കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർച്ചയായി ഒന്നിനൊന്ന് മികച്ച ഉൽപന്നങ്ങൾ വിപണിയിലെത്തിച്ച് ശ്രദ്ധ നേടുകയാണ് മഹീന്ദ്ര. എസ്‌യുവികൾക്ക് ആവശ്യക്കാർ വർധിച്ചു വരികയാണ് എന്നതും ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് മഹീന്ദ്രയ്ക്ക് തന്നെയാകും. കാരണം, പല വിഭാഗങ്ങളിലായി നിരവധി എസ്‌യുവികളാണ് മഹീന്ദ്രയ്ക്ക് നിലവിലുള്ളത്. ഈയിടെ പുറത്തിറക്കിയ ഥാർ, XUV700,സ്‌കോർപിയോ N, XUV400 തുടങ്ങിയ എസ്‌യുവികളെല്ലാം വിപണിയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. അഞ്ച് എസ്‌യുവികളാണ് മഹീന്ദ്രയിൽ നിന്നും ഇനി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നത്.
മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് :
പഴയ മഹീന്ദ്ര TUV 300 പ്ലസിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പായിട്ടാണ് ബൊലേറോ നിയോ പ്ലസ് വിപണിയിലെത്താൻ പോകുന്നത്. ബൊലേറോ നിയോയെക്കാൾ കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ വരുത്തിയ ശേഷമായിരിക്കും വാഹനം നിരത്തുകളിലെത്തുക. 9 സീറ്റർ പതിപ്പിൽ മുന്നിൽ 2 സീറ്റുകളും മധ്യത്തിൽ 3 പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു ബെഞ്ചും പിന്നിൽ 2 പേർക്ക് വീതം ഇരിക്കാവുന്ന 2 സൈഡ് ഫേസിംഗ് സീറ്റുകളും ഉണ്ടായിരിക്കും. നിയോ പ്ലസിന്റെ ഇന്റീരിയറിൽ മഹീന്ദ്ര കുറച്ചധികം ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തും. 1.5 ലിറ്റർ എഞ്ചിൻ തന്നെ ആയിരിക്കും വാഹനത്തിൽ ഉപയോഗിക്കുക. അതേസമയം, 2.2 ലിറ്റർ എംഹോക് എഞ്ചിൻ ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ എസ്‌യുവി വിപണിയിൽ എത്തിയേക്കും.
മഹീന്ദ്ര ഥാർ 5-ഡോർ :
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഓഫ്‌റോഡർ എസ്‌യുവിയാണ് 2020ൽ ലോഞ്ചായ രണ്ടാം തലമുറ മഹീന്ദ്ര ഥാർ. മഹീന്ദ്ര ഥാർ 5-ഡോർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. അകത്ത് സ്‌പെയ്‌സ് ഇല്ലെന്നതാണ് ഥാറിന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇത്തവണ കൂടുതൽ സ്പേസും പിൻ സീറ്റുകളിലേക്ക് കയറാനുള്ള സൗകര്യവും മഹീന്ദ്ര ഥാർ 5 ഡോർ മോഡലിൽ ഉണ്ടാകും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഥാർ 5 ഡോറിൽ ലഭ്യമാകും. വാഹനം ഈ വർഷം അവതരിപ്പിക്കുമെങ്കിലും വർഷം അവസാനമോ അടുത്ത വർഷമോ ആയിരിക്കും വിപണിയിൽ എത്തുക.
പുതുതലമുറ ബൊലേറോ :
മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബൊലേറോ. വാഹനത്തിന് വലിയ രീതിയിലുള്ള അപ്‌ഡേറ്റ് ലഭിച്ചിട്ട് കുറച്ച് കാലമായി. അതിനാൽ മോഡലിന്റെ ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങൾ വരുത്താനുള്ള പദ്ധതികളാണ് മഹീന്ദ്രയ്ക്ക് ഉള്ളത്. പുതുതലമുറ ബൊലേറോ അടുത്ത വർഷം രാജ്യത്ത് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ XUV500 :
മഹീന്ദ്ര XUV500 എന്ന മോണിക്കർ ഉപേക്ഷിച്ചാണ് Z601 മോഡലിന് XUV700 എന്ന് പേരിട്ടത്. ഇത് കൂടുതൽ മികച്ചതും ഒരു പടി മുന്നിലുള്ളതുമായ വാഹനമാണ് എന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ XUV500 എന്ന ബാഡ്ജ് വീണ്ടും ഉപയോഗിക്കാൻ പോകുകയാണ് മഹീന്ദ്ര. ജനപ്രിയ മോഡലുകളായ ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി നേരിട്ട് മത്സരിക്കാൻ പറ്റിയ ഒരു പുത്തൻ മോഡലിനെയാണ് മഹീന്ദ്ര ഒരുക്കുന്നത്. പുതിയ ഡിസൈനിനൊപ്പം കൂടുതൽ ഫീച്ചറുകളും വാഹനത്തിനുണ്ടാകും.
മഹീന്ദ്ര XUV700 ഇലക്ട്രിക് :
Read more
കമ്പനിയുടെ മുൻനിര എസ്‌യുവിയായ മഹീന്ദ്ര XUV700യുടെ ഇലക്ട്രിക്ക് പതിപ്പ് മഹീന്ദ്ര അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മഹീന്ദ്ര നേരത്തെ അവതരിപ്പിച്ച XUV.e8 ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ വാഹനം. പുതിയ ഡിസൈനും നിരവധി ഫീച്ചറുകളും പുതിയ മോഡലിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 350 bhp പവർ വാഗ്ദാനം ചെയ്യുന്ന 70 kWh ബാറ്ററി പായ്ക്കായിരിക്കും മോഡലിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. വാഹനം ഫുൾ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് സൂചന. 20 – 25 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.