ടാറ്റയ്ക്ക് ചുണക്കുട്ടി, വിപണിയ്ക്ക് പുലിക്കുട്ടി; പുതിയ നേട്ടത്തില്‍ നെക്‌സോണ്‍

ടാറ്റയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായാണ് തുടക്കം മുതലേ നെക്‌സോണ്‍ അറിയപ്പെടുന്നത്. മത്സരം മുറുകിയ എസ് യുവി രംഗത്തേക്ക് നെക്‌സോണിന്റെ വരവ് വിപണിയെ ആദ്യം അത്ര രസിപ്പിച്ചില്ല. എന്നാല്‍ എതിരാളികളെ മലര്‍ത്തിയടിക്കാന്‍ നെക്‌സോണ്‍ പ്രാപ്തമാണെന്ന് ടാറ്റ പിന്നാലെ തെളിയിച്ചു. ഇതോടെ ടാറ്റയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വിറ്റഴിയുന്ന എസ്‌യുവിയായി നെക്‌സോണ്‍ മാറി. സൗകര്യങ്ങളിലും സംവിധാനങ്ങളിലും ഒട്ടും പിന്നിലല്ലാത്ത നെക്‌സോണ്‍ വിപണിയില്‍ ഇപ്പോഴും കത്തി നില്‍ക്കുകയാണ്.

ഒരു ലക്ഷം നെക്‌സോണ്‍ എസ്‌യുവികളുടെ ഉത്പാദനമാണ് ടാറ്റ ഇതിനോടകം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അതും വെറും 22 മാസങ്ങള്‍ക്കൊണ്ട്. 2017 ലാണ് നെക്‌സോണ്‍ വിപണിയിലെത്തുന്നത്. 5.85 ലക്ഷം എന്ന മോഡലിന്റെ പ്രാരംഭ വിലയാണ് ഉപഭോക്താക്കളെ ഇതിലേക്ക് ഏകെ ആകര്‍ഷിച്ചത്. പിന്നാലെ സുരക്ഷയിലും അത്ഭുതപ്പെടുത്തിയതോടെ വിപണിയ്ക്ക് നെക്‌സോണ്‍ പ്രിയങ്കരനാകുകയായിരുന്നു. പിന്നീട് ഒരു ലക്ഷം രൂപയോളം മോഡലിന് വര്‍ധിച്ചെങ്കിലും വില്‍പ്പനയെ ഇത് ബാധിച്ചിട്ടില്ല.

പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്‌സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 108 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ മോഡലില്‍ ലഭ്യമാണ്.