വേനലിലെ ഇടവിട്ടുള്ള മഴ വില്ലനാകും; കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത, ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

രോഗ ലക്ഷണങ്ങള്‍

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കണം

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

ധാരാളം പാനീയങ്ങള്‍ കുടിക്കുക

ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകര്‍ച്ചപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സിക്കരുത്.

കൊതുകിനെ അകറ്റുക ഏറ്റവും പ്രധാനം

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. അതിനാല്‍ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന് നല്ല ബുദ്ധിയുണ്ടാകട്ടേയെന്ന് എകെ ബാലന്‍; 'ഇവിടെ കാണിച്ചത് പോലെ തന്നെ പ്രത്യേക കഴിവുകള്‍ ബിഹാറില്‍ കാണിക്കുമെന്ന് ആശിക്കുന്നു'

ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാം; കേരളത്തിലെ തോറിയത്തെ ലക്ഷ്യമിട്ട് പദ്ധതി; സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് കേന്ദ്രം

ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ജെപി നദ്ദ; അനില്‍ ആന്റണിയും ടോം വടക്കനും ഒപ്പം

മാസ് ഫോമില്‍ സൂര്യ, കണക്കുകള്‍ തീര്‍ക്കാന്‍ 'റെട്രോ'; കാര്‍ത്തിക് സുബ്ബരാജ് ഐറ്റം ലോഡിങ്, ടീസര്‍ വൈറല്‍

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