ഹാച്ച്ബാക്കുകളുടെ വിലയ്ക്ക് എസ്‌യുവി കിട്ടുമോ എന്ന ചോദ്യത്തിനുള്ള ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ മറുപടിയായിരുന്നു നിസാൻ മാഗ്നൈറ്റ് എന്ന സബ് 4 മീറ്റർ എസ്‌യുവി. വെറും 4.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ എസ്‌യുവി പുറത്തിറക്കിയ നിസാന് ഇതോടെ രാജയോഗമായിരുന്നു. കാർ വാങ്ങാൻ പ്ലാനില്ലാത്തവർ പോലും നിസാന് മുന്നിൽ വീണുപോയി. 2020 ഡിസംബറിലാണ് എസ്‌യുവി വാഹനലോകത്തേക്ക് എത്തിയത്. ഇപ്പോഴിതാ മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ പുറത്തിറക്കിയിരിക്കുകയാണ് നിസാൻ. അതും മാരുതി സ്വിഫ്റ്റിനേക്കാൾ വിലക്കുറവിൽ.
വാഹനത്തെ കൂടുതൽ പുതുമയുള്ളതാക്കാനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ക്രോം, ഗ്ലോസ്-ബ്ലാക്ക് ഘടകങ്ങൾ ഉള്ള വിശാലവും വലുതുമായ പുതിയ ഗ്രില്ലാണ് ഇതിൽ ശ്രദ്ധേയം. പഴയ രൂപമാണെങ്കിലും അതിലെ പാറ്റേണിലാണ് നവീകരണം കൊണ്ടുവന്നിരിക്കുന്നത്. ഫോഗ് ലാമ്പുകളോട് കൂടിയ കൂടുതൽ പൊമിനന്റായ ഫോക്സ് സ്കിഡ് പ്ലേറ്റുകളും മനോഹരമായിട്ടുണ്ട്. എന്നാൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകളും പുതിയ സിഗ്നേച്ചർ ശൈലി സ്വീകരിച്ചിട്ടുണ്ടെന്നാണ് നിസാൻ അവകാശപ്പെടുന്നത്. വശങ്ങളിൽ കാര്യമായ നവീകരണങ്ങളൊന്നും കാണാനില്ല. പുതിയ ഡിസൈനിലൊരുക്കിയ 16 ഇഞ്ച് അലോയ് വീലുകളിൽ മാറ്റങ്ങൾ ഒതുക്കിയിരിക്കുകയാണ്.
പിന്നിൽ ടെയിൽ ലാമ്പുകളുടെ ഡിസൈൻ ഒന്നാണെങ്കിലും ലൈറ്റിംഗിൽ പുതുമ വരുത്തിയിട്ടുണ്ട്. ഇതിന് പുതിയ സൺറൈസ് കൂപ്പർ കളർ ഷേഡ് ആണ് ലഭിക്കുന്നത്. ഇന്റീരിയർ നോക്കുകയാണെങ്കിൽ ഡാഷ്‌ബോർഡ്, ഡോർ പാഡുകൾ, സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കായി പഴയ മാഗ്‌നൈറ്റിൻ്റെ ഓൾ-ബ്ലാക്ക് തീമിന് പകരം ഡ്യുവൽ-ടോൺ കോപ്പർ, ബ്ലാക്ക് ലേഔട്ടാണ് നിസാൻ സമ്മാനിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലിലെ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷ് പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ഡോർ പാഡുകളിൽ പുതിയ ടെക്സ്ചർഡ് പാനലുകൾ, ഡ്യുവൽ-ടോൺ ലെതെരെറ്റ് അപ്ഹോൾസ്റ്ററി, ഡാഷ്ബോർഡിലും ഡോർ പാഡുകളിലും പുതിയ 4-കളർ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർ എസി വെൻ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ തുടങ്ങിയ കിടിലൻ ഫീച്ചറുകളെല്ലാം ഈ മോഡലിലുമുണ്ട്.
പുതുക്കിയ ഗ്രാഫിക്‌സ്, പുതിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പുതിയ ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, റിമോട്ട് സ്റ്റാർട്ടോടുകൂടിയ പുതിയ കീ ഫോബ്, അപ്‌ഡേറ്റ് ചെയ്‌ത 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മാഗ്നൈറ്റിന് ലഭിക്കുന്നുണ്ട്. ഇലക്ട്രിക് സൺറൂഫ് ഫീച്ചർ ഇത്തവണയും മാഗ്നൈറ്റിലേക്ക് എത്തിയിട്ടില്ല. ആറ് എയർബാഗുകൾ, ഇഎസ്‌സി, ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളും മാഗ്നൈറ്റിൽ സ്റ്റാൻഡേർഡായി കിട്ടും.
എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്. ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 ബിഎച്ച്പി കരുത്തിൽ 96 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 ബിഎച്ച്പി പവറിൽ 152 എൻഎം ടോർക്ക് വരെയാണ് നൽകുന്നത്.
5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുക. മൈലേജിന്റെ കാര്യത്തിൽ മാനുവലിൽ 20 കിലോമീറ്ററും സിവിടി ടർബോ വേരിയൻ്റുകൾക്ക് 17.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നിസാൻ അവകാശപ്പെടുന്നത്.
5.99 ലക്ഷം രൂപയുടെ പ്രാരംഭ വില നിർത്തിയാണ് മുഖംമിനുക്കിയ എസ്‌യുവി വിപണനത്തിനെത്തുന്നത്. ആദ്യം വാങ്ങുന്ന 10,000 ഉപഭോക്താക്കൾക്കാണ് ഈ പ്രാരംഭ വില ബാധകമാവുക. അതിന് ശേഷം വിലയിൽ മാറ്റം വന്നേക്കാം. ടോപ്പ് എൻഡിന് 11.50 ലക്ഷമാണ് വില വരിക. ആറ് വേരിയൻ്റുകളിലായി രണ്ട് എഞ്ചിൻ ഓപ്ഷനുകളും മൂന്ന് ട്രാൻസ്മിഷൻ ചോയ്‌സുകളുമായാണ് നിസാന്റെ കുഞ്ഞൻ എസ്‌യുവി നിരത്തിലിറങ്ങാൻ ഇപ്പോൾ എത്തിയിരിക്കുന്നത്.