവശ്യമായി ഉടക്ക് ഉണ്ടാക്കാൻ മാത്രമേ അറിയൂ അവന്: സബ കരീം

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