ഇവന്മാർ പണ്ടുമുതലേ ഉള്ള പുലികൾ! ഇന്ത്യയിൽ വർഷങ്ങളായി വിറ്റഴിക്കപ്പെട്ട മോട്ടോർസൈക്കിളുകൾ...

കഴിഞ്ഞ ദിവസമാണ് ലോക മോട്ടോർസൈക്കിൾ ദിനം നമ്മൾ ആഘോഷിച്ചത്. യുവാക്കളുടെ മനസില്‍ എക്കാലത്തും കയറി കൂടുന്ന ചില ബൈക്കുകളുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുള്ള വണ്ടികള്‍ വരെ സ്വന്തമാക്കുന്ന ആളുകള്‍ നമുക്കിടയിൽ തന്നെയുണ്ട്. ഇന്ത്യയുടെ ഇരുചക്രവാഹന ചരിത്രത്തിൽ ഇടം പിടിച്ച 10 ഐക്കണിക് മോട്ടോർസൈക്കിളുകൾ ഏതൊക്കെയെന്ന് നോക്കാം…

ലിസ്റ്റിലെ ഏറ്റവും പഴയ പേരിൽ നിന്നും തന്നെ തുടങ്ങാം… ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഉൽപ്പാദിപ്പിക്കുന്ന ബൈക്ക് എന്ന പദവി റോയൽ എൻഫീൽഡിൽ നിന്നുള്ള ബുള്ളറ്റ് 350 എന്ന മോട്ടോർസൈക്കിളിന് സ്വന്തമാണ്. 1948 മുതൽ 75 വർഷത്തിലേറെയായി ഇന്ത്യയിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 നിർമ്മിക്കുന്നുണ്ട് എന്നതുതന്നെ ഈയൊരു വാഹന നിർമാതാക്കളുടെ വിപണിയിലെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

നിങ്ങളിൽ നല്ലൊരു ആളുകളും ജാവ 250യും യെസ്ഡി 250യും ഒക്കെ ഓർക്കുമായിരിക്കും. എന്നാൽ വിരലിലെണ്ണാവുന്നവർ മാത്രമേ ജാവ 350യെ ഓർക്കുകയുള്ളു. കാരണം, ജാവ 350 ട്വിൻ ഒരിക്കലും ഇന്ത്യയിൽ നിർമ്മിച്ചിട്ടില്ല. മൈസൂർ ഫാക്ടറിയിൽ 250 മോഡലുകൾ നിർമ്മിക്കുന്നതിന് മുമ്പു തന്നെ ഐഡിയൽ ജാവ ഇറക്കുമതി ചെയ്യുകയായിരുന്നു . ബുള്ളറ്റ് 350 യുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു റേസി ബൈക്ക്, എന്നാൽ പെർഫോമൻസിന് ഒരു പുതിയ അർത്ഥം നൽകുന്ന ബൈക്ക് എന്ന് വേണം പറയാൻ.

പോക്കിരി ബൈക്ക്! ഇന്ത്യയ്ക്ക് ലഭിച്ച ആദ്യ പെർഫോമൻസ് ബൈക്ക് കൂടെയായിരുന്നു യമഹ RD 350. എസ്‌കോർട്ട്‌സ് ഗ്രൂപ്പ് Yamaha Rajdoot RD 350 എന്ന പേരിൽ അവതരിപ്പിച്ച ഈ ട്വിൻ സിലിണ്ടർ 2-സ്ട്രോക്കർ അക്കാലത്ത് യുവാക്കൾക്കിടയിൽ ഒരു ഭ്രാന്തൻ ബൈക്ക് തന്നെയായിരുന്നു. വേഗതയിൽ മുൻപന്തിയിൽ ആയിരുന്നുവെങ്കിലും ഇന്ധനക്ഷമതയിലും ബ്രേക്കിംഗിലും മോഡൽ കുറച്ച് മോശമായിരുന്നു. 1983 മുതൽ 1989 വരെ നിർമ്മിച്ച RD 350, ചെറുതാണെങ്കിലും ആവേശം നിറഞ്ഞ ഒരു ഇരുചക്രവാഹന ചരിത്രം അടയാളപ്പെടുത്താൻ ഈ മോഡലിന് സാധിച്ചു.

