എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

എഡിജിപി അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്ത് ചൂടുപിടിക്കുന്നതിനിടെ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി ഡിജിപിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. അജിത് കുമാറിനെതിരായുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേക്ക് ദര്‍വേശ് സാഹിബ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ജോണ്‍ ബ്രിട്ടാസ് എംപിയും പങ്കെടുത്തിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. ആര്‍എസ്എസ് നേതാക്കളായ രാം മാധവിനെയും ദത്താത്രേയ ഹൊസബലെയും അജിത് കുമാര്‍ സന്ദര്‍ശിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൂടിക്കാഴ്ച.

രാം മാധവുമായി എഡിജിപി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. കോവളത്തെ ഹോട്ടലില്‍ ആയിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ല. തൃശൂര്‍ പൂരം കലക്കിയത് അജിത് കുമാര്‍ ആണെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു.

Read more

ഇതിന് പിന്നാലെ പ്രതിപക്ഷത്തെ കൂടാതെ മുന്നണിയില്‍ നിന്നും സര്‍ക്കാരിന് നേരെ എതിര്‍ സ്വരം ഉയര്‍ന്നിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തൃശൂരിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍ കുമാറും അജിത് കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.