പഴച്ചാറുകളും മറ്റ് പാനീയങ്ങളും ധാരാളം കുടിക്കേണ്ട സമയമാണ് ഗര്‍ഭകാലം. എന്നാല്‍, ഗര്‍ഭകാലത്ത് അമ്മ മധുരപാനീയങ്ങള്‍ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനങ്ങള്‍. ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പഴച്ചാറുകളും നുരയുള്ള പാനീയങ്ങളും കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഏഴ് വയസ് മുതല്‍ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ആസ്ത്മയുണ്ടാവാന്‍ സാധ്യത കൂടുതല്‍. ബാല്യകാലത്ത് അമിതമായി മധുരപാനീയങ്ങള്‍ കുടിക്കുന്നതും കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. മധുരത്തിന്റെ അമിതമായ ഉപയോഗം കൊണ്ടുണ്ടാകുന്ന പൊണ്ണത്തടിയും ആസ്ത്മയ്ക്ക് കാരണമായോക്കാം. ദഹന പ്രക്രിയകളെ പ്രതികൂലമായി ബാധിക്കുന്നതിനോടൊപ്പം ശ്വാസകോശത്തിന് എരിച്ചില്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്കും ഇത് കാരണമാകുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
1,068 അമ്മമാരിലും കുട്ടികളിലും നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഗവേഷണസംഘം നിഗമനത്തിലെത്തിയത്. ഗര്‍ഭകാലത്തില്‍ നടത്തിയ സര്‍വേകള്‍ക്ക് ശേഷം പ്രസവം കഴിഞ്ഞ് ഓരോ മൂന്നുമാസത്തിലും ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചു. ഗര്‍ഭകാലത്ത് മധുരപാനീയങ്ങള്‍ അമിതമായി ഉപയോഗിച്ച 64 ശതമാനത്തോളം അമ്മമാരുടെ കുട്ടികള്‍ എട്ടോ ഒമ്പതോ വയസ് പ്രായമാകുമ്പോഴേക്കും ആസ്ത്മ രോഗികളായി തീരുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.