വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

ആത്മകഥാ വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരണം നൽകി ഇപി ജയരാജൻ. താന്‍ എഴുതിയതല്ല പുറത്തുവന്നതെന്ന് ആവർത്തിച്ച ഇപി, വിവാദം ഗൂഡാലോചനയാണെന്നും പറഞ്ഞു. ഒന്നും ഒളിക്കാനില്ല. തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും വസ്തുതാപരമായ അന്വേഷണം നടക്കണമെന്നും ഇപി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. വിശദീകരണത്തിന് പിന്നാലെ സെക്രട്ടേറിയറ്റ് യോഗം കഴിയും മുമ്പ് ഇപി മടങ്ങുകയും ചെയ്തു.

വിവാദം സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഇപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. യോഗ തീരുമാനങ്ങൾ വിശദീകരിക്കാനായി എംവി ഗോവിന്ദൻ 2.30ന് മാധ്യമങ്ങളെ കാണും. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇതാദ്യമായാണ് ഇപി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത്. കാണേണ്ടപ്പോള്‍ കണ്ടോളാമെന്ന് മാത്രമാണ് രാവിലെ തിരുവനന്തപുരത്തെത്തിയ ഇപി മാധ്യമങ്ങളോട് പറഞ്ഞതും.

Read more

അതേസമയം പുസ്തക വിവാദവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം എസ്പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ആത്മകഥ ഡിസി ബുക്സിന് നൽകിയോ എന്നും സിപിഐഎം പരിശോധിക്കുകയാണ്.