ജോണ്‍ സീനയ്ക്ക് നല്‍കിയ 'സ്‌പെഷ്യല്‍ സൂപ്പര്‍ കാര്‍' മറിച്ചു വിറ്റു: പ്രതിഷേധവും കേസുമായി ഫോര്‍ഡ്

റെസ്ലിംഗ് സൂപ്പര്‍സ്റ്റാര്‍ ജോണ്‍ സീനക്കെതിരെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോഡ്. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രം നല്‍കുന്ന ഫോഡ് ജിടി സൂപ്പര്‍ കാറിനെ ജോണ്‍സീന മറിച്ചു വിറ്റെന്ന് ആരോപിച്ചാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. 450,000 ഡോളറിലേറെ വിലവരുന്ന ഫോര്‍ഡ് ജിടിയുടെ 250 കാറുകള്‍ മാത്രമാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നത്. ഇത് ലഭിക്കുന്നത് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് മാത്രമാണ്.

വാഹനം കൈപ്പറ്റിയതിന് പിന്നാലെ സൂപ്പര്‍ കാറിനെ ജോണ്‍ സീന വിറ്റതാണ് കമ്പനിയെ ചൊടിപ്പിച്ചത്. വാഹനം കൈപ്പറ്റി രണ്ട് വര്‍ഷത്തിന് ശേഷമേ കാര്‍ വില്‍ക്കാന്‍ പാടുള്ളു എന്നാണ് ഫോഡിന്റെ വില്‍പ്പന കരാര്‍. ഇതാണ് ജോണ്‍ സീന ലംഘിച്ചത്. വാങ്ങിയതിലും ഉയര്‍ന്ന വിലയ്ക്കാണ് താരം കാര്‍ വിറ്റത്. യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി വരെ നല്‍കി അത്യപൂര്‍വമായ ലിമിറ്റഡ് എഡിഷന്‍ കാറുകളെ ഉടമസ്ഥരില്‍നിന്നും സ്വന്തമാക്കാന്‍ മറ്റ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫോഡ്, പോര്‍ഷെ, ഫെരാരി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉള്‍പ്പെടുന്ന മുന്‍നിര കാര്‍നിര്‍മ്മാതാക്കളെല്ലാം കരാര്‍ അടിസ്ഥാലത്തില്‍ കാറുകള്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുന്നത്.

ഇത് ലംഘിക്കുന്നവര്‍ക്ക് പിന്നീടങ്ങോട്ട് കമ്പനി കാര്‍ വില്‍ക്കില്ല എന്നതാണ് പതിവ് നടപടി. എന്നാല്‍ ഈ കേസില്‍ കമ്പനി പരാതിയുമായി മിഷിഗണിലെ അമേരിക്കന്‍ ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഫോഡ് ജിടിയുടെ വില്‍പനയില്‍നിന്നും നേടിയ ലാഭം തിരികെ ഏല്‍പിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കൂടാതെ കമ്പനിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് 75,000 ഡോളര്‍ നഷ്ടപരിഹാരമായും ഫോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

2017 സെപ്റ്റംബര്‍ 23 നാണ് വാഹനം ജോണ്‍ സീന കൈപ്പറ്റുന്നത്. പിന്നാലെ 2017 ഒക്ടോബര്‍ 20ന് സൂപ്പര്‍ കാര്‍ മറിച്ച് വിറ്റെന്ന് കമ്പനി അധികൃതരെ താരം വിളിച്ച് അറിയിക്കുകയായിരുന്നു. കടബാധ്യത ഏറിയതിനാലാണ് ഫോര്‍ഡ് ജിടിയെ വില്‍ക്കേണ്ടി വന്നതെന്നാണ് ജോണ്‍സീന പറയുന്നത്.