കോമെറ്റിന് എതിരാളിയായി ഫിയറ്റിന്റെ മൈക്രോ ഇവി 'ടോപോളിനോ'; ഓടിക്കാൻ ലൈസൻസും വേണ്ട !

ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കികൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത്. ഇരുചക്രവാഹനങ്ങൾ ആയാലും നാല് ചക്രവാഹനങ്ങൾ ആയാലും മലയാളികൾ വരെ ഇവികളെ നെഞ്ചിലേറ്റി കഴിഞ്ഞു. ഇന്ത്യയിൽ ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റ് ഇവിയുമെല്ലാം എത്തിയതോടെ 10 ലക്ഷം രൂപയിൽ താഴെ ബജറ്റുണ്ടെങ്കിൽ വരെ ബാറ്ററി വാഹനങ്ങൾ വാങ്ങാമെന്നായി.

ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിക്കാൻ വേണ്ടിയെത്തിയ ചെറു ഇലക്ട്രിക് കാറായ എംജിയുടെ കോമെറ്റ് ഇവി വളരെ പെട്ടെന്നാണ് ജനപ്രിയമായത്. ഇപ്പോൾ വലിപ്പം കുറഞ്ഞ കുഞ്ഞൻ കാറുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിയറ്റ്. വിദേശവിപണിയിലാണ് കാർ വെളിപ്പെടുത്തിയിരിക്കുന്നതെങ്കിലും ഫിയറ്റ് ഇന്ത്യയിലേക്ക് മടങ്ങി വരാനുള്ള തയാറെടുപ്പിലാണ് എന്ന റിപ്പോർട്ടുകൾ ഈയിടെ പുറത്തു വന്നിരുന്നതിനാൽ ഭാവിയിൽ ഈ കാർ ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

Topolino: Fiat Topolino micro EV prices revealed: Gets 75 Km range with 45 kph top speed - Times of India

ടോപോളിനോ എന്നാണ് ഈ മൈക്രോ ഇലക്ട്രിക് കാറിന് കമ്പനി നൽകിയിരിക്കുന്ന പേര്. 1936 മുതൽ 1955 വരെ നിർമ്മിച്ച സെമിനൽ സിറ്റി കാറിൽ നിന്നാണ് ടോപോളിനോ എന്ന പേര് വന്നത്. രാജ്യത്തെ തിരക്കേറിയ നഗരങ്ങളിൽ ഉപയോഗിക്കാവുന്ന വ്യക്തിഗത യാത്രാ ഒപ്ഷനായാണ് ഈ കുഞ്ഞൻ കാർ സ്ഥാനം പിടിക്കുന്നത്. സിട്രൺ ആമിയെ അടിസ്ഥാനമാക്കിയാണ് ഫിയറ്റ് ടോപോളിനോ നിർമിച്ചിരിക്കുന്നത്. 2.53 മീറ്റർ നീളവും 45 കിലോമീറ്റർ പരമാവധി വേഗമാണ് വാഹനത്തിനുള്ളത്. അതേസമയം എംജിയുടെ കോമെറ്റിന് 2.97 മീറ്റർ നീളവും 100 കിലോമീറ്റർ വേഗവുമാണുള്ളത്.

ടോപോളിനോ കാഴ്ച്ചയ്ക്കും പെർഫോമൻസിനും വേണ്ടിയുള്ളതിനേക്കാൾ കൂടുതൽ പ്രായോഗികതയ്ക്ക് വേണ്ടിയുള്ളതാണെന്നാണ് ഫിയറ്റ് പറയുന്നത്. 500e ഇവിക്ക് ശേഷമുള്ള ഫിയറ്റിന്റെ രണ്ടാമത്തെ ഇലക്ട്രിക് കാറാണിത്. 5.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് കാറിന് ലഭിക്കുന്നത്. ഒറ്റ ചാർജിൽ 75 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ടോപോളിനോയ്ക്ക് സാധിക്കും. കാർ എന്ന പേര് നൽകാമെങ്കിലും ഹെവി ക്വാഡ്രിസൈക്കിൾ വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഫിയറ്റിന്റെ പുത്തൻ ഇവി ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസിന്റെ ആവശ്യമില്ല എന്നതാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. 14 വയസിന് താഴെയുള്ള ആർക്കും ഈ വണ്ടി ഓടിക്കാൻ കഴിയും. വിറ്റ ഗ്രീൻ ഷേഡിലാണ് ഫിയറ്റ് ടോപോളിനോ വാഗ്‌ദാനം ചെയ്യുന്നത്. മറ്റ് കളർ ഓപ്ഷനുകളെ കുറിച്ച് കമ്പനി മറ്റ് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. വീലുകൾക്ക് ലഭിച്ചിരിക്കുന്ന സോളിറ്ററി റെട്രോ വീൽ ഡിസൈൻ മൊത്തത്തിൽ ഇലക്ട്രിക്ക് കാറിന്റെ രൂപം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.

റിട്രാക്‌ടബിൾ ക്യാൻവാസ് റൂഫ്, ക്ലോസ്‌ഡ് ഗ്ലാസ് റൂഫ് എന്നിങ്ങനെ രണ്ട റോഡ് ഓപ്ഷനുകളിൽ ടോപോളിനോ സ്വന്തമാക്കാം. മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത ഈ മോഡൽ ഡോർ, ഡോർലെസ് പതിപ്പുകളിലും സ്വന്തമാക്കാനാവും എന്നതാണ്. ക്രോം ഇഫക്റ്റ് മിററുകൾ, യുഎസ്ബി ഫാൻ, ബ്ലൂടൂത്ത് സ്പീക്കർ, സീറ്റ് കവറുകൾ എന്നിങ്ങനെ നിരവധി ഓപ്ഷണൽ ആക്‌സസറികളും കുഞ്ഞൻ ഇവിക്കൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

It's Ami, Topolino! Fiat launches new compact retro EV | CAR Magazine

താങ്ങാനാവുന്ന വിലയാണ് ടോപോളിനോയുടെ മറ്റൊരു നിർണായക വശം. 7,544 യൂറോ (6,70,000) ആണ് വില വരുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്ക് 2,582 യൂറോയുടെ ഡൗൺ പേയ്‌മെന്റ് അടച്ച് 39 യൂറോയുടെ 48 പ്രതിമാസ തവണകളായി വാങ്ങാനുള്ള അവസരവും ഇറ്റാലിയൻ വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

ടോപോളിനോയ്ക്കായുള്ള ബുക്കിംഗ് ഫിയറ്റ് ഇറ്റലിയിൽ ആരംഭിച്ചുകഴിഞ്ഞു. ഏകദേശം 19 ആഴ്ച്ചകൾക്ക് ശേഷം ഫിയറ്റ് ടോപോളിനോ ഇവിക്കായുള്ള ഡെലിവറിയും ഇറ്റാലിയൻ ബ്രാൻഡ് ആരംഭിക്കും. ഇതിനകം തന്നെ മതിയായ ഓർഡറുകൾ ലഭിച്ചുവെന്നാണ് ബ്രാൻഡ് നൽകുന്ന വിശദീകരണം. നിലവിൽ കോമെറ്റ് ഇവിക്കും ടിയാഗോ ഇവിക്കുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചതിനാൽ ടോപോളിനോയുടെ വരവ് വിപണിയിൽ തരംഗം സൃഷ്‌ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.