കൊതിപ്പിക്കുന്ന വിലയും ഞെട്ടിക്കുന്ന ലുക്കും; പാവങ്ങളുടെ 'ഉറൂസ്' ഉടനെത്തുമെന്ന് ടാറ്റ!

മൈലേജ് മാത്രമല്ല സേഫ്റ്റി എന്താണെന്ന് കൂടി ഇന്ത്യക്കാരെ മനസിലാക്കി കാർ വാങ്ങാൻ പഠിപ്പിച്ച വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസിന്റെ സുരക്ഷയെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമൊന്നും ഇല്ല. പുറത്തിറക്കുന്ന എല്ലാ മോഡലുകളുടെയും സേഫ്റ്റി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ കമ്പനി വിൽപ്പന നടത്താറുള്ളു. അതുപോലെ തന്നെ കൃത്യസമയത്ത് മോഡൽനിര പുതുക്കാനും പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനും കമ്പനിക്ക് കൃത്യമായി അറിയാം. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന ടാറ്റയുടെ ഓരോ കാറുകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. ഈ സെഗ്മെന്റിലേക്ക് പുതിയൊരാൾ കൂടി വന്നിരിക്കുകയാണ്.

ഒരു ഇവിയാണ് ടാറ്റ മോട്ടോർസ് അടുത്തതായി കൊണ്ടുവരുന്നത്. പാവങ്ങളുടെ ഉറൂസ് എന്ന പേരിട്ട് വിളിക്കുന്ന കർവിനെയാണ് കമ്പനി അടുത്തതായി പുറത്തിറക്കാൻ ഒരുങ്ങുന്നത്. കൃത്യമായ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരാനിരിക്കുന്ന കർവ് ഇവിയുടെ ആദ്യത്തെ ഔദ്യോഗിക ടീസർ പുറത്തുവിട്ടാണ് കർവ് ഇലക്ട്രിക് എസ്‌യുവിയുടെ വരവ് അടുത്തിരിക്കുന്നുവെന്ന സൂചന ബ്രാൻഡ് നൽകിയിരിക്കുന്നത്.

2022-ൽ ഒരു കൺസെപ്റ്റ് മോഡലായിട്ടായിരുന്നു വാഹനം ആദ്യം പ്രദർശിപ്പിച്ചത്. പിന്നീട് പ്രൊഡക്ഷൻ പതിപ്പായി 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന 2024 ഭാരത് മൊബിലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ട വാഹനത്തിന് വൻ സ്വീകാര്യതയാണ് കിട്ടിയത്.

കൂപ്പെ എസ്‌യുവി സെഗ്‌മെന്റിലേക്കാണ് ടാറ്റ കർവ് ഇവി വരുന്നത്. ആദ്യം ഇലക്ട്രിക്കായി പുറത്തിറക്കും. പിന്നീട് പെട്രോൾ, ഡീസൽ എഞ്ചിനോടെയും വാഹനം അരങ്ങേറ്റം കുറിക്കും എന്നതാണ് ശ്രദ്ധേയം. വൈദ്യുത വാഹന വിഭാഗത്തിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി, മാരുതി സുസുക്കി eVX, എംജി ZS ഇവി പോലുള്ളവയുമായിട്ടായിരിക്കും കർവി ഇവിയുടെ മത്സരം.

ഇലക്ട്രിക്, ഐസിഇ പവർട്രെയിനുകളെ പിന്തുണയ്ക്കുന്ന ടാറ്റയുടെ ജനറേഷൻ 2 പ്ലാറ്റ്‌ഫോമിലാണ് പുതിയ കർവ് പണികഴിപ്പിക്കുന്നത്. പുതിയ നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയിൽ കാണുന്ന അതേ ഡിസൈൻ പിന്തുടരുമെങ്കിലും ഫ്ലഷ് ഡോർ ഹാൻഡിലുകൾ, പുതുക്കിയ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയ്‌ക്കൊപ്പം ചില ഡിസൈൻ ഘടകങ്ങളും ടാറ്റ കർവിന് ലഭിക്കുന്നുണ്ട്.

ഇതോടൊപ്പം സ്‌പോർട്ടിയർ രൂപം, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഫ്ലവർ പെറ്റൽ ഡിസൈനുള്ള മൾട്ടി സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പെ സ്റ്റൈൽ ഗ്ലാസ് ഏരിയ, ലംബമായി അടുക്കിയ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആൻ്റിന, റൂഫ് റെയിലുകൾ എന്നിവയും ടാറ്റ കർവ് ഇവിയുടെ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടും.

സേഫ്റ്റിയുടെ കാര്യത്തിലും മുൻപന്തിയിലായിരിക്കും വാഹനം. 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗിനൊപ്പം 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുള്ള അഡ്വാൻസ്ഡ് എഡിഎഎസ് സിസ്റ്റം, വലിയ പനോരമിക് ഗ്ലാസ് റൂഫ്, നിരവധി സുരക്ഷാ ഫീച്ചറുകൾ എന്നിവ ആളുകളെ കൂടുതലായി ആകർഷിക്കാൻ കാരണമാകുന്നു.

Read more

കർവ് ഇവി സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വേരിയന്റുകളിൽ വ്യത്യസ്ത ബാറ്ററി പായ്ക്കുകൾ അവതരിപ്പിക്കുമെന്നാണ് വിവരം. സിംഗിൾ ചാർജിൽ ഏകദേശം 500 കി.മീ. റേഞ്ച് നൽകാൻ വാഹനത്തിന് ശേഷിയുണ്ടായിരിക്കും. 20 ലക്ഷം രൂപയായിരിക്കും വൈദ്യുത പതിപ്പിനായി മുടക്കേണ്ടി വരുന്ന പ്രാരംഭ വില എന്നാണ് റിപ്പോർട്ട്.