ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; വിശദീകരണം നൽകി റോബർട്ടോ മാർട്ടിനെസ്

യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ പോളണ്ടിനെ 5-1ന് തോൽപ്പിക്കാൻ പോർച്ചുഗലിനെ സഹായിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ സെൻസേഷണൽ ബ്രേസ് നേടിയതിന് ശേഷം വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതൊക്കെയാണെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ, ബെർണാഡോ സിൽവ എന്നിവരെ പോർച്ചുഗൽ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് കോച്ച് റോബർട്ടോ മാർട്ടിനെസ്.

പോളണ്ടിനെതിരായ വിജയത്തിന് ശേഷം പോർച്ചുഗൽ ഗ്രൂപ്പ് ജേതാക്കളായി അവരുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിൻ്റുള്ള അവർക്ക് രണ്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യയേക്കാൾ ആറ് പോയിൻ്റ് കൂടുതലാണ്.

പോളണ്ടുമായുള്ള മത്സരത്തിന് ശേഷം യുവ കളിക്കാർക്ക് അവസരം നൽകുന്നതിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെ മൂന്ന് സീനിയർ താരങ്ങളെ തിരിച്ചയച്ചതായി കോച്ച് റോബർട്ടോ മാർട്ടിനെസ് മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ ഒരു ഗെയിമിൽ നിന്ന് അടുത്തതിലേക്ക് വരുമ്പോൾ ആറ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഞങ്ങൾ ഒന്നാമനാകുന്നത് പ്രധാനമാണ്, ഞങ്ങൾ ഇതിനകം തന്നെ അത് നേടിയിട്ടുണ്ട്. യുവ കളിക്കാരെ ഗ്രൂപ്പിലേക്ക് ചേർക്കാൻ ഞങ്ങൾ മത്സരിക്കേണ്ടതുണ്ട്. അത് കൂടുതൽ ബുദ്ധിമുട്ടാണ്. പതിനൊന്ന് മുതൽ 18 മാസത്തിനുള്ളിൽ ഒരു ലോകകപ്പ് കൂടി വാരാനുണ്ട്.” മാർട്ടിനെസ് കൂട്ടിച്ചേർത്തു.