കാത്തിരിപ്പിന് വിരാമം; പുതിയ മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയിലെ വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് 2018 സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് മാരുതി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള മാരുതി ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പുതുതലമുറ സ്വിഫ്റ്റ് ബുക്ക് ചെയ്യാം. ഫെബ്രുവരിയില്‍ നടക്കുന്ന 2018 ഓട്ടോ എക്സ്പോയില്‍ വെച്ച് പുത്തന്‍ സ്വിഫ്റ്റ് ഔദ്യോഗികമായി മാരുതി അവതരിപ്പിക്കും. ഫെബ്രുവരി അവസാനത്തോടെ തന്നെ പുതിയ മാരുതി ഹാച്ച്ബാക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

11,000 രൂപ അഡ്വാന്‍സായി നല്‍കി പുത്തന്‍ മാരുതി സ്വിഫ്റ്റ് ബുക്ക് ചെയ്യാം. ആറ് മുതല്‍ എട്ടു ആഴ്ച വരെയാകും പുതിയ സ്വിഫ്റ്റിനായുള്ള കാത്തിരിപ്പു കാലവധി. ആറ് വ്യത്യസത് നിറഭേദങ്ങളില്‍ പുതിയ സ്വിഫ്റ്റ് ലഭ്യമാകും. അതേസമയം സ്വിഫ്റ്റ് വകഭേദങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ബുക്ക് ചെയ്തതിന് ശേഷം പിന്നീടൊരു ഘട്ടത്തിലാകും വകഭേദം തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കുക. ഔദ്യോഗിക അവതരണത്തിന് ശേഷം മാത്രമാണ് സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ വകഭേദങ്ങള്‍ സംബന്ധിച്ചു വ്യക്തമായ ധാരണ ലഭ്യമാവുക.

വരുന്ന പത്ത് ദിവസത്തിനുള്ളില്‍ പുതിയ ഹാച്ച്ബാക്കിനെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മുന്‍ഗണന ഉണ്ടാകും. ഔദ്യോഗിക അവതരണത്തിന് തൊട്ടുപിന്നാലെ എത്രയും വേഗത്തില്‍ ഈ ഉപഭോക്താക്കള്‍ക്ക് പുതുതലമുറ സ്വിഫ്റ്റിനെ ലഭ്യമാക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കും. യഥാക്രമം 82 ബിഎച്ച്പി 74 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നതാകും പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പുതിയ മാരുതി സ്വിഫ്റ്റില്‍ ലഭിക്കും.