കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയുടെ ഇടം വലം ചേര്‍ന്ന് നിന്നോ രാഹുലിന്റെ പിന്നില്‍ പാര്‍ലമെന്റിലെ സീറ്റിലിരുന്ന് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചോ ഒക്കെ നടന്നൊരു കോണ്‍ഗ്രസുകാരന്‍ ഉണ്ടായിരുന്നു. ജ്യോതിരാതിദ്യ സിന്ധ്യ എന്നായിരുന്നു അയാളുടെ പേര്, രാഹുല്‍ ബ്രിഗേഡിന്റെ ഒന്നാം നിരക്കാരനായി കോണ്‍ഗ്രസുകാര്‍ കണ്ട ജ്യോതിരാതിദ്യ സിന്ധ്യ. രാജസ്ഥാനില്‍ നിന്നുള്ള സച്ചിന്‍ പൈലറ്റിനൊപ്പം രാഹുലിന്റെ വിശ്വസ്തനായ യുവരക്തമെന്ന് രാഷ്ട്രീയ ഇന്ത്യ വിളിച്ചിരുന്നു ജ്യോതിരാദിത്യ സിന്ധ്യയെ. പക്ഷേ നിര്‍ണായകമായ ഒരു സമയത്ത് അധികാരത്തിന്റെ കൊതിയില്‍ പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിച്ച് ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിക്ക് ഒപ്പം പോയി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പൊരുതി നേടിയ വിജയം സിന്ധ്യയുടെ കാലുവാരലിലൂടെ തട്ടിത്തകര്‍ന്നപ്പോള്‍ 1 വര്‍ഷവും 97 ദിവസവും മാത്രം പ്രായമുള്ള കമല്‍നാഥ് സര്‍ക്കാര്‍ വീണു. ബിജെപിക്ക് ഒപ്പം പോയ സിന്ധ്യയാകട്ടെ ഇപ്പോള്‍ വ്യോമയാന മന്ത്രിയായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാണ്.
പക്ഷേ അടുത്ത മധ്യപ്രദേശ് തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ സിന്ധ്യ രാഹുലിനോട് ചെയ്ത നെറികേടിന് കാലം തിരിച്ചടി അതേ നാണയത്തില്‍ നല്‍കിയിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായ എംഎല്‍എ സമന്ദര്‍ പട്ടേല്‍, സിന്ധ്യയെ വിട്ടു തന്റെ അണികളുമായി കോണ്‍ഗ്രസിലേക്ക് മടങ്ങിയിരിക്കുകയാണ്. 1200 കാറുകളുടെ അകമ്പടിയോടെയാണ് സമന്ദര്‍ പട്ടേല്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് വന്‍ പ്രകടനമായി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. തന്റെ മണ്ഡലമായ ജവാദില്‍ നിന്നും ഭോപാലിലെ ബിജെപി ഓഫീസിലേക്ക് വന്‍ സന്നാഹത്തിലെത്തിയാണ് എംഎല്‍എ എത്തി രാജി നല്‍കിയത്. പിന്നീട് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു ചേര്‍ന്നു.
മധ്യപ്രദേശില്‍ ബിജെപി ഓപ്പറേഷന്‍ താമരയിലൂടെ കയ്യാളിയ ഭരണം തിരിച്ചുപിടിക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയിരിക്കുന്ന കോണ്‍ഗ്രസിന് കരുത്താവുകയാണ് പാര്‍ട്ടി വിട്ടു പോയവരുടെ തിരിച്ചുമടക്കം. രാജ പരമ്പരയുടെ വീരസ്യത്തില്‍ മഹാരാജ് എന്ന് വിളിക്കപ്പെടുന്ന സിന്ധ്യയ്‌ക്കൊപ്പം പോയ മൂന്ന് വിശ്വസ്തരാണ് ഇപ്പോള്‍ ഇതുവരേയും കോണ്‍ഗ്രസിലേക്ക് മടങ്ങിയിരിക്കുന്നത്.
