ഇന്ത്യന്‍ പതാകയ്ക്ക് കീഴെ മല്‍സരിക്കാനാകാതെ ഗുസ്തി താരങ്ങള്‍

കാലങ്ങളോളം പരിശീലിച്ച് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ പതാകയ്ക്ക് കീഴെ മല്‍സരിച്ച് ട്രാക്കുകളും ലോകവേദികളും കീഴടക്കാന്‍ കാത്തിരിക്കുന്ന അത്‌ലറ്റുകളും കായിക താരങ്ങളും രാജ്യത്തിന്റെ അഭിമാനമാണ്. അത്തരത്തില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ നിരവധി താരങ്ങളെ ഒരു ബിജെപി എംപിയുടെ ലൈംഗിക കുറ്റകൃത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഡല്‍ഹിയിലെ തെരുവില്‍ പൊലീസ് കൈകാര്യം ചെയ്തത് ഇന്ത്യ കണ്ടിട്ട് അധിക നാളായിട്ടില്ല. ലോക കായിക വേദികളില്‍ ഇന്ത്യക്ക് അഭിമാനമായി മാറിയ ഗുസ്തി താരങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തള്ളിക്കളഞ്ഞ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കെടുകാര്യസ്ഥതയുടെ പര്യായമാകുകയാണ് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് എന്ന ബിജെപി എംപിയുടെ ആധിപത്യം ലൈംഗിക ആരോപണങ്ങള്‍ക്ക് ഇടയിലും ഗുസ്തി ഫെഡറേഷനില്‍ ഉറപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ബിജെപി മറന്നു പോയത് രാജ്യത്തെ താരങ്ങളെയാണ്. രാജ്യം ഭരിക്കുന്ന കാവി പാര്‍ട്ടിയുടെ ആ പിടിപ്പു കേടിന്റെ പേരില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴെ മല്‍സരിക്കാനാകാതെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നില്‍ക്കേണ്ടി വരും ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക്.

ലോക ഗുസ്തി ഫെഡറേഷന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് സസ്പെന്‍ഷന്‍ നല്‍കിയതോടെ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് മല്‍സരിക്കാനാകില്ല. യഥാസമയം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്നതിനെ തുടര്‍ന്നാണ് യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് അസോസിയേഷന്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെതിരെ നടപടിയെടുത്തത്. കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയുടെ എംപിയായ ബ്രിജ് ഭൂഷണ്‍ ആയിരുന്നു ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ്. ബിജെപി എംപിക്കെതിരെ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളില്‍ കണ്ണടച്ച് ഇരുട്ടാക്കിയ മോദി സര്‍ക്കാര്‍ ആരോപണം ഉന്നയിച്ച ഗുസ്തി താരങ്ങളെ കായികമായി പൊലീസിനെ ഉപയോഗിച്ച് നേരിടുകയായിരുന്നു. വിവാദങ്ങള്‍ പിടിച്ചുലച്ച ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷനില്‍ മാറ്റങ്ങള്‍ക്ക് ശ്രമിക്കാതെ മാഫിയ തലവനെന്ന് വിശേഷണമുള്ള ബ്രിജ് ഭൂഷണിന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ശ്രദ്ധ.

തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയില്ലെങ്കില്‍ വിലക്ക് നേരിടേണ്ടിവരുമെന്ന് ലോക ഗുസ്തി ഫെഡറേഷന്‍ മുന്നറിയിപ്പ് ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷന് കണ്ടില്ലെന്ന് നടിച്ചു. ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണങ്ങളും മുന്‍നിര ഗുസ്തി താരങ്ങളുടെ പ്രതിഷേധവും സംസ്ഥാന അസോസിയേഷനുകള്‍ കോടതിയിലേക്ക് നീങ്ങിയത് അടക്കമുള്ള കാര്യങ്ങളും ഗുസ്തി ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമായി. ഈ വര്‍ഷം തുടക്കത്തില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ബ്രിജ് ഭൂഷണിന്റെ ആധിപത്യം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ആകെ താളം തെറ്റുകയായിരുന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മനസിലായപ്പോള്‍ ഏപ്രിലില്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു അഡ്ഹോക് കമ്മിറ്റിയെ നിയമിച്ചിരുന്നു. 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനും നിര്‍ദേശം നല്‍കി. എന്നാല്‍, ഗുസ്തി താരങ്ങള്‍ കടുത്ത ഭാഷയില്‍ പ്രതിഷേധിച്ചിട്ടും തലപ്പത്ത് തന്റെ സ്വാധീനം വേണമെന്ന് ഉറപ്പിച്ച ബിജെപി എംപിയുടെ നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനുള്ള 45 ദിവസത്തെ സമയപരിധി പാലിച്ചില്ലെങ്കില്‍ അംഗത്വം റദ്ദാകുമെന്ന് പല കുറി ഒളിമ്പിക് അസോസിയേഷന്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യയന്‍ ഗുസ്തി ഫെഡറേഷന് സസ്‌പെന്‍ഷന്‍ നല്‍കി.

ദേശീയ ഗുസ്തി ഫെഡറേഷന്‍ രാജ്യാന്തര ഗുസ്തി ഫെഡറേഷന്റെ വിലക്ക് നേരിടുന്നത് ഇതാദ്യമല്ല. ജനുവരിയില്‍ വിലക്ക് നേരിട്ടിരുന്നു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ത്തിയതോടെ മെയ് മാസത്തില്‍ വീണ്ടും രാജ്യന്തര ഗുസ്തി ഫെഡറേഷന്‍ ഇന്ത്യയെ വിലക്കി. എന്നിട്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള താക്കീത് കണ്ടില്ലെന്ന് നടിച്ച് വിവാദങ്ങള്‍ക്കിടെയും ദേശീയ ഗുസ്തി ഫെഡറേഷനില്‍ ആധിപത്യം നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ബ്രിജ് ഭൂഷണും ബിജെപിയും. ബ്രിജ് ഭൂഷണിന്റെ പാനലില്‍പ്പെട്ട 23 പത്രികകള്‍ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഓഗസ്റ്റ് 12-ാം തിയതി നിശ്ചയിച്ച തെരഞ്ഞെടുപ്പ് നടന്നില്ല. ഇതോടെ സസ്പന്‍ഷന്‍ നടപടിയുമായി യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് മുന്നോട്ട് പോയി.

ബിജെപിയുടെ രാഷ്ട്രീയ കളികള്‍ക്കും അധികാര വാഴ്ചയ്ക്കും ഇടയില്‍ ഇന്ത്യയുടെ ഗുസ്തി താരങ്ങള്‍ക്കാണ് ലോകവേദിയില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ ലോക ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ നില്‍ക്കാനുള്ള അവസരം നഷ്ടമായത്. ഒളിംപിക്സിനുള്ള യോഗ്യതാ മത്സരം കൂടിയായ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വതന്ത്ര അത്ലറ്റുകളായി മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനി പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. സെപ്റ്റംബര്‍ 16ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഒളിംപിക്‌സ് യോഗ്യതയ്ക്കായുള്ള മത്സരങ്ങള്‍ കൂടിയാണ് എന്നത് കനത്ത തിരിച്ചടിയാണ് രാജ്യമെന്ന നിലയില്‍ ഇന്ത്യക്കും ഇന്ത്യന്‍ താരങ്ങള്‍ക്കും. ഗുസ്തി മല്‍സരങ്ങളില്‍ ഒളിംപിക്‌സ് വേദി കൂടിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഒരു പക്ഷേ കൊട്ടിയടയ്ക്കപ്പെടുന്നത്.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