1996ൽ ഉൽപ്പാദനം നിർത്തിയതിനു ശേഷവും ഇന്നും കാണാൻ കഴിയുന്ന ഒരു മോട്ടോർസൈക്കിളാണ് യമഹ RX 100. കൃത്യമായി പറഞ്ഞാൽ 27 വർഷം! ഡ്രാഗ് റേസിംഗ് മുതൽ ഓഫ്-റോഡിംഗ് ടു ഓട്ടോക്രോസ് വരെയുള്ള നിരവധി മത്സര മോട്ടോർസൈക്കിളുകളിൽ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട് എന്നതാണ് അതിശയപ്പെടുത്തുന്നത്.

യാത്രക്കാരുടെ ലോകത്തെ മൈലേജ് രാജാവ്. ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന കമ്മ്യൂട്ടർ ക്ലാസ് 4-സ്ട്രോക്ക് മോട്ടോർസൈക്കിളായിരുന്നു ഹീറോ ഹോണ്ട സിഡി 100. “Fill It, Shut It, Forget It” എന്ന ടെലിവിഷൻ കോമേഷ്യൽ ടാഗ്‌ലൈനോടെയാണ് മോഡൽ വിപണിയിലെത്തിയത്.

മസ്കുലർ ലുക്കുള്ള ഒരു ഇന്ത്യൻ മോട്ടോർസൈക്കിൾ ഏതാണെന്ന് ചോദിച്ചാൽ ആ പട്ടികയിൽ ഒന്നാമത് ബജാജ് പൾസർ ആയിരിക്കും. വാഹനത്തിൻ്റെ പഞ്ച് പവറും ടോർക്കും, ഫെയറിംഗും, ട്വിൻ സ്പാർക്ക് പ്ലഗ് ടെക്നോളജിയും ഒക്കെ പൾസറിനെ ഏവരെയും ആകർഷിക്കുന്ന മോട്ടോർസൈക്കിളാക്കി മാറ്റുകയായിരുന്നു. ബജാജിൻ്റെ വിജയത്തിൻ്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന ഒരു മോഡൽ തന്നെയാണ് പൾസർ.

സ്റ്റാർഡം നേടിയില്ലെങ്കിലും ഇന്ന് നമുക്കറിയാവുന്ന മോട്ടോർസൈക്കിളുകളുടെ 150 സിസി വിഭാഗത്തിന് അടിത്തറയിട്ട മോഡലാണ് ഹീറോ ഹോണ്ട CBZ. മോട്ടോറിന് ഡിസ്‌ക് ബ്രേക്കും ഇലക്ട്രിക് സ്റ്റാർട്ടും ഉള്ള ഇന്ത്യയിൽ ആദ്യമായി വിറ്റഴിക്കപ്പെട്ട ബൈക്കുകളിൾ ഒന്നാണിത്. മൈലേജ് നമ്പറുകളുടെ പേരിൽ എല്ലാവരും വീരവാദം പറഞ്ഞു നടന്നിരുന്ന കാലത്ത് പെർഫോമൻസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു ബൈക്കായിരുന്നു ഇത്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിളുകളുടെ അർത്ഥം പുനർനിർവചിച്ച മറ്റൊരു യമഹ മോഡലാണ് യമഹ YZF-R15. ലിക്വിഡ് കൂളിംഗ്, പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ, സ്പോർട്ടി സ്റ്റൈലിംഗ്, റേസ് ഡിറൈവ്ഡ് ഡൈനാമിക്സ് തുടങ്ങി നിരവധി സാങ്കേതിക വിദ്യകളോട് കൂടിയ YZF-R15 മോട്ടോർ സൈക്കിളുകളിൽ വൻ കുതിപ്പായിരുന്നു നടത്തിയത്. മറ്റൊന്ന് കെടിഎം 390 ഡ്യൂക്കും റോയൽ എൻഫീൽഡ് ക്ലാസിക് 350 യുമാണ്.