പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയേക്കാൾ ഉയരെ ടാറ്റ ഗ്രൂപ്പിനെ എത്തിച്ച രത്തൻ !

“ഭൗതിക കാര്യങ്ങളില്‍ ഒന്നും ഒരു അര്‍ത്ഥവുമില്ലെന്ന് ഒരു ദിവസം നിങ്ങള്‍ മനസ്സിലാക്കും. നമ്മള്‍ ഇഷ്ടപ്പെടുന്ന ആളുകളുടെ സുഖവും ക്ഷേമവുമാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ ഏറ്റവും പ്രധാനം”- രത്തൻ നേവൽ ടാറ്റ 

നേതൃപാടവവും ധാർമ്മിക ബിസിനസ് രീതികളും മനുഷ്യ സ്നേഹവും കൊണ്ട് ജനമനസുകൾ കീഴടക്കിയ ഇന്ത്യയുടെ വ്യവസായ ഭീമൻ രത്തൻ നേവൽ ടാറ്റ ഇന്നലെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ച് തന്റെ 86 ആം വയസിൽ വിടവാങ്ങി. 6 ഭൂഖണ്ഡങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാമ്രജ്യമായി ടാറ്റയെ പടുത്തുയർത്തിയ ശേഷമാണ് രത്തൻ ടാറ്റ വിടവാങ്ങിയത്.

‘ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, ഇന്ത്യാ മഹാ രാജ്യത്തിന്റെ ഘടനയെ തന്നെ രൂപപ്പെടുത്തിയ സംഭാവനകൾ നൽകിയ അസാധാരണമായ ഒരു നേതാവായിരുന്ന രത്തൻ നേവൽ ടാറ്റയെന്നും അഗാധമായ നഷ്ടബോധത്തോടെയാണ് അദ്ദേഹത്തിന് ഞങ്ങൾ വിടപറയുന്നതെന്നുമാണ് ടാറ്റ ചെയർമാൻ എൻ ചന്ദ്രശേഖരൻ അനുശോചിച്ചത്.

‘ദീർഘവീക്ഷണമുള്ള ബിസിനസ് നേതാവും, അനുകമ്പയുള്ള ആത്മാവും, അസാധാരണ മനുഷ്യനുമായിരുന്നു രത്തൻ ടാറ്റ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ഒരു ബിസിനസ് സ്ഥാപനത്തിന് അദ്ദേഹം സുസ്ഥിരമായ നേതൃത്വം നൽകി. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ സംഭാവനകൾ ആ സ്ഥാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒരുപാട് അകലങ്ങളിലേക്ക് എത്തിയിരുന്നുവെന്നും നരേന്ദ്രമോദി എഴുതി.

1937 ഡിസംബർ 28ന് ജനിച്ച രത്തൻ ടാറ്റ, 1991 മുതല്‍ 2012 വരെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞത്. 2017 ജനുവരിയില്‍ എന്‍ ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയര്‍മാനായി. രത്തൻ ടാറ്റായുടെ നേതൃത്വത്തിലുള്ള ടാറ്റ ഗ്രൂപ്പിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. 1991ൽ 5.7 ബില്യൺ ഡോളർ ആയിരുന്ന ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 2012ഓടെ ഏകദേശം 100 ബില്യൺ ഡോളറായാണ് ഉയർന്നത്. മാത്രമല്ല പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെക്കാൾ ഉയരെയാണ് ടാറ്റ ഗ്രൂപ്പിൻ്റെ മൂല്യം. ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം പാകിസ്ഥാൻ്റെ ജിഡിപി ഏകദേശം 341 ബില്യൺ ഡോളറാണ്. ടാറ്റ ഗ്രൂപ്പിന്റേതാവട്ടെ 365 ബില്യൺ ഡോളറും. മാത്രമല്ല, ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായ 170 ബില്യൺ ഡോളർ വിലമതിക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസസിന് പാക്കിസ്ഥാൻ്റെ സമ്പദ്‌വ്യവസ്ഥയുടെ പകുതിയോളം വലുപ്പമുണ്ട്.