22 എംഎല്‍എമാരാണ് 2020ല്‍ കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയത്. ഇപ്പോള്‍ പലരും മടങ്ങിവരവിന്റെ പാതയിലാണ്. ജൂണ്‍ 14ന് ശിവ്പുരിയിലെ ബിജെപി നേതാവ് ബായ്ജ്‌നാഥ് സിങ് യാദവാണ് സിന്ധ്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് 700 കാര്‍ റാലി പ്രകടനവുമായി കോണ്‍ഗ്രസിലേക്ക് എത്തിയത്. പിന്നാലെ ബിജെപി ശിവപുരി ജില്ലാ വൈസ്പ്രസിഡന്റ് രാകേശ് കുമാര്‍ ഗുപ്തയും ജൂണ്‍ 26ന് കോണ്‍ഗ്രസിനൊപ്പമെത്തി.
തങ്ങളുടെ ശക്തി പ്രകടിപ്പിച്ച് വാഹനവ്യൂഹങ്ങളില്‍ അണികളുമായാണ് മൂന്ന് നേതാക്കളും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. നരേന്ദ്ര മോദിയും അമിത് ഷായും ഭരിക്കുന്ന ബിജെപിയില്‍ ശ്വാസം മുട്ടിയതിനാലാണ് തിരിച്ചു മടക്കമെന്നാണ് എംഎല്‍എ സമന്ദര്‍ പട്ടേലിന്റെ പ്രതികരണം. ഇപ്പോഴും മഹാരാജ് സിന്ധ്യയോട് ബഹുമാനമുണ്ടെന്ന് പറയുന്നുണ്ട് മധ്യപ്രദേശിലെ രാഷ്ട്രീയക്കാരില്‍ വലിയ പണക്കാരില്‍ ഒരാളായ സമന്ദര്‍ പട്ടേല്‍.
പക്ഷേ ബിജെപി ക്യാമ്പില്‍ ജ്യോതിരാതിദ്യ സിന്ധ്യയ്‌ക്കൊപ്പം പോയ കോണ്‍ഗ്രസുകാര്‍ നേരിടുന്ന അവഗണന തുറന്നുപറഞ്ഞാണ് സമന്ദര്‍ പട്ടേലിന്റെ തിരിച്ചുമടക്കം. മധ്യപ്രദേശിലെ ബിജെപി ക്യാമ്പുമായി നിരന്തരം പോരാട്ടത്തിലാണ് സിന്ധ്യ വിഭാഗം. ഇത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ ബിജെപിക്ക് വലിയ തലവേദനയായിട്ടുമുണ്ട്.
സിന്ധ്യയുടെ ക്യാമ്പില്‍ നിന്നുള്ള സൂചന ഇനിയും കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നാണ്. കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ കൂടുതല്‍ നേതാക്കള്‍ തയ്യാറായതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാനുള്ള അന്തിമ പോരാട്ടത്തിലാണ് മധ്യപ്രദേശില്‍ കമല്‍നാഥും നേതാക്കളും. മുഖ്യമന്ത്രി സ്ഥാനം തനിക്ക് നല്‍കാതെ കമല്‍നാഥിന് നല്‍കിയതിലുള്ള അനിഷ്ടമാണ് ജ്യോതിരാതിദ്യ സിന്ധ്യ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണത്തിന് പിന്നില്‍. ജനഹിതം അട്ടിമറിച്ച ബിജെപിക്കെതിരെയും സിന്ധ്യക്കെതിരേയും തുറന്ന പോര് പ്രഖ്യാപിച്ച കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അന്ന് തൊട്ട് അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
2018ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത് പൊതുജനങ്ങളുടെ അഭിപ്രായത്തോടെയാണ്, എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് കുതിരക്കച്ചവടം നടത്തിയാണെന്ന് കമല്‍നാഥ് അടിയ്ക്കടി ആവര്‍ത്തിക്കുന്നുണ്ട്. മധ്യപ്രദേശ് ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് ബിജെപി. കര്‍ണാടക ആവര്‍ത്തിക്കാതിരിക്കാന്‍ എന്തിനും തയ്യാറായി നില്‍ക്കുമ്പോഴാണ് ഒപ്പം വന്ന നേതാക്കളില്‍ ചിലരുടെ മടക്കവും അതൃപ്തിയും പാര്‍ട്ടിയെ വലയ്ക്കുന്നത്.