ഇന്നലെ ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ട ആഗോള സോഫ്റ്റ് വെയർ കമ്പനി ഇന്‍ഫോസിസ് ഇന്ന് തിരിച്ചുവരവ് നടത്തി. 13 പോയിന്റ് നഷ്ടത്തിൽ 630- ലാണ് ഇൻഫോസിസിന്റെ ഓഹരി ഇന്ന് തുടങ്ങിയത്. 643- ലായിരുന്നു ഇന്നലെ ഇൻഫോസിസ് ക്ലോസ് ചെയ്തിരുന്നത്. തുടർന്ന് വന്ന മണിക്കൂറുകളിൽ ഇൻഫോസിസിന്റെ ഓഹരി 1. 20 ശതമാനം മെച്ചപ്പെട്ടു. 651 എന്ന പോയിന്റ് വരെ ഇന്ന് ഒരു ഘട്ടത്തിൽ എത്തി. ഇന്നലെ 16. 21 ശതമാനം നഷ്ടം നേരിട്ട ഇൻഫോസിസിന്റെ നിക്ഷേപകർക്ക് 53,451 കോടിയാണ് നഷ്ടമുണ്ടായത്.
ആറ് വർഷത്തിനിടെ ആദ്യമായാണ് ഇത്ര ദയനീയമായ ഒറ്റ ദിവസ ഇടിവ് കമ്പനി ഇന്നലെ നേരിട്ടത്. കമ്പനിയിലെ ചില നീതിരഹിതമായ നടപടികളെ ചൂണ്ടിക്കാണിച്ച് അജ്ഞാത കത്ത് ലഭിച്ചതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനി അറിയിച്ചതിന് പിന്നാലെയാണ് ഓഹരികൾ വിപണിയിൽ തകർച്ച നേരിട്ടത്. കമ്പനി സിഇഒ സലീൽ പരേഖ് മറ്റ് രണ്ട് സ്വതന്ത്ര ഡയറക്ടർമാരെ പരിഹസിച്ചുവെന്നും അവരുടെ ജന്മസ്ഥലത്തെ പരാമർശിക്കുന്ന തരത്തിൽ അവഹേളിക്കുന്ന രീതിയിലുള്ള വാക്ക് ഉപയോഗിച്ചതായും കത്തിൽ ആരോപിക്കുന്നു. ഇതോടൊപ്പം ക്രമരഹിതമായ അക്കൗണ്ടിംഗിലൂടെ ലാഭം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന് ഇൻഫോസിസ് സിഇഒ സലീൽ പരേഖ് നേതൃത്വം നൽകിയതായും പരാതിയിൽ ആരോപിച്ചു.
ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലീൽ പരേഖ് സ്വതന്ത്ര ഡയറക്ടർമാരായ ഡി സുന്ദരം, ഡി എൻ പ്രഹ്ലാദ് എന്നിവരെ “മദ്രാസികൾ” എന്ന് പരാമർശിച്ചു എന്ന് പേര് വെളിപ്പെടുത്താത്ത ജീവനക്കാർ സെപ്റ്റംബർ 20- ന് കമ്പനി ബോർഡിന് അയച്ച സംയുക്ത കത്തിൽ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പരിഹസിക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് ‘മദ്രാസി’.
Read more
10 അംഗ ഇൻഫോസിസ് ബോർഡിലെ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായ ബയോകോൺ ചെയർപേഴ്സൺ കിരൺ മസൂംദാർ-ഷായെ “ദിവാ” (പ്രാധാന്യമുള്ള വ്യക്തിയായി സ്വയം കരുതുകയും പെട്ടെന്ന് പ്രകോപിതനാവുകയും പ്രീതിപ്പെടുത്താൻ പ്രയാസവുമുള്ളയാൾ) എന്ന് പരാമർശിച്ചതായും പരേഖിനെതിരെ ആരോപണമുണ്ട്. പരാതികളുമായി ബന്ധപ്പെട്ട് മുൻ സിഎഫ്ഒയെയും ഡെപ്യൂട്ടി സിഎഫ്ഒയെയും ഓഡിറ്റ് കമ്മിറ്റി ചോദ്യം ചെയ്തേക്കും. അതേസമയം വിസിൽ ബ്ലോവർ പരാതിയെ കുറിച്ച് എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ബിഎസ്ഇ ഇന്‍ഫോസിസിൽ നിന്നും വ്യക്തത തേടിയിട്ടുണ്ട്.