രാജ്യത്തിന് പുറത്തുള്ള ആഗോള ഇടപാടുകളിൽ പ്രധാന പങ്കുവഹിച്ച ടാറ്റ, 2000-ൽ ടെറ്റ്‌ലിയും 2007-ൽ കോറസും 2008-ൽ ജാഗ്വാർ ലാൻഡ് റോവറും സ്വന്തമാക്കിയ ടാറ്റ ആഗോള വിപണി കീഴടക്കി. രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ആഗോള തലത്തിലേക്ക് ഉയർന്നു. 1998 ൽ ഇന്ത്യയില്‍ രൂപപ്പെടുത്തിയ കാര്‍ ആയി ടാറ്റ ഇന്‍ഡിക്ക പുറത്തിറക്കിയതും 2008-ൽ ഇന്ത്യക്കാര്‍ക്കുവേണ്ടി ഏറ്റവും വില കുറഞ്ഞ കാര്‍ ആയി നാനോ പുറത്തിറക്കിയതും സ്വച്ഛ് എന്ന പേരില്‍ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ പുറത്തിറക്കിയതും അദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്. അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന ഒരു നാലംഗ കുടുംബം ഇരുചക്ര വാഹനത്തിൽ പോകുന്ന കാഴ്ച കണ്ടാണ് സാധാരണക്കാർക്കായി ഒരു കാർ എന്ന ലക്ഷ്യത്തോടെ നാനോ കാർ ടാറ്റ അവതരിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ടാറ്റയുണ്ട്, ഉപ്പു മുതൽ എയ്‌റോസ്‌പേസ് വരെ ടാറ്റ സാമ്രാജ്യത്തിന്റെ കുടക്കീഴിലുണ്ട്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

രത്തൻ ടാറ്റയുടെ പത്താം വയസിലാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളായ നവൽ എച്ച് ടാറ്റയും സൂനുവും വേർപിരിയുന്നത്. മുന്നോട്ടുള്ള വഴി ഏതെന്നറിയാതെ നിന്ന കൊച്ചു രത്തനെ പിന്നീട് വളർത്തിയത് മുത്തശ്ശി നവജ്ബായി ടാറ്റയാണ്. ജീവിതത്തിൽ പിന്നെ രത്തന്റെ എല്ലാം എല്ലാം മുത്തശ്ശിയായിരുന്നു. പഴയ ബോംബെ നഗരത്തിൽ ഒരു കൂറ്റൻ ബംഗ്ലാവിലാണ് രത്തൻ മുത്തശ്ശിയോടൊപ്പം കുട്ടിക്കാലത്തു കഴിഞ്ഞത്. മുംബൈയിലെ അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിൽ പോയ അദ്ദേഹം കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. ഇന്ത്യയിലെ അതിസമ്പന്ന കുടുംബത്തിലെ സൗകര്യങ്ങളൊക്കെ മറന്നു ലൊസാഞ്ചലസിൽ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തുകൊണ്ടാണ് രത്തൻ അവിടെ ജീവിച്ചത്. പിന്നീട് 1975-ൽ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെൻ്റ് കോഴ്സ് പൂർത്തിയാക്കി.

1962-ൽ ടാറ്റ സൺസിൽ ജോലി ചെയ്തുകൊണ്ട് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചു. അദ്ദേഹത്തിൻ്റെ ആദ്യകാല റോളുകളിൽ NELCO, എംപ്രസ് മിൽസ് എന്നിവയിലെ നേതൃത്വ സ്ഥാനങ്ങൾ ഏറ്റെടുത്തു. എന്നാൽ ഈ രണ്ട് കമ്പനികളും വെല്ലുവിളികൾ നേരിടുകയും അദ്ദേഹം എത്ര ശ്രമിച്ചിട്ടും അവയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല.

