ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാര്‍; വില ഏഴ് ലക്ഷം !

നമ്മുടെ എന്ത് ചോദ്യങ്ങൾക്കും മറുപടി തരാൻ ഇപ്പോൾ എഐ അഥവാ ആർട്ടിഫിക്കൽ ഇന്റലിജൻസ് റെഡി ആണ്. എഐ വന്നതോടുകൂടി പല ജോലികളും എളുപ്പമായി മാറിയിരിക്കുകയാണ് എന്നതാണ് ഇതിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത. ഓരോരുത്തരുടെ താത്പര്യം അനുസരിച്ചാണ് അവർ സെർച്ച് ചെയുന്ന കാര്യങ്ങളും ചോദ്യങ്ങളും ഒക്കെ. പുത്തൻവാഹനങ്ങളെ കുറിച്ചും ബൈക്കുകളെക്കുറിച്ചുമൊക്കെ പൊതുവേ സെർച്ച് ചെയ്യുന്നത് വാഹന പ്രേമികൾ ആയിരിക്കും.

ലോകത്തിലെ ഏറ്റവും ആകർഷകമായ കാറുകൾ ഏതൊക്കെയായിരിക്കും എന്ന് ചിന്തിക്കുമ്പോൾ തന്നെ ലംബോർഗിനി, ഫെറാരി, മെർസിഡസ് തുടങ്ങിയ കാറുകളാണ് മനസ്സിൽ വരിക. യുകെ ആസ്ഥാനമായുള്ള കമ്പനിയായ വാനരമ ലോകത്തിലെ ഏറ്റവും ആകർഷകമായ കാർ കണ്ടുപിടിക്കാൻ എഐ ഐ-ട്രാക്കിംഗ് ടൂൾ ഉപയോഗിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഇപ്പോൾ ഏവരെയും ഞെട്ടിപ്പിക്കുന്നത്.

ഇന്ത്യൻ വിപണിയിലടക്കം ഹിറ്റായ ഒരു ബജറ്റ് കാറാണ് ലോകത്തിലെ ഏറ്റവും ആകർഷകമായ കാറായി എഐ ടൂൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഹ്യുണ്ടായ് പുറത്തിറക്കുന്ന പ്രീമിയം ഹാച്ച്ബാക്കായ i20 ആണ് വാഹനം. 100 കാറുകളുടെ എല്ലാ ആംഗിളുകളിൽ നിന്നുള്ള 200 ചിത്രങ്ങൾ വിശകലനം ചെയ്താണ്  ഈ മറുപടി എഐ ടൂൾ നൽകിയത്.

200-ൽ 186.4 പോയിന്റ് സ്‌കോർ ചെയ്താണ് ഹ്യുണ്ടായ് i20 ഹാച്ച് ഒന്നാമത് എത്തിയിരിക്കുന്നത്. ടെയിൽ ലൈറ്റ്, ബൂട്ട്, വീൽ വിഭാഗങ്ങളിൽ i20 മികച്ച സ്‌കോർ നേടിയിട്ടുമുണ്ട്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ഒരു ഹ്യുണ്ടായ് കാർ തന്നെയാണ്. ലോകത്തിലെ ഏറ്റവും ആകർഷണീയമായ രണ്ടാമത്തെ കാർ ഹ്യുണ്ടായ് i10 ആണെന്നാണ് എഐ ടൂൾ പറയുന്നത്.

മൂന്നാമത് കിയ സോൾ ആണ്. ഇലക്ട്രിക് കാർ ആയ ഫോക്‌സ്‌വാഗൺ ID.4 ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. ആഡംബര ബ്രാൻഡുകളുടെ ഒറ്റ കാർ പോലും ടോപ് 10 ലിസ്റ്റിൽ ഉൾപ്പെട്ടില്ലെന്ന് കരുതേണ്ട. മെർസിഡീസ് GLE അഞ്ചാമതും ഔഡി Q5 എട്ടാമതും ലിസ്റ്റിലുണ്ട്. അതേസമയം ജർമൻ ബ്രാൻഡായ ബിഎംഡബ്ല്യുവിന്റെ ഒറ്റ കാറും ലിസ്റ്റിൽ ഇല്ല.

ഏറ്റവും ആകർഷണീയത കുറഞ്ഞ കാർ ഏതെന്ന ചോദ്യത്തിന് ഇലക്ട്രിക്ക് കാറായ ടെസ്‌ല മോഡൽ 3 ആണെന്നായിരുന്നു മറുപടി. ഗ്രിൽ, ഹെഡ്‌ലൈറ്റുകൾ, വിൻഡ്സ്ക്രീൻ ഏരിയ എന്നിവയാണ് ടെസ്‌ല മോഡൽ 3-യുടെ സ്‌കോർ കുറയാൻ കാരണമായ ഘടകങ്ങൾ. എഐയെ സംബന്ധിച്ച് ആകർഷണീയമല്ലാത്ത കാറുകളുടെ ലിസ്റ്റിൽ ചില വമ്പൻ മോഡലുകളും ഉണ്ട്. ജീപ്പ് റാംഗ്ലർ, സ്‌കോഡ കരോക്ക്, ബിഎംഡബ്ല്യു 1-സീരീസ്, ടെസ്ല മോഡൽ Y, ഹ്യുണ്ടായ് ട്യൂസോൺ, കിയ സോറന്റോ എന്നിവയാണ് അവയിൽ ചിലത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹ്യുണ്ടായ് i20 കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, റീഡിസൈൻ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ, പുതുക്കിയ പിൻഭാഗം, പരിഷ്‌ക്കരിച്ച പാരാമെട്രിക് ഗ്രിൽ സെക്ഷൻ എന്നിവയാണ് i20 യുടെ പ്രധാന എക്‌സ്റ്റീരിയർ ഹൈലൈറ്റുകൾ.

23-ലധികം പുതിയ ഫീച്ചറുകൾ ഉൾകൊള്ളിച്ചാണ് കൊറിയൻ കമ്പനി പുതിയ i20 ഹാച്ചുമായി എത്തിയിരിക്കുന്നത്.  5 സ്പീഡ് മാനുവൽ, IVT യൂണിറ്റ് എന്നിവയുമായി ജോടിയാക്കിയ 1.2-ലിറ്റർ നാചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഹ്യുണ്ടായ് i20-യ്ക്ക് ഉള്ളത്. ഈ എഞ്ചിന് 82 bhp പവറും 115 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. എറ, മാഗ്ന, സ്‌പോർട്‌സ്, ആസ്റ്റ, ആസ്റ്റ (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. 7.04 ലക്ഷം മുതൽ 11.21 ലക്ഷം രൂപ വരെയാണ് ഹാച്ച്ബാക്കിന്റെ നിലവിലെ എക്‌സ്‌ഷോറൂം വില പോകുന്നത്.