ജിതു മാധവൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആവേശം’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. ചിത്രത്തിലെ എട്ട് പാട്ടുകൾക്ക് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ പ്രമേയത്തോട് ചേർന്നു നിൽക്കുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിലും വൈറലാണ്.
ജിതു മാധവന്റെ ആദ്യ ചിത്രം ‘രോമാഞ്ച’ത്തിലും സുഷിൻ ശ്യാം- വിനായക് ശശികുമാർ കൂട്ടുകെട്ട് തന്നെയായിരുന്നു ഗാനങ്ങളൊരുക്കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘നിങ്ങൾക്കാദരാഞ്ജലി നേരട്ടെ…’ എന്ന ഗാനം എഴുതിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് വിനായക് ശശികുമാർ. ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ ‘രതിപുഷ്പം’ എന്ന പാട്ട് ഹിറ്റായി നിൽക്കുന്ന സമയമായതുകൊണ്ട് തന്നെ ഈ പാട്ടെഴുതുമ്പോൾ നെഗറ്റീവ് കമന്റുകൾ വരുമോയെന്ന ഭയം തനിക്കുണ്ടായിരുന്നുവെന്നാണ് വിനായക് പറയുന്നത്.
“ആദരാഞ്ജലി എന്ന വാക്ക് ആ പാട്ടിൽ പ്ലേസ് ചെയ്യുമ്പോൾ നെഗറ്റീവ് കമന്റുകൾ ഉണ്ടാകുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. കാരണം അതിന് മുമ്പായിരുന്നു ‘രതിപുഷ്‌പം’ പാട്ട് ഇറങ്ങിയത്. ഒരു തവണ ഞാൻ ഒരു വീട്ടിൽ പോയപ്പോൾ അവിടെ കോടതി ജഡ്‌ജിയായിരുന്നു ഉണ്ടായിരുന്നത്.
അദ്ദേഹത്തോട് ഞാൻ പാട്ട് എഴുതുന്ന ആളാണെന്ന് ആരോ പറഞ്ഞിരുന്നു. എന്നെ കണ്ടപ്പോൾ അദ്ദേഹം ഒന്ന് അടിമുടി നോക്കി. പിന്നെ ‘ഇയാളാണോ രതിപുഷ്പം എഴുതിയത്’ എന്ന് ചോദിച്ചു. ഞാൻ അതേയെന്ന് മറുപടി നൽകി. ‘എന്റെ മകനും മകൾക്കും ഒക്കെ ഇഷ്ട്‌ടമാണ്’ എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി. അന്ന് എനിക്ക് അദ്ദേഹം ഞാൻ മകനെയും മകളെയും വഴി തെറ്റിച്ചു എന്നാണോ ഉദ്ദേശിച്ചത് എന്ന സംശയമായി.
ആദരാഞ്ജലി എഴുതുമ്പോൾ അത് ഞാൻ ഓർത്തു. ഓരോ പാട്ടുകളും ഓരോരുത്തർക്കായി ഉള്ളതാണ്. ഇഷ്‌ടപെട്ടില്ലെങ്കിൽ വിട്ടേക്കുക എന്നാണ് പറയാനുള്ളത്. ഇലുമിനാറ്റി എന്ന് പറയുമ്പോൾ ആളുകൾ ചിരിയാണ്. ഒറിജിനൽ ഇലുമിനാറ്റിക്കാര് പുറകെ വരുമോ എന്നാണ് എന്റെ പേടി.” എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വിനയാക് ശശികുമാർ പറഞ്ഞത്.
ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആവേശത്തിലെ രംഗ. അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.
ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.
അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.