അതിനാൽ തന്നെ 1991-ൽ രത്തൻ, ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായപ്പോൾ അദ്ദേഹത്തിൻ്റെ നേതൃഗുണങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ കമ്പനിയെ നവീകരിക്കുകയും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ധീരമായ ഏറ്റെടുക്കലുകൾ നടത്തുകയും ചെയ്തുകൊണ്ട് അദ്ദേഹം ആ സംശയങ്ങൾ വേഗത്തിൽ ദൂരീകരിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ്, ടെലികോം, സ്റ്റീൽ, ഓട്ടോമോട്ടീവ് തുടങ്ങിയ വ്യവസായങ്ങളിൽ പ്രവേശിച്ചു. തുടർന്ന് അദ്ദേഹം മാനേജ്മെൻ്റിനെ പുനഃക്രമീകരിക്കുകയും കമ്പനിയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്തു.

രത്തൻ ടാറ്റയുടെ ജീവിതം പറയുമ്പോൾ മുംബൈയിലെ താജ് ഹോട്ടലിനേക്കുറിച്ചും 2008ൽ അവിടെ ഉണ്ടായ തീവ്രവാദ ആക്രമണത്തെക്കുറിച്ചും ഓർമ്മിക്കാതെ പോവാനാവില്ല. ആഡംബരത്തിൻ്റെയും ചരിത്രത്തിൻ്റെയും സമന്വയമായി മുംബൈയെ പ്രതിനിധീകരിക്കുന്ന താജ്മഹൽ പാലസ് ഹോട്ടൽ നിർമ്മിച്ചത് രത്തൻ ടാറ്റയുടെ മുത്തച്ഛൻ ജംസെറ്റ്ജി ടാറ്റയാണ്. 2008 നവംബർ 26 ന് ആയിരുന്നു താജ്മഹൽ പാലസ് ഹോട്ടൽ, ഉൾപ്പെടെ അഞ്ചിടങ്ങളിൽ പാകിസ്ഥാനിൽ നിന്നെത്തിയ ലഷ്കർ ഇ തൊയ്‌ബ ഭീകരർ ആക്രമണം നടത്തിയത്.

നവംബർ 26 മുതൽ 29 വരെ നീണ്ട 60 മണിക്കൂർ ഉപരോധത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താജിന് ഉണ്ടായ നഷ്ട്ടം 400 കോടിയിലധികമായിരുന്നു. അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് 36 ലക്ഷം മുതൽ 85 ലക്ഷം രൂപ വരെ ധനസഹായം നൽകി. അവരുടെ പ്രിയപ്പെട്ടവരുടെ വിരമിക്കുന്ന തീയതി വരെ ആ കുടുംബങ്ങൾക്ക് മുഴുവൻ ശമ്പളവും നൽകി, അവരുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുമെന്ന് ഉറപ്പാക്കി, കുടുംബാംഗങ്ങൾക്കു ജീവിതാവസാനം വരെ വൈദ്യസഹായം ഉറപ്പാക്കി….

രത്തൻ ടാറ്റയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം അദ്ദേഹത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിലാണ്. ടാറ്റ സൺസിലെ അദ്ദേഹത്തിൻ്റെ 65 ശതമാനത്തിലധികം ഓഹരികളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് നീക്കി വെയ്ക്കപ്പെടുന്നത്. ഈ ഓഹരികള്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ട്രസ്റ്റുകളുടെ കൈവശമാണ്. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസന പദ്ധതികൾ എന്നിവയിൽ അദ്ദേഹത്തിൻ്റെ സംഭാവനകളുണ്ട്. ടാറ്റയുടെ ശ്രദ്ധ അന്നും ഇന്നും എപ്പോഴും ഇന്ത്യക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലായിരുന്നു.

