ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം. ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമായ ഉറക്കത്തിന്റെ പ്രാധാന്യം അറിയിക്കാൻ വേണ്ടിയാണ് മാർച്ച് 15 ലോക ഉറക്ക ദിനമായി ആചരിക്കുന്നത്. മുതിർന്ന ആളുകൾ ഏറ്റവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നത്തെ കാലത്ത് മനുഷ്യർ കുറഞ്ഞത് ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങുന്നത് വളരെ വിരളമാണ്. മറ്റൊരു കാര്യം പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ സമയം ഉറങ്ങണം എന്നതാണ്.
സ്ത്രീകൾ ഏഴ് മുതൽ എട്ടു മണിക്കൂർ സമയം ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം നിങ്ങളുടെ ശരീരം കൂടുതൽ ഉറക്കം ആവശ്യപ്പെടുന്നു എന്നാണ്. പുരുഷന്മാർ ഏഴ്- എട്ട് മണിക്കൂർ ഉറങ്ങുമ്പോൾ അതിനേക്കാൾ സമയം സ്ത്രീകൾ ഉറങ്ങണം എന്നാണ് മുംബൈയിലെ ഡോ. ബാബാസാഹിബ് അംബേദ്കർ സ്മാരക ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പലപ്പോഴും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ചെറുതും വലുതുമായി ഒന്നിലധികം ജോലികൾ കൈകാര്യം ചെയുന്നുണ്ട്. വേണ്ടത്ര വിശ്രമം ലഭിക്കാതെ വരുമ്പോൾ ഈ അധ്വാനം അവരുടെ ആരോഗ്യത്തെ ബാധിക്കും. സ്ത്രീകൾക്ക് അവരുടെ ആരോഗ്യം നിലനിർത്താൻ പുരുഷന്മാരേക്കാൾ കൂടുതൽ മണിക്കൂർ ഉറക്കം ആവശ്യമാണെന്ന് ഗവേഷണങ്ങളിലും പറയുന്നുണ്ട്. എന്നാൽ ആവശ്യത്തിനനുസരിച്ച് ഉറങ്ങാൻ പല സ്ത്രീകൾക്കും സാധിക്കാറില്ല.
പുരുഷന്മാരേക്കാൾ 20 മിനിറ്റ് എങ്കിലും സ്ത്രീകൾ കൂടുതൽ ഉറങ്ങണം എന്നാണ് പഠനങ്ങൾ പറയുന്നത്. സ്ത്രീകളുടെ മസ്തിഷ്‍കം പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തവും സങ്കീർണവുമാണ്. നിരവധി ജോലികൾ ചെയ്യുന്നതിനാൽ സ്ത്രീകൾ മസ്തിഷ്‍കം കൂടുതൽ ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.മുതിർന്ന ഒരാൾ രാത്രിയിൽ ഏഴുമണിക്കൂർ ഉറങ്ങുമ്പോൾ സ്ത്രീകൾക്ക് 11 മിനിറ്റ് കൂടുതൽ ഉറക്കം ആവശ്യമാണെന്നാണ് സ്ലീപ് ഫൗണ്ടേഷൻ പറയുന്നത്.
നല്ല ഉറക്കം കിട്ടാൻ സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കേണ്ടതാണ്. ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ അടുത്ത് നിന്ന് മാറ്റി വയ്‌ക്കേണ്ടതാണ്. ഉറങ്ങുന്നതിന് തൊട്ടു മുമ്പ് വായിക്കുന്നതും, പാട്ടു കേൾക്കുന്നതും, ചെറു ചൂടു വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. നല്ല ഉറക്കത്തിന് ചായ, കാപ്പി, ആൽക്കഹോൾ ഉപയോഗം കുറയ്‌ക്കേണ്ടതാണ്. പതിവായി വ്യായാമം ചെയ്യുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.