ഇനി വ്യക്തി ജീവിതത്തിലേക്ക് വന്നാൽ അവിവിവാഹിതനായിരുന്നു രത്തൻ ടാറ്റ. ഉന്നതവിദ്യാഭ്യാസത്തിന് അമേരിക്കയിൽ ആയിരുന്നപ്പോൾ രത്തന് അവിടെ ഒരു പ്രണയമുണ്ടായിരുന്നു. അമേരിക്കയിൽ തന്നെ തുടരാൻ താൽപര്യമുണ്ടായിരുന്ന രത്തൻ പക്ഷേ, മുത്തശ്ശിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെയാണ് ഇന്ത്യയിലേക്ക് വന്നത്. രത്തൻ ഇന്ത്യയിൽ എത്തുന്നതിന് പിന്നാലെ കാമുകിയെയും കൊണ്ടുവരമായിരുന്നു എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അത് നടന്നില്ല. 1962 ലെ ഇന്ത്യ- ചൈന യുദ്ധമാണ് രത്തന്റെ വിവാഹ ജീവിതം മുടക്കിയത്. ചൈനയുമായുള്ള യുദ്ധം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ പെൺകുട്ടി, യുദ്ധം ഉടനൊന്നും തീരാൻ പോകുന്നില്ലെന്ന് ചിന്തിക്കുകയും ഇന്ത്യയിലേക്കില്ലെന്നു തീരുമാനിക്കുകയും ചെയ്തു. കാമുകിക്കായി തിരികെ അമേരിക്കയിലേക്ക് പോകാനുള്ള സാഹചര്യം രത്തനുമില്ലായിരുന്നു. അതോടെ ഇരുവരും വേർപിരിഞ്ഞു. അതോടെ വിവാഹ ജീവിതത്തിന് രത്തൻ ടാറ്റ പറഞ്ഞു.

അവാർഡുകളും അംഗീകാരവും

രത്തൻ ടാറ്റയുടെ പ്രവർത്തനത്തിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2000-ൽ പത്മഭൂഷൺ, 2008-ൽ പദ്മവിഭൂഷൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2010-ൽ അദ്ദേഹത്തിന് ഓസ്‌ലോ ബിസിനസ് ഫോർ പീസ് അവാർഡ് ലഭിച്ചു. 2014-ൽ എലിസബത്ത് രാജ്ഞി രത്തൻ ടാറ്റയ്ക്ക് പ്രശസ്തമായ യുകെയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ നൽകി. 2023-ൽ മികച്ച നേട്ടങ്ങൾക്കും സേവനത്തിനും ഓസ്‌ട്രേലിയ നൽകുന്ന ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ പദവിയും അദ്ദേഹത്തിന് ലഭിച്ചു.

റിട്ടയർമെൻ്റിനു ശേഷമുള്ള ജീവിതം

2012ൽ സ്ഥാനമൊഴിഞ്ഞതിനു ശേഷവും ടാറ്റ സജീവമായി വിവിധ മേഖലകളിൽ പ്രവർത്തിച്ചു. അദ്ദേഹം നാളെയുടെ വാഗ്ദാനങ്ങളായ വിവിധ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരുകയും ചെയ്തു. സമ്പന്നമായ ഒരു ജീവിതം ഉണ്ടായിരുന്നിട്ടും, ലളിത ജീവിതമാണ് ടാറ്റ എന്നും നയിച്ചിരുന്നത്. മുംബൈയിലെ ഒരു സാധാരണ വീട്ടിലാണ് അദ്ദേഹം താമസിച്ചത്, ആഡംബര കാറുകൾക്കപ്പുറം ടാറ്റ സെഡാൻ കാറുകളാണ് അദ്ദേഹം ഓടിക്കാൻ ഇഷ്ടപ്പെട്ടിരുന്നത്. ഏറ്റവും സമ്പന്നമായ കമ്പനികളുടെ തലപ്പത്ത് ഇരിക്കുമ്പോഴും തന്റെ ല്ലൈത്ത ജീവിതവും മനുഷ്യ സ്നേഹവുമാണ് ജനങ്ങൾക്കിടയിൽ രത്തനെ അവരുടെ പ്രിയപ്പെട്ട വ്യവസായി ആയി മാറ്റിയത്.